കന്യാസ്ത്രീമഠം വിട്ടു. പക്ഷേ, യേശുവിനെ വിട്ടില്ല,യുദ്ധകാലത്ത് സന്നദ്ധസേവനം: ദയാബായി പോരാട്ടത്തിലാണ്


Daya Bhai

18 ദിവസത്തെ സത്യാഗ്രഹം കഴിഞ്ഞ് സമരപ്പന്തലിൽനിന്ന്‌ എത്തിയതേയുള്ളൂ ദയാബായി. ശരീരത്തിന് ക്ഷീണമുണ്ടെങ്കിലും മനസ്സിന്റെ ഊർജം ഒട്ടും കുറഞ്ഞിട്ടില്ല ഈ 82-കാരിക്ക്. ആശയറ്റവർക്ക് നീതികിട്ടുന്നതുവരെ പോരാട്ടം തുടരാൻതന്നെയാണ് അവരുടെ തീരുമാനം.മാതൃഭൂമി പ്രതിനിധി പി. സനിതയ്ക്ക്‌ അനുവദിച്ച അഭിമുഖത്തിൽനിന്ന്

രണ്ടാഴ്ചയിലധികം സെക്രട്ടേറിയറ്റ്നടയിൽ മഴയും വെയിലുംകൊണ്ട് കിടന്നു. ഒരുപാട് വൈകിയശേഷമാണ് മന്ത്രിമാർ കാണാൻ വന്നത്. സർക്കാർതീരുമാനം വന്നത് അതിലും വൈകി. അതിൽത്തന്നെ ഉന്നയിച്ച പ്രധാന ആവശ്യത്തെപ്പറ്റി ഒന്നും പറയുന്നുമില്ല. എന്താണ്‌ പറയാനുള്ളത് ?സമരം തത്‌കാലം അവസാനിപ്പിച്ചെന്നേയുള്ളൂ. എൻഡോസൾഫാൻബാധിതർക്ക് നീതി ഉറപ്പാകുന്നതുവരെ ഈ പോരാട്ടം തുടരും. 2018-ലാണ് എൻഡോസൾഫാൻ വിഷയത്തിൽ ഞാൻ ഇടപെടുന്നത്. കാസർകോട് അമ്പലത്തറയിൽ എത്തിയപ്പോഴാണ് ആരുടെയൊക്കെയോ അനാസ്ഥയ്ക്ക് ബലിയാടുകളായി ജീവിക്കേണ്ടിവന്ന കുറെ മനുഷ്യക്കുട്ടികളെ കണ്ടത്. മനുഷ്യരൂപമില്ലാത്ത ആ കുട്ടികൾ എന്റെ മനസ്സ് പൊള്ളിച്ചു. ഞാൻ കരഞ്ഞുപോയി.

അത്തരമൊരു കാഴ്ച മുമ്പ് ഞാൻ അനുഭവിച്ചത് ആംസ്റ്റർഡാമിലെ ആൻഫ്രാങ്കിന്റെ വീട്ടിൽ എത്തിയപ്പോഴാണ്. അവിടെയൊരു മ്യൂസിയമാണിപ്പോൾ. നാസികളുടെ കോൺസൻട്രേഷൻക്യാമ്പ് അനുഭവങ്ങളൊക്കെ കണ്ടും കേട്ടും അറിയാവുന്ന ആ മ്യൂസിയം എന്നെ കരയിച്ചു.

കാസർകോട്ടെ എൻഡോസൾഫാൻ ബാധിതർ ജീവിക്കുന്നതും ആരോ ഒരുക്കിവെച്ച കോൺസൺട്രേഷൻ ക്യാമ്പുകളിലാണ്. അവർക്കതിൽനിന്ന് മോചനം നൽകേണ്ടത് ഭരണകൂടമാണ്. ഭരണഘടന വ്യവസ്ഥചെയ്യുന്ന എല്ലാ അവകാശങ്ങൾക്കും ഈ മനുഷ്യരും അർഹരാണ്. അവരെ കണ്ടില്ലെന്നുനടിച്ച് പോകാൻ സർക്കാരുകളെ അനുവദിക്കാനാവില്ല. സമരം അവസാനിപ്പിക്കുമ്പോൾ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുമെന്നുതന്നെയാണ് വിശ്വാസം. എയിംസ് കാസർകോട്ടേക്ക്‌ കൊണ്ടുവരാൻ അനുകൂലനടപടികളുണ്ടാകുമെന്നുതന്നെയാണ് വിശ്വാസം.

ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനുതാഴെ കിടന്നിട്ടും രണ്ടാഴ്ച കഴിയുന്നതുവരെ ഒരു ഉദ്യോഗസ്ഥനും തിരിഞ്ഞുനോക്കിയില്ല. രണ്ടുമന്ത്രിമാർ എത്തിയതും ഏറെ വൈകിയാണ്. ഇവിടെ ഉദ്യോഗസ്ഥതലത്തിൽ കാര്യങ്ങൾ പരിഹരിക്കുന്നത് കുറവാണെന്ന് തോന്നുന്നു. മുഖ്യമന്ത്രിയോ മന്ത്രിമാരോ നിർദേശം നൽകിയാൽമാത്രമേ ഉദ്യോഗസ്ഥർ അനങ്ങാറുള്ളൂ. മധ്യപ്രദേശിൽ ഒരു സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സമരം നടത്തുമെന്ന് പ്രഖ്യാപിച്ചപ്പോൾത്തന്നെ കളക്ടറും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥരും പാഞ്ഞെത്തി സ്കൂളിന് അനുമതിനൽകി. ഇവിടെ അത്തരമൊരു പരാതിക്ക്‌ പരിഹാരമില്ലെന്നാണ് മനസ്സിലാക്കിയത്. എല്ലാം മന്ത്രി പറഞ്ഞാലേ നടക്കൂ.

കേരളത്തിൽ താമസിക്കാൻ ഇഷ്ടമില്ലെന്ന് നേരത്തേതന്നെ പറഞ്ഞു, ഇപ്പോഴും അതേ തീരുമാനത്തിൽത്തന്നെയാണോ?

ഇനി കുറച്ചുകാലം കേരളത്തിലുണ്ടാകും. ജീവിക്കാനുള്ള സ്ഥലങ്ങളിൽ കേരളം ആദ്യം എന്റെ പരിഗണനയിലില്ലായിരുന്നു. കാപട്യം നിറഞ്ഞ സമൂഹം, രാഷ്ട്രീയക്കാർ എന്നേ എനിക്ക്‌ തോന്നിയിട്ടുള്ളൂ. ആത്മാർഥതയുള്ളവരായി വളരെ കുറച്ചുപേരെയേ കണ്ടിട്ടുള്ളൂ.

മധ്യപ്രദേശിലെ ബറൂളിലെ വീട്ടിൽ വിശ്രമജീവിതത്തിനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. ഒപ്പം ആത്മകഥയുടെ രചനയിലും. ആ സമയത്താണ് കാസർകോട്ട് വരുന്നത്. എൻഡോസൾഫാൻ ബാധിതരോട് മാറിമാറിവരുന്ന സർക്കാരുകൾ കാണിക്കുന്ന ദയാരാഹിത്യം ഇപ്പോഴും എന്നെ ചുട്ടുപൊള്ളിക്കുന്നു.

ആറായിരത്തിലധികം എൻഡോസൾഫാൻ ബാധിതർ വിവിധ പഞ്ചായത്തിലായുണ്ട്. അവർക്കെല്ലാം നല്ല ചികിത്സയും പുനരധിവാസവും കിട്ടണം. നല്ല ഡോക്ടർമാർ വരണം. എന്തെങ്കിലും അസുഖം വന്നാൽ മംഗലാപുരത്തുപോകേണ്ട അവസ്ഥയാണ്. മികച്ച ഒരു ആശുപത്രി കാസർകോടിന്‌ ഇന്നും സ്വപ്നമാണ്.

എനിക്ക് കേരളത്തിൽ കുറച്ചുകാലം ജീവിക്കേണ്ടിവരും. എൻഡോസൾഫാൻ ബാധിതർക്ക് ജൈവകൃഷി പറഞ്ഞുകൊടുക്കണം എന്നൊക്കെയുണ്ട്. എന്തായാലും ആദ്യം അവർക്ക് മികച്ച ചികിത്സകിട്ടട്ടെ. നല്ല ആശുപത്രികൾ വരട്ടെ, അവർക്കുള്ള സാമ്പത്തികസഹായങ്ങൾ കൃത്യസമയത്ത് കിട്ടട്ടെ. അതുവരെ ഞാൻ ഇവിടെയുണ്ടാകും.

കേരളം എനിക്കുതന്ന മോശം അനുഭവങ്ങൾ ഞാൻ ഓർക്കാറില്ല. വസ്ത്രംനോക്കി ആളുകളെ വിലയിരുത്തുന്നവരോട് എനിക്ക് ഒന്നും പറയാനില്ല. ഇനി ആദിവാസികളുടെ വസ്ത്രം ധരിച്ചാൽമതി എന്നത് ഞാനെടുത്ത തീരുമാനമാണ്.

ഈ ധൈര്യം, ഈ ഊർജം എവിടെനിന്ന് കിട്ടുന്നു ?

അനുഭവങ്ങൾ തന്നതാണ്. പപ്പ കോട്ടയം പൂവരണി സ്വദേശി മാത്യു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. പപ്പയ്ക്കായിരുന്നു എന്നെയോർത്ത് ഏറെ അഭിമാനം. അദ്ദേഹം സാമൂഹികപ്രവർത്തകൻകൂടിയായിരുന്നു. നാട്ടിലെ പ്രശ്നങ്ങളിലെല്ലാം ഇടപെട്ട് പരിഹാരം കാണും. ഗാന്ധിജിയായിരുന്നു അദ്ദേഹത്തിന്റെ ആരാധ്യപുരുഷൻ, എന്റെയും.

16-ാമത്തെ വയസ്സിൽ മേഴ്‌സി മാത്യുവെന്ന ഞാൻ കന്യാസ്ത്രീമഠത്തിൽ ചേർന്നു. പിന്നെ വടക്കേ ഇന്ത്യയിലായി ജീവിതം. ഇടയ്ക്ക് കന്യാസ്ത്രീമഠം വിട്ടു. പക്ഷേ, യേശുവിനെ വിട്ടില്ല. പിന്നീട് പഠിച്ചു, ഉന്നതബിരുദങ്ങൾ നേടി. ബംഗാളിലും ഇന്ത്യ-പാക് യുദ്ധകാലത്ത് ബംഗ്ളാദേശിലും സന്നദ്ധസേവനം നടത്തി. ഒട്ടേറെ സമരങ്ങളുടെ ഭാഗമായി. മധ്യപ്രദേശിലെ ആദിവാസികളുടെ ഇടയിൽ പ്രവർത്തിച്ചു. ഇപ്പോൾ അവിടെത്തന്നെ താമസിക്കുന്നു. മനുഷ്യാവകാശലംഘനങ്ങൾ എനിക്ക് സഹിക്കാൻകഴിയില്ല. ഒരു തീരുമാനമുണ്ടാവുംവരെ പ്രവർത്തിക്കും. ഏറ്റെടുത്ത് ലക്ഷ്യത്തിലെത്തിക്കുന്ന കാര്യങ്ങൾതന്നെയാണ് മുന്നോട്ടുപോകാനുള്ള ഊർജവും ധൈര്യവും.

ദയാബായിയുടെ രാഷ്ട്രീയം എന്താണ് ?

= ഇന്ത്യൻ ഭരണഘടനയുടെ ആമുഖമാണ് എന്റെ രാഷ്ട്രീയം. അതെനിക്ക് മനഃപാഠമാണ്. അത് ദിവസവും പ്രാർഥനപോലെ ആവർത്തിക്കാറുമുണ്ട്. അത് ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. അത് ഉറപ്പുവരുത്തേണ്ടത്‌ ഭരണാധികാരികളുടെ ചുമതലയാണ്.

Content Highlights: Daya bhai interview after strike


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented