സ്ഥിതി വിവരക്കണക്കുകള്‍ ലഭ്യമല്ലാത്ത ഇടമാകുന്നുവോ രാജ്യം?


ഡോ. ജെ. രത്‌നകുമാര്‍, ഡോ. കെ.പി. വിപിന്‍ ചന്ദ്രന്‍പ്രതീകാത്മക ചിത്രം | Getty images

സെന്‍സസുകള്‍ക്കിടയിലെ പത്തുവര്‍ഷത്തെ ഇടവേള തന്നെ കുറയ്ക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ പറയുന്ന കാലത്താണ് 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് ഇനിയും നടന്നിട്ടില്ല എന്ന് നാം മനസ്സിലാക്കേണ്ടത്. ഇനി എന്ന് നടക്കുമെന്നോ സെന്‍സസ് ഒഴിവാക്കുമെന്നോ ഒരു വ്യക്തതയും കേന്ദ്രസര്‍ക്കാര്‍ വരുത്തുന്നില്ല. ഗുണമേന്മയുള്ള സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമല്ലാത്ത ഒരിടമായി രാജ്യം മാറുകയാണോ എന്ന് ആശങ്കപ്പെടേണ്ടതുണ്ട്. സെന്‍സസ് വൈകുന്നതിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം ചില പോംവഴികളും നിര്‍ദേശിക്കുകയാണ് ലേഖകര്‍

കോവിഡ്-19 മഹാമാരിയുടെ വ്യാപനം മൂലം തടസ്സപ്പെട്ട 2021-ലെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കാന്‍ വൈകുകയാണ്. ഈ കാലതാമസം 2031-ല്‍ നടക്കേണ്ട സെന്‍സസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുപോലും തടസ്സങ്ങള്‍ സൃഷ്ടിക്കും. ഇത് നിയമസഭ, ലോക്‌സഭ പ്രാതിനിധ്യമടക്കം ഗൗരവമേറിയ പല വിഷയങ്ങള്‍ക്കും പരിഹാരമുണ്ടാക്കുന്നതില്‍ കാലവിളംബമുണ്ടാക്കും. രാജ്യത്തിന്റെ വികസനത്തിനാവശ്യമായ, സത്യസന്ധമായ സൂചികകള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് നമ്മുടെ ആരോഗ്യ-സാമ്പത്തിക-ജനസംഖ്യാ മേഖലകളിലെ വിവരശേഖരണപ്രക്രിയ അത്യാവശ്യമാണ്. കൂടാതെ, സാമൂഹിക-സാമ്പത്തിക ചുറ്റുപാടുകള്‍ നിരന്തരം മാറ്റത്തിന് വിധേയമാവുന്ന ആധുനിക സമൂഹത്തില്‍ പത്തുവര്‍ഷത്തെ ഇടവേളയ്ക്കൊപ്പം ഡേറ്റ പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം കൂടിയാവുമ്പോള്‍ സെന്‍സസ് അര്‍ഥശൂന്യമാകും. കാലികപ്രസക്തിപോലും ചോദ്യംചെയ്യപ്പെടുന്ന നിലയിലേക്ക് കാനേഷുമാരി കണക്കുകള്‍ ഇകഴ്ത്തപ്പെട്ടു എന്ന് ചില ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത് ഗൗരവത്തോടെ പരിശോധിക്കേണ്ടതാണ്. ഇത്തവണ ഡിജിറ്റല്‍ സെന്‍സസായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ഇതിന്റെ വിശദാംശങ്ങളൊന്നും ലഭ്യമല്ല.

സെന്‍സസിന്റെ പ്രാധാന്യം

ജീവനാഡികള്‍ മനുഷ്യശരീരത്തിന് ചെയ്യുന്നതിന് സമാനമായ കര്‍ത്തവ്യമാണ് ഒരു സമ്പദ്വ്യസ്ഥയുടെ വികസന പ്രക്രിയയില്‍ വിവരശേഖരണത്തിനുള്ളത്. ജനസംഖ്യയുടെ വിവിധ ഘടകങ്ങളെക്കുറിച്ചുള്ള വിവരശേഖരണം, ഇന്ത്യയെപ്പോലെ ജനപ്പെരുപ്പമുള്ള ഒരു രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജമേകുമെന്നതില്‍ സംശയമില്ല. സ്വാതന്ത്ര്യലബ്ധിക്കുമുന്‍പ് 1881-ല്‍ നടത്തിയ ജനസംഖ്യാകണക്കെടുപ്പ് ഇന്ത്യയിലെ ആദ്യത്തെ സിന്‍ക്രണൈസ്ഡ് (സമന്വയിക്കപ്പെട്ട) സെന്‍സസ് എന്ന പേരില്‍ അറിയപ്പെടുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സെന്‍സസ് 1951-ലും (ഏഴാമത്തേത്) ഏറ്റവും അവസാനത്തേത് 2011-ലും (പതിനഞ്ചാമത്) നടന്നു. സാധാരണ, കാനേഷുമാരി കണക്കെടുപ്പ് തുടങ്ങുന്നത് ഫെബ്രുവരി മാസത്തിലാണ്. രാജ്യത്ത് കാനേഷുമാരി നടത്താനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനുമുള്ള പൂര്‍ണ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മിഷണറുമായ ഉദ്യോഗസ്ഥനില്‍ നിക്ഷിപ്തമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സെന്‍സസ് ആക്ട് (1948), സെന്‍സസ് റൂള്‍സ് (1990) എന്നിവയുടെയും പിന്നീടുവന്ന പല നിയമഭേദഗതികളുടെയും പരിരക്ഷയുണ്ട്.
ചോദ്യാവലിയിലൂടെ വീടുകളില്‍ (households) നിന്ന് ശേഖരിക്കുന്നത് വിവരങ്ങളുടെ അക്ഷയഖനിയാണെന്ന വസ്തുതയില്‍ തര്‍ക്കമുണ്ടാകാന്‍ ഇടയില്ല. ഈ വിവരങ്ങള്‍ ദേശീയ, അന്താരാഷ്ട്ര തലങ്ങളില്‍ ഗവേഷണത്തിന് മാത്രമല്ല, രാജ്യത്തെ ഏറ്റവും അടിസ്ഥാന യൂണിറ്റുകളായ വാര്‍ഡ് തലത്തില്‍ ഭരണനിര്‍വഹണത്തിനുപോലും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. കാലാന്തരത്തില്‍ കാനേഷുമാരിയില്‍നിന്ന് ശേഖരിക്കുന്ന വിവരങ്ങളില്‍ അവയുടെ ഉള്ളടക്കത്തിലും വ്യാപ്തിയിലും കാതലായ മാറ്റം വന്നിട്ടുണ്ട്. പൊതുവില്‍ ജനസംഖ്യയെയും സാമൂഹിക-സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും പറ്റിയുള്ള അടിസ്ഥാന വിവരങ്ങളാണ് സെന്‍സസില്‍ ശേഖരിക്കുന്നത്. ഇതില്‍ സാക്ഷരത, വിദ്യാഭ്യാസം, താമസസൗകര്യങ്ങള്‍, ആസ്തികള്‍, വീടുകളിലെ ഭൗതികസൗകര്യങ്ങള്‍, നഗരവത്കരണം, ജനനം, ഭാഷ, മതം, കുടിയേറ്റം, ചേരിനിവാസികള്‍-ദളിതര്‍-അംഗ-വൈകല്യമുള്ളവര്‍ മുതലായവരെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു. ഈ വിവരങ്ങള്‍ ക്രോഡീകരിച്ച് ദേശീയ-സംസ്ഥാന-ജില്ല അടിസ്ഥാനത്തില്‍ ലഭ്യമാക്കാറുമുണ്ട്.

ഒഴിവാക്കാനാവാത്ത വിവരങ്ങള്‍

കോവിഡ് സാഹചര്യത്തില്‍പോലും പല രാജ്യങ്ങളിലും സെന്‍സസ് നടന്നു എന്നത് വാസ്തവമാണ്. ബ്രിട്ടന്‍, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ സെന്‍സസ് ഫലപ്രഖ്യാപനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലാണ്. പ്രതിസന്ധി കാലഘട്ടത്തിലും വിവരശേഖരണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഈ രാജ്യങ്ങളിലെ ഭരണകൂടത്തിന്റെയും സെന്‍സസ് മെഷീനറിയുടെയും വിവരദാതാക്കളുടെയും പ്രതിബദ്ധത പ്രശംസനീയമാണ്. ഇന്ത്യയില്‍ വീടുകളുടെ പട്ടികപോലും ഇതുവരെ തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ല. ചുരുക്കത്തില്‍, 2021-ല്‍ ജനസംഖ്യാ കണക്കെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍, അതില്‍നിന്ന് ഉരുത്തിരിഞ്ഞുവരേണ്ടിയിരുന്ന എല്ലാ വിവരങ്ങളും ഒരിടത്തും രേഖപ്പെടുത്താതെ എന്നെന്നേക്കുമായി മാഞ്ഞുപോയി എന്ന യാഥാര്‍ഥ്യം നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. എന്തെന്നാല്‍, 2021 അടിസ്ഥാനമാക്കി സെന്‍സസ് ഡേറ്റയുടെ താരതമ്യം ഇനി സാധ്യമല്ല. ഗവേഷകരും പദ്ധതി നടത്തിപ്പുകാരും നയരൂപവത്കരണ വിദഗ്ധരും അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്.

സാമ്പിള്‍ സര്‍വേകളെ അപേക്ഷിച്ച് എല്ലാ ജനസംഖ്യയും ഉള്‍പ്പെടുമെന്നത് സെന്‍സസ് ഡേറ്റയുടെ ഏറ്റവും വലിയ മേന്മയാണ്. കഴിഞ്ഞതിനെ വിലയിരുത്താനും ഇപ്പോള്‍ നടക്കുന്നതിനെ വിശദീകരിക്കാനും ഭാവിയിലേക്കുള്ള മാര്‍ഗദര്‍ശിയാകാനും കഴിയുമെന്നുള്ളതാണ് സെന്‍സസ് ഡേറ്റയുടെ കരുത്ത്. രാജ്യത്തിനുള്ളിലെയും വിവിധ രാജ്യങ്ങളിലെയും ജനസംഖ്യാ പരിവര്‍ത്തനത്തിന്റെ (demographic transition) ചലനങ്ങള്‍ വ്യക്തമായി ഒപ്പിയെടുക്കാന്‍ സെന്‍സസ് അത്യന്താപേക്ഷിതമാണ്. ഈ തിരിച്ചറിവ് മൂലമാകണം ഭരണഘടനാ ശില്പികള്‍ സെന്‍സസിനെ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലും തുടര്‍ന്ന് യൂണിയന്‍ ലിസ്റ്റിലും അതീവ പ്രാധാന്യം നല്‍കി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2021-ലെ സെന്‍സസ് നടക്കാത്തതിനാല്‍ ഈ ഡേറ്റ ഉപയോഗിക്കേണ്ട നിരവധി സാഹചര്യങ്ങളില്‍ 2011-ലെ ജനസംഖ്യാ കണക്കുകളെ ആശ്രയിക്കേണ്ടിവരും. മാറിയ സാഹചര്യത്തില്‍, ഒരു ദശാബ്ദം പുരാതനമായ കണക്കുകള്‍ ഗവേഷണങ്ങള്‍ക്കും പദ്ധതി നടത്തിപ്പുകള്‍ക്കും എത്ര ഗുണം ചെയ്യുമെന്നത് ആലോചിക്കാവുന്നതേയുള്ളൂ. സോഷ്യോളജിസ്റ്റുകള്‍ക്കും നരവംശ ശാസ്ത്രജ്ഞര്‍ക്കും പുറമേ രാഷ്ട്രമീമാംസ വിദഗ്ധരും സെന്‍സസ് ഡേറ്റ വന്‍തോതില്‍ ഉപയോഗിക്കാറുണ്ട്. കൂടാതെ, ജനസംഖ്യാപഠന വിദഗ്ധര്‍ക്കും സാമ്പത്തികശാസ്ത്രജ്ഞര്‍ക്കും സ്റ്റാറ്റിസ്റ്റിഷ്യന്‍സിനും സെന്‍സസ് ഡേറ്റ അത്യന്താപേക്ഷിതമാണ്. പൊതുഭരണത്തിലും മറ്റ് വിജ്ഞാനശാഖകളിലും സെന്‍സസ് വിവരങ്ങള്‍ യഥേഷ്ടം പ്രയോജനപ്പെടുത്തുന്നുണ്ട്.

Also Read

ഇത്തവണ രാജ്യത്ത് ആദ്യമായി ഡിജിറ്റൽ സെൻസസ്; ...

വിള്ളലുകള്‍ എങ്ങനെ വിളക്കിച്ചേര്‍ക്കും?

ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ ഭാവിയിലേക്കുള്ള ജനസംഖ്യാ കണക്കുകള്‍ (population projections) ലഭ്യമായതുകൊണ്ടുമാത്രം സെന്‍സസ് നടക്കാത്തതിന്റെ പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കപ്പെടുന്നില്ല. സെന്‍സസ് ഡേറ്റയുടെ അഭാവം സൃഷ്ടിക്കുന്ന വിള്ളലുകള്‍ നികത്താനോ അതിന് പകരം വയ്ക്കാനോ കഴിയുന്ന ഡേറ്റ ലഭ്യമാകുന്ന മറ്റൊരു ഉറവിടം രാജ്യത്ത് ഇപ്പോളില്ല. പ്രത്യുത്പാദന നിരക്കുകള്‍ക്കും ആയുര്‍ദൈര്‍ഘ്യത്തിനും പുറമേ ജനസംഖ്യാമാറ്റത്തില്‍ പ്രഭാവം ചെലുത്താന്‍ ശേഷിയുള്ള ഒരു സുപ്രധാന വിവരമാണ് കുടിയേറ്റം. രാജ്യത്തെ കുടിയേറ്റത്തിന്റെ ചലനാത്മകതയിലേക്ക് വെളിച്ചംവീശുന്ന ഡേറ്റയുടെ സുപ്രധാന ഉറവിടമാണ് സെന്‍സസ്. വളരെയേറെ സാമ്പിളുകള്‍ ആവശ്യമായതിനാല്‍ സാമ്പിള്‍ സര്‍വേകളില്‍ കുടിയേറ്റത്തിന്റെ എല്ലാതലങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിവരശേഖരണം പലപ്പോഴും സാധ്യമല്ല. അതിനാല്‍, കുടിയേറ്റത്തെ സംബന്ധിച്ച വിവരശേഖരണം നാഷണല്‍ സാമ്പിള്‍ സര്‍വേറൗണ്ടുകളില്‍പോലും വളരെ അപൂര്‍വമായി മാത്രമേ നടത്തിയിട്ടുള്ളൂ.

സെന്‍സസ് നടക്കാത്ത സാഹചര്യത്തില്‍, കഴിഞ്ഞ ഒരു ദശാബ്ദക്കാലത്ത് രാജ്യത്തെ കുടിയേറ്റം സംബന്ധിച്ച എല്ലാ വിവരങ്ങളും അജ്ഞാതമായി തുടരും.

രാജ്യത്തും സംസ്ഥാനതലത്തിലും ജനസംഖ്യയില്‍ വ്യത്യസ്ത പ്രായത്തിലുള്ള ജനങ്ങളുടെ ശതമാനം, മുതിര്‍ന്ന പൗരന്മാര്‍-കുട്ടികള്‍-തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളുടെ അനുപാതത്തിലുള്ള മാറ്റം, ലിംഗ-അനുപാതം, നഗരവത്കരണത്തിന്റെ തോത് എന്നിവ സെന്‍സസിന്റെ അഭാവത്തില്‍ നഷ്ടപ്പെടുന്ന പരമപ്രധാന വിവരങ്ങളില്‍ ചിലതുമാത്രമാണ്. ഇവയില്‍ മിക്കതും സാമ്പിള്‍ സര്‍വേകളിലൂടെ പൂര്‍ണമായും നികത്താന്‍ സാധ്യമല്ല. ലിംഗാനുപാതത്തിലുള്ള മാറ്റം എല്ലാ സാമൂഹിക ശാസ്ത്രജ്ഞരും സസൂഷ്മം വീക്ഷിക്കുന്ന സൂചികയാണ്. വര്‍ഷങ്ങളായി ഭൂരിഭാഗം സംസ്ഥാനങ്ങളിലും ലിംഗാനുപാതം സ്ത്രീകള്‍ക്കും; ശൈശവദശയിലെ ലിംഗാനുപാതം പെണ്‍കുട്ടികള്‍ക്കും ദോഷമായി മാറുന്ന പ്രവണതയുണ്ട്. നിലവിലെ സാഹചര്യത്തില്‍, ഈ ഡാറ്റയുടെ അഭാവം ഗവേഷണങ്ങളെയും പെണ്‍കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പദ്ധതികളുടെ നയരൂപവത്കരണത്തിനും പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കും. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തിലുണ്ടാകുന്ന ഇടിവ് ഇതുപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു വിഷയമാണ്.

രാജ്യത്തെ സാമ്പത്തിക, സാമൂഹിക, ജനസംഖ്യാ മേഖലകളിലെ സൂചികകള്‍ ഒരു പരിധിവരെ സാമ്പിള്‍ സര്‍വേകളിലൂടെ വിതരണം ചെയ്യാന്‍ കെല്‍പ്പുള്ള ഒരു സംഘടിത സംവിധാനം ഇന്ന് രാജ്യത്ത് നിലവിലുണ്ട്. സാമ്പത്തിക വിവരങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ (NSSO) 1950 മുതല്‍ വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി സര്‍വേകള്‍ നടത്തിപ്പോരുന്നു. ഇപ്പോള്‍ നാഷണല്‍ സാറ്റിസ്റ്റിക്കല്‍ ഓഫീസ് (NSO) എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട സര്‍വേകള്‍ 2011-ന് ശേഷം വ്യത്യസ്ത വിഷയങ്ങളില്‍ രാജ്യത്ത് വിവരശേഖരണം നടത്തിയിട്ടുണ്ട്. ഇത് വിവരശേഖരണത്തിന്റെ കാലദൈര്‍ഘ്യവും ചെലവുകളും ഗണ്യമായി കുറയ്ക്കും. ജനസംഖ്യാ കണക്കുകളെ സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കാന്‍ തത്കാലം ജനസംഖ്യാ പ്രവചനങ്ങളെ ആശ്രയിക്കാം. സാമ്പിള്‍ രജിസ്‌ട്രേഷന്‍ സംവിധാനവും ദേശീയ കുടുംബാരോഗ്യ സര്‍വേയും ജനസംഖ്യാ സൂചികകളെ സംബന്ധിച്ച വിവരങ്ങളുടെ വിടവ് ഒരുപരിധിവരെ നികത്തുമെന്ന് കരുതാം. എന്‍.എസ്.ഒ. മാതൃകയില്‍ സാമ്പിള്‍ സര്‍വേയുടെ ഒരു റൗണ്ട് നടത്തിയാല്‍ വീടുകളെപ്പറ്റിയും (സാമ്പത്തിക സ്ഥിതി, സൗകര്യങ്ങള്‍) തൊഴിലുകളെപ്പറ്റിയും കുടിയേറ്റത്തെപ്പറ്റിയുമുള്ള വിവരശേഖരണവുമാകും. അങ്ങനെ സംഭവിച്ചാല്‍ 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസിന്റെ അഭാവംമൂലം ഡേറ്റയുടെ ശേഖരണത്തിലുണ്ടായ വിള്ളലുകള്‍ ഒരു പരിധിവരെ വിളക്കിച്ചേര്‍ക്കാനാകുമെന്ന് പ്രത്യാശിക്കാം.

പലവിധ പ്രശ്നങ്ങള്‍

സെന്‍സസ് വൈകുന്നതിന്റെ പ്രതിഫലനമുണ്ടാകുന്ന സുപ്രധാന മേഖലകളിലൊന്ന് ക്ഷേമപദ്ധതികളുടെ നടത്തിപ്പും അതിന്റെ വിതരണവുമായി ബന്ധപ്പെട്ടതാണ്. 2011-ന് ശേഷം ജനസംഖ്യയിലുണ്ടായ വര്‍ധന രാജ്യത്തെ ക്ഷേമപദ്ധതികളുടെ നടത്തിപ്പിലും വിതരണത്തിലും എന്തെല്ലാം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ലഭ്യമായ കണക്കുകള്‍ പ്രകാരം രാജ്യത്തെ മൂന്നില്‍രണ്ടുപേരും (67 ശതമാനം) ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. 2011-ലെ കാനേഷുമാരി കണക്കുകള്‍ പ്രകാരം ഇത് ഏകദേശം 80 കോടി ജനങ്ങളില്‍ അധികമായിരിക്കും. കഴിഞ്ഞ ദശാബ്ദത്തിലെ ജനസംഖ്യാ വളര്‍ച്ച കൂടി പരിഗണിച്ചാല്‍ കൂടുതല്‍ ജനങ്ങളെ ഇത്തരം സാമൂഹിക സുരക്ഷാപദ്ധതികളുടെ വലയത്തിലേക്ക് കൂട്ടിച്ചേര്‍ക്കേണ്ടതായി വരും. ഇങ്ങനെ അധികമായി വരാന്‍ സാധ്യതയുള്ള ജനവിഭാഗത്തെ ഉള്‍പ്പെടുത്തുന്നതും പദ്ധതിക്കായി തനത് വിഭവങ്ങള്‍ നീക്കിവയ്ക്കുന്നതും സര്‍ക്കാരുകള്‍ക്ക് വെല്ലുവിളികള്‍ സൃഷ്ടിക്കാം. പൊതുവിതരണ-റേഷനിങ് സമ്പ്രദായങ്ങള്‍ സാര്‍വത്രികമായ കേരളം പോലെയുള്ള ചില സംസ്ഥാനങ്ങളില്‍ ഈ വിഷയത്തിന് പ്രസക്തി ഇല്ലെങ്കിലും രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളുടെയും അവസ്ഥ വിഭിന്നമാണ്.

ആയുഷ്മാന്‍ ഭാരത്, പ്രധാന്‍മന്ത്രി ആവാസ് യോജന അടക്കമുള്ള പല കേന്ദ്ര പദ്ധതികളുടെയും ഗുണഭോക്താക്കളെ ഇപ്പോള്‍ കണ്ടെത്തുന്നത് 2011-ല്‍ ഗ്രാമവികസന മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസിന്റെ (socio-economic and caste census) അടിസ്ഥാനത്തിലാണ്. ഈ സെന്‍സസിന്റെ പ്രധാന ലക്ഷ്യം ഗ്രാമ, നഗര പ്രദേശങ്ങളിലെ വീടുകളുടെ സാമൂഹിക, സാമ്പത്തിക സ്ഥിതി നിര്‍ണയിക്കുക എന്നതായിരുന്നു. ഇതിന് 2011-ലെ ജനസംഖ്യാ കണക്കെടുപ്പുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്തതിനാല്‍ 2021-ലെ സെന്‍സസിന് കാലതാമസം നേരിട്ടാലും ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തുവാനോ അത്തരം പദ്ധതികളുടെ നടത്തിപ്പിനെ ദോഷമായി ബാധിക്കാനോ ഇടയില്ല. എന്നിരുന്നാലും സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ് തന്നെ ഒരു ദശാബ്ദക്കാലം പഴക്കമുള്ളതിനാല്‍ സാഹചര്യങ്ങളിലുണ്ടായ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ അത് പര്യാപ്തമല്ല എന്ന് വ്യക്തം.

സെന്‍സസ് വൈകുന്നത് പ്രശ്നം സൃഷ്ടിക്കുന്ന മറ്റൊരു പ്രധാന മേഖല കേന്ദ്ര-സംസ്ഥാനങ്ങള്‍ക്കിടയിലുള്ള വിഹിതം പങ്കുവയ്ക്കലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ്.

1971 മുതല്‍ 2011 വരെയുള്ള നാല് ദശാബ്ദക്കാലത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം നല്‍കാന്‍ അടിസ്ഥാനമാക്കിയിരുന്നത് 1971-ലെ ജനസംഖ്യാ കണക്കുകളായിരുന്നു. എന്നാല്‍, പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ഇത് 2011 കാനേഷുമാരി അടിസ്ഥാനമാക്കി വേണം എന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ധനവിതരണം നടത്തിയതിനാല്‍ ജനസംഖ്യാ വളര്‍ച്ചനിരക്ക് കുറഞ്ഞ കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്ക് വിഹിതം നഷ്ടമാകുകയും ചെയ്തു. അതേസമയം, ജനസംഖ്യാ വളര്‍ച്ച നിയന്ത്രിക്കുന്നതില്‍ നേട്ടം കൈവരിക്കാന്‍ കഴിയാതിരുന്ന ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ബിഹാര്‍ മുതലായ സംസ്ഥാനങ്ങള്‍ക്ക് വിഹിതം വര്‍ധിക്കുകയും ചെയ്തു. പതിനാലാം ധനകാര്യ കമ്മിഷന്‍ ജനസംഖ്യക്ക് അനുവദിച്ച 10 ശതമാനം വെയിറ്റേജ് പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ 15 ശതമാനമായി ഉയര്‍ത്തിയത് ഇതിന്റെ ഭാഗമായാണ്. 2021-ലെ സെന്‍സസ് നടക്കുകയും അടിസ്ഥാന വര്‍ഷം വീണ്ടും പുതുക്കി നിശ്ചയിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വിഹിതത്തില്‍ പിന്നേയും കുറവ് വന്നേനെ. ഫലത്തില്‍, സെന്‍സസ് നടക്കാതിരുന്നത് തെക്കന്‍ സംസ്ഥാനങ്ങള്‍ക്ക് താത്കാലികമായെങ്കിലും ഗുണകരമായിമാറി എന്നുവേണം അനുമാനിക്കാന്‍.

സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളുടെയും ലോക്‌സഭാ മണ്ഡലങ്ങളുടെയും പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും വ്യക്തത വരുത്തേണ്ടതുണ്ട്. സംസ്ഥാനങ്ങള്‍ക്കിടയിലുള്ള കേന്ദ്രവിഹിതത്തിന്റെ അടിസ്ഥാനം തീരുമാനിച്ചതുപോലെ, നിയമസഭ-ലോക്‌സഭ മണ്ഡലങ്ങളില്‍നിന്നുള്ള ജനപ്രതിനിധികളുടെ എണ്ണം നിശ്ചയിച്ചതിന്റെയും അടിസ്ഥാനവര്‍ഷം 1971 തന്നെയാണ്. ഇതില്‍ മാറ്റം സംഭവിക്കണമെങ്കില്‍ 2026 വരെ കാത്തിരിക്കണം. അങ്ങനെ വരുമ്പോള്‍, 2021 സെന്‍സസിലെ ജനസംഖ്യ നിയമസഭ-ലോക്‌സഭ മണ്ഡലങ്ങളുടെ പുനഃക്രമീകരണങ്ങളുടെ ആധാരമാകുമെന്ന ഒരാശങ്ക ഭരണ-രാഷ്ട്രീയ തലങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത്തരം തെറ്റിദ്ധാരണകള്‍ക്ക് അടിസ്ഥാനമില്ല. ഭരണഘടനയുടെ 84-ാം ഭേദഗതി (2000) പ്രകാരം നിയമസഭ-ലോക്‌സഭ മണ്ഡലങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റം 2026-ന് ശേഷം നടക്കുന്ന കാനേഷുമാരിയില്‍ നിന്നാകണമെന്ന വ്യക്തമായ മാര്‍ഗനിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍, 2021-ലെ സെന്‍സസ് ഫലങ്ങള്‍ക്ക് ജനപ്രാതിനിധ്യ വിഷയത്തിലെ പങ്ക് പരിമിതമാണ്.

സര്‍ക്കാര്‍ ചെയ്യേണ്ടത്

സാഹചര്യങ്ങള്‍ എന്തുതന്നെ ആയാലും 2021 അടിസ്ഥാനമാക്കി ശേഖരിക്കേണ്ട വിവരങ്ങള്‍ നമുക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടുകഴിഞ്ഞു. ഇത് കാനേഷുമാരി അടിസ്ഥാനമാക്കി നടത്തേണ്ട പല വിശകലനങ്ങള്‍ക്കും താരതമ്യ പഠനങ്ങള്‍ക്കും ആയാസം സൃഷ്ടിക്കുമെന്നുറപ്പാണ്. ഔദ്യോഗികമായി സെന്‍സസ് റദ്ദ് ചെയ്തില്ലെങ്കില്‍ കൂടി ഇനി സെന്‍സസ് നടത്തണോ എന്ന അന്തിമതീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുക്കുന്നതിനുമുന്‍പ് നമുക്ക് ചുറ്റുമുള്ള വ്യത്യസ്ത സാഹചര്യങ്ങള്‍ കൂടി പരിശോധിക്കുന്നത് അഭിലഷണീയമായിരിക്കും.
താമസിച്ചുനടന്നാലും ശേഖരിക്കുന്ന സെന്‍സസ് ഡേറ്റ ഏതൊക്കെ മേഖലകളില്‍ ഉപയോഗിക്കാം എന്നതായിരിക്കണം കേന്ദ്രസര്‍ക്കാര്‍ ഇതില്‍ പ്രഥമ പരിഗണന നല്‍കേണ്ടത്. മാറിയ സാഹചര്യത്തില്‍ സെന്‍സസിനും ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിനും ഉള്‍പ്പെടെയുള്ള ചെലവുകള്‍ പുനര്‍നിര്‍ണയിക്കേണ്ടതുണ്ട്. സാധാരണമായി സ്‌കൂള്‍ അധ്യാപകരെയാണ് ഡേറ്റ എന്യൂമറേറ്റര്‍മാരായി നിയോഗിക്കുന്നത്. വിവരശേഖരണത്തിന്റെ മുഖ്യപങ്കും വേനലവധിക്കാലത്ത് നടക്കുന്നതിനാല്‍ സ്‌കൂളിലെ അധ്യയനം തടസ്സപ്പെടാറില്ല. കോവിഡ് മഹാമാരിക്കുശേഷം രണ്ടുവര്‍ഷത്തിനുശേഷമാണ് സ്‌കൂളുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചതും. അതിനാല്‍ അധ്യാപകരെ സെന്‍സസ് ഡ്യൂട്ടിക്കായി, വേനലവധിക്കുമുന്‍പ് നിയോഗിക്കുന്നത് അക്കാദമിക് പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കും. കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നതിനാല്‍ പൊതുസമൂഹത്തില്‍ ഇത് സര്‍ക്കാരിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരാന്‍ കാരണമായേക്കാം. കോവിഡ് മഹാമാരിയുടെ നാലാംതരംഗ സാധ്യതകളും തള്ളിക്കളയാനാവില്ല. സെന്‍സസ് നടപടികള്‍ പുനരാരംഭിക്കുന്നതിനുമുന്‍പ് ഈ വിഷയങ്ങളില്‍ നയപരമായ തീരുമാനം കൂടി കേന്ദ്രസര്‍ക്കാര്‍ വളരെ വേഗം കൈക്കൊള്ളേണ്ടതായി വരും.

സെന്‍സസ് നടക്കുകയാണെങ്കില്‍ തന്നെ, നിലവിലുണ്ടായിരിക്കുന്ന കാലതാമസം 2031-ലെ സെന്‍സസിന്റെ പ്രവര്‍ത്തനങ്ങളുടെ വേഗം കുറയ്ക്കാന്‍ കാരണമായേക്കാം. രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയ-പ്രാതിനിധ്യ വിഷയങ്ങളില്‍ സമൂലമാറ്റം വിഭാവനം ചെയ്യുന്ന രണ്ട് വിഷയങ്ങളെ സംബന്ധിച്ച തീരുമാനത്തിന്റെ ആധാരശില 2031-ലെ കാനേഷുമാരി അടിസ്ഥാനമാക്കിയ കണക്കുകളായിരിക്കും. അതിനാല്‍, ആ സെന്‍സസിലെ കണക്കെടുപ്പിന് സവിശേഷ പ്രാധാന്യമാണ് രാഷ്ട്രമീമാംസ വിദഗ്ധന്മാര്‍ കല്പിച്ചിരിക്കുന്നത്. നിയമസഭ-ലോക്‌സഭ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിക്കുന്നതിനോ വര്‍ധിപ്പിക്കുന്നതിനോ നിലനില്‍ക്കുന്ന ഭരണഘടനാപരമായ തടസ്സം 2026-ല്‍ മാറിക്കിട്ടും. ഇങ്ങനെയുള്ള മണ്ഡല പുനഃക്രമീകരണ പ്രക്രിയയ്ക്ക് വാര്‍ഡ് തലത്തിലുള്ള ജനസംഖ്യയുടെ ലഭ്യത കൂടി ഉറപ്പുവരുത്തേണ്ടതായി വരും. മണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതും അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കുന്നതും അത്യന്തം സങ്കീര്‍ണമായ പ്രക്രിയ ആയതിനാല്‍ സെന്‍സസിനുണ്ടാകുന്ന അമാന്തം ഈ പ്രക്രിയകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിക്കും. ജനപ്രതിനിധികളുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന ഇലക്ടറല്‍ കോളേജിന്റെ വോട്ടുമൂല്യം പുനര്‍നിര്‍ണയിക്കുന്നതാണ് പരിഹരിക്കപ്പെടേണ്ട മറ്റൊരു വിഷയം.

ചില പോംവഴികള്‍

കാനേഷുമാരി കണക്കുകളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് വ്യത്യസ്ത തലങ്ങളിലുള്ള ജനസംഖ്യാ കണക്കുകള്‍. കാനേഷുമാരിയുടെ അഭാവത്തിലും ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ ജനസംഖ്യാ കണക്കുകള്‍ ലഭിക്കുന്നതിന് ഇപ്പോള്‍ ബുദ്ധിമുട്ടില്ല. ഇതിനായി അന്താരാഷ്ട്ര ഏജന്‍സികളും വ്യക്തിഗത ജനസംഖ്യാവിദഗ്ധരും കഴിഞ്ഞ സെന്‍സസിനെ ആസ്പദമാക്കി തയ്യാറാക്കിയ ജനസംഖ്യാ പ്രവചനങ്ങള്‍ (population projections) ലഭ്യമാണ്. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2011 മുതല്‍ അഞ്ചുവര്‍ഷ ഇടവേളകളില്‍ 2100 വരെയുള്ള വ്യത്യസ്ത ജനസംഖ്യാ പ്രവചനങ്ങള്‍ നമുക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഇതുകൂടാതെ വ്യത്യസ്ത ജനസംഖ്യാ പ്രവചനരീതികള്‍ (കോഹോര്‍ട്ട് കോംപോണന്റ് രീതി, ലോജിസ്റ്റിക് കര്‍വ്വ്, റേഷ്യോ മെത്തേഡ് മുതലായവ) ഉപയോഗിച്ച് പുതിയ ജനസംഖ്യാ കണക്കുകളും പ്രവചിക്കാന്‍ സാധിക്കും. 2011-ലെ സെന്‍സസിനുശേഷവും ഫലം ലഭ്യമാകുന്ന അടുത്ത സെന്‍സസിനും ഇടയ്ക്കുള്ള ഏതൊരു വര്‍ഷത്തെയും ജനസംഖ്യാ കണക്കുകള്‍ ലീനിയര്‍ ഇന്റര്‍പോളേഷന്‍ പോലുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ രീതികള്‍ ഉപയോഗിച്ച് തിട്ടപ്പെടുത്താന്‍ സാധിക്കും. ജനസംഖ്യാകണക്കുകള്‍ ഉപയോഗിച്ച് നിര്‍ണയിക്കുന്ന ഏതൊരു നിരക്കുകള്‍ക്കും ജനസംഖ്യ അടിസ്ഥാനമാക്കിയ പ്രവചനക്കണക്കുകള്‍ ഉപയോഗിക്കാം. ഉദാഹരണമായി, ദാരിദ്ര്യം കണക്കാക്കുന്ന തലയെണ്ണല്‍ അനുപാതം (head count ratio), ജനങ്ങള്‍ എത്രത്തോളം നിബിഡമായി വസിക്കുന്നു എന്നത് അളക്കുന്ന ജനസാന്ദ്രത (population density) തുടങ്ങിയവ ഇത്തരത്തില്‍ കണക്കാക്കാന്‍ കഴിയും. പക്ഷേ, ചില നിരക്കുകളുടെ അംശവും (numerator) ഛേദവും (denominator) സെന്‍സസില്‍ നിന്നായതിനാല്‍ എല്ലാ സാഹചര്യത്തിലും ഇത് പ്രാവര്‍ത്തികമാവണമെന്നില്ല. ഉദാഹരണമായി, നഗരവത്കരണ-സാക്ഷരതാ നിരക്കുകളുടെ അംശമൂല്യം സെന്‍സസ്സില്‍നിന്നുതന്നെ ശേഖരിക്കുന്നതാവണം.

ജനസംഖ്യാ പ്രവചനത്തില്‍ ഏറ്റവും സ്വീകാര്യമായതും, ഒരുപരിധിവരെ കൃത്യത ഉറപ്പുനല്‍കുന്നതുമാണ് കോഹോര്‍ട്ട് കോംപോണന്റ് രീതി. പക്ഷേ, ഈ രീതിക്ക് അടിസ്ഥാന നിരക്കുകള്‍ എല്ലാംതന്നെ ഭാവിയിലേക്കുകൂടി തിട്ടപ്പെടുത്തി ഉപയോഗിക്കേണ്ടതായി വരും. പ്രതുത്പാദനനിരക്കും ലിംഗം അടിസ്ഥാനമാക്കിയ ആയുര്‍ദൈര്‍ഘ്യവും ലിംഗാനുപാതവും കുടിയേറ്റ (നിര്‍ബന്ധമില്ല)വുമാണ് ജനസംഖ്യാ പ്രവചനത്തിനുള്ള അടിസ്ഥാന നിരക്കുകള്‍. ഈ ഡേറ്റ ദേശീയതലത്തിലും സംസ്ഥാനതലത്തിലും വരെ മാത്രം ലഭ്യമായതിനാല്‍ ജനസംഖ്യാ പ്രവചനവും ഈ യൂണിറ്റുകള്‍ക്കുവരെ മാത്രമേ സാധ്യമാകുകയുള്ളൂ. അതിനെക്കാള്‍ താഴ്ന്ന ഭരണപ്രദേശങ്ങളുടെ (ഉദാ: ജില്ല) ജനസംഖ്യാ പ്രവചനത്തിനായി മാത്തമാറ്റിക്കല്‍ മോഡലുകളുടെ സഹായം ആവശ്യമായി വരും. ചുരുക്കിപ്പറഞ്ഞാല്‍, ഒരു പ്രദേശത്തിന്റെ ജനസംഖ്യാ കണക്കുകള്‍ പ്രോജക്ട് ചെയ്ത് തയ്യാറാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുകയില്ല. വസ്തുത ഇതാണെന്നിരിക്കെ, ഏതൊരു ജനസംഖ്യാ പ്രവചനരീതിക്കും നൂറുശതമാനം കൃത്യത പുലര്‍ത്താന്‍ കഴിയില്ല എന്ന യാഥാര്‍ഥ്യം പ്രത്യേകം ഓര്‍ക്കേണ്ടതാണ്. അതിനാല്‍, ഇത്തരത്തില്‍ പ്രവചിച്ച ജനസംഖ്യ ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

(ഡോ. ജെ. രത്‌നകുമാര്‍ ന്യൂഡല്‍ഹി സ്പീക്കേഴ്‌സ് റിസേര്‍ച്ച് ഇനിഷ്യേറ്റീവ് സെല്ലിലെ റിസേര്‍ച്ച് ഫെല്ലോയും ഡോ. കെ.പി. വിപിന്‍ ചന്ദ്രന്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവണ്‍മെന്റ് വനിതാ കോളേജ് സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ്)

(ജൂലൈ ലക്കം GK&Currentaffairsൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Data Gaps in India and delay in census, social, mathrubhumi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented