Representative image
ചെന്നൈ: പട്ടികജാതിയിൽപ്പെട്ടവരുടെ മുടിവെട്ടാൻ വിസമ്മതിച്ച സലൂൺ ഉടമയെ പോലീസ് അറസ്റ്റുചെയ്തു. തമിഴ്നാട്ടിൽ തഞ്ചാവൂരിലെ കീഴമംഗലം ഗ്രാമത്തിലാണ് സംഭവം.കടുത്ത ജാതിവിവേചനം നിലനിൽക്കുന്ന ഗ്രാമങ്ങളിലൊന്നാണ് ഓരത്തനാടിനടുത്തുള്ള കീഴമംഗലം. ഇവിടുത്തെ ചായക്കടകളിൽ ദളിതർക്കായി പ്രത്യേകം ഗ്ലാസുകൾ വെച്ചിട്ടുണ്ടെന്നും പലചരക്കുകടകളിൽ ദളിതർക്ക് സാധനങ്ങൾ നിഷേധിക്കുന്നുണ്ടെന്നും സലൂണുകളിൽ ദളിതരുടെ മുടിവെട്ടുന്നില്ലെന്നും പരാതിവന്നിരുന്നു.
സാമൂഹികപ്രവർത്തകനായ ടി. രാജേന്ദ്രൻ നൽകിയ പരാതിയെത്തുടർന്ന് തഹസിൽദാർ സ്ഥലം സന്ദർശിക്കുകയും ജാതിവിവേചനം തുടർന്നാൽ നടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുനൽകുകയും ചെയ്തിരുന്നു. അതിനുശേഷവും വിവേചനം തുടർന്നെന്ന് ബോധ്യപ്പെട്ടതോടെയാണ് സലൂൺ നടത്തുന്ന വീരമുത്തുവിനെ വ്യാഴാഴ്ച അറസ്റ്റുചെയ്തത്.
കഴിഞ്ഞയാഴ്ചയും വീരമുത്തുവിന്റെ സലൂണിൽ മുടിവെട്ടാനെത്തിയ ദളിത് യുവാവിനെ ഇറക്കിവിട്ടിരുന്നു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടിയെടുത്തത്. ദളിതരുടെ മുടിവെട്ടേണ്ട എന്നത് പഞ്ചായത്തിന്റെ തീരുമാനമാണ് എന്നാണ് വീരമുത്തു പറഞ്ഞത്. പട്ടികവിഭാഗക്കാർ ഒഴികെയുള്ളവർ ഒന്നിച്ചുകൂടിയാണ് തീരുമാനമെടുത്തത്. പലചരക്കുകടകളിൽനിന്ന് ദളിതർക്ക് സാധനങ്ങൾ നൽകേണ്ടയെന്നും തീരുമാനിച്ചിരുന്നു. തീരുമാനം ലംഘിക്കുന്നവർക്ക് 5000 രൂപ പിഴയിടാനും തീരുമാനിച്ചിട്ടുണ്ടെന്ന് വീരമുത്തു പറയുന്നു. പട്ടികവിഭാഗക്കാർക്കുനേരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം വീരമുത്തുവിന്റെപേരിൽ കേസെടുത്തിട്ടുണ്ട്.
ശൗചാലയം കഴുകാൻ ദളിത് വിദ്യാർഥികൾ
ചെന്നൈ: പട്ടികജാതിയിൽപ്പെട്ട വിദ്യാർഥികളെക്കൊണ്ട് സ്കൂളിലെ ശൗചാലയം കഴുകിച്ചതിന് സർക്കാർസ്കൂളിലെ പ്രഥമാധ്യാപികയുടെ പേരിൽ തമിഴ്നാട് പോലീസ് കേസെടുത്തു. ഈറോഡ് ജില്ലയിലെ പാലക്കരൈയിലാണ് സംഭവം.
പാലക്കരൈ പഞ്ചായത്ത് യൂണിയൻ ഹൈസ്കൂളിലെ പ്രഥമാധ്യാപിക ഗീതാറാണിയാണ് പട്ടികജാതിയിൽപ്പെടുന്ന കുട്ടികളെ തിരഞ്ഞുപിടിച്ച് ശൗചാലയം കഴുകുന്ന ജോലി ഏൽപ്പിച്ചത്.കുട്ടികളിലൊരാളുടെ രക്ഷാകർത്താവായ ജയന്തി നൽകിയ പരാതിയിലാണ് കേസെടുത്തത്.
അഞ്ചാംക്ലാസിൽ പഠിക്കുന്ന മകന് ഡെങ്കിപ്പനി വന്നെന്നും അതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടതെന്നും ജയന്തി പറയുന്നു.കക്കൂസ് കഴുകാൻ പോകുമ്പോഴാണ് കൊതുകുകടിയേറ്റതെന്ന് മകൻ പറഞ്ഞു.പ്രഥമാധ്യാപിക ദളിത് വിദ്യാർഥികളെക്കൊണ്ട് സ്ഥിരമായി ഈ ജോലിചെയ്യിക്കാറുണ്ടെന്ന് മറ്റുകുട്ടികളും പറഞ്ഞു. ബാലാവകാശനിയമപ്രകാരവും പട്ടികജാതിക്കാർക്കെതിരായ പീഡനം തടയുന്നതിനുള്ള നിയമപ്രകാരവും ഗീതാറാണിയുടെ പേരിൽ കേസെടുത്തിട്ടുണ്ട്.
Content Highlights: dalith discrimination in tamilnadu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..