ഇറാഖിലെ സ്‌കൂളിൽ നിന്ന് സദ്ദാം ഹുസൈന്റെ ചിത്രം എടുത്ത് മാറ്റുന്ന യു.എസ്. സൈനികർ ( ഫയൽ ചിത്രം) | Photo: gettyimages
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന് നിലവില്‍വന്ന 'ഏകധ്രുവലോകം' അമേരിക്കയുടെ അധീശത്വം സമ്പൂര്‍ണമാക്കി. ലോകം അമേരിക്കയെന്ന വന്‍ശക്തിക്കുകീഴില്‍ പുനഃസംഘടിക്കപ്പെട്ടു. 1991-ല്‍ ആരംഭിച്ച ശീതയുദ്ധാനന്തര അന്താരാഷ്ട്രക്രമത്തെ 'നവലോകക്രമം' എന്നാണ് ജോര്‍ജ് ബുഷ് (സീനിയര്‍) വിശേഷിപ്പിച്ചത്. 2008-ലെ ദീര്‍ഘമാന്ദ്യാരംഭംവരെ ശക്തവും സമ്പൂര്‍ണവുമായി തുടര്‍ന്ന അമേരിക്കന്‍ അധീശത്വത്തിന്റെ ലക്ഷണമൊത്ത പ്രതിനിധികളാണ് അഫ്ഗാന്‍, ഇറാഖ് അധിനിവേശങ്ങള്‍.
ഇറാഖിലെ സദ്ദാം വേട്ട
1979 ജൂലായ് 16 മുതല്‍ 2003 ഏപ്രില്‍ 9 വരെ ദീര്‍ഘകാലം ഇറാഖ് പ്രസിഡന്റ് പദവിയിലിരുന്ന സദ്ദാം ഹുസൈന്‍ ഭരണകൂടത്തിന്റെയും സിവില്‍ സമൂഹത്തിന്റെയും സമസ്തതലങ്ങളിലും സ്വാധീനമുറപ്പിച്ചുകൊണ്ട് സമഗ്രാധിപത്യക്രമം നടപ്പിലാക്കി. പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും തൃണമൂലതലത്തില്‍ സ്വാധീനം നേടിയ ബാത്തിസവും അറബ് സോഷ്യലിസവുമായിരുന്നു സദ്ദാമിന്റെ പ്രത്യയശാസ്ത്ര അടിത്തറ. സോവിയറ്റ് യൂണിയനോടും സോഷ്യലിസ്റ്റ് ബ്ലോക്കിനോടുമുള്ള ഊഷ്മളമായ ബന്ധം, അമേരിക്കന്‍ വിരുദ്ധത, മൂന്നാംലോക രാജ്യങ്ങളോടുള്ള ഐക്യപ്പെടല്‍ എന്നിവയായിരുന്നു ബാത്തിസ്റ്റുകളുടെ വിദേശനയത്തിന്റെ കാതല്‍. പ്രസിഡന്റ്പദത്തിലെത്തിയതിനുശേഷം അമേരിക്കയുമായി തന്ത്രപരമായി സഹകരിക്കുകയെന്ന നയം സദ്ദാം സ്വീകരിച്ചു. സൈനികമായും സാമ്പത്തികമായും പ്രാദേശിക വന്‍ശക്തിയായി മാറിയ ഇറാഖ് അയല്‍പ്പക്കനയങ്ങളില്‍ വ്യാപനനയം സ്വീകരിച്ചു. ഇതിന്റെ ഉത്പന്നമായിരുന്നു 1980 സെപ്റ്റംബര്‍ 22 മുതല്‍ 1988 ഓഗസ്റ്റ് 20 വരെ നീണ്ട ഇറാന്‍-ഇറാഖ് യുദ്ധം.
റേസാഖാന്‍ പഹ്ലവിയുടെ ഭരണത്തില്‍ ഇറാന്‍ അമേരിക്കയുടെ സഖ്യശക്തിയും സംരക്ഷിത രാഷ്ട്രവുമായിരുന്നു. അമേരിക്ക-ഇസ്രയേല്‍-ഇറാന്‍ സഖ്യമാണ് 1979-ലെ ഇറാന്‍ വിപ്ലവം വരെ പശ്ചിമേഷ്യയിലെ ശീതയുദ്ധ സംഘര്‍ഷങ്ങളില്‍ പാശ്ചാത്യ ബ്ലോക്കിന്റെ കുന്തമുനയായി പ്രവര്‍ത്തിച്ചത്. ഇസ്ലാമിക വിപ്ലവത്തോടെ ഇറാന്‍ അമേരിക്കയുടെ ശത്രുരാഷ്ട്രമായി മാറി. മാത്രമല്ല ഒരു മത-രാഷ്ട്രീയ വിപ്ലവമെന്ന നിലയില്‍ ഇറാന്‍ വിപ്ലവം ആ രാജ്യത്തിന്റെ ആഭ്യന്തരരംഗത്തെ കലുഷിതമാക്കി. ദുര്‍ബലമായ രാഷ്ട്രീയ നേതൃത്വവും വിപ്ലവസംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച അരാജകത്വവും മുതലാക്കി ബാത്ത് അറബ് സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെയും ഗള്‍ഫ് മേഖലയിലെ അറബ് രാഷ്ട്രങ്ങളുടെയും പിന്തുണയോടെ ഇറാനെ തോല്പിക്കാമെന്ന കണക്കുകൂട്ടലാണ് സദ്ദാമിനെ യുദ്ധത്തിന് പ്രേരിപ്പിച്ച ഘടകം.
1975-ലെ അല്‍ജിയേഴ്സ് ഉടമ്പടി പ്രകാരം യൂഫ്രട്ടീസ്-ടൈഗ്രീസ് നദികള്‍ ചേര്‍ന്ന ഷാറ്റ് അല്‍ അറബിന്റെ കിഴക്കന്‍ തീരം ഇറാന് വിട്ടുകൊടുത്തിരുന്നു. ഈ പ്രദേശം തിരിച്ചുപിടിച്ച് ബസ്ര പ്രവിശ്യയുടെ ഭാഗമാക്കുകയായിരുന്നു സദ്ദാം ഹുസൈന്റെ മുഖ്യലക്ഷ്യം. ഇതോടൊപ്പം ഗള്‍ഫ് മേഖലയില്‍ സ്വാധീനം നേടാനും സോവിയറ്റ് പിന്തുണയോടെ ഗള്‍ഫുമുതല്‍ ഇസ്രയേല്‍വരെ നീളുന്ന പശ്ചിമേഷ്യന്‍ മേഖലയില്‍ അധീശത്വം സ്ഥാപിക്കാനും സദ്ദാം ലക്ഷ്യംവെച്ചു. തുടക്കത്തില്‍ മുന്നേറ്റം നടത്താന്‍ സാധിച്ചുവെങ്കിലും 1982 ആയപ്പോഴേക്കും ഇറാന്‍ ശക്തമായി തിരിച്ചടിക്കുകയും ഇറാഖിന്റെ അതിര്‍ത്തിയിലേക്ക് യുദ്ധമെത്തിക്കുകയും ചെയ്തു. പൂര്‍വസ്ഥിതി നിലനിര്‍ത്തിക്കൊണ്ട് യുദ്ധം അവസാനിപ്പിക്കാന്‍ സാധിച്ചുവെങ്കിലും സദ്ദാമിന്റെ അധിനിവേശ യുക്തിക്ക് വിരാമമിടാന്‍ ഇറാന്‍-ഇറാഖ് യുദ്ധത്തിനായില്ല.
കുവൈത്ത് ആക്രമണം
1990 ഓഗസ്റ്റ് 2-ന് ഇറാഖ് സൈന്യം അമേരിക്കന്‍ സംരക്ഷിത കുവൈത്ത് ആക്രമിച്ച് കീഴടക്കി. റിപ്പബ്ലിക് ഓഫ് കുവൈത്ത് സ്ഥാപിച്ചു. ഓട്ടോമന്‍ സാമ്രാജ്യത്തില്‍ ബസ്ര പ്രവിശ്യയുടെ ഭാഗമായിരുന്ന കുവൈത്ത് ഇറാഖിനോട് ചേര്‍ക്കുകയെന്ന വാദം സദ്ദാം മുന്നോട്ടുവെച്ചു. കുവൈത്ത് OPEC ക്വാട്ടയിലധികം എണ്ണ ഉത്പാദനം നടത്തിയെന്നും അതുമൂലം എണ്ണവില കുറഞ്ഞെന്നും ഏഴു ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ നഷ്ടം ഇറാഖിനുണ്ടായെന്നും സദ്ദാം ആരോപണമുയര്‍ത്തി. എന്നാല്‍ ഇറാനുമായുള്ള യുദ്ധകാലത്ത് കുവൈത്തില്‍നിന്ന് കടംവാങ്ങിയ 14 ബില്യണ്‍ ഡോളര്‍ തിരിച്ചുനല്‍കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ധൃതിയില്‍ കുവൈത്തിനെതിരേ പടനീക്കം നടത്തിയതെന്ന് നിരീക്ഷകര്‍ കരുതുന്നു. കാരണങ്ങളെന്തായാലും ഒരു സ്വതന്ത്രപരമാധികാര രാഷ്ട്രത്തെ ആക്രമിച്ചത് അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ കൊടിക്കീഴില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ 39 രാഷ്ടങ്ങളുടെ സൈനികര്‍ ഇറാഖിനെതിരേ അണിനിരന്നു. 'ഓപ്പറേഷന്‍ ഡെസേര്‍ട്ട് ഷീല്‍ഡ്' എന്ന പേരില്‍ അറിയപ്പെട്ട ഈ പടയൊരുക്കം അമേരിക്കന്‍ അധീശത്വത്തെ അരക്കിട്ടുറപ്പിച്ചു. ജനുവരി 17-ന് (1991) ആരംഭിച്ച 'ഓപ്പറേഷന്‍ ഡെസേര്‍ട്ട് സ്റ്റോം' എന്ന സൈനിക നടപടി ഫെബ്രുവരി 28-ന് (1991) അവസാനിക്കുകയും കുവൈത്ത് 'സ്വതന്ത്രമാവുകയും' ചെയ്തു. ഗള്‍ഫ് യുദ്ധം സദ്ദാമിന്റെ തകര്‍ച്ചയുടെ തുടക്കമായിരുന്നു. മുസ്ലിം രാജ്യങ്ങള്‍, അറബ് രാജ്യങ്ങള്‍, ചേരിചേരാ രാജ്യങ്ങള്‍, സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ തുടങ്ങിയവയെല്ലാം ഇറാഖിനെതിരായി. സദ്ദാം പരാജയപ്പെട്ടു എന്നതിനേക്കാള്‍ എതിരില്ലാത്ത 'ലോകപോലീസാകാന്‍' അമേരിക്കയ്ക്ക് സാധിച്ചു എന്നതാണ് ഗള്‍ഫ് യുദ്ധത്തിന്റെ പ്രധാന പരിണതഫലം.
ഗള്‍ഫ് യുദ്ധാനന്തരം ഇറാഖിന് കടുത്ത ഉപരോധം നേരിടേണ്ടിവന്നു. ഓഗസ്റ്റ് 6-ന് (1990) നിലവില്‍വന്ന സമഗ്ര ഉപരോധം സദ്ദാം പുറത്താകുന്നതുവരെ തുടര്‍ന്നു. കുവൈത്ത് ആക്രമണത്തിന്റെ പിഴയായി വന്‍തുകയാണ് ചുമത്തിയത്. സര്‍വനശീകരണശേഷിയുള്ള ആയുധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. യു.എന്‍. സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം 661 പ്രകാരം സമഗ്ര സാമ്പത്തിക ഉപരോധവും ഏര്‍പ്പെടുത്തി. ഏഴുവര്‍ഷക്കാലം ഇറാഖിന്റെ എണ്ണ അന്താരാഷ്ട്രമാര്‍ക്കറ്റില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. യു.എന്‍. പ്രമേയം 706, 712, 986 എന്നിവയിലെ ധാരണയനുസരിച്ചുള്ള 'ഓയില്‍ ഫോര്‍ ഫുഡ് പ്രോഗ്രാം' (OFFP) പോലും അമേരിക്കന്‍ ഇടപെടല്‍മൂലം യഥാര്‍ഥ്യമായില്ല. സദ്ദാമിനെതിരേ ജനരോഷം ഉയര്‍ത്താന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരന്തരം പരിശ്രമിച്ചുവെങ്കിലും സുന്നിദേശീയത, ബാത്തിസ്റ്റുകളുടെ പിന്തുണ, ഇറാഖി സൈന്യം എന്നീ ഘടകങ്ങള്‍ സദ്ദാമിന് അനുകൂലമായി പ്രവര്‍ത്തിച്ചു. 1990-കളില്‍ അമേരിക്കന്‍ സഖ്യത്തിന്റെ സൈനിക സാന്നിധ്യത്തില്‍ ചുറ്റിവളയപ്പെട്ടുവെങ്കിലും സദ്ദാം അധികാരത്തില്‍ തുടര്‍ന്നത് മേല്പറഞ്ഞ ആഭ്യന്തരരംഗത്തെ ഘടകങ്ങള്‍ മൂലമാണ്.
മേഖലയിലെ സുപ്രധാന സൈനികശക്തിയായ ഇറാഖിനെ ഡിമിലിട്ടറൈസ് ചെയ്യേണ്ടത് പ്രാഥമികമായി ഇസ്രയേല്‍ താത്പര്യമായിരുന്നു. 1981 ജൂണ്‍ 7-ന് ബാഗ്ദാദിനടുത്തുള്ള ന്യൂക്ലിയര്‍ റിയാക്ടര്‍ ഇസ്രയേല്‍ വ്യോമസേന ബോംബിട്ട് തകര്‍ക്കുകയുണ്ടായി. 'ഓപ്പറേഷന്‍ ഓപ്പറ', 'ഓപ്പറേഷന്‍ ബാബിലോണ്‍' എന്നീപേരുകളില്‍ അറിയപ്പെട്ട ഈ വ്യോമാക്രമണം ഇറാഖ് ആണവശേഷി നേടുന്നത് തടയാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. 1990-കളില്‍ ഇറാഖിനെ 'തെമ്മാടി രാഷ്ട്ര'ങ്ങളുടെ പട്ടികയില്‍പ്പെടുത്തി രാഷ്ട്രീയമായും സൈനികമായും ദുര്‍ബലപ്പെടുത്താന്‍ ഇസ്രയേല്‍-നാറ്റോ സഖ്യം യു.എന്നിന്റെ പിന്തുണയോടെ പരിശ്രമിച്ചു. ഇക്കാലത്ത് ഐക്യരാഷ്ട്രസംഘടന ഏറക്കുറെ സമ്പൂര്‍ണമായി അമേരിക്കന്‍ നിയന്ത്രണത്തിലായിരുന്നു. അമേരിക്കയുടെ നിഴലായി മാറിയ ബോറിസ് യെല്‍സ്റ്റിന്റെ റഷ്യയാകട്ടെ വിദേശനയത്തില്‍ അമേരിക്കന്‍ പ്രീണനം മുഖമുദ്രയാക്കി. പാകിസ്താന്‍-ഇറാന്‍ വഴി ഇറാഖിലേക്ക് ആണവസാങ്കേതികവിദ്യയും സമ്പുഷ്ട യൂറേനിയവും അനധികൃതമായി കടത്തുന്നുണ്ടെന്ന ആരോപണം അമേരിക്ക അന്താരാഷ്ട്ര വേദികളില്‍ നിരന്തരമുയര്‍ത്തി. ഉത്തരകൊറിയയുടെ പിന്തുണയും ഈ അവിശുദ്ധകൂട്ടുകെട്ടിനുണ്ടെന്ന് പാശ്ചാത്യ മീഡിയ പ്രചരിപ്പിച്ചു. ലോക സമാധാനത്തിന് നിരന്തര ഭീഷണിയായ ഇറാന്‍, ഇറാഖ്, ഉത്തരകൊറിയ, ക്യൂബ തുടങ്ങിയ രാഷ്ട്രങ്ങള്‍ സര്‍വനശീകരണ ശേഷിയുള്ള ആയുധങ്ങള്‍ (WMD - ജൈവായുധം, രാസായുധം, ആണവായുധം) സ്വായത്തമാക്കുന്നത് തടയേണ്ടത് അമേരിക്കയുടെ ഉത്തരവാദിത്വമാണെന്ന് പ്രചരിപ്പിക്കപ്പെട്ടു.
യു.എന്‍. ആയുധപരിശോധനാ സംഘത്തോട് സദ്ദാം ഭരണകൂടം സഹകരിക്കുന്നില്ലെന്ന ആരോപണം കമ്മിറ്റിയുടെ തലവന്‍ റിച്ചാര്‍ഡ് ബട്ലര്‍ ഉയര്‍ത്തി. ഇത് മറയാക്കി 1998 ഡിസംബര്‍ 16-ന് യു.എസ്.-യു.കെ. സംയുക്ത വ്യോമസേന 'ഓപ്പറേഷന്‍ ഡെസേര്‍ട്ട് ഫോക്‌സ്' എന്ന പേരില്‍ ഇറാഖിലെ നിരവധി സൈനിക കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തു. WMD (Weapon of Mass Destruction) യുടെ ഉത്പാദനം, ശേഖരണം, പ്രയോഗം എന്നിവയ്ക്കുള്ള ഇറാഖിസൈന്യത്തിന്റെ ശേഷി തകര്‍ക്കുകയായിരുന്നു സംയുക്ത വ്യോമാക്രമണത്തിന്റെ ലക്ഷ്യം. സദ്ദാം ഭരണകൂടത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കാനും ദുര്‍ബലപ്പെടുത്താനും അതുവഴി അമേരിക്കന്‍ താത്പര്യങ്ങള്‍ക്കനുകൂലമായി മാറ്റുവാനുമുള്ള രാഷ്ട്രീയ ലക്ഷ്യവും ഓപ്പറേഷന്‍ ഡെസേര്‍ട്ട് ഫോക്‌സിനുണ്ടായിരുന്നു. അതേസമയം, ഷിയാ മതദേശീയതയാല്‍ ശാക്തീകരിക്കപ്പെട്ട ഇറാന്റെ സാന്നിധ്യം ഷിയാഭൂരിപക്ഷ ഇറാഖില്‍ സുന്നിഭരണാധികാരിയായ സദ്ദാം തുടരുന്നതിന് അനുകൂലമായി ചിന്തിക്കാന്‍ അമേരിക്കന്‍ നയതന്ത്രജ്ഞരെ പ്രേരിപ്പിക്കുകയും ചെയ്തു. സമ്പൂര്‍ണ സായുധ അധിനിവേശം നീട്ടിവയ്ക്കാനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടത് ഇറാഖ് ഒരു ഷിയാ രാഷ്ട്രമായിമാറുമെന്ന ആശങ്കയായിരുന്നു. മതേതര അറബ് വാദം, അറബ് സോഷ്യലിസം തുടങ്ങിയ ആശയങ്ങള്‍ ഇസ്രയേല്‍-അമേരിക്ക വിരുദ്ധതയുടെ കാര്യത്തില്‍ ഷിയാ മതമൗലികവാദത്തെക്കാള്‍ മെച്ചമാണെന്ന കാഴ്ചപ്പാടാണ് അമേരിക്കന്‍ ചിന്തകര്‍ പങ്കുവെച്ചത്.
ഭീകരതയ്‌ക്കെതിരായ ആഗോളയുദ്ധം
2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണം അമേരിക്കന്‍ നയത്തില്‍ മാറ്റം വരുത്തി. അല്‍ഖായ്ദ അടക്കമുള്ള സുന്നി ഭീകരസംഘങ്ങള്‍ അമേരിക്കയുടെ ശത്രുപട്ടികയില്‍ ഒന്നാംസ്ഥാനത്തായി. ഇറാഖി സൈന്യം യഥാര്‍ഥത്തില്‍ ഒരു സുന്നി സൈന്യമായിരുന്നു. അല്‍ഖായ്ദ സൃഷ്ടിച്ച സുന്നി ഭീകരതയുടെ വേലിയേറ്റം സദ്ദാം ഹുസൈന് അനുകൂലമാകാനുള്ള സാധ്യത ശക്തമായി നിലനില്‍ക്കുകയും ചെയ്തു. സെപ്റ്റംബര്‍ 11-ലെ ആക്രമണത്തെത്തുടര്‍ന്ന് അമേരിക്ക പ്രഖ്യാപിച്ച 'ഭീകരതയ്‌ക്കെതിരായ ആഗോളയുദ്ധം' (GWOT) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈനിക ഇടപെടലുകള്‍ക്കും യുദ്ധങ്ങള്‍ക്കും ആശയതലത്തില്‍ ഇസ്ലാമോഫോബിയയുടെ വ്യാപനത്തിനും കാരണമായി. താലിബാന്‍ നിയന്ത്രിത അഫ്ഗാനിസ്താന്‍ 2001 ഒക്ടോബര്‍ ഏഴിന് നാറ്റോ സഖ്യം ആക്രമിച്ചു. 2003 മാര്‍ച്ചില്‍ ഇറാഖ് അധിനിവേശത്തിന് തുടക്കം കുറിച്ചു. ഭീകരവിരുദ്ധ യുദ്ധത്തിലെ ഏറ്റവും വലിയ രണ്ട് യുദ്ധമുഖങ്ങളായിരുന്നു അഫ്ഗാനിസ്താനിലും ഇറാഖിലും തുറക്കപ്പെട്ടത്.
ഇറാഖ് അധിനിവേശം
2003 മാര്‍ച്ച് 19-ന് യു.എസ്., യു.കെ., ഓസ്ട്രേലിയ, പോളണ്ട് എന്നീ രാജ്യങ്ങളുടെ സംയുക്തസൈന്യം ഇറാഖില്‍ വ്യോമാക്രമണം ആരംഭിച്ചതോടെ ഇറാഖ് അധിനിവേശത്തിന് തുടക്കമായി. മാര്‍ച്ച് 20-ന് കരയുദ്ധവും ആരംഭിച്ചു. 26 ദിവസം നീണ്ടുനിന്ന ഒന്നാംഘട്ട ആക്രമണം സമ്പൂര്‍ണ വിജയമായിരുന്നു. ആറു ദിവസം നീണ്ടുനിന്ന ബാഗ്ദാദ് യുദ്ധത്തോടെ തലസ്ഥാനനഗരം സംയുക്തസേനയുടെ നിയന്ത്രണത്തിലായി. 2003 മേയ് ഒന്നിന് ഒന്നാംഘട്ട സൈനിക നടപടികള്‍ അവസാനിച്ചതായും ലക്ഷ്യം നേടിയതായും യു.എസ്. പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്‌ള്യു. ബുഷ് പ്രഖ്യാപിച്ചു. ബാഗ്ദാദില്‍നിന്ന് പലായനം ചെയ്ത സദ്ദാംഹുസൈന്‍ ഡിസംബര്‍ 13-ന് (2003) സംയുക്തസേനയുടെ പിടിയിലായി. ഇറാഖില്‍ ഭരണത്തിലിരുന്ന കാലത്ത് ഉത്തരവിട്ട 'മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെ' പേരില്‍ അമേരിക്ക നിയമിച്ച ഇറാഖിലെ 'കംഗാരുകോടതി' സദ്ദാമിനെ വിചാരണ ചെയ്ത് ശിക്ഷവിധിച്ചു. 1982 ഡിസംബര്‍ 14-ന് ദുജൈല്‍ നഗരത്തിലെ കുര്‍ദ് വംശജരായ 148 ഇറാഖി ഷിയാവിശ്വാസികളെ കൊലപ്പെടുത്തിയ കേസില്‍ കോടതി സദ്ദാമിന് വധശിക്ഷ വിധിച്ചു. 2006 ഡിസംബര്‍ 30-ന് ഒരു ബലിപ്പെരുന്നാള്‍ ദിനത്തില്‍ പുലര്‍ച്ചെ ആറു മണിക്ക് ടൈഗ്രസ് നദിക്കരയിലെ കഴുമരത്തില്‍ സദ്ദാമിന്റെ സംഭവബഹുലമായ ജീവിതത്തിന് രക്തസാക്ഷി പരിവേഷത്തോടെ പൂര്‍ണവിരാമമായി.
ജനാധിപത്യം വന്ന വഴി
2005 ജനുവരിയില്‍ ഇറാഖില്‍ പൊതുതിരഞ്ഞെടുപ്പ് നടന്നു. ഷിയാ പുരോഹിതന്‍ ആയത്തുള്ള അലി സിസ്താനിയുടെ പിന്തുണയുള്ള യുണൈറ്റഡ് ഇറാഖി അലയന്‍സ് 48 ശതമാനം വോട്ട് നേടി ഏറ്റവും വലിയ കക്ഷിയായി മാറി. കുര്‍ദുകളുടെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പാട്രിയോട്ടിക് അലയന്‍സ് ഓഫ് കുര്‍ദിസ്താന്‍ 26 ശതമാനവും ഇടക്കാല പ്രധാനമന്ത്രി അയാദ് അല്ലാവിയുടെ 'ഇറാഖി ലിസ്റ്റ്' 14 ശതമാനവും വോട്ട് നേടി. തിരഞ്ഞെടുപ്പില്‍ സുന്നി സംഘടനകള്‍ അവിശ്വാസം രേഖപ്പെടുത്തി. സുന്നികള്‍ നിര്‍ണായകമായ അന്‍-അന്‍ബാര്‍ പ്രവിശ്യയില്‍ രണ്ടുശതമാനത്തില്‍ താഴെ ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. പൊതു തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ നിലവില്‍വന്നു. പ്രമുഖ കുര്‍ദ് നേതാവ് ജലാല്‍ തലബാനിയെ പ്രസിഡന്റായി നാഷണല്‍ അസംബ്ലി നിയമിച്ചു. ഷിയാ പാര്‍ട്ടിയായ യുണൈറ്റഡ് ഇറാഖ് അലയന്‍സിന്റെ നേതാവ് ഇബ്രാഹിം-അല്‍ജാഫരി പ്രധാനമന്ത്രിപദത്തിലെത്തി. ഈ ഘട്ടത്തില്‍ 1,35,000 അമേരിക്കന്‍ സൈനികര്‍ ഇറാഖിലുണ്ടായിരുന്നു. യഥാര്‍ഥ അധികാരം സംയുക്തസേനയില്‍ നിക്ഷിപ്തമായിരുന്നു. ഘട്ടംഘട്ടമായി എണ്ണം കുറച്ചുവെങ്കിലും 2021 ഡിസംബര്‍ 9-നാണ് അമേരിക്കന്‍ സൈന്യം മുഴുവനായി പിന്‍വാങ്ങിയത്. നിലവില്‍ അല്‍-അസദ്ദ് വ്യോമത്താവളം, അല്‍ഹരീര്‍ വ്യോമത്താവളം, ക്യാമ്പ് വിക്ടറി എന്നിവിടങ്ങളിലായി 2500 അമേരിക്കന്‍ പട്ടാളക്കാര്‍ മാത്രമാണ് ഇറാഖിലുള്ളത്.
ആഭ്യന്തരപ്രശ്‌നങ്ങള്‍
ഷിയാ ഭൂരിപക്ഷ രാജ്യമായ ഇറാഖില്‍ സുന്നികളാണ് ഭരണരംഗം നിയന്ത്രിച്ചിരുന്നത്. പട്ടാളവും പോലീസും നീതിന്യായ സംവിധാനവും സുന്നി ഇറാഖികളുടെ സ്വാധീനത്തിലായിരുന്നു. ജനസംഖ്യയുടെ 61 ശതമാനം ഷിയാ മുസ്ലിങ്ങളാണ്. കുര്‍ദ്, തുര്‍ക്കി വംശജര്‍ പൊതുവില്‍ ഷിയാ വിശ്വാസികളാണ്. 34 ശതമാനം പേര്‍ സുന്നികളും മൂന്നു ശതമാനം ക്രിസ്ത്യാനികളുമാണ്. CIA വേള്‍ഡ് ഫാക്ട്ബുക്ക് പ്രകാരം ഇറാഖികളില്‍ 98-99 ശതമാനം മുസ്ലിങ്ങളാണ്. (61-64% ഷിയാക്കള്‍, 29-34% സുന്നികള്‍) ക്രിസ്ത്യാനികള്‍, യസീദികള്‍ തുടങ്ങിയവര്‍ സൂഷ്മന്യൂനപക്ഷങ്ങളാണ്. ബാത്തിസ്റ്റുകള്‍ പൊതുവില്‍ മതേതര അറബ് ദേശീയതയും അറബ് സോഷ്യലിസവും പിന്‍പറ്റുകയും വിവിധ മത-വംശീയ വിഭാഗങ്ങള്‍ക്ക് വിവേചനങ്ങളില്ലാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയും ചെയ്തു. കുര്‍ദ് സ്വയംഭരണ മേഖലയില്‍ സമഗ്രനിയന്ത്രണം നേടാനാണ് KDP (കുര്‍ദിസ്താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി), PUK (Patriotic Union of Kurdistan), കുര്‍ദ് സായുധ സംഘമായ 'പെഷ്മേര്‍ഗ' എന്നിവയ്‌ക്കെതിരായി സദ്ദാംഹുസൈന്‍ സൈനികാക്രമണം നടത്തിയത്. ഇറാന്‍ യുദ്ധകാലത്ത് 'സുന്നിദേശീയത' ഉയര്‍ത്തിയെങ്കിലും അഭ്യന്തരരംഗത്ത് മതേതര നിലപാടുകളാണ് സദ്ദാം ഭരണകൂടം സ്വീകരിച്ചത്.
അധിനിവേശസേനയുടെ നേതൃത്വത്തില്‍ രൂപവത്കൃതമായ 'ജനാധിപത്യ ഭരണക്രമം' പക്ഷേ, സുന്നികളോട് കടുത്ത വിവേചനം പുലര്‍ത്തി. 2005 ഏപ്രിലില്‍ നിലവില്‍വന്ന പുതിയ സര്‍ക്കാരില്‍ താക്കോല്‍സ്ഥാനങ്ങളില്‍ സുന്നി പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. മാത്രമല്ല അധിനിവേശ സൈന്യം ഇറാഖിപട്ടാളത്തെ പിരിച്ചുവിട്ടതോടെ 'സുന്നി സൈനികര്‍'ക്ക് ജോലിയും കൂലിയും നഷ്ടപ്പെട്ടു. 2014-ല്‍ മിന്നല്‍പ്പിണര്‍ മുന്നേറ്റം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് (IS) ഭീകരസംഘത്തിന്റെ അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും പഴയ ഇറാഖി പട്ടാളക്കാരായിരുന്നു. ഇസ്ലാമിക് ദാവ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന നൂരി അല്‍ മാലിക്കി 2006 മുതല്‍ 2014 വരെ പ്രധാനമന്ത്രി പദത്തിലിരുന്നു. അദ്ദേഹത്തിന്റെ ഷിയാ അനുകൂല നിലപാടുകള്‍ കുര്‍ദ് ദേശീയവാദത്തേയും സുന്നി തീവ്രവാദത്തേയും ഒരുപോലെ ശക്തിപ്പെടുത്തി.
സദ്ദാമിനെ പുറത്താക്കി അമേരിക്ക സൃഷ്ടിച്ച ഇറാഖിലെ 'ജനാധിപത്യലോകം' മത-വംശീയ വിഭജനങ്ങളുടെയും ആഭ്യന്തര സംഘര്‍ഷങ്ങളുടെയും കലവറയായി മാറി. നൂറി അല്‍ മാലിക്കിക്കെതിരേ മുക്തദാ അല്‍ സദറിന്റെ ഷിയാ മിലീഷ്യ യുദ്ധം ചെയ്യുന്ന സാഹചര്യമുണ്ടായി. ഇറാഖി അധിനിവേശത്തെ സാധൂകരിക്കാന്‍ അമേരിക്ക നിരത്തിയ കള്ളങ്ങള്‍ പൊളിഞ്ഞതോടെ പഴയ ബാത്തിസ്റ്റുകളും സുന്നി തീവ്രവാദികളും കൂടുതല്‍ ശക്തരായി. 2014-ല്‍ ഉത്തര ഇറാഖ് പൂര്‍ണമായി നിയന്ത്രണത്തിലാക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റിന് കഴിഞ്ഞത് ഈ സാഹചര്യത്തിലാണ്. അമേരിക്കയെ പിന്തുണച്ച ഷിയാക്കള്‍, കുര്‍ദുകള്‍ തുടങ്ങിയവരെ ഐ.എസ്. നിര്‍ദയം കൊന്നൊടുക്കി. സൂക്ഷ്മ ന്യൂനപക്ഷമായ യസീദികളെ 'സാത്താന്‍ ആരാധകര്‍' എന്ന് മുദ്രകുത്തി കൂട്ടക്കൊലചെയ്തു. 2018-ല്‍ പുറത്താക്കപ്പെടുംവരെ ഉത്തര ഇറാഖും ഉത്തര സിറിയയും ചോരക്കളമായി മാറി. അമേരിക്ക വാഗ്ദാനം ചെയ്ത 'ജനാധിപത്യലോകം' ഇറാഖികള്‍ക്ക് സമ്മാനിച്ചത് വംശഹത്യയും കൂട്ടക്കൊലകളും മതസംഘര്‍ഷങ്ങളും എണ്ണിയാലൊടുങ്ങാത്ത ദുരന്തങ്ങളും മാത്രമാണെന്ന് ചുരുക്കം. അമേരിക്കന്‍ സൈന്യത്തെ ഇറാഖില്‍ പട്ടുമെത്തവിരിച്ച് സ്വാഗതം ചെയ്യുമെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ എഡിറ്റ് പേജ് എഴുത്തുകാരനായ മൈക്കേല്‍ ഗെര്‍സണ്‍ 2001 ജനുവരിയില്‍ എഴുതിയത്. അത് സംഭവിച്ചില്ലെന്നുമാത്രമല്ല 2020 ജനുവരി 5-ന് യു.എസ്. സൈന്യം 'അധിനിവേശസേന'യാണെന്നും ഉടന്‍ ഇറാഖ് വിടണമെന്നും ഇറാഖ് പാര്‍ലമെന്റ് പ്രമേയം പാസ്സാക്കുന്ന സാഹചര്യമാണുണ്ടായത്.
ഇറാഖ് അധിനിവേശത്തിന്റെ ബാക്കിപത്രം
'എരിതീയില്‍നിന്ന് വറചട്ടിയിലേക്ക്' എന്നതാണ് ഇറാഖ് ജനതയുടെ അധിനിവേശാനുഭവം. സദ്ദാമിന്റെ ഏകാധിപത്യത്തില്‍നിന്ന് ഇല്സാമിക് സ്റ്റേറ്റിന്റെ കിരാതത്വത്തിലേക്കായിരുന്നു ഇറാഖികളുടെ യാത്ര. ഉള്ളുപൊള്ളയായ ജനാധിപത്യക്രമം അവര്‍ക്ക് ഒരു നേട്ടവും സമ്മാനിച്ചില്ല. മത-വംശീയ വിഭാഗങ്ങള്‍ സ്വത്വരാഷ്ട്രീയത്തിന്റെ കൊടി ഉയര്‍ത്തി അധികാരം പങ്കിട്ടെടുക്കുന്നു. അതിതീവ്ര സായുധസംഘങ്ങളുടെ പ്രക്ഷേപണത്തറയായി ഇറാഖിലെ പല പ്രദേശങ്ങളും ഇപ്പോഴും തുടരുകയാണ്.
ലോകത്തിലേറ്റവുമധികം എണ്ണശേഖരമുള്ള അഞ്ചാമത്തെ രാജ്യമാണ് ഇറാഖ്. ആഗോള എണ്ണശേഖരത്തിന്റെ 8.7 ശതമാനം ഇറാഖിലാണ്. എണ്ണയിലൂടെ കിട്ടുന്ന പണം പക്ഷേ, 'ജനങ്ങളുടെ തീന്‍മേശയിലെത്തുന്നില്ല'. ദുര്‍ബലമായ ഭരണകൂടവും മത-വംശീയസംഘങ്ങള്‍ നിയന്ത്രിക്കുന്ന ആഭ്യന്തരരംഗവും ഇറാഖിന്റെ പുരോഗതിയെ സൂക്ഷ്മാര്‍ഥത്തില്‍ തടഞ്ഞിരിക്കുന്നു. 'ജനാധിപത്യ സ്വര്‍ഗം' എന്ന് ഉദ്ഘോഷിക്കപ്പെട്ട അമേരിക്കന്‍ നിയന്ത്രിത ജനാധിപത്യ ഇറാഖ് വന്‍ശക്തികളുടെ അധിനിവേശം സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ ലക്ഷണമൊത്ത പ്രതിനിധിയാണ്.
2001-ലെ അഫ്ഗാന്‍ അധിനിവേശം പഴയ താലിബാനില്‍നിന്ന് എടുത്തുമാറ്റിയ അധികാരം പുതിയ താലിബാന് നല്‍കി 2021-ല്‍ അവസാനിച്ചു. ഇറാഖിന്റെ കാര്യത്തില്‍ സദ്ദാമോ ബാത്തിസ്റ്റുകളോ ചിത്രത്തിലില്ല. എന്നിരുന്നാലും ആഭ്യന്തരസംഘര്‍ഷങ്ങളാല്‍ പൊറുതിമുട്ടിയ ഒരു ഇറാഖിനെയാണ് അമേരിക്കന്‍ സൈന്യം ഉപേക്ഷിച്ചുപോയത്.
ജനപക്ഷത്തുനിന്ന് നോക്കുമ്പോള്‍ വന്‍ശക്തികളുടെ ശാക്തിക ബലാബല തന്ത്രങ്ങള്‍ക്കപ്പുറം മാനവരാശിക്ക് തീരാദുരിതം സമ്മാനിച്ച മനുഷ്യദുരന്തമായി മാത്രമേ അമേരിക്കന്‍ സഖ്യത്തിന്റെ ഇറാഖ് അധിനിവേശത്തെ കാണാന്‍ കഴിയൂ.
മെയ് ലക്കം ജി.കെ കറണ്ട് അഫയേർസിൽ പ്രസിദ്ധീകരിച്ചത്
Content Highlights: current situation in Iraq
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..