Representative image
കോവിഡ് കാലത്ത് വികസ്വരരാജ്യങ്ങൾ നേരിട്ട പ്രധാന വെല്ലുവിളി മരുന്നുകൾ, രോഗനിർണയ ഉപാധികൾ, ചികിത്സാ ഉപകരണങ്ങൾ, വാക്സിൻ തുടങ്ങി കോവിഡ് പ്രതിരോധത്തിനും കോവിഡ് ചികിത്സയ്ക്കുമാവശ്യമായ ഉത്‌പന്നങ്ങളുടെ താങ്ങാനാവാത്ത വിലയായിരുന്നു. വാക്സിന്റെ കാര്യമെടുത്താൽ വികസിതരാജ്യങ്ങളിൽ 80 ശതമാനം പേർക്കും വാക്സിൻ ലഭിച്ചുകഴിഞ്ഞിട്ടുണ്ടെങ്കിലും വികസ്വരരാജ്യങ്ങളിൽ കേവലം 15 ശതമാനം പേർ മാത്രമാണ് വാക്സിനേഷന് വിധേയരാക്കപ്പെട്ടിട്ടുള്ളത്. വാക്സിൻ ലഭ്യതയുടെ കാര്യത്തിൽ ധനിക-ദരിദ്ര രാജ്യങ്ങൾക്കിടയിലുള്ള അസന്തുലിതാവസ്ഥയെ വാക്സിൻ അസമത്വം (Vaccine Inequality), വാക്സിൻ വർണവിവേചനം (Vaccine Apartheid) എന്നെല്ലാമാണ് വിശേഷിപ്പിക്കപ്പെടുന്നത്. പുതിയ കോവിഡ് വൈറസ് വകഭേദങ്ങളുടെ ആവിർഭാവത്തിനുകാരണം പലരാജ്യങ്ങൾക്കും അവശ്യാനുസരണം വാക്സിൻ ലഭ്യമല്ലാത്തതാണെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്.
വാക്സിൻ ദേശീയതകളുടെ സ്ഥാനത്ത് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുള്ള കോവാക്സ് (Covax) സംരംഭത്തിലൂടെ വികസ്വരരാജ്യങ്ങൾക്ക് സൗജന്യമായി വാക്സിൻ ലഭ്യമാക്കാൻ ശ്രമിച്ചുവരുന്നുണ്ട്. എങ്കിലും ലക്ഷ്യമിട്ടതിലും വളരെ കുറച്ച് വാക്സിൻമാത്രമേ കോവാക്സ് പദ്ധതിയിലൂടെ വികസ്വരരാജ്യങ്ങൾക്ക് ലഭ്യമാക്കാൻ കഴിഞ്ഞിട്ടുള്ളൂ. 2021 അവസാനത്തോടെ 800 കോടി ഡോസ് വാക്സിൻ വിതരണംചെയ്യാനാണ് ലക്ഷ്യമിട്ടതെങ്കിലും ഏതാണ്ട് പത്തുശതമാനം വരുന്ന 73 കോടി ഡോസ് മാത്രമാണ് വിതരണംചെയ്യാൻ കഴിഞ്ഞത്. കോവാക്സിന് വാക്സിൻ നൽകാമെന്നേറ്റ വാക്സിൻ ഉത്‌പാദകരാജ്യങ്ങളുടെ നിസ്സഹകരണമാണ് പദ്ധതി ലക്ഷ്യംനേടാനാവാത്തതിന് കാരണം.
ഈ സാഹചര്യത്തിൽ ശ്രദ്ധേയമായ ഒരു നീക്കത്തിലൂടെ വാക്സിൻ, ഔഷധങ്ങൾ, രോഗനിർണയ ഉപാധികൾ തുടങ്ങിയ കോവിഡ് ഉത്‌പന്നങ്ങളുടെ മേലുള്ള ട്രിപ്‌സ് (Trips) നിബന്ധനപ്രകാരമുള്ള ബൗദ്ധികസ്വത്തവകാശ നിയമങ്ങൾ (Trade Related Aspects of Intellectual Property Rights) താത്കാലികമായി മരവിപ്പിക്കണമെന്ന് (TRIPS Waver) ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോകവ്യാപാരസംഘടനയോട് 2020 ഒക്ടോബറിൽ ആവശ്യപ്പെട്ടത് ലോകവ്യാപകമായി പ്രകീർത്തിക്കപ്പെട്ടു. വികസ്വരരാജ്യങ്ങളിൽ ലഭ്യമായ, വേണ്ടത്ര ഉപയോഗിക്കപ്പെടാതെപോവുന്ന വാക്സിൻ നിർമാണസൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ആവശ്യാനുസരണം വാക്സിൻ ഉത്‌പാദിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നും ഇന്ത്യൻ പ്രതിനിധി ചൂണ്ടിക്കാട്ടി. തീരെ പ്രതീക്ഷിക്കാതെ അമേരിക്ക ട്രിപ്‌സ് മരവിപ്പിക്കാനുള്ള നീക്കത്തെ അനുകൂലിച്ചത് വലിയ ശുഭാപ്തിവിശ്വാസം നൽകി. എന്നാൽ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ബ്രിട്ടൻ, സ്വിറ്റ്‌സർലൻഡ്, കാനഡ എന്നീ രാജ്യങ്ങളും ട്രിപ്‌സ് മരവിപ്പിക്കലിനെ എതിർത്തു.
‘ട്രിപ്‌സ്’ മരവിപ്പിക്കലിലെ ഇരട്ടത്താപ്പ്
ട്രിപ്‌സ് മരവിപ്പിക്കലിനെ സംബന്ധിച്ച് അമേരിക്ക, യൂറോപ്യൻ യൂണിയൻ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ അഭിപ്രായസമന്വയത്തിൽ എത്തിയിരുന്നു. എന്നാൽ, ഇപ്പോൾ എടുത്തിട്ടുള്ള തീരുമാനം ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോകവ്യാപാരസംഘടനയുടെ മുന്നിൽ നേരത്തേ അവതരിപ്പിച്ച ആവശ്യങ്ങളിൽ വെള്ളംചേർത്ത് ഫലത്തിൽ പ്രയോജനരഹിതമായിട്ടുള്ള ഒന്നാണെന്ന വിമർശനം ഉയർന്നുവന്നിരിക്കുന്നു. ഇന്ത്യൻ പ്രതിനിധി മുൻകൈയെടുത്ത് നടന്ന ചർച്ചയെ സംബന്ധിച്ച് യൂറോപ്യൻ കമ്മിഷൻ പ്രസിദ്ധീകരിച്ച രേഖപ്രകാരം ഇന്ത്യ, അമേരിക്ക, യൂറോപ്യൻ യൂണിയൻ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ട്രിപ്‌സ് മരവിപ്പിക്കൽ കാര്യത്തിൽ അഭിപ്രായയൈക്യത്തിൽ എത്തിയിട്ടുണ്ടെന്നു പറയുന്നുണ്ട്. എന്നാൽ, ഇതനുസരിച്ച് ട്രിപ്‌സ് മരവിപ്പിക്കൽ വാക്സിന്റെ കാര്യത്തിലുള്ള പേറ്റന്റിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കയാണ്. ആറുമാസത്തിനുശേഷം മരുന്ന്, രോഗനിർണയ ഉപാധികൾ എന്നിവയുടെ കാര്യം പുനഃപരിശോധിക്കാമെന്നു മാത്രമാണ് തീരുമാനിച്ചിട്ടുള്ളത്.
‘അംഗീകരിക്കാനാവാത്ത നിലപാട്
വാക്സിന്റെ കാര്യത്തിൽത്തന്നെ ബൗദ്ധികസ്വത്തവകാശ നിയമങ്ങളുടെയെല്ലം മരവിപ്പിക്കലിൽനിന്ന് പിന്നോട്ടുപോയി, ലോകവ്യാപാരസംഘടനയുടെ ട്രിപ്‌സ് നിബന്ധനയിൽ ഇപ്പോൾത്തന്നെ ഉൾപ്പെടുത്തിയിട്ടുള്ള നിർബന്ധിത ലൈസൻസിങ് ഏർപ്പെടുത്തണമെന്നു മാത്രമാണ് തീരുമാനിച്ചിട്ടുള്ളത്. നിർബന്ധിത ലൈസൻസിങ് നടപ്പാക്കിയാൽ പേറ്റന്റ് ചെയ്യപ്പെട്ട മരുന്നുകൾ വികസ്വരരാജ്യങ്ങൾക്ക് ഉത്‌പാദിപ്പിക്കാൻ അവകാശം ലഭിക്കും. എന്നാൽ, ഇപ്പോഴത്തെ തീരുമാനപ്രകാരം ലോകവ്യാപാര സംഘടന അനുവദിച്ചിട്ടുള്ളതുപോലെ ട്രിപ്‌സ് നിബന്ധനകൾ മുഴുവൻ ഉൾപ്പെടുത്തിയിട്ടില്ല. മറിച്ച്, പേറ്റന്റ് നിയമങ്ങൾ മാത്രമാണ് മരവിപ്പിച്ചിരിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന പ്രശ്നം വാക്സിന്റെ കാര്യത്തിൽ വ്യാപാരരഹസ്യം (Trade Secret) എന്ന വകുപ്പനുസരിച്ചുള്ള ബൗദ്ധികസ്വത്തവകാശ നിയമമാണ് കൂടുതലായിട്ടുള്ളത്. അതുകൊണ്ട് നിർബന്ധിത ലൈസൻസ് പ്രകാരം വാക്സിൻ ഉത്‌പാദിപ്പിക്കാൻ തീരുമാനിച്ചാൽത്തന്നെ വാക്സിൻ പരീക്ഷണ പ്രക്രിയ പൂർത്തിയാക്കേണ്ടിവരും. ഇതിന് വർഷങ്ങളെടുത്തേക്കാം. ട്രിപ്‌സ് മരവിപ്പിക്കൽ തത്ത്വം പൂർണമായി അനുവദിച്ചിരുന്നെങ്കിൽ വാക്സിൻപരീക്ഷണം ഒഴിവാക്കാൻ കഴിയുമായിരുന്നു. മാത്രമല്ല, വാക്സിന്റെ കാര്യത്തിൽ അതിൽ ചേർത്തിട്ടുള്ള വിവിധ രാസവസ്തുകൾ, നിർമാണപ്രക്രിയകൾ തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾക്ക് വ്യത്യസ്ത പേറ്റന്റുകളാണുള്ളതെന്നതും നിർബന്ധിത ലൈസൻസിന്റെ പരിമിതിയായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അന്തിമ ഉത്‌പന്നങ്ങളുടെ (Product by Product) അടിസ്ഥാനത്തിലുള്ള പേറ്റന്റ് മരവിപ്പിക്കൽവഴി മാത്രമേ നിർബന്ധിത ലൈസൻസിങ്ങിന്റെ ഇത്തരം പരിമിതികൾ മറികടക്കാൻ കഴിയൂ എന്നിരിക്കേ ഇങ്ങനെയൊരു തീരുമാനത്തിലൂടെ പ്രതീക്ഷിച്ച ഒരു പ്രയോജനവും ലഭിക്കില്ല.
ഇതിനെല്ലാംപുറമേ നിർബന്ധിത ലൈസൻസിങ്ങിനെ സംബന്ധിച്ച് ട്രിപ്‌സ് വ്യവസ്ഥയിലില്ലാത്ത സങ്കീർണവും നടപ്പാക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ വ്യവസ്ഥകളും പുതിയ തീരുമാനത്തിൽ നിർദേശിക്കപ്പെട്ടിരിക്കയുമാണ്. നിർബന്ധിത ലൈസൻസിങ് പ്രകാരം വാക്സിൻ നിർമിക്കുന്ന രാജ്യങ്ങൾ മറ്റുരാജ്യങ്ങൾക്ക് വാക്സിൻ നൽകുന്നതിന് ഉപാധികൾ പാലിക്കേണ്ടിവരും. മാത്രമല്ല, 10 ശതമാനം കുറവുമാത്രം വാക്സിൻ ഇറക്കുമതിചെയ്ത രാജ്യങ്ങൾക്കുമാത്രമേ വാക്സിൻ കയറ്റുമതിയും ഇറക്കുമതിയും നടത്താൻ കഴിയൂ.
യൂറോപ്യൻ യൂണിയനും ട്രിപ്‌സ് മരവിപ്പിക്കൽ എതിർത്ത മറ്റുരാജ്യങ്ങളും മുന്നോട്ടുവെച്ച നിർദേശങ്ങൾ അംഗീകരിക്കുക മാത്രമാണ് ഇന്ത്യ ഇപ്പോൾ ചെയ്തിട്ടുള്ളത്. ഇക്കാര്യത്തിൽ ഇന്ത്യ ഉറച്ചനിലപാടെടുക്കേണ്ടതായിരുന്നു. ദേശീയാവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ മാത്രമല്ല, മറ്റ് വികസ്വരരാജ്യങ്ങൾകൂടി വാക്സിൻ ലഭ്യമാക്കാനും പ്രാപ്തിയുള്ള രാജ്യമാണ് ഇന്ത്യ. ട്രിപ്‌സ് മരവിപ്പിക്കലിന്റെ കാര്യത്തിൽ ഇന്ത്യ സ്വീകരിച്ച ഇരട്ടത്താപ്പിനുപിന്നിൽ അർധമനസ്സോടെ ട്രിപ്‌സ് മരവിപ്പിക്കലിനെ അനുകൂലിച്ച അമേരിക്കൻ ഭരണകൂടത്തിന്റെ സമ്മർദമാണെന്ന വിമർശനവുമുണ്ട്.
Content Highlights: Covid vaccine and medicines
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..