കൊച്ചി : അടുത്ത ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയതാണ് ആ യുവാവ്. പെണ്‍വീട്ടിലേക്ക് കടക്കുന്നതിനുമുമ്പ് തെര്‍മല്‍ സ്‌കാനിങ്. ശരീരോഷ്മാവ് അല്പം കൂടുതല്‍. ചെറിയ ജലദോഷവുമുണ്ട്. കോവിഡ് കാലമല്ലേ... പനിയും ജലദോഷവുമായി പൊതുചടങ്ങ് പറ്റില്ലെന്നായി 'സംഘാടകര്‍'. കാറിലിരുന്ന് കല്യാണം ലൈവായി കാണാമെന്ന നിര്‍ദേശം യുവാവ് അംഗീകരിച്ചതോടെ കല്യാണവീട്ടിലെ പിരിമുറുക്കം അയഞ്ഞു.

കോവിഡ്കാലത്തെ കല്യാണങ്ങളെല്ലാം ഇങ്ങനാണ്. പ്രവേശനകവാടത്തിലെ തെര്‍മല്‍ സ്‌കാനിങ്ങില്‍ തുടങ്ങും ജാഗ്രത. കൈ സാനിറ്റൈസ് ചെയ്യുമ്പോഴേക്കും സംഘാടകരായ ഇവന്റ് മാനേജ്‌മെന്റ് ടീം ഗ്ലൗസുമായെത്തും. 'മാസ്‌ക് മുഷിഞ്ഞതാണല്ലോ സാര്‍' എന്ന് ഓര്‍മിപ്പിച്ച് പുതിയതൊന്ന് തരും. രജിസ്‌ട്രേഷന്‍ കൗണ്ടറും തൊട്ടടുത്തുണ്ടാകും. പേരും വിലാസവും ഫോണ്‍നമ്പറും പറഞ്ഞ് അകത്തേക്ക് കടക്കാം. കല്യാണവേദിയില്‍ ഇരിപ്പിടങ്ങളെല്ലാം നിശ്ചിത അകലത്തിലാണ്. വെല്‍ക്കം ഡാന്‍സിന്റെ അകമ്പടിയില്‍ വധൂവരന്മാര്‍ എത്തുന്നതുമുതല്‍ ഭക്ഷണംവരെ കോവിഡ് ചിട്ടവട്ടങ്ങളില്‍.

കോവിഡ് പേടിയില്‍ ഭൂരിഭാഗം കല്യാണങ്ങളും മാറ്റിവെക്കുകയാണ്. മാറ്റാന്‍ പറ്റാത്ത സാഹചര്യങ്ങളിലുള്ളവര്‍ മാത്രമാണ് ഇപ്പോള്‍ കല്യാണങ്ങള്‍ നടത്തുന്നതെന്ന് കൊച്ചിയിലെ എക്സ് ടു ഇവന്റ്‌സ് ആന്‍ഡ് കാറ്ററേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ടി.എസ്. ജയേഷ് പറഞ്ഞു. കോവിഡ് കാലത്ത് ഇവര്‍ 15 കല്യാണങ്ങള്‍ക്ക് സംഘാടകരായി. ഒന്നേകാല്‍ ലക്ഷംമുതല്‍ ആറുലക്ഷം വരെയായിരുന്നു ബജറ്റ്. ആള്‍ത്തിരക്ക് കുറഞ്ഞെങ്കിലും ഹല്‍ദിയും മെഹന്ദിയും ഡിജെയുമൊന്നും ഒഴിവാക്കുന്നില്ല. പൊലിമകെടാതെ, നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഇവയെല്ലാം നടത്തുന്നത്.

കോവിഡ് സ്‌പെഷ്യല്‍ കല്യാണപാക്കേജുമായി കരയോഗവുമുണ്ട്. ഹാളും 50 പേര്‍ക്ക് സദ്യയുമായി 48,500 രൂപയുടെ പാക്കേജാണ് ടി.ഡി.എം. ഹാളില്‍ കല്യാണം നടത്താന്‍ എറണാകുളം കരയോഗത്തിന്റേത്. 

തെർമൽ സ്‌കാനറും ഗ്ലൗസും ആംബുലൻസും: കല്യാണങ്ങൾ ഇങ്ങനാണ്‌ ഭായ്‌...

ആംബുലന്‍സ് സജ്ജം

:കല്യാണം നടക്കുന്ന സ്ഥലത്ത് ഒരു ആംബുലന്‍സും സജ്ജമായിരിക്കും. തെര്‍മല്‍ സ്‌കാനിങ്ങില്‍ ശരീരോഷ്മാവ് മാറ്റംകണ്ടാല്‍ ആശുപത്രിയിലെത്തിക്കാനാണിത്. തദ്ദേശസ്ഥാപനത്തെ മുന്‍കൂട്ടി അറിയിച്ചാണ് ഒരുക്കങ്ങളെല്ലാം.

പ്രായമായവരെയും കുട്ടികളെയും ചടങ്ങില്‍നിന്ന് കഴിയുന്നതും ഒഴിവാക്കണമെന്ന നിര്‍ദേശം ഇവന്റ് മാനേജ്‌മെന്റ് സംഘം നല്‍കാറുണ്ട്. ഇവര്‍ക്ക് വീട്ടിലിരുന്ന് കല്യാണം ലൈവായി കാണാന്‍ സൗകര്യം ഒരുക്കും.

content highlights: Covid time marriage