തിരുവനന്തപുരം: കോവിഡ് മഹാമാരിയെ നിസ്സാരവത്കരിക്കുന്ന ചിലര്‍ ചുറ്റിലുമുണ്ടെന്നും ഹീനമായ ഉദ്ദേശമുള്ളവരായിരിക്കും അവരെന്നും കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. തന്റെ പതിവു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ്  രോഗം വന്ന് മാറുന്നതാണ് നല്ലതെന്നും വിദേശത്ത് ആളുകള്‍ തിങ്ങിപ്പാര്‍ത്തിട്ടും കുഴപ്പമില്ലാന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഒന്നുകില്‍ വസ്തുതകള്‍ അവര്‍ക്കറിയില്ല. അതല്ലെങ്കില്‍ കോവിഡ് കേസുകളുടെ എണ്ണം കൂടുന്നതില്‍ സായൂജ്യമടയുന്നവര്‍ക്ക് മാത്രമേ ഇത്തരം കുപ്രചരണങ്ങള്‍ നടത്താന്‍ കഴിയൂ- മുഖ്യമന്ത്രി പറഞ്ഞു. അതിനായി അദ്ദേഹം ചില കണക്കുകളും നിരത്തി. 

മറ്റ് രാജ്യങ്ങളുമായുള്ള കേരളത്തിലെ മരണ നിരക്കിന്റെ താരതമ്യം

 "യുഎഇയില്‍ പത്ത് ലക്ഷത്തില്‍ 34 പേരാണ് മരിച്ചത്. അതായത് യുഎഇയിലെ ഡെത്ത് പെര്‍ മില്യണ്‍ 34 ആണ്. ആ തോതിലാണ് കേരളത്തിലെ കണക്കെങ്കില്‍ കേരളത്തില്‍ ഇതിനകം മരണസംഖ്യ 1000 കവിഞ്ഞേനേ. കുവൈത്തിലേതിനു സമാനമായിരുന്നു ഇവിടുത്തെ ഡെത്ത് പെര്‍ മില്യണെങ്കില്‍ കേരളത്തില്‍ മരണം 3000 കടന്നേനേ. അമേരിക്കയിലെ സ്ഥിതി വിശേഷമായിരുന്നുവെങ്കില്‍ 14143 ആയേനെ കേരളത്തിലെ മരണ സംഖ്യ. സ്വീഡനുമായി താരമ്യപ്പെടുത്തിയാല്‍ 18000 ത്തിലധികം പേര്‍ മരിച്ചേനെ.

നമ്മുടെ ഡെത്ത് പെര്‍ മില്യണ്‍ ഒന്നില്‍ താഴെയായാണ് പിടിച്ചു നിർത്തിയത്. അത് അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായാണ് സംഭവിച്ചത്. മാത്രവുമല്ല മേല്‍പറഞ്ഞ രാജ്യങ്ങളിലേക്കാള്‍ ജനസാന്ദ്രത കൂടുതലുള്ള പ്രദേശമാണ് കേരളം.

ഇന്ത്യയിലെ ശരാശരി ജനസാന്ദ്രതയുടെ ഇരട്ടിയിലധികമാണ് കേരളത്തിലെ ജന സാന്ദ്രത. ഇറ്റലിയിലെ ജനസാന്ദ്രതയുടെ നാലിരട്ടിയാണ് നമ്മുടെ ജനസാന്ദ്രത. അതുകൊണ്ട് തന്നെ വളരെ വേഗം രോഗം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള സ്ഥലമാണ് കേരളം. നമ്മുടെ കരുതലിലും പ്രതിരോധത്തിലും വീഴ്ചയുണ്ടായാല്‍ ഇതേത് നിമിഷവും വലിയ ദുരന്തമായി മാറും', മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

content highlights: Covid death per million in Kerala comparative study with other countries