സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ക്കെതിരെയും കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. സാക്ഷരതാ മിഷനില്‍ രണ്ട് വാഹനവും രണ്ട് ഡ്രൈവറും ഉണ്ടായിരുന്നിട്ടും മറ്റൊരാളെ ദിവസവേതനാടിസ്ഥാനത്തില്‍ അധികമായി ഉള്‍പ്പെടുത്തിയെന്നാണ് ഒരു ആരോപണം. ഡയറക്ടര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ രാത്രി സമയങ്ങളില്‍ ഉള്‍പ്പെടെ നിരന്തരം യാത്ര ഉണ്ടാകുന്നതുമൂലം ഒരു ഡ്രൈവര്‍ക്ക് മാത്രമായി ജോലി നിര്‍വഹിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ചാണ് ഈ നിയമനം.

സാക്ഷരതാ മിഷന്റെ 2017 ഫെബ്രുവരി മാസത്തെ 52-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഡ്രൈവറെ നിയമിക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ഡയറക്ടറെ ചുമതലപ്പെടുത്തി. ഇങ്ങനെ നിയമിച്ച ആള്‍ ഡയറക്ടറുടെ വീട്ടില്‍ ഡ്രൈവറായി ജോലിചെയ്തിരുന്ന ആളാണെന്നാണ് ഉയരുന്ന ആക്ഷേപം. വീട്ടിലെ ഡ്രൈവർക്ക് ശമ്പളം സാക്ഷരതാ മിഷനില്‍ നിന്നാണെന്ന അവസ്ഥയിലാണ് കാര്യങ്ങളത്രേ. 

സാക്ഷരതാ മിഷനിലെ പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് മുമ്പ് ഡയറക്ടര്‍മാരുടെ ഉള്‍പ്പെടെയുള്ള യാത്രാ ചിലവുകളും മറ്റും കൈകാര്യംചെയ്തിരുന്നത്. എന്നാല്‍ പി. എസ്. ശ്രീകല ഡയറക്ടര്‍ ആയ ശേഷം ഈ കമ്മിറ്റി പുനഃസംഘടിപ്പിച്ചിട്ടില്ല എന്നാണ് വിവരം. പി.എസ്. ശ്രീകല ചുമതല ഏറ്റെടുത്തതിന് ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റി മാത്രമാണ് പുനഃസംഘടിപ്പിച്ചിട്ടുള്ളത്. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചിട്ടില്ല. അതുകൊണ്ട് യോഗം കൂടിയിട്ടില്ല. മിനിട്സ് ഇല്ല. 

പദ്ധതികളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകളില്‍ നിന്നും ലഭിച്ച തുകകള്‍ എങ്ങനെ വിനിയോഗിച്ചു എന്നിവ കൃത്യമായ ഇടവേളകളില്‍ നേരത്തെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വിലയിരുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഇല്ലാതായതോടെ അത്തരത്തിലൊരു വിലയിരുത്തല്‍ സാക്ഷരതാ മിഷനില്‍ നടക്കുന്നില്ല.

saksharatha

sreekala
എന്നാൽ പി എസ് ശ്രീകല ഡയറക്ടർ ആയ ശേഷം ഈ സമിതികൾ പുനഃ സംഘടിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ

പഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഇല്ലാതായതുപോലെ വിവിധ പദ്ധതികള്‍ക്കുവേണ്ടി വിവിധ വകുപ്പുകളില്‍ നിന്ന് ലഭിച്ചിട്ടുള്ള കോടികളുടെ ഫണ്ട് വിനിയോഗം നിരീക്ഷിക്കാനുള്ള വിവിധ കമ്മിറ്റികളും ഡയറക്ടര്‍ ചുമതല ഏറ്റെടുത്തതിന് പിന്നാലെ പുനഃസംഘടിപ്പിക്കാത്തതിനാല്‍ തുടര്‍ന്ന് ഇല്ലാതായി. 

വിവിധ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു കാര്യക്ഷമത വിലയിരുത്തിയിരുന്ന പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി, ട്രെയിനിങ് കമ്മിറ്റി, പ്രിന്റിങ് ആന്‍ഡ് പബ്ലിക്കേഷന്‍ കമ്മിറ്റി, ഇവാലുവേഷന്‍ കമ്മിറ്റി എന്നിവയാണ് ഇല്ലാതായത്. സാമൂഹിക നീതി, പട്ടിക ജാതി  പട്ടിക വര്‍ഗ ക്ഷേമം, നിയമം, ഫിഷറീസ്, പുരാവസ്തു തുടങ്ങിയ വകുപ്പുകളില്‍ നിന്നും 2016 ന് ശേഷം 40 കോടിയോളം രൂപയാണ് സാക്ഷരത മിഷനു ലഭിച്ചത്. 

ഇങ്ങനെ വിവിധ പദ്ധതികളില്‍ നിന്നു ലഭിച്ച തുക തട്ടിയെടുക്കാനാണ് മേല്‍നോട്ട സമിതികളെ ഇല്ലാതാക്കിയതെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. മേല്‍നോട്ട സമിതികള്‍ കൊണ്ടുവന്നത് നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്. സാക്ഷരതാ മിഷനില്‍ ക്രമക്കേടുകള്‍ ഉണ്ടാകാതിരിക്കാനാണ് മേല്‍നോട്ട സമിതികള്‍ കൊണ്ടുവന്നത്. എന്നാല്‍, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഇങ്ങനെയാരു സംവിധാനം കൊണ്ടുവന്നതെന്നതാണ് മറുവിഭാഗത്തിന്റെ വാദം.

2016 വരെ ഈ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചിരുന്നു. മുമ്പൊക്കെ ഒരേ മുന്നണിയിലുള്ള വിവിധ കക്ഷികളുടെ പ്രാതിനിധ്യമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതല്ലെന്നതാണ് വാസ്തവം. ഓരോ സര്‍ക്കാര്‍ വരുമ്പോഴും സാക്ഷരതാ മിഷനില്‍ മാറ്റങ്ങളുണ്ടാകും. മന്ത്രിമാരുമ്പോള്‍ എക്സിക്യുട്ടീവ് കമ്മിറ്റിയും മുഖ്യമന്ത്രി മാറുമ്പോള്‍ ജനറല്‍ കൗണ്‍സിലും പുനഃസംഘടിപ്പിക്കും. ഇക്കൂട്ടത്തില്‍ മേല്‍നോട്ട സമിതികളും പുനഃസംഘടിപ്പിക്കുകയാണ് പതിവ്. 

മേല്‍നോട്ട സമിതികളാണ് ഓരോ വിഷയത്തിലും പദ്ധതികള്‍ തയ്യാറാക്കുന്നത്. ഇതിനനുസരിച്ച് വിശദമായ മാര്‍ഗരേഖ തയ്യാറാക്കി അത് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അവതരിപ്പിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതിയോടെയാണ് പിന്നീട് ഇവ നടപ്പിലാകുന്നത്. 13 പേരടങ്ങുന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റി. അതിന്റെ ചെയര്‍മാന്‍ വിദ്യാഭ്യാസ മന്ത്രിയാണ്. വൈസ് ചെയര്‍മാന്‍ എന്നുപറയുന്നത് പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ്. അതിന്റെ സെക്രട്ടറിയാണ് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍. 

കമ്മിറ്റി അംഗങ്ങളായി തദ്ദേശ സ്വയംഭരണ വകുപ്പിലെയും ധനകാര്യ വകുപ്പിലെയും സെക്രട്ടറിമാര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ ഡയറക്ടര്‍, നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന അംഗങ്ങള്‍ എന്നിവരാണ് ബാക്കിയുള്ളവര്‍. ഇങ്ങനെ വിവിധ മേഖലയിലെ വിദഗ്ധരായവരെയാണ് നാമനിര്‍ദ്ദേശം ചെയ്യുക. എന്നാല്‍ കൂടുതല്‍ ആളുകളും രാഷ്ട്രീയ നിയമനങ്ങളായതിനാല്‍ സെക്രട്ടറിമാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊതുവെ മൗനം പാലിക്കും. 

അപ്പോള്‍ ഒരേ രാഷ്ട്രീയപാര്‍ട്ടിയിലുള്ള വേണ്ടപ്പെട്ടവര്‍ മാത്രമുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ഉള്ളപ്പോള്‍ മേല്‍നോട്ട സമിതികളുടെ ആവശ്യമെന്തിനെന്ന് തോന്നാം. മുമ്പ് ഇടതുപക്ഷം ഭരിച്ചിരുന്നപ്പോള്‍ പോലും മുന്നണിയിലെ വിവിധ കക്ഷികളെ പ്രതിനിധീകരിക്കുന്നവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ടായിരുന്നു. ഇപ്പോഴത്തെ സ്ഥിതി അതല്ല. സിപിഐയുടെ ആളുപോലും ഇന്നതിലില്ല എന്നത് സുതാര്യത സംബന്ധിച്ച ചോദ്യങ്ങളുയർത്തുന്നു.

അതിനിടെ, സാക്ഷരതാ മിഷനില്‍ ആഭ്യന്തര ഓഡിറ്റിങ് നടക്കുന്നില്ല എന്നും ആക്ഷേപമുണ്ട്. ആഭ്യന്തര ഓഡിറ്റിങ് നടക്കാത്തതിനാല്‍ സാമ്പത്തികമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവ്യക്തതയുണ്ട്.  സാക്ഷരതാ മിഷന്റെ ആഭ്യന്തര ഓഡിറ്റിങ് നടക്കുന്നില്ല എന്ന കാര്യം ഉയര്‍ന്നുവന്നിരുന്നതാണ്. എ.ജി. ഓഡിറ്റിങ് നടന്നപ്പോള്‍ ക്രമക്കേടുകള്‍ കണ്ടെത്തിയില്ല എന്നാണ് ഡയറക്ടറെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ പരാതികളോ ആക്ഷേപമോ ഉയരാത്ത സാഹചര്യത്തില്‍ എജി ഓഡിറ്റിങ് പ്രഹസനം മാത്രമാണെന്നാണ് മറുവാദം.  പരാതികളൊന്നുമില്ലെങ്കില്‍ ഹാജരാക്കുന്ന വൗച്ചറും ആകെ ചിലവായ തുകയും തമ്മില്‍ ഒത്തുനോക്കുക മാത്രമാണ് എജി ഓഡിറ്റിങ്ങില്‍ നടക്കുകയെന്നാണ് ഇവര്‍ പറയുന്നത്. 

തുടരും... (അടുത്തത്  പിഎ നിയമന വിവാദവും പൊരുത്തക്കേടുകളും)

ഭാഗം ഒന്ന്: അനുവദിച്ചത് 16 സെന്റ്, കെട്ടിടം പണിതത് 43 സെന്റില്‍; അനധികൃത നിർമാണത്തിന്റെ ഉള്ളുകള്ളികള്‍

ഭാഗം രണ്ട്: ആത്മഹത്യ ചെയ്യേണ്ട ഗതികേട്; പ്രേരക്​മാരുടെ വയറ്റത്തടിക്കുന്ന കൊലച്ചതികള്‍

Content Highlights: Corruption related to Kerala State Literacy Mission projects- investigative series