ലണ്ടൻ: കോവിഡ് 19 ഇടക്കിടെ തിരിച്ചു വരാന്‍ സാധ്യതയുള്ളതിനാല്‍ 2022വരെ സാമൂഹിക അകലം പാലിക്കുന്ന നടപടികള്‍ കൈക്കൊള്ളേണ്ടി വരുമെന്ന് ശാസ്ത്രജ്ഞര്‍. ജേണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത്തരമൊരു നിഗമനമുള്ളത്.ഒറ്റത്തവണത്തെ ലോക്ക്ഡൗണ്‍ കൊണ്ട് രോഗത്തെ തളയ്ക്കാനാവില്ലെന്നും രണ്ടാം വരവ് ആദ്യത്തേതിനേക്കാള്‍ ഭീതിതമായിരിക്കുമെന്നുമാണ് ലേഖനം മുന്നറിയിപ്പു നല്‍കുന്നത്.

കൊറോണക്കെതിരായ വാക്‌സിന്റെയും കൃത്യമായ ചികിതസയുടെയും അഭാവമുണ്ടായാല്‍ 2025ല്‍ രോഗം തിരിച്ചുവരാമെന്ന പ്രവചനവുമുണ്ട്.

"രോഗബാധിതരായ മനുഷ്യരിലൂടെയും സമ്പര്‍ക്കത്തിലൂടെയുമാണ്‌ രോഗം പകരാന്‍ സാധ്യത. ഇതിനെതിരേ വാകസിന്‍ വഴി മനുഷ്യരെയൊന്നാകെ രോഗത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമാക്കിയില്ലെങ്കില്‍ ഒരു വലിയ വിഭാഗം ജനത എപ്പോള്‍ വേണമെങ്കിലും രോഗബാധിതാരാവാവുന്ന അവസ്ഥയിലാണ്", ഹാര്‍വാഡിലെ പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ മാര്‍ക്ക് ലിപ്‌സിച്ച് പറയുന്നു.

2020 ലെ വേനല്‍ അവസാനിക്കുന്നതോടെ രോഗം അമരുമെന്ന നമ്മുടെ പ്രവചനങ്ങള്‍ സുസ്ഥിരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വാകസിന്‍ കണ്ടെത്തുന്നത് വരേക്കും സാമൂഹിക അകലം പാലിക്കുന്നത് നിശ്ചിത രീതിയില്‍ കുറച്ചു കാലത്തേക്കു കൂടി തുടരുക എന്നാതാണ് പോം വഴിയെന്നും ഗവേഷകര്‍ പറയുന്നു.

ചികിത്സകളും വാക്‌സിനും ഉണ്ടായിരുന്നെങ്കില്‍ ഇത്തരം സാമൂഹിക അകലം പാലിക്കുന്നതിന്റെ ആവശ്യകത ഉണ്ടാകുമായിരുന്നില്ല. പക്ഷെ ഇവയുടെയെല്ലാം അഭാവത്തില്‍ നിരീക്ഷണത്തിലിരിക്കുകയും സാമൂഹിക അകലം പാലിക്കുകയും 2022വരെ തുടരേണ്ടി വരും എന്ന് ഗവേഷകര്‍ പഠനത്തില്‍ വിലയിരുത്തുന്നു.

വാക്‌സിനിലൂടെയും മറ്റും സ്ഥിരമായ പ്രതിരോധം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞാല്‍ ആദ്യത്തെ ഈ പൊട്ടിപ്പുറപ്പെടലോടു കൂടി അഞ്ചാറു വര്‍ഷത്തിനുള്ളില്‍ കോവിഡ് അപ്രത്യക്ഷമായേക്കാം. എന്നാല്‍ മനുഷ്യര്‍ ആര്‍ജ്ജിച്ചെടുക്കുന്ന പ്രതിരോധം തത്കാലത്തേക്ക് മാത്രമേ ആശ്വാസം നല്‍കൂ. രോഗ വ്യാപനം ചാക്രികമായി സംഭവിക്കാം. ചെറു കാലഘട്ടത്തിലേക്കുള്ള ലോക്ക് ഡൗണ്‍ ഫലം ചെയ്യില്ലെന്നും രോഗം തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നും പഠനം ആവര്‍ത്തിക്കുന്നു.

രോഗം ഒരുതവണ വന്നവര്‍ക്ക് അടുത്ത തവണ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണെന്ന് എറാസ്മസ് യൂണിവേഴ്‌സിറ്റി വൈറോളജി പ്രൊഫസര്‍ മാരിയന്‍ കൂപ്മാന്‍സ് പറയുന്നത്.

content highlights: Coronavirus distancing may need to continue until 2022, says studies