മോസ്കോ: കൊറോണ വൈറസിനെ ഭയന്ന് ഫ്‌ളാറ്റുകളില്‍ ഒതുങ്ങിക്കഴിയുന്ന പല റഷ്യക്കാരും ഒരു വലിയ വിപത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് ആശങ്കാകുലരാണ്. ലോക്ക് ഡൗണില്‍ ജനം മദ്യത്തെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയതോടെ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിച്ചു.

മാര്‍ച്ച് അവസാനത്തോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് റഷ്യയില്‍ മദ്യം വാങ്ങല്‍ കുതിച്ചുയര്‍ന്നു. ലോക്ക്ഡൗണിലെ ആദ്യ ആഴ്ചയിലെ വില്‍പ്പന 65 ശതമാനം ഉയര്‍ന്നതായി മാര്‍ക്കറ്റ് റിസര്‍ച്ച് ഗ്രൂപ്പായ ജിഎഫ്‌കെ അഭിപ്രായപ്പെടുന്നു.

'ഞാന്‍ വീട്ടില്‍ തനിച്ചായിരിക്കുമ്പോള്‍, എനിക്ക് ആദ്യം തോന്നിയത് മദ്യപിക്കാനുള്ള നല്ല സമയമാണല്ലോ എന്നാണ്,'' മദ്യപാനത്തിൽ നിന്ന് മുക്തി നേടിയ മോസ്‌കോയിലെ ടാറ്റിയാന പറയുന്നു.

''ലോക്കഡൗണിൽ കഴിയുമ്പോള്‍ എല്ലാവരും ചെറുത്തുനില്‍ക്കില്ല,'' ഏഴ് വര്‍ഷമായി ഓണ്‍ലൈനില്‍ മദ്യപാനികളുടെ അജ്ഞാത മീറ്റിംഗുകളില്‍ പങ്കെടുക്കുന്നവനുമായ 50-കാരന്‍ പറയുന്നു.

കഠിനമായ മദ്യപാനത്തിന് കൂടി പേരുകേട്ട് റഷ്യയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മദ്യപാനം കുറഞ്ഞുവരികയായിരുന്നു, മദ്യപാന വിരുദ്ധ പ്രചാരണങ്ങളും വില്‍പ്പന നിയന്ത്രിക്കാനുള്ള അധികാരികളുടെ ശ്രമങ്ങളുമെല്ലാമാണ് ഈ കുറവിന് കാരണം.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2003 നും 2016 നും ഇടയില്‍ റഷ്യയിലെ മദ്യ ഉപഭോഗം 40 ശതമാനത്തിലധികം കുറഞ്ഞു. റഷ്യയിലെ മുതിര്‍ന്നവരുടെ മദ്യപാനം ഫ്രഞ്ചുകാരേക്കാളും ജര്‍മ്മന്‍കാരേക്കാളും കുറവായി. എന്നാല്‍ ലോക്കഡൗണിനെയും അതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക ആഘാതത്തിന്റെയും സമ്മര്‍ദ്ദത്തിലായ റഷ്യക്കാര്‍ പഴയ ശീലങ്ങളെ പൊടിതട്ടിയെടുത്തേക്കാമെന്ന ആശങ്കാജനകമായ സൂചനകളിലേക്കാണ് വിദഗ്ധര്‍ വിരല്‍ ചൂണ്ടുന്നത്.

ഒറ്റപ്പെടലും ഉത്കണ്ഠയും

സോബര്‍ റഷ്യ നടത്തിയ സര്‍വേയില്‍ 75 ശതമാനം ആളുകളും പതിവിലും കൂടുതല്‍ മദ്യം വാങ്ങുന്നതായി റിപ്പോര്‍ട്ടുചെയ്തു, ഇത് പുതുവത്സരാഘോഷത്തിന് മുന്നോടിയായി വാങ്ങുന്നതിനു സമാനമാണ്.

പലരും മദ്യം സംഭരിച്ചുവെക്കാന്‍ തുടങ്ങി. മദ്യത്തിന് വൈറസിനെ തടയാന്‍ കഴിയുമെന്ന പ്രചാരണവും സംഭരണത്തിന് ആക്കം കൂട്ടി.

സര്‍വേയില്‍ പങ്കെടുത്ത എണ്‍പത് ശതമാനം പേരും കരുതുന്നത് മദ്യം COVID-19 നെ പ്രതിരോധിക്കുമെന്നാണ്. അതേസമയം, മദ്യപാനം പതിരോധശേഷി ദുര്‍ബലമാക്കുകയാണെന്ന് ''സോബര്‍ റഷ്യ തലവന്‍ സുല്‍ത്താന്‍ ഖംസായേവ് പറയുന്നു.

"ലഹരി വിമുക്ത കേന്ദ്രങ്ങളും ക്ലിനിക്കുകളും നിറഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ റിസര്‍വ്വ് ചെയ്തിരിക്കുന്നു. ഒറ്റപ്പെടലില്‍, രോഗികള്‍ ഉത്കണ്ഠാകുലരാവുന്നു', അങ്ങനെ അവര്‍ മദ്യപാനം ആരംഭിക്കുന്നു", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്യപാനം വര്‍ധിച്ചതിനെത്തുടര്‍ന്ന് ഗാര്‍ഹിക പീഡനവും റഷ്യയില്‍ കൂടിയിട്ടുണ്ട്. പല സ്ത്രീകളും കയ്യില്‍ പണമില്ലാത്തതിനാലും പുറത്തിറങ്ങാന്‍ കഴിയാത്തതിനാലും പീഡകര്‍ക്കൊപ്പം കഴിയാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

content highlights: Corona Virus lock down increases alcoholism in Russia