റെക്കോഡില്‍നിന്ന് സ്പീക്കര്‍ നീക്കിയ ചപ്പരാസി; പാര്‍ലമെന്റില്‍ ഉപയോഗിക്കേണ്ട വാക്കുകള്‍


പി.ഡി.ടി. ആചാരി

സഭ്യേതരമെന്ന് വിധിച്ച് അംഗങ്ങൾ ഉപയോഗിക്കുന്ന വാക്കുകൾ റെക്കോഡിൽനിന്നു നീക്കംചെയ്യുന്ന സ്പീക്കറുടെ അധികാരം അനിയന്ത്രിതമായതല്ല. ഭരണഘടന അംഗങ്ങൾക്ക്‌ നൽകുന്ന അവകാശം സംരക്ഷിക്കാൻ സ്പീക്കർ ബാധ്യസ്ഥനാണ്

പാർലമെന്റ് മന്ദിരം (പ്രതീകാത്മകചിത്രം) | Photo : PTI

പാർലമെന്റിൽ പ്രയോഗിക്കാൻ പാടില്ലാത്തതെന്നു വിധിക്കപ്പെട്ട വാക്കുകളുടെ സമാഹാരത്തെച്ചൊല്ലിയുള്ള വിവാദത്തിനിടയിലാണ് പാർലമെന്റിന്റെ വാർഷികസമ്മേളനം ആരംഭിക്കുന്നത്. ഈ സമാഹാരത്തിന്റെ പ്രസിദ്ധീകരണത്തെപ്പറ്റി ചില തെറ്റിദ്ധാരണകൾ വ്യാപകമായി നിലവിലുണ്ട്. മേൽപ്പറഞ്ഞ പദാവലികളുടെ സമാഹാരം കാലാകാലങ്ങളിൽ പാർലമെന്റിന്റെ സെക്രട്ടേറിയറ്റുകൾ പ്രസിദ്ധീകരിക്കുന്നതാണ്.

2010-ൽ ഈ ലേഖകൻതന്നെ 2008 വരെയുള്ള പദാവലികളുൾപ്പെടുത്തി ഒരു സമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. അതിനുശേഷം പലപ്പോഴായി ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ സമാഹാരമാണിപ്പോൾ പുറത്തിറക്കിയിട്ടുള്ളത്.

പ്രയോഗങ്ങളും സന്ദർഭങ്ങളും

ഇതിൽ 2021 വരെയുള്ള വാക്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വാസ്തവത്തിൽ ഈ വാക്കുകൾ ഓരോ സമയത്ത് പാർലമെന്റംഗങ്ങളുടെ പ്രസംഗത്തിൽനിന്നു നീക്കംചെയ്തിട്ടുള്ളവയാണ്. ഒരു വാക്ക് ‘അൺ പാർലമെന്ററി’ അഥവാ സഭ്യേതരമായി വിധിക്കുന്നത് അതു പ്രയോഗിച്ച സന്ദർഭം, ആർക്കെതിരേയാണ് അതുപയോഗിച്ചത് എന്നൊക്കെയുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോഴാണ്. ഉദാഹരണത്തിന്‌ ഒരിക്കൽ ലോക്‌സഭയിലെ ഒരംഗം മറ്റൊരംഗത്തെ ‘ചപ്പരാസി’ എന്നു വിളിച്ചു. ചപ്പരാസി എന്നാൽ, പ്യൂൺ എന്നർഥം. ഭരണയന്ത്രത്തിൽ ഏറ്റവും ഒടുവിലുള്ള ജീവനക്കാരനാണ് ചപ്പരാസി. അത് സഭ്യേതരമായ വാക്കൊന്നുമല്ല. എന്നാൽ, ഒരു പാർലമെന്റംഗം മറ്റൊരു പാർലമെന്റംഗത്തെ അങ്ങനെ വിളിക്കുന്നത് സഭ്യമായ ഭാഷാപ്രയോഗമല്ലെന്നുകണ്ട് സ്പീക്കർ അത്‌ റെക്കോഡിൽനിന്നു നീക്കി. അതുപോലെ നമ്മുടെ ഭരണഘടന ബ്രിട്ടീഷുകാരുടെ അടിമകളെല്ലാംകൂടി ഉണ്ടാക്കിയതാണെന്നുള്ള റാം മനോഹർ ലോഹ്യയുടെ പരാമർശം മുഴുവനും സഭാനടപടികളിൽനിന്നു നീക്കം ചെയ്തു.

വാക്കുകളും ഔചിത്യവും

ഇക്കാര്യത്തിൽ പ്രധാനമായി മനസ്സിലാക്കേണ്ടത് ഈ സമാഹാരം കാലാകാലങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്നവയാണ് എന്നുള്ളതാണ്. ആദ്യമായിറങ്ങുന്ന പ്രസിദ്ധീകരണമല്ല. രണ്ടാമതായി, ഇതിലുൾക്കൊണ്ടിരിക്കുന്ന വാക്കുകൾ കഴിഞ്ഞകാലങ്ങളിൽ പാർലമെന്റംഗങ്ങൾ നടത്തിയ പ്രസംഗങ്ങളിൽനിന്നു നീക്കംചെയ്യപ്പെട്ടവയാണ്. അല്ലാതെ, ഭാവിയിൽ ഉപയോഗിക്കാൻ പാടില്ലാത്ത കുറെ പുതിയ വാക്കുകൾ കണ്ടുപിടിച്ച് പ്രസിദ്ധീകരിച്ചതല്ല.

ഇനി ഈ പ്രസിദ്ധീകരണത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന സഭ്യേതരമായ വാക്കുകളിലേക്കൊന്നു കണ്ണോടിച്ചാൽ ഒരുകാര്യം വ്യക്തമായി കാണാം. അതായത്, ഇവയിൽ മിക്കവാറും വാക്കുകൾ കഴിഞ്ഞവർഷം സഭയിൽ നടത്തിയ പ്രസംഗങ്ങളിൽനിന്നു നീക്കംചെയ്യപ്പെട്ടവയാണ്. ‘രക്തച്ചൊരിച്ചിൽ’

‘അഴിമതിക്കാരൻ’, ‘അഴിമതി’, ‘മുതലക്കണ്ണീർ’, ‘ഡ്രാമ’, ‘കൊല’, ‘ബലാത്സംഗം’, ‘ഫ്രോഡ്’ എന്നിങ്ങനെ പോകുന്ന വാക്കുകൾ എല്ലാംതന്നെ 2021-ലെ ലോക്‌സഭാ സമ്മേളനത്തിൽനടന്ന അംഗങ്ങളുടെ പ്രസംഗങ്ങളിൽനിന്നു നീക്കംചെയ്തിട്ടുള്ളവയാണ്. ഈ വാക്കുകൾ സാധാരണയായി അംഗങ്ങൾ സഭയിൽ ഉപയോഗിക്കുന്നവയാണ്. എന്തു കാരണങ്ങൾകൊണ്ടാണ് സ്പീക്കർ ഈ വാക്കുകളെല്ലാം സഭ്യേതരമായിക്കരുതി നീക്കം ചെയ്തതെന്നു മനസ്സിലാവുന്നില്ല.

ഇന്ത്യൻ ഭരണഘടനയുടെ 105-ാം വകുപ്പ് പാർലമെന്റംഗങ്ങൾക്ക് സഭയ്ക്കുള്ളിൽ പൂർണമായ അഭിപ്രായസ്വാതന്ത്ര്യം നൽകുന്നുണ്ട്. രണ്ടു നിയന്ത്രണങ്ങൾ മാത്രമാണ് ആ സ്വാതന്ത്ര്യത്തിനുമേൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഒന്ന്, സഭയിൽ സംസാരിക്കുമ്പോൾ അത് ഭരണഘടനാ വ്യവസ്ഥകൾക്കു വിധേയമായിരിക്കണം. ഉദാഹരണത്തിന് 121-ാം വകുപ്പ്‌ പറയുന്നത് പർലമെന്റിൽ സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജിമാരെക്കുറിച്ച് ചർച്ചകളിൽ പരാമർശം പാടില്ലെന്നുള്ളതാണ്. ഇംപീച്ച്‌മെന്റ് പ്രമേയം വരുമ്പോൾ മാത്രമേ അത്തരക്കാരെക്കുറിച്ച് ചർച്ചയാകാവൂ എന്നുള്ളതാണ് നിബന്ധന. രണ്ട്, പ്രസംഗങ്ങൾ സഭയുടെ ചട്ടങ്ങൾക്കു വിധേയമായിരിക്കണം. അതായത്, കോടതിക്കുമുമ്പാകെയിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചർച്ചപാടില്ല എന്നും മറ്റംഗങ്ങൾക്കോ, അല്ലെങ്കിൽ മന്ത്രിമാർക്കോ എതിരായി മുൻ നോട്ടീസില്ലാതെ ആരോപണം ഉന്നയിക്കാൻപാടില്ല എന്നും ചട്ടങ്ങൾ അനുശാസിക്കുന്നു. ഇവയൊഴിച്ചാൽ സഭയിൽ എന്തും പറയാനുള്ള സ്വാതന്ത്ര്യം അംഗങ്ങൾക്കുണ്ട്.

സഭയിലെ സ്വാതന്ത്ര്യം

ലോകത്തുള്ള എല്ലാ പാർലമെന്റുകളിലും ഈ സ്വാതന്ത്ര്യം നിലവിലുണ്ട്. തങ്ങൾക്കു പറയാനുള്ളത് സ്വതന്ത്രമായി, നിർഭയമായി പറയാനുള്ള സ്വാതന്ത്ര്യം ജനാധിപത്യസംവിധാനത്തിൽ നിയമനിർമാതാക്കൾക്കുണ്ട്. ജനാധിപത്യം നിലനിർത്താനതാവശ്യമാണ്. എന്തു ഭാഷാശൈലി ഉപയോഗിക്കണം എന്നുള്ളത് ആ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. എന്നാൽ, സഭയുടെ അന്തസ്സ് പരിപാലിക്കാൻ സഭ്യമായ ഭാഷ ഉപയോഗിക്കണമെന്നുള്ളതും നിർബന്ധമായ കാര്യമാണ്.

സഭ്യേതരമെന്ന് വിധിച്ച് അംഗങ്ങൾ ഉപയോഗിക്കുന്ന വാക്കുകൾ റെക്കോഡിൽനിന്നു നീക്കംചെയ്യുന്ന സ്പീക്കറുടെ അധികാരം അനിയന്ത്രിതമായതല്ല. ഭരണഘടന അംഗങ്ങൾക്ക്‌ നൽകുന്ന അവകാശം സംരക്ഷിക്കാൻ സ്പീക്കർ ബാധ്യസ്ഥനാണ്. സ്പീക്കർ തന്റെ അധികാരം ഉപയോഗിക്കുമ്പോൾ അംഗങ്ങൾക്കു ലഭിച്ചിരിക്കുന്ന 105-ാം വകുപ്പനുസരിച്ചുള്ള സ്വാതന്ത്ര്യത്തിന് കോട്ടംവരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അനിയന്ത്രിതമായ അധികാരപ്രയോഗം ഭരണഘടന ഒരധികാരസ്ഥാനത്തിനും നൽകിയിട്ടില്ലെന്നും നാം മനസ്സിലാക്കണം.

2021-ൽ സഭയിൽ നടത്തിയ പ്രസംഗങ്ങളിൽനിന്ന്‌ ഈ വാക്കുകൾ നീക്കംചെയ്തത് അംഗങ്ങൾ അറിയാതെപോയിരിക്കുന്നത് അദ്‌ഭുതകരമാണ്. ഒരു കാര്യം വ്യക്തമാണ്. പാർലമെന്റിനുള്ളിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നിതാന്തജാഗ്രത പാലിച്ചില്ലെങ്കിൽ അംഗങ്ങൾക്ക്‌ ഭരണഘടന നൽകുന്ന അവകാശങ്ങൾപോലും ഹനിക്കപ്പെടാൻ സാധ്യതയുണ്ട് എന്നുള്ള തിരിച്ചറിവുണ്ടാകേണ്ടത് ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് അനിവാര്യമാണ്.

ലോക്‌സഭാ മുൻ സെക്രട്ടറി ജനറലാണ്‌ ലേഖകൻ

Content Highlights: Controversy over words used in Parliament

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented