പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് ഭക്ഷ്യധാന്യങ്ങളിലും എണ്ണയിലും മറ്റും പോഷകാംശങ്ങള്‍ ചേര്‍ത്ത് പൊതു വിതരണ ശൃംഖലവഴി വിതരണം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെക്കുറുച്ച് വലിയ രീതിയിലുള്ള ചര്‍ച്ചയാണ് നടക്കുന്നത്. പോഷക സമ്പുഷ്ടീകരണം(ഫോര്‍ട്ടിഫിക്കേഷന്‍) ഗുണത്തേക്കാളേറേ ദോഷം ചെയ്യുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുമ്പോള്‍ ദരിദ്ര ജനവിഭാഗങ്ങളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ നിലവില്‍ സാധ്യമായ കാര്യം പോഷക സമ്പുഷ്ടീകരണം നടത്തിയ  അരി,എണ്ണ, പാല്‍ തുടങ്ങിയവ ലഭ്യമാക്കുന്നതെന്നാണ് മറുവിഭാഗത്തിന്റെ വാദം. പോഷകസമ്പുഷ്ടീകരണം ഗുണമോ ദോഷമോ അത് സാമൂഹികവും ആരോഗ്യപരവുമായ പ്രത്യാഘാതം ഉണ്ടാക്കുമോ അതോ എതിര്‍പ്പുകളെല്ലാം അവഗണിക്കേണ്ടതാണോ എന്ന പരിശോധിക്കുകയാണ് ലേഖനത്തിലൂടെ

babyപോഷക സമ്പുഷ്ടീകരണം വഴി കൂട്ടിച്ചേര്‍ക്കുന്നതെന്ത്?

ആട്ട അരി, പാല്‍ ഭക്ഷ്യ എണ്ണ എന്നിവയില്‍ നിശ്ചിത അളവില്‍ പോഷകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നല്‍കുക എന്നതാണ് ഭക്ഷണത്തിലെ പോഷകസമ്പുഷ്ടീകരണം(ഫോര്‍ട്ടിഫൈഡ് ഫുഡ്)കൊണ്ടുദ്ദേശിക്കുന്നത്.

 

ആട്ട-                          ഇരുമ്പ്  ഫോളിക് ആസിഡ്, വിറ്റാമിന്‍ ബ12

    അരി-                          ഇരുമ്പ് ,ഫോളിക് ആസിഡ് ,വിറ്റാമിന്‍ ബി 12

ഭക്ഷ്യഎണ്ണ, പാല്‍-       വിറ്റാമിന്‍ എ., വിറ്റാമിന്‍ ഡി 

പോഷക സമ്പുഷ്ടീകരണത്തിന്റെ ലക്ഷ്യം

വിളര്‍ച്ച, വളര്‍ച്ചക്കുറവ്, വിറ്റാമിന്‍കുറവുമൂലമൂണ്ടാകുന്ന മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരമെന്ന നിലയിലാണ് മൂല്യവര്‍ധന വരുത്തിയ ഭക്ഷ്യ വസ്തുക്കള്‍ നല്‍കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്ത് 15 ജില്ലകളില്‍ ഇത്തരത്തിലുള്ള അരി തയ്യാറാക്കുന്നതില്‍ കേരളത്തില്‍നിന്ന് എറണാകുളത്തെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2024 ഓടെ പദ്ധതി പൂര്‍ണതോതില്‍ നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പൊതുവിതരണ സംവിധാനം, സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടി, അങ്കണവാടികള്‍ എന്നിവയില്‍ ഇത്തരത്തിലുള്ള അരി ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

എതിർപ്പെന്തിന്റെ പേരിൽ

ദേശീയ കുടുംബാരോഗ്യ സര്‍വ്വേ പ്രകാരം ഇന്ത്യയില്‍ 38.1 ശതമാനം സ്ത്രീകളും 45.3 ശതമാനം പുരുഷന്‍മാരും അഞ്ചുവയസില്‍താഴെയുള്ള 5.4 ശതമാനം കുട്ടികളും അമിത വണ്ണം ഉള്ളവരാണ്. പോഷക സമ്പുഷ്ടീകൃത ഭക്ഷണം ഇത്തരക്കാരിലും വിവരീത ഫലമുണ്ടാക്കാം. സമഗ്ര ദേശീയ പോഷകാഹാര സര്‍വ്വേ ഉള്‍പ്പെടെയുള്ള പഠനങ്ങള്‍ വ്യക്താമാക്കുന്നത് ഇന്ത്യയിലെ കുട്ടികളില്‍ വിറ്റാമിന്‍ എ യുടെ കുറവ് ഇപ്പോള്‍  പൊതു ആരോഗ്യ പ്രശ്‌നമല്ലെന്നതാണ്. കൂടുതല്‍ വിറ്റാമിന്‍ ശരീരത്തിലെത്തുന്നത് ഹൈപ്പര്‍ വിറ്റാമിനോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാകും. പോഷക ഘടകങ്ങളുടെ കുറവ് ദേശവും ഭക്ഷണ രീതികളിലും പ്രാദേശിക വിഭവ  ലഭ്യതയിലുമുള്ള വ്യതാസമനുസരിച്ച് മാറ്റമുണ്ടാകുമെന്നതിനാല്‍ എല്ലാവര്‍ക്കും ഒരേ തരത്തില്‍ പോഷക സമ്പൂഷ്ടീകൃത ഭക്ഷണം നല്‍കുന്നത് പ്രായോഗികമല്ലെന്നാണ് പ്രധാന വിമര്‍ശനം.

rice

അനീമിയ കുറഞ്ഞുവരുമ്പോള്‍ എന്തിന് ഇരുമ്പടങ്ങിയ ഭക്ഷണം നല്‍കണം

ഇന്ത്യയില്‍ അനീമിയ കുറഞ്ഞ് വരുന്ന കാലത്ത് എന്തിനാണ് ഇരുമ്പ് സപ്രുഷ്ടീകരിച്ച ഭക്ഷണം നല്‍കുന്നതെന്നാണ് സേവ് ഔര്‍ റൈസ് കാമ്പയിന്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്ററും ആശ സ്റ്റിയറിങ് കമ്മറ്റി മെമ്പറുമായ എസ് ഉഷ ചോദിക്കുന്നത്. "ഓരോ പ്രദേശത്തും പ്രാദേശിക ഭക്ഷണ വൈവിധ്യമുണ്ട്. അരിയും ഗോതമ്പും കഴിക്കാന്‍ തുടങ്ങിയ ശേഷമാണ് തങ്ങൾക്കിടയിൽ കുഴപ്പങ്ങള്‍ വന്നതെന്നാണ് അട്ടപ്പാടിയിലെ ആദിവാസികള്‍ പറയുന്നത്. കേന്ദ്രീകരണ സംവിധാനത്തിലൂടെ ഇത് നടപ്പാക്കുന്നത് ഭക്ഷണ വൈവിധ്യത്തെ ഇല്ലാതാക്കുമെന്നും ഒരു വലിയ വിഭാഗം ഭയക്കുന്നു. പ്രാദേശികമായി പോഷകമുള്ള ഭക്ഷണ ശൃംഖല എങ്ങനെ ഉണ്ടാക്കിയെടുക്കുക എന്നതാണ് വേണ്ടത്. കൈക്കുത്തരിയിലൂടെയാണ് ഏറ്റവുമധികം ന്യൂട്രിയന്റ്‌സ് ലഭിക്കുന്നതെന്ന് ഗാന്ധിജി തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ വെള്ള അരിയാണ് കേന്ദ്രീകൃത സംവിധാനം വഴി നല്‍കിക്കൊണ്ടിരിക്കുന്നത്", എസ് ഉഷ പറയുന്നു. 

മഹാരാഷ്ട്രയിലെ വര്‍ധയില്‍ ആരംഭിച്ച കിച്ചന്‍ ഗാര്‍ഡന്‍ പദ്ധതി വലിയ വിജയമായിരുന്നു. അവരുണ്ടാക്കിയ പച്ചക്കറി അവര്‍ തന്നെ കഴിക്കുക എന്നതാണ് രീതി. സ്ത്രീകളുടെ ഇടയിലുള്ള അനീമിയ പരിഹരിക്കാനാണ് ഇത് തുടങ്ങിയത്. പദ്ധതിയുടെ ഫണ്ടിങ്ങും മറ്റും ഇടയില്‍ മുടങ്ങിപ്പോയെങ്കിലും 90 ശതമാനം വീടുകളിലും കിച്ചന്‍ ഗാര്‍ഡന്‍ തുടരുന്നു എന്നത് വലിയ പ്രതീക്ഷയാണ്.

 

paddy field

എസ്. ഉഷ- സേവ് ഔര്‍ റൈസ് കാമ്പയിന്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്റർ

'സര്‍ക്കാരിനു കീഴില്‍ തന്നെ വിവിധ പദ്ധതികള്‍ നിലവിലുണ്ട്. അതിനെ റിവൈവ് ചെയ്ത് നിലനിര്‍ത്തി കൊണ്ടുപോയാല്‍ മതി. 85 ഓളം തനത് അരി ഇനങ്ങളില്‍ നല്ല അളവില്‍ ഇരുമ്പുണ്ട്. അരിയുടെ കൂടെ റാഗി കൊടുക്കുന്നതുപോലെ കുട്ടിക്കാലത്ത് തന്നെ ഡൈവേഴ്‌സ്ഡ് ആയ ഫുഡ് നല്‍കാനാണ് സർക്കാർ ആലോചിക്കേണ്ടത്. ഫ്രഷ് ഫുഡ് കഴിക്കാനാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിയന്റ്‌സ് പറയുന്നത്.  വെള്ളരി കൂടുതലായി കഴിക്കാന്‍ തുടങ്ങിയത് തന്നെ ഫുഡ് സെന്‍ട്രലൈസ്ഡ് ആയതുകൊണ്ടാണ്. റേഷന്‍ വഴി നല്‍കുന്നതില്‍ ചുവന്ന അരി തവിടുള്ള അരി നല്‍കിയാല്‍ അനീമിയ പരിഹഹരിക്കാനാകും. നമ്മള്‍ ഇവിടെ ഉണ്ടാക്കിയത് ഇവിടെ തന്നെ കഴിക്കുമ്പോള്‍ അത് കാര്‍ഷിക മേഖലയെയും സഹായിക്കും. നമ്മുട കാശ് മുഴുവന്‍ പുറത്തേക്ക് നല്‍കേണ്ടതില്ല.

ഫോർട്ടിഫൈഡ് ഭക്ഷണം നൽകാനുള്ള സർക്കാർ നയത്തിനെതിരേയുള്ള പ്രധാന ആരോപണം പ്രോട്ടീനിന്റെയും കലോറിയുടെയും പൊതുവെ കുറവുള്ള ജനങ്ങളിൽ ഒന്നോ രണ്ടോ വിറ്റാമിനുകളോ ധാതുക്കളോ ഭക്ഷണത്തില്‍ കൂട്ടിച്ചേര്‍ക്കുന്നത് പോഷകാഹാരക്കുറവുള്ളവരില്‍ പ്രതികൂല ഫലമുണ്ടാക്കുമെന്നതാണ്. എന്നാല്‍ അനീമിയ കുറക്കാന്‍ ഇരുമ്പ് ഫോര്‍ട്ടിഫിക്കേഷന്‍ ചെയ്യുന്നത് ഗുണം ചെയ്യും എന്നാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സോഷ്യല്‍ ആന്റ് ബിഹേവിയര്‍ ചെയ്ഞ്ച് കമ്മ്യൂണിക്കേഷന്‍ സ്റ്റേറ്റ് ഇന്‍ചാര്‍ജ്ജായിരുന്ന ഡോ. ജി ആര്‍. സന്തോഷ് കുമാര്‍ പറയുന്നത്. 

സ്ത്രീകളും അമ്മമാരും വലിയ രീതിയിലുള്ള അയേണ്‍ കുറവ് അനുഭവിക്കുന്നുണ്ട്. ഭക്ഷണത്തില്‍ ഇരുമ്പിന്റെ കുറവ് ഉണ്ടായാല്‍ മാസം തികയാതെ പ്രസവിക്കും. അമ്മയുടെ ജീവനും അത് അപകടമാണ്. ഫുഡ് ഫോര്‍ട്ടിഫിക്കേഷന്‍ പുതിയ പരിപാടിയല്ല. കേരളത്തില്‍ 20 ശതമാനം കൗമാരക്കാരില്‍ ഇരുമ്പിന്റെ കുറവുണ്ട്. ആദിവാസികളുടെ ഇടയില്‍ ഇത് വലിയ പ്രശ്നമാണ്. അതിനാല്‍ തന്നെ അവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഫോര്‍ട്ടിഫൈഡ് ഫുഡ് നല്‍കുന്നതില്‍ തെറ്റില്ലെന്നും ഡോ സന്തോഷ് കുമാര്‍ പറയുന്നു.

milk

"എന്റെ കയ്യില്‍ പൈസയില്ലാത്തുകൊണ്ട് ഞാന്‍ അയണ്‍ കുറഞ്ഞ ഭക്ഷണം ആണ് കഴിക്കുന്നതെന്ന് കരുതുക. ഭക്ഷണത്തില്‍ മത്സ്യം പച്ചക്കറി ഇലവര്‍ഗ്ഗംം എന്നിവയെല്ലാം ഉള്‍പ്പെടുത്തേണ്ടതാണ്. അത്തരത്തിലുള്ള സമീകൃതാഹാരം സമൂഹത്തിലെ എല്ലാ തട്ടിലുമുള്ളവര്‍ക്ക് പ്രാപ്യമാകണമെന്നില്ല. ദാരിദ്ര്യം അവരെ അത്തരം സമീകൃതാഹാരങ്ങളില്‍ നിന്ന് അകറ്റും. അത് പെട്ടെന്നുള്ള പ്രശ്‌നപരിഹാരമാണ് ഫോര്‍ട്ടിഫൈഡ് ഫുഡ് നല്‍കുക എന്നത് മാത്രമാണ്.പെട്ടെന്നുള്ള പ്രശ്ന പരിഹാരം എന്നതായി വേണം പോർട്ടിഫൈഡ് ഫുഡനെ കാണാൻ.  അടിസ്ഥാ പ്രശ്‌നം പോഷകാഹാരക്കുറവാണ്. ഈ വൈറ്റമിന്‍ പ്രശ്‌നമെല്ലാം നല്ല ഭക്ഷണത്തിലൂടെ പരിഹരിക്കാവുന്നതാണ്.  ഇന്ത്യയിൽ. ഒരു വിഭാഗത്തിന് നല്ല ഭക്ഷണം ലഭിക്കുന്നു. ഗ്രാമങ്ങളിലുള്ളവര്‍ക്ക് അത് ലഭിക്കുന്നില്ല. തത്ക്കാലത്തേക്ക് എളുപ്പ വഴി എന്ന നിലയിലാണ് ഫോര്‍ട്ടിഫൈഡ് ഭക്ഷണം നല്‍കുന്നത്. മികച്ച ഭക്ഷണം കിട്ടുന്നതുവരെ ഫോര്‍ട്ടിഫൈഡ് ഫുഡ് പരിഹാരം തന്നെയാണ്. പക്ഷെ സുസ്ഥിരമായ ആരോഗ്യ പരിരക്ഷയ്ക്ക് ഇത് പരിഹാരമാവില്ല. വിവിധ നിറത്തിലുള്ള ഭക്ഷണം കഴിക്കുന്നതാണ് പരിഹാരം. നല്ല ഭക്ഷണത്തിനുള്ള ബദലല്ല ഫോര്‍ട്ടിഫൈഡ് ഫുഡ്", സന്തോഷ് കുമാര്‍ കൂട്ടിച്ചേർത്തു.

സമ്പുഷ്ടീകരിച്ച ഭക്ഷണത്തിനെതിരേയുള്ള ആരോപണങ്ങള്‍ പ്രത്യാരോപണങ്ങൾ

പോഷകാഹാരക്കുറവുള്ള കുട്ടികളില്‍ ഇരുമ്പ് സമ്പുഷ്ടീകരിച്ച ഭക്ഷണം നല്‍കുന്നത് കുടല്‍വീക്കം, പുണ്ണ് എന്നിവയ്ക്ക് കാരണമാകും എന്നത് വാസ്തവ വിരുദ്ധമാണെന്ന് തിരുവനന്തപുരം എസ് എടി ഹോസ്പിറ്റല്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിന്ദുഷ എസ് പറയുന്നത്.

bindushaതിരുവനന്തപുരം എസ് .എ.ടി ഹോസ്പിറ്റല്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിന്ദുഷ

"കേരളത്തിലെ കുട്ടികളിൽ ഇരുമ്പ് സിങ്ക് എന്നിവയുടെ കുറവുണ്ടെന്നാണ് ദേശീയതലത്തിലെ ഏറ്റവും പുതിയ കോംപ്രിഹന്‍സീവ് ന്യൂട്രീഷണല്‍ സര്‍വ്വേ പറയുന്നത്. അമിത വണ്ണം ഉള്ളവര്‍ ഫോര്‍ട്ടിഫൈ ചെയ്ത ഭക്ഷണം കഴിക്കുന്നത് അപകടകരമല്ല. കാര്‍ബോഹൈട്രേറ്റ് കൂടുതലുള്ളവര്‍ക്കാണ് അമിത വണ്ണം ഉണ്ടാവുക. അമിത വണ്ണം ഉള്ളവര്‍ക്കും അനീമിയ വൈറ്റമിന്‍ബി, ഡി ഫോളിക് ആസിഡ് എന്നിവയുടെ കുറവുണ്ടാകാം. നിലവില്‍ ഉച്ച ഭക്ഷണത്തിലൂടെയും മറ്റ് ഫോർട്ടിഫൈഡ് ഫുഡിലൂടെയും നല്‍കുന്ന പോഷകങ്ങള്‍ ചെറിയ അളവില്‍ മാത്രമാണുള്ളത്. അതൊരിക്കലും ടോക്‌സിക് ആവില്ല. അതിനാല്‍ തന്നെ കൂടുതല്‍ വിറ്റാമിന്‍ ശരീരത്തിലെത്തുന്ന ഹൈപ്പര്‍ വിറ്റാമിനോസിസ് എന്ന അവസ്ഥ സംജാതമാവില്ല. അയണ്‍ ശരീരത്തില്‍ കൂടുതലായാല്‍ നമ്മുടെ ശരീരം അത് ആഗിരണം ചെയ്യില്ല എന്നതുകൊണ്ടു തന്നെ അയണ്‍ സമ്പുഷ്ടീകരിച്ച ഭക്ഷണം നല്‍കുന്നതും അപകടകരമാവില്ല"

 

അശാസ്ത്രീയമല്ല പോഷക സമ്പുഷ്ടീകരണം

R ramkumar
ആർ. രാംകുമാർ

പോഷക സമ്പുഷ്ടീകരണം അപകടകരമായ കാര്യമല്ലെന്നും അതിനെ അശാസ്ത്രീയ സംവിധാനമായി പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നുമാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രൊഫ.ആർ രാംകുമാര്‍ പറയുന്നത്. ഫോര്‍ട്ടിഫൈഡ് ഭക്ഷണത്തിനെതിരേ കാമ്പയിന്‍ നടക്കുന്നത് വിപരീത ഫലമുണ്ടാക്കും. ഇന്ത്യയിലും കേരളത്തിലുമായി ശരീരത്തില്‍ പ്രധാനപ്പെട്ട മൂലകങ്ങളുടെ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന ആളുകളുണ്ട്. അതിനാല്‍ തന്നെ അവര്‍ കൂടുതല്‍ പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജനങ്ങളില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നവരുമുണ്ട്. കുറവ് കവിക്കുന്നവരുമുണ്ട്. സമീകൃതമായ ആഹാരം കഴിക്കുക എന്നതാണ് അതിനുള്ള പോംവഴി. പോഷകങ്ങളടങ്ങിയ ഇന്ന ഭക്ഷണം കഴിക്കണമെന്ന നിര്‍ദേശം നഗരപ്രദേശത്തെ മധ്യവര്‍ഗ്ഗ സമ്പന്ന കുടുംബങ്ങള്‍ക്ക് സാധിച്ചേക്കും.  ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് അത് പിന്തുടരാന്‍ സാമ്പത്തികമായും സാംസ്‌കാരികമായും ചില വെല്ലുവിളികളുണ്ട്. ഇന്നത് കഴിക്കണമെന്ന് നിര്‍ദേശം നല്‍കിയാല്‍ ചില പ്രദേശങ്ങളിലെ ഭക്ഷണ രീതിയുമായി ചേർന്നു പോകുന്നതാവണമെന്നില്ല . ഭക്ഷണത്തിൽ ഒരു വിഭവം കൂടി ചേർക്കുന്നത് സാധാരണക്കാരനെ സംബന്ധിച്ച് സാമ്പത്തിക ബാധ്യതയുമാണ്. അതിനുള്ള പോംവഴിയാണ് ഫോർട്ടിഫൈഡ് ഫുഡ്. അതിനെ എതിര്‍ക്കേണ്ട കാര്യമില്ല', ഡോ. രാംകുമാര്‍ പറയുന്നു.

പോഷക-പുഷ്‌ടീകരിക്കപ്പെട്ട ഭക്ഷണപദാർത്ഥങ്ങൾ നമ്മൾ കഴിക്കുന്നുണ്ട് . ഉദാഹരണത്തിന് അയഡിൻ കൊണ്ടു പുഷ്‌ടീകരിക്കപ്പെട്ട ഉപ്പ് 1962 മുതൽ നമ്മൾ ഉപയോഗിച്ചു വരുന്നു. ഇന്ന് ഇന്ത്യയിൽ ലഭ്യമായ 70 ശതമാനത്തോളം പായ്ക്ക് ചെയ്ത ഭക്ഷ്യ-എണ്ണകളിലും വിറ്റാമിൻ എ-യും ഡി-യും കൊണ്ടുള്ള പുഷ്‌ടീകരണം നടക്കുന്നു. അത് പോലെ, ഇന്ന് ഇന്ത്യയിൽ ലഭ്യമാകുന്ന പാക്കറ്റ് പാലിന്റെ മൂന്നിലൊന്നും പുഷ്‌ടീകരണം ചെയ്യപ്പെട്ടതാണ്.- രാംകുമാർ കൂട്ടിച്ചേർത്തു. 

കുത്തകകമ്പനികളുടെ ഇടപെടല്‍ അപകടകരം

ഇത്തരം കാര്യങ്ങളെ മെക്കാനിക്കല്‍ ആയി സമീപിക്കലാണ് കുത്തകകമ്പനികളുടെ രീതി. കുട്ടികളുടെ ഉച്ച ഭക്ഷണം മുഴുവന്‍ ഫോര്‍ട്ടിഫൈഡ് ഫുഡ് ആക്കണം എന്ന മെക്കാനിക്കല്‍ അപ്രോച്ച് ദോഷം ചെയ്യും.  കുറച്ച് കമ്പനികളാണ് ന്യൂട്രിയന്റ്‌സ് ഉണ്ടാക്കുന്നത്. അവര്‍ ഈ പദ്ധതിയെ പല രീതിയില്‍ ദുരുപയോഗം ചെയ്യുമെന്നാണ് പല വിദഗ്ധരും ഭയക്കുന്നത്.

എന്തെല്ലാമാണ് പരിഹാരം

ഓരോരുത്തരുടെയും ശരീരീത്തിലെ പോഷകത്തിന്റെ വിന്യാസം പലതരത്തിലായിരിക്കും.. എത്രയാണ് മൂലകങ്ങളുടെ കുറവ് എന്നത് പരിശോധിക്കേണ്ടത് ആവശ്യമാണ്. ഇരുമ്പിന്റെ ചെറിയ കുറവുള്ളവര്‍ കൂടുതല്‍ കഴിച്ചാല്‍ അത് പ്രശ്‌നമാവും. എല്ലാസമൂഹത്തിനും ഒരു പോലെ ഫോര്‍ട്ടിഫൈഡ് ഫുഡ് നല്‍കുന്നത് ചില പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ഇത് പരിഹരിച്ച് വേണം മുന്നോട്ടു പോകാന്‍. ഫോര്‍ട്ടിഫൈഡ് ഭക്ഷണം കൃത്രിമ ഭക്ഷണമല്ല. ആശാവര്‍ക്കറെയും അങ്കണവാടിയെയും ഉപയോഗപ്പെടുത്തി ഓരോ സമൂഹത്തിലെയും ആളുകളുടെ കുറവ് തിട്ടപ്പെടുത്തി അതിനനുസരിചച് സമ്പുഷ്ടീകരിച്ച ഭക്ഷണം നല്‍കുന്നത് പ്രയോജനകരമാകുമെന്നും രാംകുമാർ പറയുന്നു.

content highlights: Concerns of nutrient enrichment food policy,  pros and cons of fortified food supply