തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ അടിമുടി അഴിമതി നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിക്കും സെക്രട്ടറിക്കും എന്ന പേരില്‍ ഡിവിഷനുകളില്‍ പണപ്പിരിവ് നടന്നെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 2015ലെ വിജിലന്‍സ് റിപ്പോര്‍ട്ട് ഉദ്ധരിച്ചു കൊണ്ടിയിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. അന്നത്തെ സർക്കാർ റിപ്പോർട്ടിനനുസരിച്ച് നടപടി കൈക്കൊണ്ടിരുന്നെങ്കിൽ പാലാരിവട്ടം പാലം ദുരന്തം സംഭവിക്കില്ലായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ വിജിലന്‍സ് പഠനം നടത്തിയിരുന്നു. 2015ല്‍ ഈ പഠന റിപ്പോർട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നു.വിവിധ തരത്തിലുള്ള അഴിമതിയെ കുറിച്ചാണ് ആ പഠനത്തിൽ വിശദീകരിച്ചിരുന്നത്.

പ്രധാനമായും കണ്ടെത്തിയവ ഇവയാണ്.

1. മരാമത്ത് പണിയുടെ ബില്‍ തയ്യാറാക്കുന്ന അവസരത്തില്‍ പൊതുമരാമത്ത് വകുപ്പിലെ വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന കൈക്കൂലിയുടെ ശതമാനം
2. മരാമത്ത് പണി പൂര്‍ത്തിയയാക്കാതെ ബില്‍ പാസ്സാക്കി കൈക്കൂലി വാങ്ങുന്നു 
3. പുതുക്കിയതും പെരുപ്പിച്ചതും ആയ എസ്റ്റിമേറ്റ് അനുവദിച്ച് കൈക്കൂലി വാങ്ങുന്നു 
4, ടാര്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ മറിച്ചു വില്‍ക്കുന്നു
5.ഉദ്യോഗസ്ഥ സ്ഥലം മാറ്റത്തിനും നിയമനത്തിനും കൈക്കൂലിയായി നിശ്ചിത തുക വാങ്ങുന്നു 
6.മന്ത്രിക്കും സെക്രട്ടറിക്കും നല്‍കുന്നതിന് എന്ന് പറഞ്ഞ് വിവിധ ഡിവിഷനുകളില്‍ നിന്ന് എന്‍ജിനിയര്‍മാര്‍ പണപ്പിരിവ് നടത്തുന്നു. മേപ്പടി പണം അവര്‍ക്ക് തന്നെ കൈമാറുകയാണോ മുകളിലേക്ക് കൈമാറുന്നുണ്ടോ എന്നതിൽ വ്യക്തതയില്ല.
7. കേരള സ്‌റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലെ അഴിമതി.
8. ടെലികോം ആവശ്യങ്ങള്‍ക്കായി റോഡ് കുഴിക്കുന്നതിലും മറ്റും അഴിമതി.
9. റോഡ് നിര്‍മ്മാണത്തിലെ അളവിലെ ക്രമക്കേടും അഴിമതിയും

ഗൗരവമായ നടപടി റിപ്പോർട്ട് വന്ന അന്നു തന്നെ സ്വീകരിക്കേണ്ടതായിരുന്നുവെന്നും ഇതിന്റെ ദുരന്തഫലമാണ് പാലാരിവട്ടം പാലത്തിന് സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പറഞ്ഞു പോലെ ആരും രക്ഷപ്പെടില്ലെന്നും കര്‍ക്കശമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

content highlights: CM Pinarayi Vijayan on Public works department corruption and vigilance study