അടിച്ചുവാരണം, നാപ്കിന്‍ കത്തിക്കണം, ക്ലർക്കും പ്യൂണുമാവണം ; ദുഷ്കരമാവുന്ന അധ്യാപനം


കെ.വി. കലഭാരിച്ച ചുമതലകള്‍ ഭയന്ന് പ്രിന്‍സിപ്പല്‍, പ്രഥമാധ്യാപക സ്ഥാനക്കയറ്റംപോലും പല അധ്യാപകരും വേണ്ടെന്നു വെക്കുകയാണ്. വീട്ടിലെത്തിയാലും വിശ്രമമില്ലാത്ത വനിതാ അധ്യാപകരാണ് ഇവരില്‍ കൂടുതലും

SERIES

പ്രതീകാത്മക ചിത്രം

കോട്ടയം ജില്ലയിലെ ഉള്‍പ്രദേശത്തുള്ളൊരു സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. എട്ട് അധ്യാപകര്‍ക്കിടയില്‍ ഒരധ്യാപകന്‍ രാവിലെ എട്ടരയോടെ സ്‌കൂളിലെത്തും. അധ്യാപികമാരും കുട്ടികളുമെത്തുംമുമ്പ് ക്ലാസ്മുറിയും പരിസരവും അടിച്ചുവൃത്തിയാക്കും. ശുചിമുറിയില്‍ വെള്ളമൊഴിച്ച് മൂത്രച്ചൂര് കളയും. ഇരുനൂറോളം കുട്ടികളില്‍ പകുതിയിലധികമാണ് പെണ്‍കുട്ടികള്‍. അവര്‍ ഉപേക്ഷിക്കുന്ന സാനിറ്ററി നാപ്കിനുകള്‍ ഇന്‍സിനറേറ്ററിലിട്ട് നശിപ്പിക്കുന്ന പണി അധ്യാപികമാരുടേതാണ്. കത്തിക്കുന്നതിന്റെ ഇടവേള കൂടുമ്പോള്‍ നാറ്റം സഹിക്കവയ്യാതെ ഛര്‍ദിയടക്കിപ്പിടിച്ചാണ് അവരിത് ചെയ്യുന്നത്. ഈ സ്‌കൂളിലടക്കം സംസ്ഥാനത്തെ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ശുചീകരണജീവനക്കാരില്ല. താത്കാലികാടിസ്ഥാനത്തില്‍ ദിവസവേതനത്തിന് ആളെനിര്‍ത്താനും അനുമതിയില്ല. ഹയര്‍സെക്കന്‍ഡറിയോടു ചേര്‍ന്നുള്ള ഹൈസ്‌കൂളിലെ പ്രവര്‍ത്തനത്തിന് തടസ്സംവരാത്തനിലയില്‍ അവിടത്തെ ജീവനക്കാരുടെ സേവനം ലഭ്യമാക്കാവുന്നതാണ് എന്ന അഴകൊഴമ്പന്‍ ഉത്തരവാണ് നിലവിലുള്ളത്. പല ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെയും അധ്യാപകര്‍ സ്വന്തം കൈയില്‍നിന്ന് പണമെടുത്ത് ദിവസവേതനത്തിന് ആളെ നിര്‍ത്തിയിരിക്കുകയാണ്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ശുചീകരണം മാത്രമല്ല, ഹയര്‍സെക്കന്‍ഡറികളിലെ ക്ലറിക്കല്‍, പ്യൂണ്‍ ജോലികളും അധ്യാപകരുടെ തലയില്‍ത്തന്നെയാണ്. ക്ലാര്‍ക്കില്ലാത്തതിനാല്‍ അഡ്മിഷന്‍ചുമതലതൊട്ട് ടി.സി.വരെ, സാലറി ബില്ലുമുതല്‍ പുസ്തകവിതരണക്കണക്കെഴുത്തുവരെ എല്ലാം അധ്യാപകര്‍തന്നെയാണ് ചെയ്യുന്നത്. സ്‌കൂള്‍ പ്രവേശന ഹെല്‍പ് ഡെസ്‌കിലിരിക്കേണ്ടതും അവര്‍തന്നെ. ഓണ്‍ലൈന്‍ പ്രവേശനത്തിനിടെ ഒരു കുട്ടിയുടെ ഇനീഷ്യല്‍ മാറിയതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം കോട്ടയത്തെ സ്‌കൂളിലെ അധ്യാപകര്‍ക്ക് നാലുതവണയെങ്കിലും തിരുവനന്തപുരത്ത് പോകേണ്ടിവന്നിട്ടുണ്ട്. മാസങ്ങള്‍നീണ്ട ഫോണ്‍കോളുകള്‍ക്കും എഴുത്തുകുത്തുകള്‍ക്കും ശേഷമാണ് കുട്ടിയുടെ പ്രവേശനം അംഗീകരിച്ച് ഹയര്‍സെക്കന്‍ഡറി വകുപ്പ് ഉത്തരവുനല്‍കിയത്.

ഇതിനൊക്കെയും മേല്‍നോട്ടം വഹിക്കേണ്ട പ്രിന്‍സിപ്പല്‍മാര്‍ക്ക് ക്ലാസുമെടുക്കണം. പ്രിന്‍സിപ്പല്‍ച്ചുമതലയുടെ ഭാഗമായി ക്ലാസില്‍പ്പോവാന്‍ കഴിയാതെവരുമ്പോള്‍ കുട്ടികള്‍ക്ക് പഠനം നഷ്ടമാവും. രാവിലെയും വൈകുന്നേരവും മറ്റുമായി സ്പെഷ്യല്‍ ക്ലാസുകള്‍വെച്ചാണ് ഈ പാഠഭാഗങ്ങള്‍ പഠിപ്പിച്ചെടുക്കുന്നത്. പ്രിന്‍സിപ്പല്‍മാരുടെ ജോലിഭാരം കാരണം പല അധ്യാപകരും ഇപ്പോള്‍ അര്‍ഹതപ്പെട്ട പ്രൊമോഷന്‍ വേണ്ടെന്ന് എഴുതിനല്‍കുകയാണ്.

എച്ച്.എം. ആവേണ്ടെന്ന് എല്‍.പി. അധ്യാപകര്‍

എല്‍.പി. സ്‌കൂളിലെ പ്രഥമാധ്യാപകരുടെ ജോലിത്തിരക്ക് പറഞ്ഞറിയിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ്. പ്യൂണോ ക്ലാര്‍ക്കോ ഇല്ലാത്തതിനാല്‍ എല്ലാം ഒറ്റയ്ക്കുതന്നെ ചെയ്യണം. എ.­ഇ.ഒ. ഓഫീസ്, ട്രഷറി, പഞ്ചായത്ത്, ബി.ആര്‍.സി. (ബ്ലോക്ക് റിസോഴ്സ് സെന്റര്‍) എന്നിങ്ങനെ സ്‌കൂളിലിരിക്കാന്‍ നേരമില്ലാതെ ഓടുന്ന പ്രഥമാധ്യാപകന് ക്ലാസ് ചാര്‍ജുമുണ്ട്. നൂറോളം രേഖകളും ഫയലുകളുമാണ് സ്‌കൂളില്‍ സൂക്ഷിക്കേണ്ടത്. പലതരം സ്ഥിതിവിവരണക്കണക്കുകള്‍ വിവിധ സംവിധാനങ്ങള്‍ക്ക് കൈമാറേണ്ട ചുമതലയും ഇവര്‍ക്കാണ്. ഒരേ കണക്കുകള്‍ പലതവണ നല്‍കേണ്ടിവരാറുണ്ട്. അക്കാദമിക് വിഷയങ്ങളില്‍ ശ്രദ്ധയോ താത്പര്യമോ കാണിക്കാനാവാതെ ഭരണപരമായ രേഖകളുടെ തടവറയിലാണ് പ്രഥമാധ്യാപകരെന്നാണ് കൊല്ലം ജില്ലയിലെ റിട്ട. പ്രഥമാധ്യാപകനായ പ്രജിത്തിന്റെ വിലയിരുത്തല്‍. തലയില്‍ ഭാരങ്ങളൊന്നുമില്ലാതെ കൊച്ചുകുട്ടികളെ പഠിപ്പിക്കാനുള്ള മോഹം ബാക്കിവെച്ചാണ് പടിയിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

Also Read
Series

മക്കളെ അധ്യാപകർ ശാസിക്കുന്നത് പോലും ഇഷ്ടപ്പെടാത്ത ...

എല്‍.പി. സ്‌കൂളില്‍ ഒരു അധ്യാപകന് ക്ലാസിന്റെ മുഴുവന്‍സമയ ചുമതലയാണ്. പ്രഥമാധ്യാപകനോ അധ്യാപികയോ സ്‌കൂളിലില്ലെങ്കില്‍ അവര്‍ക്ക് ചുമതലയുള്ള ക്ലാസിലെ കുട്ടികള്‍ രാവിലെമുതല്‍ വൈകീട്ടുവരെ വെറുതേയിരിക്കണം. 150 കുട്ടികളിലും അധികമുണ്ടെങ്കില്‍ പ്രൊട്ടക്ടഡ് അധ്യാപകരെ നിയമിക്കാമെന്നാണ്. എന്നാല്‍, മിക്ക എല്‍.പി. സ്‌കൂളിലും നൂറിനടുത്ത കുട്ടികള്‍ മാത്രമാണുള്ളത്. സ്വന്തം ശമ്പളത്തില്‍നിന്ന് വിഹിതമെടുത്ത് താത്കാലിക അധ്യാപകരെ നിയമിച്ചാണ് പല പ്രഥമാധ്യാപകരും ഈ പ്രതിസന്ധി നേരിടുന്നത്. ഗ്രാമപ്പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക പദ്ധതികളുടെ ഇംപ്ലിമെന്റ് ഓഫീസര്‍ ചുമതലയും ചില പ്രഥമാധ്യാപകര്‍ക്കുണ്ട്. ഉച്ചഭക്ഷണത്തിന്റെ ചുമതലയും ഇവര്‍ക്കുതന്നെയാണ്. ഉച്ചയ്ക്ക് 12 മണിവരെ മാത്രമുള്ള പാര്‍ട്ട് ടൈം കണ്ടിജന്‍സി മിനിയല്‍ ജീവനക്കാരന്‍ മാത്രമാണ് എല്‍.പി. സ്‌കൂളിലെ അധ്യാപകേതര തസ്തിക. പല സര്‍ക്കാര്‍ സ്‌കൂളിലും ഈ സേവനവും ലഭിക്കുന്നില്ല. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ 54 പാര്‍ട്ട് ടൈം മിനിയല്‍ കണ്ടിജന്‍സി ജീവനക്കാര്‍ക്ക് ഹൈസ്‌കൂളുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കിയപ്പോള്‍ പകരം സംവിധാനങ്ങളൊന്നുമേര്‍പ്പെടുത്തിയിട്ടില്ല. അധ്യാപകരും രക്ഷിതാക്കളുമൊക്കെ ചേര്‍ന്നാണ് ഇവിടങ്ങളിലെ ശുചീകരണം. കഴിഞ്ഞ ഏഴു മാസത്തിനിടെ കോഴിക്കോട് ജില്ലയിലെ 304 എല്‍.പി. അധ്യാപകര്‍ക്ക് പ്രഥമാധ്യാപകരായി സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ 174 പേരും പുതിയ ചുമതല വേണ്ടെന്ന് എഴുതിനല്‍കുകയായിരുന്നു.

ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാതെ

അധ്യാപകര്‍ക്ക് മികച്ച സേവനവേതന വ്യവസ്ഥകള്‍ ലഭ്യമാവുമ്പോഴും തുച്ഛമായ വരുമാനംകൊണ്ട് രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ നട്ടംതിരിയുന്ന ചില ജീവിതങ്ങളുണ്ട്. സംസ്ഥാനത്തെ സ്പെഷ്യലിസ്റ്റ് താത്കാലിക അധ്യാപകരുടെ മാസവരുമാനം വെറും 10,000 രൂപ മാത്രമാണ്. കലാകായിക പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലെ പാഠ്യപദ്ധതിയില്‍ ഊന്നല്‍ കൂടുതലാണെന്ന് പറയുമ്പോള്‍തന്നെയാണ് ഈ വിഭാഗം അധ്യാപകരോട് അവഗണന. 2016-ല്‍ സര്‍വശിക്ഷാ അഭിയാന്റെ ഭാഗമായി 2500-ഓളം കല, കായിക, പ്രവൃത്തി പഠന അധ്യാപകരാണ് 26,200 രൂപ ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാനവിഹിതവുമായിരുന്നു. കേന്ദ്രവിഹിതം വെട്ടിക്കുറച്ചതും കോവിഡ് പശ്ചാത്തലവും കാരണം പറഞ്ഞ് 2018-ല്‍ തുക 14,000 ആയി വെട്ടിക്കുറച്ചു. ഇക്കഴിഞ്ഞ ആഴ്ചയാണ് തുക 10,000-ലേക്ക് കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും ജോലിക്ക് ഹാജരായാല്‍ മതിയെന്നാണ് വിദ്യാഭ്യാസവകുപ്പ് ഇപ്പോള്‍ ഇവരോട് പറയുന്നത്. 27,000 രൂപ ശമ്പളമെന്നറിഞ്ഞ് പല താത്കാലിക വരുമാനങ്ങളമുപേക്ഷിച്ചാണ് ഇവരില്‍ നല്ലൊരു വിഭാഗവും ജോലിയില്‍ക്കയറിയത്. കുടുംബത്തിലെ ഏക വരുമാനമാര്‍ഗമായ പലര്‍ക്കും ഈ തുകകൊണ്ട് ജീവിച്ചുപോവാന്‍ കഴിയുന്നില്ല. ജോലിസ്ഥിരതയില്ലെന്നതിനുപുറമേ തുച്ഛമായ വരുമാനംകൂടിയായപ്പോള്‍ പകുതിയോളം അധ്യാപകര്‍ കൊഴിഞ്ഞുപോയിട്ടുണ്ട്.

അനാദായകരമെന്ന് മുദ്രകുത്തപ്പെട്ട എയ്ഡഡ് സ്‌കൂളിലെ അധ്യാപകര്‍ ഇടയ്ക്കിടെ നിവേദനവുമായി തിരുവനന്തപുരത്തെത്തിയാലേ അക്കൗണ്ടില്‍ പണമെത്തൂ. ലക്ഷങ്ങള്‍ കൊടുത്ത് സര്‍വീസില്‍ക്കയറിയ ഇവര്‍ക്ക് കുട്ടികള്‍ കുറഞ്ഞതുകാരണം അംഗീകാരമില്ലാത്തതിനാല്‍ ദിവസവേതനമാണ് ലഭിക്കുന്നത്. 2020-ലെ കോവിഡ് കാലത്ത് ജൂണ്‍മുതല്‍ ഡിസംബര്‍വരെ ഏഴുമാസത്തോളം ഒരു രൂപപോലും ശമ്പളം കിട്ടിയിരുന്നില്ല. ഒരു മാസത്തോളം സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാലസമരം നടത്തിയതോടെയാണ് 2021 ജനുവരിമുതല്‍ ശമ്പളം കിട്ടിത്തുടങ്ങിയത്. ഉള്ള കുട്ടികളെയെങ്കിലും സ്‌കൂളില്‍ പിടിച്ചുനിര്‍ത്താന്‍ മാസത്തില്‍ വാഹനത്തിനും മറ്റുമായി നല്ലൊരു തുക ചെലവുവരുന്നുമുണ്ട്. സ്‌കൂളില്‍ വന്‍തുക നല്‍കിയാണ് പ്രവേശനം നേടിയതെന്നതിനാല്‍ ബാങ്കുലോണുള്‍പ്പെടെ താങ്ങാനാവാത്ത ബാധ്യതകളുമുള്ളവരാണിവര്‍.

സ്‌കൂളുകളിലെ വിവിധ പിന്തുണാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തി അധ്യാപകരുടെ സമയവും ശ്രദ്ധയും മുഴുവനായി പഠനത്തിലേക്ക് തിരികെക്കൊണ്ടുവരേണ്ടതുണ്ട്. സ്‌കൂള്‍ ­മേലധികാരിയായ അധ്യാപകരെ അധ്യാപനച്ചുമതലയില്‍നിന്ന് ഒഴിവാക്കുകയും വേണം

ബസ് നടത്തിപ്പു കണക്ക്

സ്‌കൂള്‍ബസ്ച്ചെലവും കീശയില്‍നിന്ന്

സ്വന്തമായി വാഹനമില്ലെങ്കില്‍ കുട്ടികളെ കിട്ടില്ല എന്ന സ്ഥിതിയില്‍ മികച്ച യാത്രാസൗകര്യമൊരുക്കാനാണ് ഓരോ സ്‌കൂളുകളും മത്സരിക്കുന്നത്. കുട്ടികള്‍ നല്‍കുന്ന ചെറിയ ചാര്‍ജുകൊണ്ട് ബസ് നടത്തിക്കൊണ്ടുപോവാനാവില്ല എന്നതിനാല്‍ അധ്യാപകരുടെ ശമ്പളത്തില്‍നിന്ന് നിശ്ചിതവിഹിതം പിടിച്ചാണ് വാഹനങ്ങള്‍ ഓടിക്കുന്നത്. കുട്ടികളുടെ പങ്ക് പലപ്പോഴും കിട്ടാറില്ലെങ്കിലും നിര്‍ബന്ധിച്ചു വാങ്ങാന്‍ കഴിയില്ല. 'എന്നാല്‍, എന്റെ കുട്ടി ഇനി അവിടെ പഠിക്കുന്നില്ല' എന്നാവും രക്ഷിതാവിന്റെ മറുപടി.

തസ്തിക നഷ്ടപ്പെടാന്‍ സാധ്യതയുള്ള ജൂനിയര്‍ അധ്യാപകര്‍ കൂടുതല്‍ തുകനല്‍കണം. ആയിരംമുതല്‍ 10,000 രൂപവരെ മാസശമ്പളത്തില്‍നിന്ന് പോകുന്ന അധ്യാപകരുണ്ട്. മാനേജ്മെന്റുമായി ചില പ്രശ്‌നങ്ങളുള്ള യു.പി. സ്‌കൂള്‍ അധ്യാപിക തന്റെ മാസശമ്പളത്തിന്റെ പകുതിയായ 16,000 രൂപ ചെലവിട്ടാണ് വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുവരുന്നത്. സ്‌കൂളിലെ മറ്റ് വാഹനങ്ങളുടെ ചെലവ് ബാക്കി 22 അധ്യാപകര്‍ വീതിച്ചെടുക്കുമ്പോഴാണ് ഈ അധ്യാപികയോട് അനീതി. മാനേജരെ വെറുപ്പിക്കാന്‍വയ്യ എന്നാണ് സഹപ്രവര്‍ത്തകരുടെ ഭാഷ്യം. ഡീസലിന്റെ വിലക്കയറ്റം സ്‌കൂള്‍ വാഹനനടത്തിപ്പ് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്‌കൂള്‍ വാഹനങ്ങളുടെ ഇന്ധനനികുതി കുറച്ചോ സബ്സിഡിനല്‍കിയോ പ്രശ്നപരിഹാരം കാണണമെന്ന നിര്‍ദേശം ചില അധ്യാപകര്‍ മുന്നോട്ടുവെക്കുന്നു.

സമ്മര്‍ദം താങ്ങാനാവാതെ ആത്മഹത്യയുടെ വഴിയേ

നാലുവര്‍ഷംമുമ്പ് കോഴിക്കോട് ജില്ലയിലുണ്ടായ പ്രഥമാധ്യാപികയുടെ ആത്മഹത്യ സാധാരണ ചരമവാര്‍ത്തമാത്രമായാണ് പുറംലോകമറിഞ്ഞത്. പ്രഥമാധ്യാപികയായി സ്ഥാനക്കയറ്റം കിട്ടിയതിനെത്തുടര്‍ന്നുണ്ടായ സമ്മര്‍ദങ്ങളാണ് അധ്യാപികയെ മരണത്തിലേക്കു നയിച്ചതെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.

സ്ഥാനക്കയറ്റം കിട്ടിയതിനുശേഷമൊരുനാള്‍ ഇവര്‍ മകളുമൊന്നിച്ച് എ.ഇ.ഒ. ഓഫീസില്‍പ്പോയി ജോലിസംബന്ധമായ ആകുലതകള്‍ പങ്കുവെച്ചിരുന്നു. എച്ച്.എം. ചുമതല വേണ്ടെന്നുവെക്കാനോ ലീവെടുക്കാനോ അതുമല്ലെങ്കില്‍ രാജിവെക്കാനോ ആയിരുന്നു മൂന്നുവര്‍ഷം സര്‍വീസ് ബാക്കിയുള്ള അധ്യാപികയ്ക്ക് എ.ഇ.ഒ. നല്‍കിയ നിര്‍ദേശം. അവിടെനിന്ന് ഏറെ അസ്വസ്ഥയായി വീട്ടിലേക്കു മടങ്ങിയ അധ്യാപിക അന്നു രാത്രിയാണ് മരണത്തിന്റെ വഴി തിരഞ്ഞെടുത്തത്. പരാതി ഉയരാതിരിക്കാന്‍ പലവഴിക്കും സമ്മര്‍ദമുണ്ടായതോടെ ചര്‍ച്ചയാവേണ്ടിയിരുന്ന സംഭവം ഒതുങ്ങിപ്പോയി.

(തുടരും)

Content Highlights: Cleaning and administration work,too much work load for teachers in Kerala,Social,Mathrubhumi latest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented