മക്കളെ അധ്യാപകർ ശാസിക്കുന്നത് പോലും ഇഷ്ടപ്പെടാത്ത രക്ഷിതാക്കൾ| ദുഷ്കരമാകുന്ന അധ്യാപനം


കെ.വി. കലസഹപാഠിയെ ഉപദ്രവിച്ചതിന് വഴക്കുപറഞ്ഞ അധ്യാപകനെ ''മാഷേ എനിക്ക് ചൈല്‍ഡ് ലൈന്‍ നമ്പര്‍ അറിയാം ട്ടോ'' എന്നുപറഞ്ഞു കുട്ടി വിരട്ടിയ കാര്യം മറ്റൊരധ്യാപകനും പങ്കുവെക്കുന്നു.

Series

പ്രതീകാത്മക ചിത്രം

മാറിയ കാലത്തെ അധ്യാപന ജോലി ലളിതമല്ലെന്ന യാഥാര്‍ഥ്യം അധ്യാപകരും രക്ഷിതാക്കളും സമൂഹമൊന്നാകെയും തിരിച്ചറിയേണ്ടതുണ്ട്. തൊഴില്‍ സമ്മര്‍ദ്ദങ്ങള്‍ അവരില്‍ ഏറി വരികയാണ്. പഠിപ്പിക്കുകയെന്നതിനേക്കാള്‍ സ്‌കൂള്‍ നടത്തിപ്പിനായി അവരുടെ ഊര്‍ജ്ജവും സമയവും നഷ്ടപ്പെടുത്തേണ്ടി വരുമ്പോള്‍ പഠന നിലവാരത്തെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തുടങ്ങുന്നു പുതിയ പരമ്പര - 'സിലബസ്സിനുമപ്പുറത്തെ അധ്യാപനം'

ടീച്ചര്‍, ക്ലാസ് മഹാബോറാണ്. ഇതൊക്കെ ഇതിലും നന്നായി യു ട്യൂബില്‍ കിട്ടുമല്ലോ.'' -പ്ലസ്ടുക്കാരന്റെ പരിഹാസം കലര്‍ന്ന വാക്കുകള്‍ക്കുമുന്നില്‍ വിളറിവെളുത്ത അധ്യാപിക സ്വാഭാവികത വീണ്ടെടുക്കാന്‍ സമയമെടുത്തു. ആത്മവിശ്വാസത്തോടെ പിന്നെയാ ക്ലാസിലേക്കു പോകാന്‍ ധൈര്യമില്ലാതെപോയ അവര്‍ അധികംവൈകാതെ താത്കാലിക ജോലി ഉപേക്ഷിച്ചുപോയി. പുതിയകാലത്തെ കുട്ടികള്‍ ഇങ്ങനെയൊക്കെയാണ്. പ്രതികരണശേഷിയുണ്ട്. ചടുലതയുണ്ട്. ആത്മവിശ്വാസമുണ്ട്. കൃത്രിമവിനയമോ അച്ചടക്കമോ അവരില്‍നിന്ന് പ്രതീക്ഷിക്കുക വയ്യ. ഈ തലമുറയുടെ ചടുല പ്രതികരണങ്ങളെ, എടുത്തുചാട്ടങ്ങളെ എങ്ങനെ സമീപിക്കണമെന്ന ആശയക്കുഴപ്പം അധ്യാപകരിലാകെയുണ്ട്.കോവിഡാനന്തര മാറ്റങ്ങള്‍

കോവിഡനന്തരം കുട്ടികളിലുണ്ടായ മാറ്റം കുറെക്കൂടി സങ്കീര്‍ണമാണ്. സ്‌കൂള്‍ അന്തരീക്ഷത്തില്‍ അവരില്‍ നല്ലൊരു ശതമാനവും സന്തുഷ്ടരല്ല. രണ്ടുവര്‍ഷത്തോളം ഡിജിറ്റല്‍ ­സാധ്യതകളുടെ ­വിസ്മയങ്ങളിലേക്ക് സ്വതന്ത്രമായി പറന്ന അവര്‍ക്ക് ­അടങ്ങിയൊതുങ്ങി ക്ലാസിലിരിക്കാന്‍ കഴിയുന്നില്ല.

കുട്ടികളുടെ സംവേദനരീതികളില്‍ വലിയ മാറ്റമുണ്ടായിരിക്കുന്നു. അറിവ് പകര്‍ന്നുകിട്ടുന്ന ഏകമുഖം എന്ന അധ്യാപകരെക്കുറിച്ചുള്ള ധാരണ പൂര്‍ണമായി തകര്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍ അവര്‍ക്ക് കുട്ടികളുടെ മനസ്സില്‍ പ്രാധാന്യം കുറഞ്ഞുവരുകയാണ്. ''മുമ്പൊക്കെ മുഴുവന്‍ കുട്ടികളും പഠനത്തില്‍ മിടുക്കരായിരുന്നില്ലെങ്കിലും അധ്യാപനവുമായി സഹകരിച്ചിരുന്നു. ഇന്ന് ഒരു പിരീഡ് പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ ഒട്ടും സംതൃപ്തി തോന്നാറില്ല.'' -അധ്യാപകരുടെ കൂട്ടായ അഭിപ്രായമാണിത്. നിങ്ങള്‍ക്ക് ഭാവിയില്‍ ആരാകണമെന്ന ചോദ്യത്തിന്, അധ്യാപകര്‍ എന്നായിരുന്നു പഴയതലമുറയിലെ ഭൂരിപക്ഷം കുട്ടികളുടെയും ഉത്തരം. ഇന്നവര്‍ക്ക് അറിവിന്റെ പല ഉറവിടങ്ങളില്‍ ഒന്നു മാത്രമാണ് അധ്യാപകരും സ്‌കൂളും. പഠനാന്തരീക്ഷത്തില്‍, പഠനരീതിയില്‍, പഠനോപകരണങ്ങളില്‍ കാതലായ മാറ്റങ്ങള്‍ അനിവാര്യമാണെന്നാണ് ഈ കുട്ടികള്‍ ആവശ്യപ്പെടുന്നത്.

വികാസമനഃശാസ്ത്രപഠനത്തിന് ഊന്നല്‍ കൊടുക്കണം
ഷിജു ജോസഫ്

"വിദ്യാര്‍ഥികളെ മനസ്സിലാക്കാനും അവരെ മനഃശാസ്ത്രപരമായ ഉള്‍ക്കാഴ്ചയോടെ സമീപിക്കാനും കഴിയുന്ന അധ്യാപകര്‍ ഉണ്ടാവണം. ബി.എഡ്., ­ഡി.എല്‍.എഡ്. മുതലായ അധ്യാപക പരിശീലന കോഴ്സുകളില്‍ വികാസമനഃശാസ്ത്രം അഥവാ വളര്‍ച്ചാമനഃശാസ്ത്രം വിശദമായി പഠിപ്പിക്കണം. ചിന്താപരമായും വൈകാരികമായും ഓരോ പ്രായത്തിലും വിദ്യാര്‍ഥികള്‍ എങ്ങനെയെല്ലാം മാറുന്നു, വികസിക്കുന്നു, ഈ മാറ്റങ്ങള്‍ എങ്ങനെ തിരിച്ചറിയാം, അവരിലെ വികാസത്തെ എങ്ങനെ പോഷിപ്പിക്കാം, വികാസപ്രക്രിയയില്‍ പ്രത്യേക സഹായം വേണ്ടവര്‍ക്ക് അത് എങ്ങനെ നല്‍കാം, വിശേഷിച്ചും കൗമാരമനസ്സ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നിങ്ങനെ പല കാര്യങ്ങള്‍ അധ്യാപകര്‍ക്ക് അറിവ് നല്‍കാന്‍ ഇതുവഴി കഴിയും. സര്‍വീസിലുള്ള അധ്യാപകര്‍ക്ക് ഇത്തരം പരിശീലനങ്ങള്‍ പ്രാധാന്യത്തോടെ നല്‍കണം. വെര്‍ച്വല്‍ ലോകത്തിനു നല്‍കാന്‍ കഴിയാത്ത പഠനാനുഭവങ്ങളും സാമൂഹികാനുഭവങ്ങളും പാരസ്പര്യവും നല്‍കാന്‍ കഴിഞ്ഞാലേ സ്‌കൂളനുഭവത്തെ വിദ്യാര്‍ഥികള്‍ വിലമതിക്കൂ".
ഷിജു ജോസഫ്, മനഃശാസ്ത്രാധ്യാപകന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
ഫോണ്‍ എന്ന വില്ലന്‍

Also Read
SERIES

അടിച്ചുവാരണം, നാപ്കിൻ കത്തിക്കണം, ക്ലർക്കും ...

കുട്ടികള്‍ക്ക് സ്വന്തം മൊബൈല്‍ ഫോണ്‍ ആയതോടെയുണ്ടായ ദൂഷ്യങ്ങള്‍ ക്ലാസ് മുറികളില്‍ ദൃശ്യമാണ്. പക്വതയും തിരിച്ചറിവുമെത്താത്ത പ്രായത്തിലാണ് അശ്ലീല വീഡിയോകള്‍ വരെ അവര്‍ക്കുലഭ്യമാവുന്നത്. മക്കള്‍ എന്തുകാണുന്നു എന്നു രക്ഷിതാക്കള്‍ അറിയുന്നില്ല. രാത്രിവൈകിയും ഫോണിലായ പലകുട്ടികളും പിറ്റേദിവസം ഉറക്കച്ചടവോടെയാണ് ക്ലാസിലെത്തുന്നത്.

തിരിച്ചു എത്രയും വേഗം വീട്ടിലെത്തി ഫോണെടുക്കുക എന്ന മാനസികാവസ്ഥയിലാണ് പലരും. ചെറിയ ക്ലാസിലെ കുട്ടികള്‍പോലും അശ്ലീലവീഡിയോകള്‍ കാണുന്നതായി അധ്യാപകര്‍ക്കു മുന്നിലെത്തുന്ന ചില പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തുന്നു. തങ്ങള്‍ ചെയ്യുന്നതെന്ത് എന്നുപോലും അറിയാത്ത, ഒന്നാംക്ലാസിലെ രണ്ടുകുട്ടികളെ ഇത്തരമൊരു സാഹചര്യത്തില്‍ കാണാനിടവന്ന അനുഭവമാണ് എല്‍.പി. സ്‌കൂള്‍ അധ്യാപിക പങ്കുവെച്ചത്: ''ആ കുഞ്ഞുങ്ങള്‍ക്ക് എന്ത് ഉപദേശം നല്‍കണമെന്നതിന് എന്റെ കൈയില്‍ ഉത്തരമുണ്ടായിരുന്നില്ല. ആ പരിതഃസ്ഥിതിയില്‍ ഞാന്‍ പ്രശ്‌നം കൈകാര്യംചെയ്തത് ശരിയായ രീതിയിലായിരുന്നോ എന്നതില്‍ ഇപ്പോഴും ഉറപ്പില്ല.'' ബി.എഡ്. പഠനകാലത്തെ മനഃശാസ്ത്ര പാഠങ്ങളൊന്നും തന്നെ തുണച്ചില്ലെന്നും അധ്യാപിക പറയുന്നു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

പ്ലസ്ടു സ്‌കൂളിലെ 'സൗഹൃദ' കൗമാര കൗണ്‍സലിങ് ഗ്രൂപ്പ് കണ്‍വീനറായ അധ്യാപികയ്ക്കുണ്ടായ അനുഭവം പറഞ്ഞതിങ്ങനെ: ''പ്ലസ്ടു ക്ലാസിലെ രണ്ട് കുട്ടികള്‍ പ്രണയത്തിലായിരുന്നു. രണ്ടുപേരും ക്ലാസ് കട്ട് ചെയ്തു പുറത്തൊക്കെ പോകാന്‍തുടങ്ങി. നന്നായി പഠിക്കുന്ന പെണ്‍കുട്ടിയാണ്. പഠനത്തില്‍ പിന്നോട്ടു പോയിത്തുടങ്ങിയപ്പോള്‍ ഗുണദോഷിക്കേണ്ടതുണ്ടെന്നുതോന്നി, സംസാരിച്ചു. നേരില്‍ ഒരുകാര്യം പറയാനുണ്ടെന്ന് ക്ലാസിലെ മറ്റ് കുട്ടികളുടെ മുന്നില്‍വെച്ച് ആണ്‍കുട്ടിയോടും പറഞ്ഞു. കുറച്ചുകഴിഞ്ഞ് കാണാന്‍ വന്ന ആ പ്ലസ്ടുക്കാരന്‍ ശബ്ദം താഴ്ത്തി പറഞ്ഞത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഞാന്‍ ഇല്ലാതായിപ്പോകുന്നതുപോലെയാണ്. ടീച്ചര്‍ക്ക് സംസാരിക്കണമെന്നുണ്ടെങ്കില്‍ രാത്രി മിസ്ഡ് കാള്‍ അടിച്ചാല്‍ മതിയെന്നായിരുന്നു അവന്‍ സ്വകാര്യമെന്ന മട്ടില്‍ പറഞ്ഞത്.''

ഫോണ്‍ തന്നില്ലെ, ഓന്‍വിവരമറിയും

കോഴിക്കോട് ജില്ലയിലെ മലയോരമേഖലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. വൈകുന്നേരം കുട്ടികളൊക്കെ വീട്ടിലേക്കു മടങ്ങാനൊരുങ്ങുമ്പോള്‍ ഒരു പെണ്‍കുട്ടി അധ്യാപകര്‍ക്കുനേരെ ആക്രോശിച്ചടുക്കുന്നു.

''ഫോണ്‍ തിരികെത്തന്നില്ലെങ്കില്‍ ഓന്‍ (അവന്‍) വിവരമറിയും.'' എന്നാണ് ഒരധ്യാപകനുനേരെ വിരല്‍ചൂണ്ടി മറ്റധ്യാപകരോടായി അവള്‍ വിളിച്ചുപറയുന്നത്.

എത്രപറഞ്ഞിട്ടും അനുസരിക്കാതെ മകള്‍ മൊബൈല്‍ സ്‌കൂളില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും പിടികൂടി താക്കീതു ചെയ്യണമെന്നും മറ്റൊരു കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടതനുസരിച്ചാണ് രാവിലെ അധ്യാപകര്‍ കുട്ടികളുടെ ബാഗ് പരിശോധിച്ചത്. ഫോണ്‍ പിടികൂടിയ എട്ടുകുട്ടികളോടും രക്ഷിതാക്കളെക്കൂട്ടി വരാനായിരുന്നു നിര്‍ദേശിച്ചത്.

വൈകീട്ട് ഫോണ്‍ തിരികെക്കിട്ടില്ലെന്നറിഞ്ഞതോടെയാണ് പെണ്‍കുട്ടി അധ്യാപകരെപ്പോലും ഞെട്ടിച്ചുകൊണ്ട് അക്രമാസക്തയായത്. ഭയന്നുപോയ അധ്യാപകര്‍ രക്ഷിതാക്കളെ കാണാന്‍ വീട്ടിലെത്തിയപ്പോഴും കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റമൊന്നുമുണ്ടായിരുന്നില്ല.

ഒടുവില്‍ ഗത്യന്തരമില്ലാതെ ഫോണ്‍ തിരിച്ചുകൊടുക്കേണ്ടിവന്നു. അധ്യാപകര്‍ക്കുമുന്നില്‍ നിസ്സഹായരായി നില്‍ക്കാനേ രക്ഷിതാക്കള്‍ക്കും കഴിഞ്ഞുള്ളൂ.

വെറുതേ പുലിവാലിനുപോണോ

മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രശ്‌നങ്ങള്‍ കൂടിവരുമ്പോഴും ഇടപെടാന്‍ ധൈര്യമില്ലാതെ മാറിനില്‍ക്കേണ്ട അവസ്ഥയാണെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. ചെറിയ ശാസനപോലും കുട്ടികള്‍ എങ്ങനെയെടുക്കുമെന്ന ആധി. അച്ചടക്കകാര്യങ്ങളിലൊക്കെ മുന്നിട്ടിറങ്ങുന്ന അധ്യാപകനോട് സഹാധ്യാപകര്‍ പോലും ഉപദേശിക്കുന്നത് ''വെറുതേ പുലിവാലിനു പോവേണ്ട മാഷേ'' എന്നാണ്. വയനാട് ജില്ലയിലെ പ്ലസ്ടു അധ്യാപികയുടെ അനുഭവം ഉദാഹരണം.

പത്താംക്ലാസ് വിദ്യാര്‍ഥിയെ ­ചെറിയരീതിയില്‍ ശാസിച്ച അധ്യാപിക പിറ്റേദിവസം കാണുന്നത് തന്നെ തേടിയെത്തിയ ചൈല്‍ഡ് ലൈന്‍ ­പ്രവര്‍ത്തകരെയാണ്

അധ്യാപിക മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു വിദ്യാര്‍ഥിയുടെ പരാതി. അന്വേഷണത്തില്‍ ഗൗരവമുള്ളതായൊന്നും കണ്ടെത്താന്‍ കഴിയാതെവന്നപ്പോള്‍ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ ഉപദേശിച്ച് തിരിച്ചുപോയി. കേസായില്ലെങ്കിലും ദിവസം മുഴുവന്‍ സ്‌കൂളില്‍ താനൊരു കുറ്റവാളിയെപ്പോലെ നില്‍ക്കേണ്ടിവന്നതിന്റെ മാനസികപ്രയാസം ചെറുതായിരുന്നില്ലെന്ന് അധ്യാപിക പറയുന്നു.

സഹപാഠിയെ ഉപദ്രവിച്ചതിന് വഴക്കുപറഞ്ഞ തന്നെ കുട്ടി ''മാഷേ എനിക്ക് ചൈല്‍ഡ് ലൈന്‍ നമ്പര്‍ അറിയാം ട്ടോ'' എന്നുപറഞ്ഞു വിരട്ടിയ കാര്യം മറ്റൊരധ്യാപകനും പങ്കുവെക്കുന്നു.

കൈകൊടുക്കാന്‍പോലും പറ്റാത്ത കാലം

കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതിനോട് യോജിപ്പില്ലെങ്കിലും ശാസനപോലും സാധ്യമല്ലാത്ത സാഹചര്യമാണുള്ളതെന്നാണ് അധ്യാപകര്‍ പറയുന്നത്. രക്ഷിതാക്കള്‍ വഴക്കുപറഞ്ഞതിന്റെ പേരില്‍പോലും ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുന്ന ഇക്കാലത്തെ കുട്ടികളെ പേടിക്കേണ്ടതുണ്ട്.

അച്ചടക്കകാര്യങ്ങളിലിടപെടാന്‍ രക്ഷിതാക്കളുടെ പിന്തുണയും പലപ്പോഴും കിട്ടാറില്ല. ഏറെ താലോലിച്ച് വളര്‍ത്തുന്ന കുട്ടികളെ അധ്യാപകര്‍ വഴക്കുപറയുന്നത് മിക്ക രക്ഷിതാക്കളും ഇഷ്ടപ്പെടുന്നില്ല.

സ്‌കൂളിന്റെ കാര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്നത് പുരോഗമനപരമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അച്ചടക്കവിഷയങ്ങളിലെ അമിത ഇടപെടല്‍ പലപ്പോഴും പ്രയാസങ്ങളുണ്ടാക്കുന്നു. സ്‌കൂള്‍തലത്തില്‍ പരിഹരിക്കപ്പെടേണ്ട പല വിഷയങ്ങളും വ്യക്തി, രാഷ്ട്രീയ വിരോധമായി വളര്‍ന്ന് അധ്യാപകര്‍ പോലീസ്സ്റ്റേഷനില്‍ കയറിയ സംഭവങ്ങളുണ്ട്. ലൈംഗികാതിക്രമങ്ങളില്‍നിന്ന് ­കുട്ടികള്‍ക്ക് സംരക്ഷണകവചമൊരുക്കുന്ന പോക്‌സോ നിയമംവരെ ചില തത്പരകക്ഷികള്‍ ഉപയോഗപ്പെടുത്തുകയാണ്.

അധ്യാപകര്‍ പ്രതിയായ യഥാര്‍ഥ പോക്‌സോ കേസുകള്‍ കൂടിവരുന്നതിലെ ആശങ്ക നിലനില്‍ക്കുമ്പോഴും ചിലരെങ്കിലും ഈ നിയമത്തെ ­ദുരുപയോഗം ചെയ്യുന്നുണ്ടെന്നത് കാണാതിരിക്കാനാവില്ല. വഴങ്ങാത്ത, ­എതിര്‍ശബ്ദമുയര്‍ത്തുന്ന അധ്യാപകരെ 'തളയ്ക്കാന്‍' പലരും പോക്‌സോ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് പറയുന്നത്.''ചേര്‍ത്തുപിടിക്കാനോ അഭിനന്ദിച്ച് ഷേക്ക് ഹാന്‍ഡ് കൊടുക്കാനോ ഒക്കെ പേടിയാണ്. സ്വന്തം കുഞ്ഞുങ്ങളായി കരുതിയുള്ള സ്‌നേഹവാത്സല്യങ്ങളൊന്നും പ്രകടിപ്പിക്കാന്‍ കഴിയില്ല.'' കുട്ടികളെ അമിത ശരീരബോധത്തിലേക്ക് തളച്ചിടുന്ന ക്ലാസുകളും മറ്റും ഗുണത്തെക്കാളേറെ ദോഷമായി വരുന്നതായി അധ്യാപകര്‍ പറയുന്നു.

Content Highlights: classrooms students and parents have changed, new age teaching challenge, social,Kerala,Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented