പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരം; സിവിക്കിന് ജാമ്യം നൽകിയ വിധി അതിജീവിതകളെ തകർക്കുന്നത്


വീണ ചിറക്കൽ(veenacr@mpp.co.in)

5 min read
Read later
Print
Share

.

'പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോഗ്രാഫുകളിൽനിന്നു പരാതിക്കാരി ലൈംഗികചോദന ഉണർത്തുന്ന(sexually provocative) വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നത് വെളിവാകുന്നു. ആയതിനാൽ പ്രതിക്കെതിരെ 354A വകുപ്പ് പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല '.

എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെയുള്ള ലൈം​ഗികാതിക്രമ പരാതിയിൽ കോഴിക്കോട് സെഷൻസ് കോടതിയുടെ വിചിത്ര പരാമർശമാണിത്. ലൈം​ഗികചോദന ഉണർത്തുന്ന വസ്ത്രം ധരിച്ചതിനാൽ ലൈം​ഗികാതിക്രമ പരാതി നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് സിവിക് ചന്ദ്രന് കോടതി ജാമ്യം അനുവദിച്ചത്. ലൈം​ഗിക പീഡനക്കേസുകളിലെ വിചാരണ അതിജീവിതയ്ക്ക് ഉപദ്രവമാകരുതെന്ന സുപ്രീം കോടതിയുടെ പ്രസ്താവന വന്ന് അധികമാവും മുമ്പെയാണ് പ്രസ്തുതവിധി വന്നിരിക്കുന്നത്. പീഡനത്തിന്റെ ആഘാതത്തിലാണ് അതിജീവിതയെന്ന വസ്തുത വിചാരണ കോടതി കണക്കിലെടുക്കണമെന്നും ലജ്ജാകരവും അനുചിതവുമായ ചോദ്യങ്ങൾ പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു. മധ്യപ്രദേശിലെ ഗ്വാളിയോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ വൈസ് ചാൻസലർക്കെതിരെ ലൈംഗീക പീഡന കേസിൽ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് സുപ്രീം കോടതി സുപ്രധാനമായ നിർദേശങ്ങൾ നൽകിയത്.

എന്നാൽ ഇപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ ലൈം​ഗികാതിക്രമത്തിന് ഇരകളായവർ നിരന്തരം ചോദ്യം ചെയ്യപ്പെടുന്നു എന്നത് വേദനാജനകമാണ്. ഏറ്റവും പിന്തിരിപ്പനായിട്ടുള്ള വിധിയായിട്ടാണ് ഇതിനെ കരുതുന്നതെന്ന് നിയമജ്ഞയായ സന്ധ്യ ജനാർദ്ദനൻ പറയുന്നു.

Also Read

'പൊതുഇടത്തിൽ വച്ചാണ് ഞാൻ അപമാനിതയായത്, ...

സന്ധ്യ ജനാർദ്ദനൻ

സാധാരണ ഗതിയിൽ ലൈം​ഗികാതിക്രമ കേസുകളിൽ ജാമ്യവും മുൻകൂർ ജാമ്യവുമൊക്കെ സാധാരണമാണ്. പക്ഷേ ഇതുപോലുള്ള കാരണങ്ങളെ ചാരി ജാമ്യം നൽകുന്നു എന്നതാണ് ഭീകരസാഹചര്യം. കോടതിയുടെ സമീപനം ഇതാണെങ്കിൽ പിന്നെ പരാതിപ്പെട്ടിട്ട് എന്തുകാര്യം എന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും അവരുടെ പ്രശ്നങ്ങളെ സെൻസിറ്റീവായി ഇടപെടേണ്ടത് എങ്ങനെ എന്നതിനെ സംബന്ധിച്ചൊക്കെ സുപ്രീം കോടതിയുടെ ധാരാളം വിധികൾ വന്നിട്ടുണ്ട്. നിയമം എങ്ങനെയാണ് സ്ത്രീകളെ ശാക്തീകരിക്കേണ്ടത് എന്നതു സംബന്ധിച്ച ഇടപെടലുകൾ കൃത്യമായി സുപ്രീം കോടതി നടത്തിയിട്ടുണ്ട്. പക്ഷേ കീഴ്ക്കോടതികളുടെ ഭാ​ഗത്തുനിന്ന് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നു എന്നത് അങ്ങേയറ്റം നിരാശാജനകമാണ്. അതിനേ തടയിടുന്ന രീതിയിൽ മേൽക്കോടതിയുടെ ഭാ​ഗത്തുനിന്നും അടിയന്തിര ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്.

ഇരകളെ സംബന്ധിച്ചിടത്തോളം അവർ നീതിക്കായി പെട്ടെന്ന് ചെന്നെത്തുന്ന സ്ഥലമാണ് കീഴ്ക്കോടതികൾ. അവരെ പുറകോട്ടടിക്കുന്ന ഇത്തരം വിധികൾ ലൈം​ഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയുന്നതിൽനിന്ന് സ്ത്രീകളെ പിന്നോട്ടുനിർത്തും. 2012-ലെ നിർ‌ഭയ സംഭവത്തിനു ശേഷമാണ് നിരവധി സ്ത്രീകൾ ലൈം​ഗികാതിക്രമത്തെക്കുറിച്ച് തുറന്നു പറയാൻ തയ്യാറായി മുന്നോട്ടു വന്നത്. കേരളത്തിൽ 2017-ൽ നടിയെ ആക്രമിച്ച സംഭവവും മീ ടൂ ക്യാംപയിനുകളുമൊക്കെ അതിക്രമങ്ങൾ തുറന്നു പറയുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവരെയൊക്കെ ഭയപ്പെടുത്തുന്ന തരത്തിലുള്ള തിരിച്ചടികൾ ഉണ്ടാകുമ്പോൾ അവർ എങ്ങനെയാണ് ഇനിയൊരു അതിക്രമത്തെക്കുറിച്ച് തുറന്നുപറയുക?

ഇത്തരം സാഹചര്യങ്ങൾ കൊണ്ടൊക്കെയാണ് ഇപ്പോഴും അതിജീവിത എന്നതിന് പകരം ഇര എന്നു വിളിക്കേണ്ടി വരുന്നത്. ഇരയിൽനിന്ന് അതിജീവിതയിലേക്ക് എത്താൻ വലിയ ദൂരമുണ്ട്. ഈ കടമ്പകളൊക്കെ ഇപ്പോഴും മുന്നിൽ കിടക്കുമ്പോൾ എങ്ങനെയാണ് ഇരയെ അതിജീവിത എന്നു വിളിക്കാനാവുക? ഇരയിൽ നിന്ന് അതിജീവിതയിലേക്കുള്ള പാത ഇപ്പോഴും ശോഭനമല്ല എന്നുവേണം കരുതാൻ.
എങ്ങനെയെങ്കിലും ജാമ്യം നൽകാനായി എഴുതിച്ചേർത്ത വിധിന്യായമായി ഇതെന്ന് എഴുത്തുകാരി സി.എസ് . ചന്ദ്രിക പറയുന്നു. ഇത്തരം വിധികൾ പുറപ്പെടുവിക്കുന്ന കോടതിക്ക് മുന്നിലേക്ക് ലൈം​ഗിക അതിക്രമം നേരിട്ട പെൺകുട്ടികൾ വിചാരണവേളയിൽ നിൽക്കുന്ന അവസ്ഥ ആലോചിക്കാൻ കഴിയില്ല. അതിജീവിതകളോട് മുറിപ്പെടുത്തുന്ന ചോദ്യങ്ങളൊന്നും ചോദിക്കരുതെന്ന സുപ്രീംകോടതിയുടെ പരാമർശം വന്നതിനു പിന്നാലെയാണ് ഈ ജാമ്യവിധി എന്നത് വിരോധാഭാസമാണ്.

സ്ലീവ്ലെസ് വസ്ത്രമിട്ടാലോ കഴുത്ത് അൽപം ഇറങ്ങിയ വസ്ത്രമോ ഷോൾ ഇടാതിരുന്നാലോ ഒക്കെ ലൈം​ഗിക ചോദന ഉണർത്തുന്ന വസ്ത്രമാണെന്ന് പറയും. എന്തൊക്കെ വസ്ത്രം ധരിച്ചാലാണ് പുരുഷന്മാരുടെ ചോദന ഉണരുന്നതെന്ന് സ്ത്രീകൾ എങ്ങനെ മനസ്സിലാക്കാനാണ്? എങ്ങനെ വസ്ത്രം ധരിക്കണം എന്നതൊക്കെ സ്വയം നിശ്ചയിക്കാനുള്ള അവകാശമൊക്കെ സ്ത്രീകൾക്കില്ലേ? സവർണ പുരുഷാധിപത്യ ജാതീയതയിലൂന്നിയുള്ള ചിന്താ​ഗതിയാണിത്. ഒരു സ്ത്രീ പൂർണ ന​ഗ്നയായി മുന്നിൽ വന്നുനിന്നാൽ തന്നെ അവർക്കെതിരെ ലൈം​ഗികാതിക്രമം നടത്താൻ സിവിക് ചന്ദ്രന് എന്നല്ല ഏതൊരു പുരുഷനും എന്ത് അധികാരമാണുള്ളത്? അങ്ങനെ ചെയ്യുന്നതിൽ യാതൊരു തെറ്റും ഇല്ലെന്നാണ് ഈ ജാമ്യവിധിയിൽ പറഞ്ഞുവെക്കുന്നത്.

സി.എസ് ചന്ദ്രിക

‌എന്തുകൊണ്ട് പരാതിപ്പെടാൻ ഇത്ര സമയം വൈകിയെന്ന് ജഡ്ജി ചോദിച്ചിരുന്നു. അതിജീവിതകൾക്ക് തുറന്നു പറയാനുള്ള മാനസികാവസ്ഥ കൈവരിക്കണ്ടേ? വൈകിയിട്ടാണെങ്കിലും പെൺകുട്ടികൾ ഇത്തരം പരാതികൾ നൽകാൻ തയ്യാറാവുന്നതിനെ പിന്തുണയ്ക്കുകയാണ് ചെയ്യേണ്ടത്. സ്ത്രീകളെ വീണ്ടും നിങ്ങൾ ഒരു ലൈം​ഗിക ഉപകരണമാണ് എന്ന് പരാമർശിക്കുന്നതു പോലെയാണ് ഈ വിധി. പെൺകുട്ടികൾ‌ അടങ്ങിയൊതുങ്ങി ജീവിക്കണം, പ്രകോപിപ്പിക്കരുത് തുടങ്ങി കാലങ്ങളായി കേട്ടുപഴകിയ വാക്കുകൾ വീണ്ടും ഊട്ടിയുറപ്പിക്കുകയാണിവിടെ.

അവൾ തകർന്നിരിക്കുകയാണ്

ഈ കേസിൽ പരാതി നൽകിയ അതിജീവിത ജാമ്യവിധി കേട്ട് ആകെ തകർന്നിരിക്കുകയാണ്. ആ പെൺകുട്ടിയുടെ സ്ഥിരം ഡ്രസ് കോഡ് ആണത്. അതു വളരെ സാധാരണമായി കാണുന്നന്നതു കൊണ്ടാണല്ലോ അതു സാമൂഹിക മാധ്യമത്തിൽ പങ്കുവെക്കുന്നത്. അത് ഇത്തരമൊരു സാഹചര്യത്തിൽ കൊണ്ടുവന്ന് ഈ വസ്ത്രധാരണമാണ് അതിക്രമത്തിന് കാരണമായത് എന്ന് കോടതിയിൽ നിന്നുതന്നെ വിധി വരുമ്പോൾ അത് കേൾക്കേണ്ടിവരുന്ന പെൺകുട്ടിയുടെ അവസ്ഥയെന്താകുമെന്ന് ഊഹിക്കാമല്ലോ. അതേ വസ്ത്രങ്ങൾ ഇനിയും അവൾ ധരിക്കുമ്പോൾ ഞാൻ കാരണമാണോ ഇതെല്ലാം ഉണ്ടായതെന്ന ചിന്ത അവൾക്കുണ്ടാകില്ലേ? സംഭവം ഉണ്ടായ ഞെട്ടലിൽ നിന്ന് രണ്ടുവർഷമായും അവൾ മുക്തമായിട്ടില്ല, ഇപ്പോൾ കോടതിയുടെ ഭാ​ഗത്ത് നിന്നുള്ള വിധിയിലൂടെ വീണ്ടും തകർന്നിരിക്കുകയാണ് അവൾ.

നമ്മുടെ നീതിബോധത്തിൽ ഒരിക്കലും അം​ഗീകരിക്കാനാവാത്ത പരാമർശമാണിതെന്ന് ആക്റ്റിവിസ്റ്റ് അജിത പറയുന്നു. സ്ത്രീകളുടെ വസ്ത്രധാരണം ഇങ്ങനെ വേണമെന്ന് പറയാൻ പൊതുസമൂഹത്തിന് യാതൊരു അവകാശവുമില്ല. അതിനേക്കാളപ്പുറം ആറു മാസവും ഒരു വയസ്സും നാലു വയസ്സുമൊക്കെയുള്ള പിഞ്ചുകുഞ്ഞുങ്ങളും വൃദ്ധമാരും ശരീരമാകെ മൂടിനടക്കുന്ന കന്യാസ്ത്രീകളും ബുർഖ ധരിച്ച് നടക്കുന്നവരുമൊക്കെ പീഡിപ്പിക്കപ്പെടുന്നത് വസ്ത്രത്തിന്റെ പേരിലാണോ? എത്രയോ പെൺകുട്ടികളാണ് കേരളത്തിൽ നിർഭയ ഹോമുകളിൽ കഴിയുന്നത്. അവർ എന്ത് വസ്ത്രം ധരിച്ചതിന്റെ പേരിലാണ് ലൈം​ഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നത്.

അജിത

വർഷം ഇത്രയായിട്ടും ജുഡീഷ്യറിയിൽ മാറ്റം വരാത്തത് നിരാശപ്പെടുത്തുന്നു. മീ ടൂ മൂവ്മെന്റ് ശക്തമായി ഉയർന്നുവരുന്ന ഈ കാലത്ത് ഇത്തരം വിധികൾ വരുന്നത് മറ്റ് അതിജീവിതകളെ പിന്നോട്ടടിപ്പിക്കില്ലേ? വർഷങ്ങൾക്ക് മുമ്പു നടന്ന പല സംഭവങ്ങളും കാലങ്ങളെടുത്ത് ധൈര്യം കൈവരിച്ചാണ് തുറന്നു പറയാൻ കഴിയുന്നത്. അത്തരം സാഹചര്യത്തിൽ ജുഡീഷ്യറിയുടെ ഭാ​ഗത്തുനിന്നുള്ള മനോഭാവവും ഇങ്ങനെയാണെങ്കിൽ പെൺകുട്ടികൾ എവിടെയാണ് അഭയം തേടുക? പുരുഷന്മാർ അൽപവസ്ത്രം ധരിച്ചാൽ സ്ത്രീകൾ അങ്ങോട്ടു പോയി ലൈം​ഗിക അതിക്രമം നടത്തുമോ? സ്ത്രീ എപ്പോഴും പുരുഷന്റെ അടിമയായും ലൈം​ഗിക ഉപകരണമായും കണക്കാക്കുന്ന സമൂഹത്തിൽ ഇരകളാക്കപ്പെടുന്ന സ്ത്രീകൾ ആരെയാണ് സമീപിക്കേണ്ടത് എന്നത് വലിയൊരു ചോദ്യമായി നിലകൊള്ളുന്നു.

വളരെ നിരാശാജനകമായ വിധിയാണ് ഇതെന്ന് സിവിക്കിനെതിരെ ആദ്യം ലൈം​ഗികാതിക്രമ പരാതി നൽകിയ അതിജീവിത പറയുന്നു. അത്രയധികം പ്രതിസന്ധികൾ കടന്ന്, ജോലി കുടുംബം, സാമൂഹിക മേഖലയിലെ ഇടപെടൽ തുടങ്ങിയവ ഒക്കെ മാറ്റിവച്ചാണ് നമുക്കുണ്ടായിട്ടുള്ള ദുരനുഭവത്തെ നിയമപരമായി നേരിടാൻ തീരുമാനിക്കുന്നത്. ഏതൊരു സ്ത്രീയെ സംബന്ധിച്ചും പല ആലോചനകൾക്കു ശേഷവും തുറന്നു പറയാൻ തയ്യാറാവുമ്പോൾ നീതിപീഠത്തിൽ നിന്നുണ്ടാകുന്ന ഇത്തരം നടപടികൾ പിന്നോട്ടടിപ്പിക്കുന്നതാണ്.

സിവിക് ചന്ദ്രൻ

അതിജീവിതകളെ ചോദ്യംകൊണ്ടുപോലും മുറിപ്പെടുത്തരുതെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു കഴിഞ്ഞ് അധികമായില്ല. അതിനിടെ വന്ന ഇത്തരമൊരു കോടതിവിധി അതിജീവിത എന്ന നിലയിൽ ഏറെ ദുഃഖം നൽകുന്നു. മറ്റെന്തിലാണ് പ്രതീക്ഷ അർപ്പിക്കുക എന്നു നിശ്ചയമില്ല. സമൂഹത്തിലെ വ്യക്തി എന്ന നിലയിൽ കാണുന്നതിന് പകരം വെറും ലൈം​ഗിക ഉപകരണമായി മാത്രം കാണുന്നത് കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഒരു പൊതുഇടത്തിൽ വച്ചാണ് എന്നെപ്പോലൊരാൾ അപമാനിതയായത്. സാമൂഹിക പ്രവർത്തകർ എന്നു പറയുന്ന ആളുകളിൽ നിന്ന് തന്നെ ഇത്തരം അതിക്രമങ്ങൾ ഉണ്ടാവുകയും അതിനേക്കുറിച്ച് തുറന്നുപറയാൻ തയ്യാറായി വരുമ്പോൾ നീതിന്യായപീഠത്തിൽ നിന്നുണ്ടാകുന്ന ഇത്തരം പ്രസ്താവനകൾ അമ്പരപ്പാണുണ്ടാക്കുന്നത്. നാളെ ലൈം​ഗിക അതിക്രമത്തിന് ഇരയായ ഒരു പെൺകുട്ടി എങ്ങനെ തുറന്നു പറയാൻ തയ്യാറായി വരും? സ്ത്രീവിരുദ്ധത തന്നെയാണ് എല്ലായിടത്തും എന്ന് അവർക്ക് വ്യക്തമാവുകയല്ലേ?

Content Highlights: civic chandran sexual harassment case, bail order remarks, rape survivor

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rajasree with her parents
Premium

4 min

അച്ഛനമ്മമാരെ വൃദ്ധസദനത്തിലാക്കുന്നവർ വെറുക്കപ്പെടേണ്ടവരല്ല; അമേരിക്കന്‍ മലയാളിയുടെ തുറന്നെഴുത്ത്

Oct 1, 2023


Vachathi
Premium

4 min

മുപ്പതാണ്ട് നീറ്റിയ കൂട്ടബലാത്സംഗം; വീരപ്പന്റെ പേരിൽ ചവിട്ടിമെതിച്ച വാച്ചാത്തിക്ക് നീതി ലഭിക്കുമ്പോൾ

Sep 30, 2023


representational image

3 min

'അന്തസ്സോടെയുള്ള ജീവിതം മൗലികാവകാശം; ലൈംഗിക തൊഴിലാളികൾക്ക് ഉത്തരവ് ആശ്വാസം'

Dec 17, 2021

Most Commented