വിളിക്കാനുള്ളതെല്ലാം ഒരക്ഷരമെഴുതാത്ത വെള്ളക്കടലാസിലൂടെ വിളിച്ചു പ്രതിഷേധക്കാർ, മാറുമോ ചൈനീസ് നയം


സിസി ജേക്കബ്

Image: AFP

ത്തറിലെ ഫുട്‌ബോൾ സ്റ്റേഡിയങ്ങൾ മുഖാവരണമില്ലാത്ത വിവിധ ദേശക്കാരുടെ ആരവങ്ങളാൽ നിറയുമ്പോൾ ചൈനയിലെ തെരുവുകൾ മാസ്കണിഞ്ഞ യുവാക്കളുടെ പ്രതിഷേധങ്ങളാൽ നിറയുന്നു. ആ സ്റ്റേഡിയംകാഴ്ചകൾപോലും നിഷേധിക്കപ്പെട്ടവരുടെ പ്രതിഷേധമാണത്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ചൈനാസെൻട്രൽ ടെലിവിഷനിലെ (സി.സി.ടി.വി.) ഫുട്‌ബോൾ സംപ്രേഷണത്തിൽ കളിക്കാരും പന്തും കോച്ചുമാരുമേയുള്ളൂ. ബഹുവർണക്കുപ്പായങ്ങളണിഞ്ഞ് സ്റ്റേഡിയങ്ങളിൽ നിറഞ്ഞിരുന്ന് ആർത്തുവിളിക്കുന്ന കാണികളില്ല. അവരെ എഡിറ്റ് ചെയ്തുനീക്കി. അതിനു കാരണമുണ്ട്. അകലം പാലിക്കാതെ ആളുകൾ ആഘോഷിക്കുമ്പോൾ തങ്ങളിപ്പോഴും അടച്ചിടലിന്റെ ശ്വാസംമുട്ടനുഭവിക്കാൻ വിധിക്കപ്പെടുന്നത് വിചിത്രമാണെന്ന് ചൈനക്കാരിൽ ചിലർ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചുപോയി. അതിനുള്ള ശിക്ഷയാണ് എഡിറ്റുചെയ്ത കളി.

ചൈനയിൽനിന്നു പുറപ്പെട്ട കോവിഡ് ലോകമാകെ പടർന്നിട്ട് മൂന്നുവർഷമാകുന്നു. ദീർഘകാല അടച്ചിടലിന്റെ ശ്വാസംമുട്ടലും സാമ്പത്തികനഷ്ടവും ലോകത്തെ എല്ലാ രാജ്യങ്ങളും അനുഭവിച്ചു. വാക്സിനുകളുടെ ബലത്തിൽ അവ പതിയെ തുറന്നു. എല്ലാം സജീവമായി. പക്ഷേ, ചൈനമാത്രം ഇപ്പോഴും സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണം തുടരുന്നു. കൂട്ടപ്പരിശോധനകളും ക്വാറന്റീനും ഐസൊലേഷനും കർശനമായി നടപ്പാക്കുന്നു. കോവിഡിനെ മുച്ചൂടും ഇല്ലാതാക്കാനുള്ള പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ‘ഡൈനാമിക് സീറോ കോവിഡ്’ നയത്തിന്റെ ഭാഗമാണിവയെല്ലാം. അശാസ്ത്രീയമെന്ന് ലോകാരോഗ്യസംഘടനയും ആരോഗ്യവിദഗ്‌ധരും പലകുറി പറഞ്ഞ നയം. ഈ നയം പിന്തുടർന്നിട്ടും സാർസ് കോവി2 വൈറസിന്റെ ഒമിക്രോൺ വകഭേദം അതിവേഗം പടരുന്നു. ഓരോദിവസവും മുപ്പതിനായിരത്തിലേറെപ്പേരെ വൈറസ് ബാധിക്കുന്നു. കോവിഡ് തുടങ്ങിയതിനുശേഷം വൈറസ് ബാധിതരുടെ എണ്ണം ഇത്രയധികമാകുന്നത് ചൈനയിൽ ആദ്യം.

രാജ്യവ്യാപക അടച്ചിടൽ ഇല്ലെന്നാണ് ചൈനയുടെ വാദം. അതു ശരിയുമാണ്. എവിടെ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നോ അവിടെമാത്രം കർശന ലോക്ഡൗൺ. രണ്ടോ മൂന്നോ പേർക്കേ രോഗമുള്ളൂവെങ്കിലും അടച്ചിടൽ നിർബന്ധം. ഫലത്തിൽ കോടിക്കണക്കിനുപേർ എപ്പോഴും ലോക്ഡൗണിലായിരിക്കും. ജാപ്പനീസ് ധനകാര്യസ്ഥാപനമായ നൊമുറ ഹോൾഡിങ്‌സിന്റെ കണക്കനുസരിച്ച് 49 നഗരങ്ങളിൽ പലതലത്തിലുള്ള ലോക്ഡൗണുണ്ട്. ഈ നഗരങ്ങളിലെല്ലാംകൂടി 41.2 കോടി ജനങ്ങളുണ്ട്. ചൈനീസ് ജനസംഖ്യയുടെ മൂന്നിലൊന്നും ലോക്ഡൗണിലാണെന്നർഥം.

ഷിയുടെ വിജയം

ഒക്ടോബറിലെ പാർട്ടി കോൺഗ്രസ് സീറോ കോവിഡ് നയം പിൻവലിക്കുമെന്നോ ഇളവു ചെയ്യുമെന്നോ ജനങ്ങൾ പ്രതീക്ഷിച്ചു. എന്നാൽ, ആ നയത്തെ വാഴ്ത്തുകയാണ് അതിന്റെ പ്രയോക്താവായ പാർട്ടി ജനറൽ സെക്രട്ടറി ഷിൻ ജിൻ പിങ് ചെയ്തത്. ജീവൻ കാക്കാൻ ഈ നയം ഉതകിയെന്ന് അദ്ദേഹം പ്രസംഗിച്ചു. കോവിഡ് ബാധയെയും മരണങ്ങളെയും കുറിച്ചുള്ള ചൈനയുടെ കണക്കുകൾ വിശ്വസിക്കാമെങ്കിൽ ഈ അവകാശവാദം ശരിയാണ്. കോവിഡ് തുടങ്ങിയശേഷം ചൊവ്വാഴ്ചവരെ 5233 മരണങ്ങളേ അവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ഓരോ പത്തുലക്ഷം പേരിലും മൂന്നുമരണം മാത്രം. അമേരിക്കയിൽ ഇത് പത്തുലക്ഷത്തിന് മൂവായിരവും യു.കെ.യിൽ 2400-ഉം ആണ്. ചൈനയിൽ ചൊവ്വാഴ്ചവരെ കോവിഡ് ബാധിച്ചതാകട്ടെ 15.2 ലക്ഷം പേർക്കും.

നിയന്ത്രണങ്ങൾ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും സർക്കാർവിരുദ്ധ പ്രതിഷേധങ്ങൾക്ക്‌ പഞ്ഞമില്ലാതാകുകയും ചെയ്തതോടെ ചില ഇളവുകൾ അടുത്തിടെ നൽകിയിരുന്നു. കോവിഡ് ബാധിച്ചവരുടെ, സർക്കാർകേന്ദ്രങ്ങളിലെ ഐസൊലേഷൻ പത്തിൽനിന്ന് എട്ടുദിവസമാക്കി. അഞ്ചുദിവസം കേന്ദ്രങ്ങളിലും മൂന്നുദിവസം വീട്ടിലും. കോവിഡ് ബാധിതരുമായി അടുത്തിടപഴകിയവർ സർക്കാർകേന്ദ്രങ്ങളിൽ ഏഴുദിവസം കഴിയണമെന്ന നിബന്ധന അഞ്ചുദിവസമാക്കി. സെക്കൻഡറി കോൺടാക്ടിൽ വരുന്നവർ ആരെന്നു രേഖപ്പെടുത്തുന്നത് നിർത്തി. അതോടെ ഒട്ടേറെപ്പേർ ക്വാറന്റീനിൽനിന്ന് ഒഴിവായി. ഇക്കൊല്ലം ആദ്യം ഷാങ്ഹായി മുഴുവനായി അടച്ചിട്ടതുപോലെ ഒരു പ്രവിശ്യ മുഴുവനും അടച്ചിടേണ്ടെന്നുവെച്ചു.

കോവിഡിനുശേഷം ആദ്യമായി ഇക്കൊല്ലം മാർച്ച്മുതൽ അന്താരാഷ്ട്രവിമാനങ്ങളും അനുവദിച്ചു. പക്ഷേ, വീണ്ടും കോവിഡ് പടർന്നതോടെ ഡൈനാമിക് സീറോ നയത്തിന്റെപേരിൽ ലോക്ഡൗൺ കർശനമാക്കി.

ഉറുംഖിയിലെ തീ

ഷി ജിൻ പിങ് സർക്കാർ വർഷങ്ങളായി അടിച്ചമർത്തുന്ന ഉയ്ഗുർ മുസ്‌ലിങ്ങൾ പാർക്കുന്ന സിൻജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ ഉറുംഖിയിലെ ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ പത്തുപേർ മരിച്ചതാണ് സമീപകാലത്തൊന്നും ചൈന കാണാത്തവിധമുള്ള പ്രതിഷേധത്തിനിടയാക്കിയത്. കോവിഡ് നിയന്ത്രണത്തിന്റെപേരിൽ കെട്ടിടത്തിന്റെ വാതിലുകളും അഗ്നിരക്ഷാ കവാടങ്ങളും പോലും അധികൃതർ അടച്ചിരുന്നെന്ന് താമസക്കാർ പറയുന്നു. അതിനാൽ രക്ഷാപ്രവർത്തനം അസാധ്യമായി. എന്നാൽ, ‘തീരെ ദുർബലരായതിനാൽ സ്വയം രക്ഷപ്പെടാൻ കഴിയാതിരുന്നവരാണ് മരിച്ചത്’ എന്നാണ് ഔദ്യോഗിക വിശദീകരണം. ആ വിശദീകരണം എരിതീയിൽ എണ്ണയൊഴിച്ചു. പ്രതിഷേധം ആളിപ്പടർന്നു.

വടക്കുപടിഞ്ഞാറുള്ള ഉറുംഖിമുതൽ കിഴക്ക് ഷാങ്ഹായ്‌വരെ വിവിധ നഗരങ്ങളിൽ ജനങ്ങൾ കൂട്ടമായി തെരുവിലിറങ്ങി. ‘ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പുറത്തുപോകൂ’, ‘ഷി ജിൻപിങ് പുറത്തുപോകൂ’ എന്നീ മുദ്രാവാക്യങ്ങൾ ആദ്യമായി തെരുവുകളിലുയർന്നു. ഷിയുടെ പൂർവവിദ്യാലയമായ ബെയ്ജിങ്ങിലെ ത്‌സിൻഗുവ സർവകലാശാലയുൾപ്പെടെ വിവിധ സർവകലാശാലകളിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. 1989-ലെ ടിയാനെൻമെൻ കൂട്ടക്കുരുതിയിലേക്കു നയിച്ച പ്രതിഷേധങ്ങളെക്കാൾ വിപുലമായിരുന്നു അത്. എത്രപേർ അറസ്റ്റിലായി എന്നു വ്യക്തമല്ല. പ്രതിഷേധം ചിത്രീകരിച്ചോയെന്നറിയാൻ ഒട്ടേറെപ്പേരുടെ മൊബൈൽഫോണുകൾ പോലീസ് പരിശോധിച്ചു. ഉണ്ടായിരുന്ന ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു. ആവർത്തിച്ചാൽ ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തി. ചൊവ്വാഴ്ച തെരുവുകൾ പോലീസിനാൽ നിറഞ്ഞതോടെ പ്രതിഷേധങ്ങൾ തത്കാലത്തേക്കു ശമിച്ചു.

നീണ്ട അടച്ചിടൽകാരണം ആവശ്യത്തിന് ആഹാരം കിട്ടാത്ത, വരുമാനമാർഗം നഷ്ടപ്പെട്ട, മൗലിക അവകാശങ്ങൾ നിഷേധിക്കപ്പെട്ട ജനങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതിഷേധിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. മേയിൽ ബെയ്ജിങ്ങിലെ പെക്കിങ് സർവകലാശാലയിൽ നൂറുകണക്കിനു വിദ്യാർഥികൾ പരസ്യമായി പ്രതിഷേധിച്ചു. സർവകലാശാലാ വിദ്യാർഥികളെ വീട്ടിലിരുത്തി ചൈന ആ പ്രതിഷേധം ഒതുക്കി. ഒക്ടോബറിൽ ടിബറ്റൻ തലസ്ഥാനമായ ലാസയിൽ മൂന്നുമാസത്തോളംനീണ്ട പ്രതിഷേധമുണ്ടായി. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാം കോൺഗ്രസിനുമുമ്പ് ബെയ്ജിങ്ങിലെ പാലത്തിലുയർന്ന ബാനറുകൾ ജനരോഷത്തിന്റെ പ്രതീകമായിരുന്നു. ‘കോവിഡ് പരിശോധനയല്ല, ജീവിതമാർഗമാണ് എനിക്കു വേണ്ടത്. സാംസ്കാരിക വിപ്ലവമല്ല, പരിഷ്കാരമാണ് എനിക്കുവേണ്ടത്. അടച്ചിടലുകളല്ല, സ്വാതന്ത്ര്യമാണ് എനിക്കുവേണ്ടത്. നേതാക്കളെയല്ല, തിരഞ്ഞെടുപ്പാണ് എനിക്കുവേണ്ടത്. നുണകളല്ല, അന്തസ്സാണ് എനിക്കുവേണ്ടത്. ഞാൻ അടിമയാവില്ല, പൗരനാകും’ എന്നായിരുന്നു അതിലൊന്നിലെ വരികൾ. മറ്റേതിലാകട്ടെ, ‘രാജ്യദ്രോഹിയായ ഏകാധിപതി ഷി ജിൻ പിങ്ങിനെ പുറത്താക്കാനായി സമരം ചെയ്യൂ’ എന്ന ആഹ്വാനമായിരുന്നു.

വെള്ളത്താളുകൾ

വെള്ളിയാഴ്ച തുടങ്ങിയ പ്രതിഷേധത്തിൽ അപൂർവമായേ ഭരണവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങിയുള്ളൂ. ഭരണകൂടത്തെ തങ്ങൾക്കു വിളിക്കാനുള്ളതെല്ലാം ഒരക്ഷരമെഴുതാത്ത വെള്ളക്കടലാസിലൂടെ വിളിച്ചു പ്രതിഷേധക്കാർ. ഷാങ്ഹായിയിലും ബെയ്ജിങ്ങിലും ഷിയുടെ പാഠശാലയായിരുന്നു ത്‌സിഗുവ സർവകലാശാലയിലും നാൻജിങ്ങിലെ കമ്യൂണിക്കേഷൻ യൂണിവേഴ്‌സിറ്റി ഓഫ് ചൈനയിലുമെല്ലാം എഫോർ വലുപ്പമുള്ള വെള്ളക്കടലാസേന്തി ഒന്നുംമിണ്ടാതെ അവർ പ്രതിഷേധിച്ചു. ‘ഞങ്ങൾക്കു പറയാനുള്ളതെല്ലാം, എന്നാൽ, പറയാൻ കഴിയാത്തതെല്ലാം ശൂന്യമായ ഈ താളിലുണ്ട്’ എന്നാണ് അവർ പറഞ്ഞത്. സാമൂഹികമാധ്യമങ്ങളിൽ ജനങ്ങളിട്ട കോടിക്കണക്കിനു ലോക്ഡൗൺ വിരുദ്ധ പോസ്റ്റുകൾ സർക്കാർ നീക്കി അവിടം ശൂന്യമാക്കി. ഒന്നും മിണ്ടാനനുവദിക്കാത്ത സർക്കാരിനെതിരേയുള്ള പ്രതിഷേധത്തിന്റെ പ്രതീകമായി ആ എഴുതാത്താളുകൾ.

വാക്സിനെടുക്കാത്തവർ

കോവിഡിന്റെ ആദ്യനാളുകളിൽ ഫലപ്രദമായിരുന്നു ചൈനയുടെ നിയന്ത്രണരീതികൾ. പക്ഷേ, അതിവ്യാപനശേഷിയുള്ള ഒമിക്രോണിനുമുന്നിൽ പിടിച്ചുനിൽക്കാനാകുന്നില്ല. ശാസ്ത്രീയമെന്നും ഫലപ്രദമെന്നും പ്രായമായവരിലെ കൂട്ടമരണമൊഴിവാക്കിയെന്നുംപറഞ്ഞ് ലോക്ഡൗൺ നടപ്പാക്കുന്ന ചൈന, വാക്സിനേഷന്റെ കാര്യത്തിൽ പിന്നിലാണ്. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും പ്രായമായവർക്ക് ആദ്യം വാക്സിൻ നൽകിയപ്പോൾ ചൈന അതല്ല ചെയ്തത്. അവിടെ എൺപതുവയസ്സുകഴിഞ്ഞവരിൽ പകുതിപ്പേർക്കും ഒരു ഡോസ് വാക്സിൻപോലും കിട്ടിയിട്ടില്ല. വാക്സിൻ കിട്ടിയവരിൽത്തന്നെ 20 ശതമാനത്തിൽ താഴെപ്പേർക്കേ ബൂസ്റ്റർ ഡോസ് ലഭിച്ചിട്ടുള്ളൂ. 60-നും 69-നുമിടയിൽ പ്രായമുള്ളവരിൽ 60 ശതമാനത്തിൽത്താഴെപ്പേരേ രണ്ടുഡോസ് വാക്സിനും എടുത്തിട്ടുള്ളൂ.

സ്വന്തമായി വികസിപ്പിച്ച സിനോഫാം, സിനോവാക് വാക്സിനുകളാണ് ചൈന പ്രധാനമായും നൽകുന്നത്. ഇവയുടെ ഫലപ്രാപ്തിയെപ്പറ്റി സംശയമുണ്ട്. പഴയകാല വാക്സിനുകളിലെപ്പോലെ നിർജീവമാക്കിയ വൈറസ് ഉപയോഗിച്ചു തയ്യാറാക്കിയവയാണിത്. ഈ വാക്സിനുകളുടെ രണ്ടുഡോസുമെടുത്താലും ഒമിക്രോണിനെതിരേ പ്രതിരോധം കിട്ടില്ലെന്നാണ് പഠനഫലങ്ങൾ. കൂടുതൽ ഫലപ്രദമായ എം.ആർ.എൻ.എ. വാക്സിൻ നൽകാമെന്ന് പാശ്ചാത്യരാജ്യങ്ങൾ വാഗ്ദാനംചെയ്തെങ്കിലും ചൈനയ്ക്കു താത്പര്യമില്ല.

വ്യാപക വാക്സിനേഷനുപകരം നടപ്പാക്കുന്ന സീറോ കോവിഡ് നയം ചൈനീസ് സമ്പദ്‌വ്യവസ്ഥയെ ക്ഷീണിപ്പിച്ചുകഴിഞ്ഞു. കഴിഞ്ഞവർഷം 3.9 ശതമാനം മാത്രമായിരുന്നു സാമ്പത്തികവളർച്ച. ഫാക്ടറികളും തുറമുഖങ്ങളും നീണ്ടകാലം അടച്ചിട്ടത് ഒട്ടേറെ വിദേശകമ്പനികളെയും ബാധിച്ചു.

ലോകത്തിനുവേണ്ട ചരക്കിന്റെ മൂന്നിലൊന്നും ഉത്പാദിപ്പിക്കുന്ന ചൈനയിലെ നീണ്ട ലോക്ഡൗണും ലോകമിന്നനുഭവിക്കുന്ന പണപ്പെരുപ്പത്തിനു കാരണമാണ്. ചൈന ‘സീറോ കോവിഡ് നയം’ ഇളവു ചെയ്ത്, ഫലപ്രദമായ സമ്പൂർണ വാക്സിനേഷൻ നടപ്പാക്കേണ്ടത് അവിടെ സമരംചെയ്യുന്ന ജനങ്ങളുടെ മാത്രമല്ല, ലോകത്തിന്റെയും ആവശ്യമാണ്.

Content Highlights: China protests and zero covid policy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented