അങ്കമാലിയിലെ ആ 37 പെൺകുട്ടികൾ; സിന്തറ്റിക് മയക്കുമരുന്നിന്റെ കാണാലോകം


ജീവനായിരുന്ന അധ്യാപികമാരെയും ഒപ്പം പഠിച്ചിരുന്ന പെൺകുട്ടികളെയും അശ്ലീലക്കണ്ണോടെ നോക്കുന്ന സ്കൂൾ വിദ്യാർഥികൾ. കോവിഡ് കാലത്ത് ഇങ്ങനെ സ്വഭാവംമാറിയ കുട്ടികൾ ധാരാളം. കാരണം ഒന്നുമാത്രം ലഹരി. പല ­വിദ്യാലയങ്ങളിലെയും ­സൗഹൃദാന്തരീക്ഷംതന്നെ ­മാറിപ്പോയിരിക്കുന്നു. മാതൃഭൂമി അന്വേഷണം തുടരുന്നു

പ്രതീകാത്മക ചിത്രം

കോവിഡിനുശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ വീണ്ടും തുറന്നസമയം. കുട്ടികൾക്കായും സ്ത്രീകൾക്കായും കൗൺസലിങ് ഉൾപ്പെടെ നൽകുന്ന തിരുവനന്തപുരം ആസ്ഥാനമായ ‘അർധ’ എന്ന സ്ഥാപനത്തിലേക്ക് ഒട്ടേറെ ഫോൺവിളികൾ വന്നു. തിരുവനന്തപുരം, കോട്ടയം ജില്ലകളിൽനിന്നുള്ള അധ്യാപകരാണ് വിളിക്കുന്നവരിൽ കൂടുതലും. ‘ലോക്ഡൗണിനുശേഷം വിദ്യാർഥികളുടെ മനോഭാവം വല്ലാതെ മാറി, കുട്ടികൾക്ക് കൗൺസലിങ് വേണം.’ ഇതായിരുന്നു അവരുടെ പ്രധാന ആവശ്യം.

അഞ്ചുമുതൽ 12-ാം ക്ലാസ് വരെയുള്ള ആൺകുട്ടികളിലാണ് പ്രധാനമായും മാറ്റംവന്നത്. അധ്യാപികമാരോടും സഹപാഠികളായ പെൺകുട്ടികളോടുമുള്ള സമീപനം അപ്പാടെ മാറി. ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോൾ അവരുടെ ‘ഗ്യാങ്ങിന്’ മാത്രം മനസ്സിലാകുന്ന ഭാഷയിൽ അശ്ലീലം പറയുന്നു. അമ്മയെപ്പോലെ കാണേണ്ട കുട്ടികൾ, അശ്ലീലക്കണ്ണോടെ നോക്കുന്നു ഇതൊക്കെയായിരുന്നു അധ്യാപികമാരുടെ പരാതി.

കൗൺസലിങ്ങിനായി വിദ്യാലയങ്ങളിലെത്തിയപ്പോഴാണ് കോവിഡ് കാലത്തെ അടച്ചിടൽ വിദ്യാർഥികളുടെ മാനസികനിലയെ എങ്ങനെ ബാധിച്ചെന്ന് വ്യക്തമായതെന്ന് ‘അർധ’യുടെ മാനേജിങ് ഡയറക്ടർ ജിഷാ ത്യാഗരാജൻ പറയുന്നു.

കോവിഡിന്റെ ഇരകൾ

ലോക്ഡൗൺ കാലത്ത് വിദ്യാർഥികളിൽത്തന്നെ രണ്ടുവിഭാഗമുണ്ടായിരുന്നു. ഒന്ന് വീടിനുള്ളിൽ കഴിച്ചുകൂട്ടിയവർ. കളിക്കുന്നതിനും സുഹൃത്തുക്കളെ കാണുന്നതിനുമായി പുറത്തുപോയവരാണ് രണ്ടാമത്തെ വിഭാഗം. വീടിനുള്ളിൽ കഴിഞ്ഞവർ കൂടുതലും നഗരപ്രദേശത്തെ കുട്ടികളാണ്. ഗ്രാമപ്രദേശങ്ങളിലുള്ള വിദ്യാർഥികൾ നല്ലൊരുഭാഗവും മിക്കദിവസവും പുറത്തിറങ്ങി. പോലീസ് പരിശോധനയും മറ്റും ഉൾഗ്രാമങ്ങളിൽ എത്താത്തത് ഇതിന് സഹായകമായി. വീടിനുള്ളിൽ കഴിഞ്ഞവർക്ക് മൊബൈൽ ഫോണായിരുന്നു ലഹരി. പുറത്തിറങ്ങിയ കുട്ടികളിൽ പലരും മയക്കുമരുന്നിനും മൊബൈൽഫോണിനും ഒരുപോലെ അടിമയായി. ലഹരിയും അശ്ലീല ഉള്ളടക്കമുള്ള വീഡിയോകളും ഇവർക്ക് യഥേഷ്ടം കിട്ടി. ഇതോടെയാണ് അധ്യാപികമാരെയും സഹപാഠികളായ പെൺകുട്ടികളെയും മറ്റൊരു കണ്ണോടുകൂടി ഇവർ കാണാൻ തുടങ്ങിയത്.

മയക്കുമരുന്നുപയോഗിക്കുന്ന വീഡിയോകളും ടി.വി. സീരീസുകളും പരസ്പരം പങ്കിടുന്നതും ഉപയോഗിക്കാൻ കൂട്ടുകാരെ പ്രേരിപ്പിക്കുന്നതും പതിവാണെന്നും കൗൺസലിങ്ങിൽ പങ്കെടുത്ത കുട്ടികൾ പറയുന്നു. മയക്കുമരുന്ന് ഉപയോഗിച്ച് രാത്രി ഉറങ്ങാതെ ഗെയിം കളിക്കുന്നവരും ഏറെയാണ്. വിജയിക്കുംവരെ കളിക്കുകയാണ് അവരുടെ രീതി. വല്ലാത്തൊരു അവസ്ഥയിലാണ് പല കുട്ടികളും ഇപ്പോഴെന്ന് കൗൺസലിങ്ങുകൾക്ക് നേതൃത്വം വഹിച്ച ജിഷാ ത്യാഗരാജൻ പറയുന്നു. അടുത്തേക്ക് വിളിച്ചൊന്ന് ആശ്വസിപ്പിക്കാൻ പോലും പറ്റാത്ത രീതിയിലേക്ക് കുട്ടികൾ മാറിയെന്നാണ് അധ്യാപികമാരുടെ സങ്കടം.

അങ്കമാലിയിലെ 37 പെൺകുട്ടികൾ

മയക്കുമരുന്നിനുപിന്നാലെ പോകുന്നത് കൂടുതലും ആൺകുട്ടികളാണെന്നാണ് പൊതുവേയുള്ള പറച്ചിൽ. എന്നാൽ, അങ്കമാലിക്കടുത്ത നിർമൽ നികേതൻ എന്ന ലഹരിവിമുക്തി കേന്ദ്രത്തിൽനിന്നുള്ള കണക്കുകൾ വ്യത്യസ്തമാണ്. കഴിഞ്ഞ 14 മാസത്തിനിടെ മയക്കുമരുന്നിന് ഇരകളായി ഇവിടെ ചികിത്സതേടിയെത്തിയ 85 പേരിൽ 37-ഉം പെൺകുട്ടികൾ. എല്ലാവരും 18 വയസ്സിൽ താഴെയുള്ളവർ. ലോക്ഡൗൺ സമയത്തെ മൊബൈൽ ഫോണിന്റെ അമിതോപയോഗമാണ് മിക്കവരെയും ലഹരിവലയിൽ വീഴ്ത്തിയതെന്ന് പ്രോജക്ട്‌ കോ-ഓർഡിനേറ്റർ സിസ്റ്റർ ഷീജ പാറേക്കാട്ടിൽ പറയുന്നു. കുട്ടികളെല്ലാവരും സിന്തറ്റിക് മയക്കുമരുന്നിന് അടിമപ്പെട്ടവരായിരുന്നു.

ചികിത്സ പൂർത്തിയാക്കി ചിലർ ഇതിനോടകം മടങ്ങി. ഇവർ വീണ്ടും ലഹരിക്കെണിയിൽ വീഴാതിരിക്കാൻ 15 ദിവസം കൂടുമ്പോൾ ഓരോരുത്തരുടെയും സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. എന്നിട്ടും ചികിത്സ പൂർത്തിയാക്കിപ്പോയ ഒരാൾ വീണ്ടും ലഹരിക്കടിമയായി. വിമുക്തികേന്ദ്രങ്ങളിലുള്ളവരെ ആശങ്കയിലാക്കുന്നത് മോചിതരായവർക്കുമേൽ ലഹരി ഇങ്ങനെ വീണ്ടും പിടിമുറുക്കുന്നതാണ്.

ഒരു പതിറ്റാണ്ടിൽ 36,134 കേസ്

മയക്കുമരുന്നുകടത്തിന് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ എക്സൈസ് വകുപ്പെടുത്ത കേസ്‌ 36,134 ആണ്. 2018-ലും 2019-ലുമാണ് കൂടുതൽ കേസുകൾ. കോവിഡ് കാലത്തു പരിശോധന കുറവായിരുന്നു. അതിനാൽ കേസുകളും കുറഞ്ഞു. ഈ വർഷം ആദ്യത്തെ മൂന്നുമാസം കൊണ്ടുതന്നെ കേസുകളുടെ എണ്ണം ആയിരംകടന്നു.

വർഷംകേസ്‌
2012 563
2013 793
2014 970
2015 1430
2016 2985
2017 5946
20187573
20197099
2020 3667
2021 3922
2022 1186 ഏപ്രിൽ വരെ
മയക്കുമരുന്ന് ‘ഊർജം’ പകരുമോ?

‘മയക്കുമരുന്ന് അല്പം ഉപയോഗിക്കുന്നത് നല്ലതാണ്. നല്ല ഊർജവും ഉൻമേഷവും കിട്ടും. നന്നായി ‘പെർഫോം’ചെയ്യാൻ സാധിക്കും. മയക്കുമരുന്നിനെ വെളുപ്പിക്കാൻ പലരുമുയർത്തുന്ന വാദമാണിത്. യുവാക്കൾക്കിടയിൽ ഈ വാദത്തിന് വലിയ സ്വീകാര്യതയുമുണ്ട്. യഥാർഥത്തിൽ മയക്കുമരുന്ന് ഊർജം പകരുമോ?

വസ്തുത

മയക്കുമരുന്ന് ഉപയോഗം അപകടകരമായ ഉൻമേഷവും ഊർജവുംമാത്രമേ നൽകുകയുള്ളൂ. നമ്മുടെ തലച്ചോറിന്റെ മുൻഭാഗത്ത് ഡോപമിൻ എന്ന രാസവസ്തു ഉണ്ട്. നമ്മുടെ ശരീരത്തിൽ ശ്രദ്ധയുടെയും ഏകാഗ്രതയുടെയും നിയന്ത്രണംവഹിക്കുന്ന രാസവസ്തുവാണിത്. ഡോപമിൻ കൂടുമ്പോഴാണ് സന്തോഷം കിട്ടുക. കളിക്കുമ്പോൾ, പാട്ടുകേൾക്കുമ്പോൾ, മറ്റുള്ളവരുമായി നല്ലകാര്യങ്ങൾ സംസാരിക്കുമ്പോൾ... അങ്ങനെ ആരോഗ്യകരമായ വിനോദങ്ങളിൽ ഏർപ്പെടുമ്പോഴൊക്കെ ഡോപമിന്റെ അളവു വളരെ സാവധാനംകൂടും. അതും ഒരു പരിധിവരെ മാത്രം. പിന്നെ പതിയെ ആ അളവു കുറഞ്ഞ് സാധാരണനിലയിലാകും.

ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോഴും ഡോപമിന്റെ അളവുകൂടും. പൊടുന്നനെ, കുത്തനെയാണ് ഈ അളവ് കൂടുക. അത് മിഥ്യാ അനുഭവങ്ങളും മിഥ്യാവിശ്വാസങ്ങളും നമ്മളിലുണ്ടാക്കും. ഇല്ലാത്തത് ഉണ്ടെന്ന് തോന്നുക, ആരോ ഉപദ്രവിക്കാൻ വരുന്നുണ്ടെന്ന് തോന്നുക, ചെവിയിൽ അശരീരി ശബ്ദങ്ങൾ മുഴങ്ങുന്നതായി അനുഭവപ്പെടുക എന്നീ ലക്ഷണങ്ങൾ കാണിക്കും. കുത്തനെകൂടുന്ന ഡോപമിൻ കുത്തനെത്തന്നെ കുറയുകയാണ് ചെയ്യുക. അങ്ങനെ കുറയുമ്പോൾ ഒന്നുംചെയ്യാൻ താത്പര്യമില്ലാത്ത അവസ്ഥയിലേക്ക് മനസ്സുമാറും. പഠിക്കാൻ താത്പര്യമില്ല, ജോലി ചെയ്യാൻ ഇഷ്ടമില്ല, സംസാരിക്കാൻ വിമുഖത... ഇതൊക്കെയാകുംപിന്നെ. വീട്ടിൽത്തന്നെ മുറിയടച്ച് ഒന്നുംചെയ്യാതെയിരിക്കും.

ചിത്തഭ്രമത്തിന് ഇടയാക്കും - ഡോ. അരുൺ ബി. നായർ(മാനസികാരോഗ്യ വിദഗ്‌ധൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ്)

മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ ഡോപമിന്റെ അളവു പരിധിവിടും. രക്തത്തിൽ ഗ്ലൂക്കോസിനുള്ള അതേ പ്രധാന്യമാണ് തലച്ചോറിൽ ഡോപമിനുള്ളത്. ഗ്ലൂക്കോസ് കുറഞ്ഞാൽ ക്ഷീണമുണ്ടാകും. ഒരു പരിധിയിൽകൂടിക്കഴിഞ്ഞാൽ പ്രമേഹമെന്ന രോഗമാകും. വല്ലാതെ കൂടിയാൽ മരണത്തിനുംകാരണമാകും. ഡോപമിന്റെ കാര്യവും അങ്ങനെത്തന്നെ. പതുക്കെ കൂടുമ്പോൾ ഒരു സന്തോഷവും ഉന്മേഷവുമൊക്കെ വരുന്നതായി തോന്നും. ലഹരിമരുന്ന് ഉപയോഗിക്കുമ്പോൾ ആ പരിധിവിടും. ചിത്തഭ്രമത്തിലേക്കാകും അത് നയിക്കുക.


തയ്യാറാക്കിയത്‌ ടീം മാതൃഭൂമി
അനു എബ്രഹാം, രാജേഷ് കെ. കൃഷ്ണൻ, കെ.ആർ. അമൽ, കെ.പി. ഷൗക്കത്തലി, പ്രദീപ് പയ്യോളി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented