പറന്നുയരാതെ എയര്‍സ്ട്രിപ്, കടലാസ്സിലെ ബദല്‍പാതകള്‍, പാഴ്‌വാഗ്ദാനങ്ങളാല്‍ പറ്റിക്കപ്പെടുന്ന വയനാട്‌


നീനു മോഹൻ

പാഴ്‌വാഗ്ദാനങ്ങള്‍ കൊണ്ട് പറ്റിക്കപ്പെടുന്ന വയനാട്‌

വയലുകൾ കൊണ്ട് നിറഞ്ഞ വയൽനാട് എന്ന ഈ പ്രദേശം വയനാട് ജില്ലയായി രൂപവത്കൃതമായിട്ട് ഇന്നേക്ക് 42 വർഷമാവുന്നു| ഫോട്ടോ : എംവി സനോജ്‌

ചുരത്തിനുമുകളില്‍ ജനതയുണ്ടെന്ന് ഭരിക്കുന്നവര്‍ ഒരിക്കലും ഓര്‍ക്കാറേയില്ല. ജില്ല രൂപവത്കരിക്കപ്പെട്ട 1980 മുതല്‍ വാഗ്ദാനങ്ങളാല്‍ പറ്റിക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ് വയനാട്ടുകാര്‍. തീവണ്ടിയും ബദല്‍പ്പാതകളുമൊക്കെ പതിറ്റാണ്ടുകളായി കേട്ടുമടുത്തതാണ്. ചുരത്തില്‍ കുരുങ്ങി മനുഷ്യജീവനുകള്‍ പൊലിയാതിരിക്കാന്‍ ഒരു മെഡിക്കല്‍ കോളേജ് വേണമെന്ന ആവശ്യംപോലും എന്നു നടക്കുമെന്നുറപ്പില്ല.

സര്‍വതലസ്പര്‍ശിയായ അഭിവൃദ്ധി' -1980-ല്‍ വയനാട് എന്ന പുതിയ ജില്ലയുടെ രൂപവത്കരണവേളയില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഊന്നിപറഞ്ഞത് ഈ നാട് അഭിവൃദ്ധിപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു. സാമ്പത്തികവളര്‍ച്ചയ്ക്ക് ജില്ലാ രൂപവത്കരണം തുണയാകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വയനാട് ഊറ്റംകൊണ്ടു. നാലു പതിറ്റാണ്ടിനിപ്പുറം 42-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ പ്രഖ്യാപിച്ചിട്ടും നടപ്പാക്കാതെപോയ പദ്ധതികളുടെ ശിലാഫലകങ്ങളാണ് വയനാട്ടിലെങ്ങും. ബദല്‍പ്പാതകളിലും റെയില്‍വേയിലും തുടങ്ങി, ഇങ്ങേയറ്റത്ത് മെഡിക്കല്‍ കോളേജില്‍വരെ എത്തിനില്‍ക്കുന്നു.ഓരോ പദ്ധതിയെയും തുടര്‍ന്നുള്ള വിവാദങ്ങള്‍, പിന്നാലെ നിശ്ചലാവസ്ഥ... സര്‍വതലസ്പര്‍ശിയായ അഭിവൃദ്ധി ഇപ്പോഴും ചുരംകയറിയിട്ടില്ല. ഗതാഗതസൗകര്യം, ആരോഗ്യം, അടിസ്ഥാനസൗകര്യവികസനം തുടങ്ങി പ്രധാനമേഖലകളില്‍ ഇപ്പോഴും സംസ്ഥാനത്തെ മറ്റുജില്ലകളെക്കാള്‍ പിന്നാക്കമാണ് വയനാട്. മനുഷ്യ-വന്യജീവി സംഘര്‍ഷമുള്‍പ്പെടെ പുതിയ പ്രതിസന്ധികള്‍ വേറെയും. കാടും നാടും ഇടകലര്‍ന്ന വയനാടിന്റെ സവിശേഷതകളും വരുംകാല ആവശ്യങ്ങളും പരിഗണിച്ചുകൊണ്ടുള്ള വികസനമാണ് ഇന്നും വയനാട് ചര്‍ച്ചചെയ്യുന്നത്.

വയനാട് ജില്ല

പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്ന് അനുഗൃഹീത പ്രകൃതിയും കാലവസ്ഥയുമുള്ള വയനാട് സഞ്ചാരികളുടെ പ്രിയഇടങ്ങളിലൊന്നാണ്. കര്‍ണാടകം, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തിപങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്. ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനം. ആദിമകാലംമുതല്‍ ഈ പ്രദേശത്ത് മനുഷ്യവാസം ഉണ്ടെന്നതിന്റെ ശക്തമായ തെളിവുകള്‍ എടക്കല്‍ ഗുഹകളിലെ ലിഖിതചിത്രങ്ങളില്‍നിന്നു ലഭിക്കുന്നു. 1980-ല്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളുടെ ഭാഗമായിരുന്ന പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ജില്ല രൂപവത്കരിക്കുന്നത്. ജനസംഖ്യയില്‍ നല്ലൊരു ശതമാനം ഗോത്രവിഭാഗങ്ങളില്‍നിന്നുള്ളവരാണ്.

  • വിസ്തീര്‍ണം- 2132 ചതുരശ്ര കി.മീ.
  • ജനസംഖ്യ- 8,16,558
  • താലൂക്ക്- മൂന്ന് (വൈത്തിരി, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി)
  • ബ്ലോക്ക് പഞ്ചായത്ത്- നാല് (കല്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, പനമരം)
  • നഗരസഭ- മൂന്ന് (കല്പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി)
  • ഗ്രാമപ്പഞ്ചായത്ത്- 23
പറന്നുയരാതെ എയര്‍സ്ട്രിപ്

ചെറുവിമാനങ്ങള്‍ക്ക് വന്നിറങ്ങാനും പറന്നുയരാനും സൗകര്യമുള്ള എയര്‍സ്ട്രിപ്പും വയനാട്ടില്‍ പലകാലങ്ങളില്‍ ആലോചനയിലുണ്ടായിരുന്നു. മാതമംഗലം, ചീക്കല്ലൂര്‍ ഉള്‍പ്പെടെ പരിഗണിക്കപ്പെട്ട സ്ഥലങ്ങളെല്ലാം നെല്‍ക്കൃഷി നടക്കുന്ന വലിയ പാടശേഖരങ്ങളായതിനാല്‍ എതിര്‍പ്പുയര്‍ന്നു. സാധ്യതാ പഠനം പോലും നടത്താതെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ടൂറിസം സാധ്യതകളും എയര്‍ ആംബുലന്‍സ് എന്ന ആവശ്യവും പരിഗണിക്കുമ്പോള്‍ നടപ്പാക്കേണ്ട പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് എയര്‍സ്ട്രിപ്പ്.

കടലാസ്സിലെ ബദല്‍പാതകള്‍

നിര്‍മാണം തുടങ്ങി 70 ശതമാനം പ്രവൃത്തിയും പൂര്‍ത്തീകരിച്ചതിനുശേഷം മുടങ്ങിപ്പോയൊരു പദ്ധതിയാണ് പടഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പ്പാത. 1994-ല്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഉദ്ഘാടനം നടത്തി. നിര്‍ദിഷ്ട പാതയുടെ 13 കിലോമീറ്ററോളം ദൂരം വനത്തിലൂടെയാണ് കടന്നുപോകുന്നത്.

52 ഏക്കര്‍ വനഭൂമി റോഡിനായി ഉപയോഗപ്പെടുത്തേണ്ടിവരും. രൂപരേഖ തയ്യാറാക്കിയ കാലത്തുതന്നെ ഉപയോഗിക്കേണ്ട വനഭൂമിക്ക് പകരം 108 ഏക്കര്‍ ഭൂമി കൈമാറി. എന്നിട്ടും കേന്ദ്ര വനംമന്ത്രാലയം ബദല്‍പ്പാതയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. കൈമാറിയ ഭൂമി വനമായിട്ടും റോഡിപ്പോഴും സ്വപ്നമായി അവശേഷിക്കുകയാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍കമ്മിറ്റി രൂപവത്കരിച്ച് ഇപ്പോഴും പ്രതിഷേധം തുടരുന്നുണ്ട്.

ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡും ഒരു ഘട്ടത്തില്‍ പരിഗണനയിലുണ്ടായിരുന്നെങ്കിലും കേന്ദ്രാനുമതി നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു.

കുഞ്ഞോം-വിലങ്ങാട് റോഡ്, തലപ്പുഴ 44-അമ്പായത്തോട് റോഡ് തുടങ്ങി ചുരമില്ലാ ബദല്‍പ്പാതകളും പലകുറി ചര്‍ച്ചയായെങ്കിലും കാര്യമുണ്ടായില്ല.

നിലവില്‍ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപ്പാതയിലാണ് പ്രതീക്ഷ. ബജറ്റില്‍ രണ്ടുകോടി രൂപ വകയിരുത്തിയ പദ്ധതി നടപ്പാക്കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്.

മെഡിക്കല്‍ കോളേജ് എവിടെ വരും

മെഡിക്കല്‍ കോളേജിന് അനുയോജ്യമായ സ്ഥലമാണിപ്പോള്‍ ജില്ലയിലെ ചര്‍ച്ച. വിവാദങ്ങളില്‍ മുങ്ങി, മെഡിക്കല്‍ കോളേജും സ്വപ്നമായി അവശേഷിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. കൈയിലുണ്ടായിരുന്ന സ്ഥലത്തില്‍ നിലപാടുപറയാതെ, അനുയോജ്യമായ സ്ഥലം അന്വേഷിച്ചുനടക്കുന്ന സര്‍ക്കാര്‍ തന്നെയാണ് കാലതാമസത്തിന് ഉത്തരവാദി.

കല്പറ്റ മടക്കിമലയില്‍ അമ്പതേക്കര്‍ കാപ്പിത്തോട്ടം ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി നല്‍കിയതോടെയാണ് മെഡിക്കല്‍ കോളേജെന്ന കാലങ്ങളായുള്ള സ്വപ്നം യാഥാര്‍ഥ്യത്തിലേക്കടുത്തത്. 2015 ജൂലായില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടു. പിന്നാലെവന്ന ഇടതുസര്‍ക്കാര്‍ മടക്കിമലയിലെ ഭൂമിയിലേക്ക് റോഡ് പ്രവൃത്തി തുടങ്ങി. ഏറെ പ്രതീക്ഷയോടെയാണ് വയനാട്ടുകാര്‍ ഇത് നോക്കിക്കണ്ടത്. എന്നാല്‍, 2019-ലെ പ്രളയത്തിനുപിന്നാലെ മടക്കിമല അനുയോജ്യമല്ലെന്ന് വാദമുയര്‍ത്തി മറ്റിടങ്ങളില്‍ ഭൂമി അന്വേഷിക്കാന്‍ തുടങ്ങി.

സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകളും നടന്നു. കണ്ണൂര്‍ അതിര്‍ത്തിയില്‍ ബോയ്സ് ടൗണിലെ ഭൂമിയാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. മുമ്പ് ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനായി പരിഗണിച്ചിരുന്ന സ്ഥലമാണിത്.

എന്നാല്‍, ഇന്‍സ്റ്റിറ്റ്യൂട്ടും നടപ്പായില്ല. നിലവില്‍ മെഡിക്കല്‍ കോളേജിനായി അതിര്‍ത്തിയിലെ സ്ഥലം എടുക്കാതെ എല്ലാഭാഗത്തുനിന്നുള്ളവര്‍ക്കും എളുപ്പം എത്തിപ്പെടാവുന്നരീതിയിലുള്ള ഭൂമി പരിഗണിക്കണമെന്നാണ് ആവശ്യമുയരുന്നത്. താത്കാലികമായി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജായി ഇത് വികസിപ്പിക്കാന്‍ കൂടുതല്‍ സ്ഥലം വേണം. ഈ സ്ഥലമെടുപ്പ് അനിശ്ചിതാവസ്ഥയിലാണ്.

Content Highlights: Challenges of Wayand, 42 birth anniversary, issues, medical college, road development


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented