thirunelveli caste murder
 കൊലപാതകം നടന്നയിടത്ത് പോലീസ് നായ
മണം പിടിക്കുന്നു 

വകുടീരങ്ങള്‍ക്കുമേല്‍ ശവകുടീരങ്ങള്‍. ശവഘോഷയാത്രകള്‍ അടുത്ത ഒന്നിനുള്ള കോപ്പുകൂട്ടലാകുന്നു. പെരിയാറിന്റെ നാട്ടില്‍ ജാതി ഉറഞ്ഞു തുള്ളുന്നു, വാളും മഴുവുമെടുത്ത് മനുഷ്യരെ പച്ചയ്ക്ക് വെട്ടിത്തുണ്ടമാക്കുന്നു. എത്ര കുടുംബങ്ങളാണെന്നോ അനാഥമാകുന്നത്. എത്ര തലമുറയിലേക്കാണെന്നോ പകയുടെ തീ കൈമാറ്റം ചെയ്യപ്പെടുന്നത്. ഭീതിതം എന്ന വാക്ക് മാത്രമേ ഈ അവസ്ഥയെ വിശേഷിപ്പിക്കാനുള്ളു.

തിരുനെല്‍വേലി നമ്മുടെ അതിര്‍ത്തി ജില്ലയാണ്. മലയാളികളുമായി നല്ല ബന്ധം സൂക്ഷിക്കുന്ന അനേകര്‍ താമസിക്കുന്നയിടം. നമുക്ക് പ്രിയപ്പെട്ട ഒരുപാട് കാഴ്ചകളുള്ള, നിരവധി സഞ്ചാര കേന്ദ്രങ്ങളുള്ളയിടം. എന്റെ ക്യാമറാമാന്‍ നെല്ലൈ മുരുകന്‍ അന്നാട്ടുകാരനാണ്. 'നെല്ലൈ' എന്നാല്‍ തിരുനെല്‍വേലിയുടെ ചുരുക്കെഴുത്താണ്. കോയമ്പത്തൂരിനെ കോവൈ എന്ന് പറയും പോലെ. ആ നാട്ടിലെ മനുഷ്യരേയും അവിടുത്തെ സംസ്‌കാരത്തേയും കുറിച്ചെല്ലാം മുരുകണ്ണന്‍ പറഞ്ഞറിഞ്ഞിട്ടുണ്ട്. അവധിക്ക് നാട്ടില്‍പ്പോയി വന്ന പല തവണ അദ്ദേഹം ആ ഇടത്തിന്റെ സൗന്ദര്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി കാണിച്ചു തന്നിട്ടുമുണ്ട്. മാനംമുട്ടേ ഉയര്‍ന്ന മലമുകളിലെ പൊക്കം കുറഞ്ഞ മരങ്ങള്‍, മഴക്കാലത്തെ അവയുടെ പച്ചപ്പ്, പിന്നീട് താമരഭരണിയായി ഒഴുകി കടലില്‍ പതിക്കുന്ന നീരരുരുവികളുടെ സൗന്ദര്യം, അങ്ങനെ പലതും.

ആദ്യമായി ആ നാടിന്റെ ജാതിയെക്കുറിച്ച് ഞാനദ്ദേഹത്തോട് ചോദിച്ചത് രണ്ട് വര്‍ഷം മുന്‍പാണ്. അശോക് എന്ന ഒരു ചെറുപ്പക്കാരന്‍ ജാതിവെറിയുടെ കൊലക്കത്തിക്ക് ഇരയായപ്പോള്‍. ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു അശോക്. ജാതിയുടെ മതിലുകള്‍ പൊളിക്കാന്‍ ശ്രമിച്ചവന്‍. അമ്മയേയും ബൈക്കിന് പിന്നിലിരുത്തി, മേല്‍ജാതിക്കാരെന്ന് സ്വയം അവകാശപ്പെടുന്നവരുടെ തെരുവിലൂടെ ബൈക്കോടിച്ചതിന് അവര്‍ ആ ചെറുപ്പക്കാരനെ വെട്ടിക്കൊന്നു. രാത്രി തൊഴിലിടത്തിലേക്ക് പോകും വഴിയായിരുന്നു ആ ക്രൂര കൊലപാതകം.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍  JOIN  whatsappgroup

ജാതിക്കോളനികള്‍, ജാതിക്ക് മാത്രമായുള്ള ക്ഷേത്രങ്ങള്‍. ഓരോ ജാതിക്കാരുടേയും ഗ്രാമത്തിലെ നാട്ടാമകള്‍(ജാതിഗ്രാമത്തിലെ മുഖ്യന്‍). നിയമ വ്യവസ്ഥയ്ക്കപ്പുറത്ത് അവര്‍ നടപ്പിലാക്കിയിരുന്ന ചില അലിഖിത നിയമങ്ങള്‍. ജാതിയുടെ അതിരുകള്‍, ഇവയെല്ലാം മുരുകണ്ണന്‍ പറഞ്ഞു തന്നു. മത വിരുദ്ധമായ, ജാതി വിരുദ്ധമായ ആശയത്തെ ജനങ്ങളിലേക്ക് പടര്‍ത്താന്‍ ശ്രമിച്ച പെരിയാറിന്റെ നാട് എത്രത്തോളം ജാതിയില്‍ പൂഴ്ന്നു കിടക്കുന്നുവെന്ന് ഒരിക്കല്‍ക്കൂടി അന്ന് ബോധ്യപ്പെട്ടു.

ഇപ്പോള്‍ തിരുനെല്‍വേലിയെക്കുറിച്ച് ഓര്‍ക്കാനും പറയാനും കാരണമുണ്ട്. പരിഷ്‌കൃത സമൂഹത്തില്‍ ഒരിക്കലും നടക്കരുതാത്ത കാര്യങ്ങള്‍ നടക്കുന്നു ആ നാട്ടില്‍. ജന്‍മിയുടെ തലവെട്ടിയെടുത്ത് ഗേറ്റിന് മുകളില്‍ വെച്ചു എന്നെല്ലാം പഴയ നക്സലൈറ്റ് കഥകളില്‍ നമ്മള്‍ കേട്ടിട്ടില്ലെ. അതിനെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍. രണ്ട് കൊലപാതകത്തിന്റെ കഥ.

സപ്തംബര്‍ 13 ന് രാത്രി. തിരുനെല്‍വേലിയിലെ വടുവൂര്‍പ്പട്ടി എന്ന സ്ഥലം. അവിടുത്തെ മദ്യശാലയ്ക്ക് സമീപം നില്‍ക്കുകയായിരുന്നു ശങ്കര സുബ്രഹ്‌മണ്യം. ഒരു സംഘം ആളുകളെത്തി വാളും മഴുവുമെല്ലാം ഉപയോഗിച്ച് ശങ്കര സുബ്രഹ്‌മണ്യത്തെ വെട്ടി നുറുക്കി. തലമാത്രം വെട്ടിയരിഞ്ഞ് കയ്യിലെടുത്തു. ദൂരെയുള്ള ഒരു കുഴിമാടത്തില്‍ വെച്ചാണ് ആ തല പോലീസ് കണ്ടെടുത്തത്. 2013ല്‍ മന്തിരം എന്ന ഒരു ദളിതന്‍ കൊല്ലപ്പെട്ടിരുന്നു. ആ മന്തിരത്തിന്റെ കുഴിമാടത്തിന് മുകളില്‍ ശങ്കര സുബ്രഹ്‌മണ്യത്തിന്റെ വെട്ടിയെടുത്ത തലവെച്ച് കൊലപാതകികള്‍ പോയി. അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞ കാര്യം മന്തിരത്തെ കൊന്നവര്‍ക്ക് സഹായം ചെയ്ത കൂട്ടത്തില്‍ ശങ്കര സുബ്രഹ്‌മണ്യമുണ്ട് എന്ന് ഒരു വിഭാഗം വിശ്വസിച്ചിരുന്നുവെന്നാണ്. തേവര്‍ വിഭാഗത്തില്‍പ്പെട്ട ശങ്കര സുബ്രഹ്‌മണ്യത്തിന്റെ കൊലപാതകത്തിന് കാരണം മന്തിരത്തിന്റെ കൊലപാതകമാണ് എന്ന നിഗമനത്തിലേക്ക് കാര്യങ്ങള്‍ എത്തി. 38 വയസ്സായിരുന്നു സുബ്രഹ്‌മണ്യത്തിന്.

ഉയര്‍ന്ന ജാതിക്കാര്‍ എന്ന് സ്വയം വിളിക്കുന്നവരുടെ മുന്നില്‍ കാല്‍കയറ്റിവെച്ച് ഇരുന്നു എന്ന കുറ്റം പറഞ്ഞാണ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശിവഗംഗയില്‍ ദളിത് യുവാക്കളെ ഒരു സംഘം വെട്ടിക്കൊന്നത്.

അധികം വൈകിയില്ല. ആ പരമ്പരയിലെ കൊലപാതകം തുടര്‍ന്നു. സപ്തംബര്‍ 15ന് പട്ടാപ്പകല്‍. ഗോപാലസമുദ്രം എന്ന സ്ഥലം. മാരിയപ്പന്‍ എന്നു പേരുള്ള കര്‍ഷകനെ ഒരു സംഘം വെട്ടിക്കൊന്നു. തലവെട്ടിയെടുത്തു. ആ തല കണ്ടെടുത്തത് ശങ്കര സുബ്രഹ്‌മണ്യം കൊല്ലപ്പെട്ടയിടത്ത് വെച്ച്. മാരിയപ്പന് 35 വയസ്സാണ്. ദളിതനാണ്. 2014ലെ ഒരു ജാതിക്കൊലപാതകക്കേസിലെ പ്രതിയുമാണ്.

thirunelveli caste murder
 കൊലപാതകം നടന്നയിടം പോലീസ്
പരിശോധിക്കുന്നു 

2013ല്‍ കൊല്ലപ്പെട്ട മന്തിരത്തിന്റെ മകന്‍ മഹാരാജന്‍ ഉള്‍പ്പെടെ ആറ് പേരെ ശങ്കരസുബ്രഹ്‌മണ്യത്തെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. 20 വയസ്സുകാരനാണ് മഹാരാജന്‍. മാരിയപ്പനെ കൊന്നകേസില്‍ എട്ട് പേരാണ് അറസ്റ്റിലായത്. മകന്‍ മഹാരാജന് 13 വയസ്സുള്ളപ്പോഴാണ് മാരിയപ്പന്‍ കൊല്ലപ്പെടുന്നത്. അവന്‍ കാത്തു നിന്ന് പകരം വീട്ടി, മറുപടി 36 മണിക്കൂറിനകം വന്നു. ഇത്തരം കേസുകളില്‍ ജാമ്യത്തിലിറങ്ങിയവരെ ജയിലിന് മുന്നില്‍ വെച്ചും പോലീസ് സ്റ്റേഷന് മുന്നില്‍വെച്ചുമെല്ലാം കൊന്ന് കെട്ടിത്തൂക്കിയ ചരിത്രം തമിഴ്നാട്ടിലെ ജാതിയിലുറച്ച ചില ഗ്രാമങ്ങള്‍ക്കുണ്ട്. അത് തുടര്‍ന്നാല്‍ ചോര പടരും ആ സുന്ദരഭൂവില്‍.

നമ്മുടെ നാട്ടിലെ രാഷ്ട്രീയ കൊലപാതകങ്ങളേക്കാള്‍ ഭീകരമാണ് തമിഴ്നാട്ടിലെ ജാതിക്കൊലകളുടെ അവസ്ഥ. അത്രയധികം കൊലപാതകങ്ങളാണ് നടക്കുന്നത്. ഉയര്‍ന്ന ജാതിക്കാര്‍ എന്ന് സ്വയം വിളിക്കുന്നവരുടെ മുന്നില്‍ കാല്‍കയറ്റിവെച്ച് ഇരുന്നു എന്ന കുറ്റം പറഞ്ഞാണ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശിവഗംഗയില്‍ ദളിത് യുവാക്കളെ ഒരു സംഘം വെട്ടിക്കൊന്നത്. ജാതിമാറി വിവാഹം കഴിച്ചതിനെത്തുടര്‍ന്നുള്ള ദുരഭിമാനക്കൊലകളും അരങ്ങേറുന്നു. ഒരു കണക്ക് നോക്കാം. ദളിതരെ സംബന്ധിച്ചു മാത്രമുള്ളതാണ്. അതുകൊണ്ട് തന്നെ അപൂര്‍ണവുമാണ്. ഇരുപക്ഷത്തേയും കണക്ക് ലഭിച്ചാലേ ചിത്രം പൂര്‍ണമാകുകയുള്ളു.

2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 350 ഓളം ദളിതര്‍ തമിഴ്നാട്ടില്‍ കൊല്ലപ്പെട്ടെന്ന് വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ മറുപടി നല്‍കിയിരിക്കുന്നു

തിരുനെല്‍വേലി, തിരുപ്പൂര്‍ എന്നീ ജില്ലകളിലെ കണക്ക് ലഭ്യമല്ല. ഒരു എന്‍.ജി.ഒ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഇതില്‍ എല്ലാ കൊലപാതകങ്ങള്‍ക്കും കാരണം ജാതി തന്നെയാണ് എന്ന് വാദിക്കുന്നില്ല, എങ്കിലും കണക്കിന്റെ വലുപ്പം നോക്കു. എത്ര കുടുംബമാണ് അനാഥമായത്.

ജാതിഭേദം അതിരൂക്ഷമായ ഇടമാണ് തമിഴ്നാട് എന്ന് തര്‍ക്കത്തിനിടയില്ലാതെ പറയാന്‍ കഴിയും. ജാതി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വലിയ റോളെടുക്കുന്ന നാട്ടില്‍ പുതിയ കാലത്തെ രാഷ്ട്രീയം അതിനെ എത്രത്തോളം അഭിസംബോധന ചെയ്യുന്നു എന്നതും വിഷയമാണ്. മതാടിസ്ഥാനത്തില്‍ തമിഴ്നാടിന്റെ മനസ്സിനെ വിഭജിക്കാനുള്ള ശ്രമം ശക്തമായി നടക്കുന്നതിനിടയില്‍ തന്നെ ജാതികള്‍ തമ്മിലുള്ള സംഘര്‍ഷം ശക്തം. നിങ്ങള്‍ ജാതിയെ എടുത്തെറിയൂ, മതത്തെ എടുത്തെറിയൂ, മനുഷ്യരായി ജീവിക്കൂ എന്ന് നടുറോട്ടിലിറങ്ങി വിളിച്ച് പറഞ്ഞപ്പോള്‍ പെരിയാറിന് നഷ്ടപ്പെടാന്‍ അധികാരക്കസേരകള്‍ ഉണ്ടായിരുന്നില്ല. അവയൊന്നും അദ്ദേഹത്തിന്റെ പരിഗണനാ വിഷയമേ ആയിരുന്നില്ല. അണ്ണാ... കക്ഷി രാഷ്ട്രീയം നിങ്ങളുടെ ആശയത്തെ ഇല്ലായ്മ ചെയ്യും എന്ന് അണ്ണാ ദുരൈയോട് പെരിയാര്‍ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞിരുന്നു.

content highlights: caste murders rock Thirunelveli, Caste crimes Tamilnadu