നീതി കാത്ത് കോടതിയില്‍ കെട്ടി കിടക്കുന്ന കേസുകള്‍; പ്രശ്‌നം ജഡ്ജിമാരുടെ കുറവ് മാത്രമോ?


ഷൈൻ മോഹൻ

രാജ്യത്ത് ­കേസുകൾ തീർപ്പാക്കാനെടുക്കുന്ന കാലതാമസം നീതിന്യായ മേഖലയിൽ എന്നും ചർച്ചയാണ്. കീഴ്‌ക്കോടതികൾമുതൽ സുപ്രീംകോടതിയിൽവരെ പതിറ്റാണ്ടുകളോളം കേസുകൾ കെട്ടിക്കിടക്കുന്നത് നീതിയെ വിദൂരസ്വപ്‌നമാക്കുന്നു. സർക്കാരും ജുഡീഷ്യറിയും പരസ്പരം പഴിചാരുമ്പോൾ വ്യവഹാരങ്ങൾ വയ്യാവേലിയാവുകയാണോ?

Photo: canva

‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഉന്നയിക്കുന്നൊരു ചോദ്യമുണ്ട്. ‘കേസ് കൊടുക്കൂല്ലാന്ന ധൈര്യാണോ സാറേ... അതോ കൊടുത്താ ജയിക്കാൻ പറ്റൂല്ലാന്ന ധൈര്യോ?’’

യഥാർഥത്തിൽ ഇതുരണ്ടും മാത്രമല്ല, കേസ് കൊടുത്താലും അടുത്തകാലത്തൊന്നും തീർപ്പാവില്ലെന്നതാണ് മൂന്നാമത്തെ ‘ധൈര്യം’. കീഴ്‌ക്കോടതികൾമുതൽ സുപ്രീംകോടതിയിൽവരെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം അതുറപ്പിക്കുന്നു. സ്വത്തുതർക്കംമുതൽ കൊലപാതകംവരെയുള്ള കേസുകൾ കോടതികൾ കയറിയിറങ്ങി അന്തിമ വിധിയിലെത്താനെടുക്കുന്ന കാലയളവ് ആർക്കും പ്രവചിക്കുകവയ്യ. വൈകിയെത്തുന്ന നീതി, നീതി നിഷേധിക്കുന്നതിന് തുല്യമത്രേ.

ചീഫ് ജസ്റ്റിസ് കരഞ്ഞു, കാര്യമുണ്ടായില്ല

കേസുകളുടെ പ്രവാഹംകാരണം ജഡ്ജിമാരുടെ ജോലിഭാരം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മുൻപാകെ 2016-ൽ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്നു ടി.എസ്. ഠാക്കൂർ വിങ്ങിപ്പൊട്ടിയിരുന്നു. പത്തുലക്ഷം പേർക്ക് പത്ത് ജഡ്ജിമാർ എന്നതിൽനിന്ന് 50 ജഡ്ജിമാരാക്കി ഉയർത്തണമെന്ന് 1987-ൽ ലോ കമ്മിഷൻ ശുപാർശചെയ്തെങ്കിലും കാര്യമായി ഒന്നുംസംഭവിച്ചില്ലെന്ന് ജസ്റ്റിസ് ഠാക്കൂർ ചൂണ്ടിക്കാട്ടി. 2016 ആയപ്പോഴും ഇത് പത്തിൽനിന്ന് 15-ൽ മാത്രമാണ് എത്തിയത്. ജഡ്ജിമാരുടെ എണ്ണം 21,000-ൽനിന്ന് 40,000 ആക്കി ഉയർത്തണമെന്നും ജസ്റ്റിസ് ഠാക്കൂർ പറഞ്ഞു. പ്രശ്നപരിഹാരത്തിന് സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് അന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജസ്റ്റിസ് ഠാക്കൂർ വിതുമ്പിക്കരഞ്ഞ 2016-ൽ 21,000 ജഡ്ജിമാരാണ് രാജ്യത്തെ ജില്ലാ, കീഴ്‌ക്കോടതികളിലുണ്ടായിരുന്നതെങ്കിൽ 2022 ഡിസംബറിൽ ഇത് 25,017 ആയി മാത്രമാണ് വർധിച്ചത്. ആകെ തസ്തികയാണ് ഇത്രയും. ഫലത്തിൽ പ്രവർത്തിക്കുന്നത് 19,192 ജുഡീഷ്യൽ ഓഫീസർമാർമാത്രം.

കേരള ഹൈക്കോടതിയില്‍ 194022 കേസുകള്‍

സുപ്രീം കോടതിയില്‍ കെട്ടികിടക്കുന്നത് 70000 കേസുകള്‍

പ്രശ്നം ജഡ്ജിമാരുടെ കുറവുമാത്രമോ

വ്യവഹാരങ്ങൾ നീണ്ടുപോകാനുള്ള കാരണങ്ങളായി കോടതികൾ പലപ്പോഴും ചൂണ്ടിക്കാട്ടുന്ന വിഷയങ്ങളിലൊന്ന് ജഡ്ജിമാരുടെ എണ്ണക്കുറവാണ്. കീഴ്‌ക്കോടതികളിലും ഹൈക്കോടതികളിലും സുപ്രീംകോടതിയിലുംവരെ ജഡ്ജിമാരുടെ ഒഴിവുകൾ സമയബന്ധിതമായി നികത്തപ്പെടുന്നില്ല. കീഴ്‌ക്കോടതികളിലെ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ നിയമിക്കേണ്ട ചുമതല സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതികൾക്കുമാണെന്ന് കേന്ദ്ര സർക്കാർ പറയുന്നു.

ഹൈക്കോടതികളിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നതിലും പരിമിതമായ പങ്കുമാത്രമേ തങ്ങൾക്ക് വഹിക്കാനുള്ളൂവെന്നാണ് കേന്ദ്ര വാദം. കാരണം, സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ കൊളീജിയമാണ് ഹൈക്കോടതിയിലേക്കും സുപ്രീംകോടതിയിലേക്കും ജഡ്ജിമാരുടെ നിയമനത്തിന് പേരുകൾ ശുപാർശ ചെയ്യുന്നത്. കൊളീജിയം ശുപാർശ ചെയ്യുന്ന പേരുകൾ അംഗീകരിക്കുന്ന ജോലിമാത്രമേ സർക്കാരിനുള്ളൂ. കൊളീജിയം നിർദേശിക്കുന്ന പേരിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ സർക്കാരിനത് തിരിച്ചയക്കാം. എന്നാൽ, വീണ്ടും അതേ പേരുതന്നെ കൊളീജിയം ആവർത്തിച്ചാൽ സർക്കാർ അംഗീകരിച്ചേ മതിയാകൂ.

സുപ്രീംകോടതിയിലെത്തുന്ന കേസുകളിൽ 60 ശതമാനവും ഹൈക്കോടതിയിലെത്താൻപോലും യോഗ്യതയില്ലാത്തവയാണ്. ജാമ്യക്കേസുകൾപോലും സുപ്രീംകോടതിക്ക് പരിഗണിക്കേണ്ടിവരുന്നു. ജെ. ചെലമേശ്വർ സുപ്രീംകോടതി മുൻ ജസ്റ്റിസ്

അനിയന്ത്രിതമായ മാറ്റിവെക്കൽ

കോടതിയിൽ കേസുകൾ വ്യക്തമായ കാരണമില്ലാതെ മാറ്റിവെക്കുന്നതാണ്‌ മറ്റൊരു കാരണം. ആവശ്യത്തിനും അനാവശ്യത്തിനും അഭിഭാഷകർ ‘അഡ്‌ജേൺമെന്റ്’ ആവശ്യപ്പെടുന്നു. ഇതിനെതിരേ പലതവണ ഹൈക്കോടതികളും സുപ്രീംകോടതിയും രംഗത്തെത്തിയിട്ടുണ്ടെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല.

2021-ൽ ഒരു കേസിന്റെ ഉത്തരവിൽത്തന്നെ ഇത്തരം അഡ്‌ജേൺമെന്റുകൾ പ്രോത്സാഹിപ്പിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തുടർച്ചയായി കേസുകൾ മാറ്റിവെക്കുന്ന ജോലിസംസ്കാരം മാറ്റേണ്ടതാണെന്ന് ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവിൽ നിരീക്ഷിച്ചു. പരാതിക്കാർക്ക് നീതിന്യായ സംവിധാനത്തിൽ വിശ്വാസം സംരക്ഷിക്കാൻ അതാവശ്യമാണെന്നും ബെഞ്ച് പറഞ്ഞു. എന്നാൽ, കീഴ്‌ക്കോടതിമുതൽ സുപ്രീംകോടതിവരെ ഇക്കാര്യത്തിൽ കാര്യമായ മാറ്റമുണ്ടായതായി കാണുന്നില്ല. പലതവണ മാറ്റിവെക്കൽ ആവശ്യപ്പെടുമ്പോൾ ചില ഘട്ടങ്ങളിൽ ജഡ്ജിമാർ താക്കീത് നൽകാറുണ്ടെന്നുമാത്രം.

ഹർജികളിൽ മറുപടിസത്യവാങ്മൂലം നൽകാൻ വൈകുന്നതാണ് മറ്റൊന്ന്. മറുപടിക്ക് കൂടുതൽ സമയം തേടുന്നത് സർക്കാരുകൾ ഉൾപ്പെടെയുള്ള കക്ഷികളുടെ ഭാഗത്തുനിന്ന് പതിവാണ്.

കേസുകൾ തീർപ്പാക്കൽ കോടതിയുടെ മാത്രം അധികാരപരിധിയിലുള്ള വിഷയമാണ്. അതിന് സമയക്രമം നിശ്ചയിക്കാനാവില്ല. എങ്കിലും, കേസുകൾ വേഗത്തിൽ തീർപ്പാക്കാനുള്ള സാഹചര്യമൊരുക്കാൻ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട് കിരൺ റിജിജു നിയമമന്ത്രി

മേഖലാ ബെഞ്ചുകൾ വിദൂരസ്വപ്നം

സുപ്രീംകോടതിക്ക് ദക്ഷിണേന്ത്യയിലുൾപ്പെടെ മേഖലാ ബെഞ്ചുകൾ വേണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഇടയ്ക്കിടെ ഉയരാറുണ്ട്. കേസുകൾ തീർപ്പാവാതെ കെട്ടിക്കിടക്കുന്നതും വിദൂര സംസ്ഥാനങ്ങളിൽനിന്ന്‌ പരാതിക്കാർക്ക് ഡൽഹിവരെ എത്തണമെന്നതും മേഖലാ ബെഞ്ചുകളുടെ പ്രസക്തി വർധിപ്പിക്കുന്നു. ഏതാണ്ട് 70,000 കേസുകളാണ് സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്നത്.

മേഖലാ ബെഞ്ചുകൾ സ്ഥാപിക്കണമെന്നുകാട്ടി കേരളം, തമിഴ്‌നാട്, കർണാടകം, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ബാർ കൗൺസിൽ ഭാരവാഹികൾ 2021-ൽ ഉപരാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും നിവേദനം നൽകിയിരുന്നു.

മേഖലാബെഞ്ചുകൾ സ്ഥാപിക്കണമെന്ന് പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി 2004, 2005, 2006 വർഷങ്ങളിൽ ശുപാർശ ചെയ്തിരുന്നു. ലോ കമ്മിഷന്റെ 229-ാം റിപ്പോർട്ടിലും ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്. വലിയ സംസ്ഥാനങ്ങളിലെ ഹൈക്കോടതികൾക്ക് പ്രധാന ബെഞ്ചിനുപുറമേ മേഖലാ ബെഞ്ചുകളുണ്ട്.

മേഖലാ ബെഞ്ചുകൾ വേണമെന്ന് വിവിധ എം.പി.മാർ നേരത്തേ പാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രപതിയുടെ അനുമതി തേടിക്കൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.

മേഖലാ ബെഞ്ചുകൾ വേണമെന്ന ആവശ്യം 2010-ൽ അന്നത്തെ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ 27 ജഡ്ജിമാർ ഉൾപ്പെടുന്ന ഫുൾകോർട്ടാണ് തള്ളിയത്. 1999, 2001, 2004, 2006 വർഷങ്ങളിൽ പാസാക്കിയ പ്രമേയങ്ങൾ ശരിവെച്ചുകൊണ്ടായിരുന്നു ഫുൾകോർട്ടിന്റെ തീരുമാനം.

അതേസമയം, ദേശീയ അപ്പീൽ കോടതി വേണമെന്ന ഹർജി 2016-ൽ അന്നത്തെ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഭരണഘടനാബെഞ്ചിന് വിട്ടെങ്കിലും പിന്നീടൊന്നും സംഭവിച്ചില്ല.

Content Highlights: Cases pending in Indian court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented