Bansal Sisters/Image: ANI Twitter(File picture)
ആണ്‍കുഞ്ഞിന് ജന്മം നല്‍കിയില്ലെന്ന പേരില്‍ ഭാര്യയെ കത്തിച്ചു കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം. വെറുമൊരു വാര്‍ത്ത തലക്കെട്ടായി ഇതിനെ ഒതുക്കാനായി പറ്റില്ല. കണ്മുന്നില് അമ്മ കത്തിത്തീരുന്നത് കണ്ട രണ്ട് പെണ്മക്കളുടെ ആറ് വര്‍ഷം നീണ്ട പോരാട്ടത്തിന്റെ കഥയാണിത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് ലതികയും(21) ടാന്യ ബന്‍സാലും(17) താമസിക്കുന്നത്. 2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മനോജ് തന്റെ ഭാര്യ അനു ബന്‍സാലിനെ രണ്ട് പെണ്മക്കളുടെ മുന്നിലിട്ട് ചുട്ട് കൊല്ലുകയായിരുന്നു. ആത്മഹത്യയായി വരുത്തി തീര്‍ക്കാന്‍ മനോജ് ശ്രമിച്ചെങ്കിലും പെണ്മക്കള് സത്യം തെളിയിക്കുന്നതിനായി ധീരമായി പൊരുതി.
നിയമവിരുദ്ധമായി കുഞ്ഞിന്റെ ലിംഗപരിശോധന നടത്തുകയും പെണ്‍കുഞ്ഞായതിനാല്‍ ആറ് തവണ അനുവിനെ കൊണ്ട് ഭര്‍ത്താവ് അബോര്ഷന് ചെയ്യിപ്പിച്ചതായി കോടതിയില്‍ തെളിഞ്ഞിരുന്നു.
അമ്മ കത്തിതീരുന്നത് കണ്ട വേദന ഇന്നും ലതികയുടെ ഉള്ളിലുണ്ട്. ''അച്ഛന് ഞങ്ങളെ മുറിയില്‍ പൂട്ടിയിട്ടു. അമ്മയെ കൊല്ലുന്നത് ആ മുറിയുടെ ജനലിലൂടെ കാണുകയായിരുന്നു. അലറി വിളിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. ആണ്‍കുഞ്ഞിന് ജന്മം നല്‍കിയില്ലെന്നായിരുന്നു ഞങ്ങളുടെ അമ്മയുടെ മേലെ ചാര്‍ത്തപ്പെട്ട കുറ്റം. അയാള്‍ അച്ഛനല്ല ചെകുത്താനാണ്'', ലതിക രോഷത്തോടെ പറയുന്നു.
ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന് അമ്മ അച്ഛനില്‍ നിന്നും അയാളുടെ കുടുബത്തിന്റെ പക്കല്‍ നിന്നും ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്ന് മക്കള്‍ കോടതിയില്‍ മൊഴി നല്കി. എന്നാല്‍ ഭാര്യ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു മനോജിന്റെ വാദം.
''അമ്മയുടെ കരച്ചില് കേട്ടാണ് ആറ് മണിക്ക് ഞങ്ങള്‍ എഴുന്നേല്‍ക്കുന്നത്. പുറത്തേക്ക് പോവാനായി ശ്രമിച്ചപ്പോള്‍ വാതില്‍ പുറമേ നിന്ന് പൂട്ടിയിരുന്നു. അച്ഛന് അമ്മയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊല്ലുകയായിരുന്നു. ഇതിനെല്ലാം കൂട്ടായി അച്ഛന്റെ വീട്ടുകാരുമുണ്ടായിരുന്നു. സംഭവത്തിന് ശേഷം പോലീസിനെയും ആംബുലന്‍സിനെയും മാറിവിളിച്ചുകൊണ്ടേയിരുന്നു. അമ്മയെ രക്ഷിക്കണമെന്ന് അലറിക്കരഞ്ഞ് പറഞ്ഞെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. അമ്മാവനും അമ്മയുടെ അമ്മയും വന്നാണ് അവസാനം ഞങ്ങളുടെ അമ്മയെ ആശുപത്രിയിലേക്ക് എത്തിച്ചത്", ലതിക പറയുന്നു
80 ശതമാനം പൊള്ളേലേറ്റാണ് അനു മരിച്ചതെന്ന് ആശുപത്രി രേഖകളില്‍ പറയുന്നു. കേസ് തേഞ്ഞ് മാഞ്ഞ് പോവുമെന്ന ഘട്ടമെത്തിയപ്പോള്‍ അന്ന് 11ഉം 15ഉം വയസുള്ള പെണ്മക്കള് മുഖ്യമന്ത്രി അഖിലേഷ് യാദവിന് കാര്യങ്ങള്‍ വിശദമാക്കി സ്വന്തം ചോര കൊണ്ട് കത്തെഴുതി. ലോക്കല്‍ പോലിസ് കേസിന്റെ ഗതി മാറ്റുന്നുവെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.
ഇതോടെ കേസ് മാധ്യമശ്രദ്ധ നേടി. അന്ന് കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും പുതിയ സീനിയര്‍ പോലിസ് ഉദ്യോഗസ്ഥരെ കേസ് അന്വേഷിക്കാന്‍ നിയോഗിക്കുകയും ചെയ്തു.
"ആറ് വര്‍ഷവും ഒരുമാസവും പതിമൂന്ന് ദിവസവും കാത്തിരുന്നാണ് ഞങ്ങള്‍ക്ക് നീതി ലഭിച്ചത്", പെണ്‍കുട്ടികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന് സഞ്ജയ് ശര്‍മ്മ പറയുന്നു.അച്ഛനെതിരെ മക്കള്‍ കേസ് കൊടുത്ത് അവര്‍ക്ക് നീതി കിട്ടുന്ന കാഴ്ച്ച അധികമൊന്നും കാണാറില്ല. ആറ് വര്‍ഷം കൊണ്ട് നൂറോളം പ്രാവശ്യം പെണ്‍കുട്ടികള്‍ കോടതിയില്‍ സധൈര്യം ഹാജരായിട്ടുണ്ട് സഞ്ജയ് പറയുന്നു.
കേസിനായി യാതൊരു ഫീസും ഇദ്ദേഹം വാങ്ങിച്ചിരുന്നില്ല. ആത്മഹത്യയായി മാറേണ്ടിയിരുന്ന ഈ കേസിന്റെ നിജസ്ഥിതി പുറത്ത് വരാന്‍ കാരണമായത് കൗമാരക്കാരായ പെണ്മക്കളുടെ ധീരതയാണ്. നിരവധി തവണ കേസില്‍ ഇവരെ സ്വാധിക്കാന്‍ ശ്രമങ്ങളുണ്ടായിട്ടും ഇവര്‍ വഴങ്ങിയില്ലെന്നും സഞ്ജയ് കൂട്ടിച്ചേർത്തു.
ഇന്ത്യയില്‍ പലയിടങ്ങളിലും നിയമവിരുദ്ധമായി ലിംഗനിര്‍ണ്ണയം നടത്തുന്നതായും, സ്ത്രീകളുടെ സമ്മതമില്ലാതെ അബോര്ഷന് നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 4.6 കോടിയോളം പെണ്‍കുഞ്ഞുങ്ങളെ ഇന്ത്യയിൽ ജനനത്തിന് ശേഷം കാണാതായെന്നാണ് 2020ല്‍ യു.എന്‍ പുറത്ത് വിട്ട റിപ്പോർട്ട് പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..