സ്ത്രീകളെ പിന്നോട്ടടിപ്പിക്കുന്ന കറുത്ത ശക്തികള്‍ക്കെതിരേയുള്ള ചെറുത്തുനില്‍പ്പ് എന്ന നിലയില്‍ വനിതാമതില്‍ ചരിത്രത്തിന്റെ ഭാഗമാകുകയാണ്. സ്ത്രീശക്തിയെയും സ്ത്രീ സമത്വത്തെയും പ്രതിനിധാനം ചെയ്യുന്ന ഇതുപോലൊരു സമരരീതിയുടെ സംഘാടനം തന്നെ അദ്ഭുതകരമാണ്. പുരോഗമനമൂല്യം ഉയര്‍ത്തിപ്പിടിക്കാനും സ്ത്രീമുന്നേറ്റങ്ങള്‍ക്ക് ശക്തിപകരാനും വനിതാമതില്‍ ഒരു ഊര്‍ജമാകും. ഇത് കേരളത്തിലെ സ്ത്രീകള്‍ക്കു വേണ്ടി മാത്രമുള്ള ഇടപെടലല്ല. കേരളത്തിന്റെ ഈ ദൗത്യം ഇന്ത്യയിലാകെയുള്ള സ്ത്രീകള്‍ക്ക് വേണ്ടിയാണ്. 

സ്ത്രീകള്‍ രണ്ടാം തരം പൗരന്മാരായത് എങ്ങനെയെന്ന് നമ്മള്‍ തിരിച്ചറിയണം. സ്വകാര്യസ്വത്തവകാശത്തിന്റെയും വരേണ്യകാഴ്ചപ്പാടുള്ള വികസനത്തിന്റെയും ഫലമാണ് സ്ത്രീകളെ രണ്ടാംതരം പൗരന്മാരാക്കിയത്. സ്ത്രീകള്‍ പുരുഷന്റെ കീഴിലാണെന്ന് ബോധമുണ്ടാക്കി. പിന്തുടര്‍ച്ചാവകാശത്തിന് വഴിയൊരുക്കാനുള്ള ഉപകരണമായി സ്ത്രീയെ കണ്ടു. കുടുംബത്തിലും സമൂഹത്തിലും സംഘടനകളിലും പുരുഷന്‍ നാഥനായി. മതവും ജാതിയും ഇതിന് പ്രോത്സാഹനം നല്‍കി. ഇതൊക്കെയാണ് സ്ത്രീകളെ രണ്ടാംതരക്കാരാക്കിയത്.   

സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരം സ്ത്രീകളുടേത് മാത്രമായിരുന്നില്ല. സാമൂഹികപരിഷ്‌കര്‍ത്താക്കളുടെയും പുരോഗമനരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പിന്തുണ അതിനുണ്ടായിരുന്നു. സ്ത്രീസമരങ്ങള്‍ക്ക് പുരോഗമനാശയമുള്ള പുരുഷന്മാരുടെ സഹായമുണ്ടായിരുന്നു. ശ്രീനാരായണ ഗുരുവും മന്നത്ത് പത്മനാഭനുമെല്ലാം ഇത്തരം സാമൂഹികമാറ്റത്തിന് വഴിയൊരുക്കിയവരാണ്. മുസ്ലിം, ക്രി സ്ത്യന്‍ മതങ്ങളിലും പരിഷ്‌കര്‍ത്താക്കളുണ്ടായി. ഇവരൊക്കെയാണ് കേരളത്തിലെ നവോത്ഥാനമുന്നേറ്റമുണ്ടാക്കിയത്.

സാമൂഹികമാറ്റത്തിനുവേണ്ടിയുള്ള സമരങ്ങള്‍ സ്ത്രീകളുടെ തുല്യതയ്ക്കുവേണ്ടി മാത്രമായിരുന്നില്ല. ദളിതര്‍ക്കുനേരെയുള്ള അതിക്രമം, അയിത്തം തുടങ്ങിയ വരേണ്യവര്‍ഗത്തിന്റെ നിലപാടുകള്‍ക്കെതിരേ കൂടിയായിരുന്നു. സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ ഭ്രാന്താലയമെന്ന് വിളിച്ച നാടാണ് കേരളം. ആ കേരളം മാറി. ഏറെ വികസനമുണ്ടാക്കി.  സ്വതന്ത്ര ഇന്ത്യയിലെ നവോത്ഥാന ശക്തിയായി കേരളം മാറി. ആ മാറ്റം വെറുതേയുണ്ടായതല്ല. സാമൂഹികപരിഷ്‌കര്‍ത്താക്കളുടെയും പുരോഗമന സംഘടനകളുടെയും ഇടത് രാഷ്ട്രീയത്തിന്റെയും കമ്യൂണിസ്റ്റുകാരുടെയും ഇടപെടലുകൊണ്ടുണ്ടായതാണ്. 

ഒരുകാലത്ത് ശ്രീനാരായണഗുരുവിനെയും അയ്യങ്കാളിയെയും മന്നത്ത് പത്മനാഭനെയുമൊക്കെ തള്ളിപ്പറഞ്ഞവരും എതിര്‍ത്തവരും ഇന്ന് ബി.ജെ.പി.യുടെയും ആര്‍.എസ്.എസ്സിന്റെയും സംഘപരിവാറിന്റെയും രൂപത്തിലെത്തുകയാണ്. മനുവാദി ആശയം സ്ഥാപിക്കുകയാണ് ഇവരുടെ ശ്രമം. ഇവരെ തിരിച്ചറിയണം, എതിര്‍ക്കണം, പരാജയപ്പെടുത്തണം. അത് നമുക്കുവേണ്ടിമാത്രമല്ല, പുതിയ തലമുറയ്ക്കുവേണ്ടിക്കൂടി ഇത് അനിവാര്യമാണ്. ശബരിമലയുടെ കാര്യത്തില്‍ സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ ശ്രമം. ഈ വിധിയുടെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേരളസമൂഹത്തെ വിഭജിക്കുകയാണ് ചെയ്യുന്നത്. സത്യത്തില്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ഉത്തരവാദിത്വമാണുള്ളത്. അത് വിധി നടപ്പാക്കാനുള്ളതാണ്.  പക്ഷേ, സ്ത്രീകളുടെ തുല്യതയ്ക്കും അവകാശത്തിനുംവേണ്ടി  പിണറായി സര്‍ക്കാര്‍ നിലനിന്നു. ശക്തമായി നിലപാട് സ്വീകരിച്ചു. ഇത് ഭാവിയിലെ സ്ത്രീ സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിലപാട് കൂടിയാണ്. 

വിശ്വാസത്തെ തള്ളിപ്പറയേണ്ടതില്ല. അത് വ്യക്തിപരമാണ്. വിശ്വാസത്തെയും വിശ്വാസികളെയും ബഹുമാനിക്കുന്നു. ശബരിമല കേസില്‍ സുപ്രീംകോടതി വിധിച്ചത് സ്ത്രീകള്‍ക്ക് വിവേചനം പാടില്ലെന്നാണ്. ഭരണഘടനാപരമായ നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഇതെങ്ങനെ തള്ളാനാകും. അതാണ് തിരിച്ചറിയേണ്ടത്. അതേസമയം, ആര്‍.എസ്.എസും ബി.ജെ.പി.യും ഭക്തിയെയും വിശ്വാസത്തെയും സ്ത്രീകളെയും രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുകയാണ്.   സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ സ്ത്രീകളെ കുറ്റപ്പെടുത്തുകയും അക്രമികള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന മോഹന്‍ഭാഗവതിനെപ്പോലുള്ളവരാണ് ഇപ്പോള്‍ സ്ത്രീകള്‍ക്കുവേണ്ടി രംഗത്തുള്ളതെന്ന് തിരിച്ചറിയണം. ഇതൊരു രാഷ്ട്രീയം പറയാനുള്ള വേദിയല്ലെന്നറിയാം. എങ്കിലും ചോദിക്കട്ടെ, കേരളത്തിലെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് എവിടെയാണ്. രാവിലെ അവര്‍ക്ക് ആര്‍.എസ്.എസിന്റെ ശബ്ദവും വൈകീട്ട് ലീഗിന്റെ ശബ്ദവുമാണ്. ഇത്തരമൊരുഘട്ടത്തില്‍ സമൂഹത്തില്‍ കോണ്‍ഗ്രസിന്റെ പങ്കെന്താണെന്ന് അവര്‍ തിരിച്ചറിയണം. എന്തായാലും ഈ ഐക്യം ഒരു വലിയ മാറ്റത്തിന്റെ തുടക്കമാണ്. ഇരുട്ടിന്റെ ശക്തികള്‍ എത്രശ്രമിച്ചാലും നമ്മള്‍ മുന്നേറും. അതിന്റെ അടിത്തറയാണ് വനിതാമതിലില്‍ പാകിയത്. 

(തിരുവനന്തപുരത്ത് നടത്തിയ പ്രസംഗം. )2 1 19 ന് മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചത്.

content highlights: Brinda Karat on women wall