Representational Image (Photo: canva)
യുകെയില്‍ പ്രസവപരിചരണവുമായി ബന്ധപ്പെട്ട് കറുത്തവര്‍ഗ്ഗക്കാരും ഏഷ്യന്‍ സ്ത്രീകളും വിവേചനം നേരിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചാരിറ്റി ബര്ത്ത്റൈറ്റ്സ് നടത്തിയ ഒരു വർഷം നീണ്ട അന്വേഷണത്തിലാണ് റിപ്പോര്‍ട്ട്. ബിബിസിയാണ് വാര്‍ത്ത പുറത്തുവിട്ടത്. പ്രസവ പരിചരണത്തിലെ വംശീയ അസമത്വങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ടാസ്ക്ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്.
ആദ്യകുഞ്ഞിനെ പ്രസവിച്ച സമയത്ത് താന്‍ വലിയ രീതിയിലുള്ള വിവേചനങ്ങള്‍ അനുഭവിച്ചുവെന്നാണ് ഹിരാല്‍ വര്സാനി പറയുന്നത്. പ്രസവശേഷം അണുബാധ ഉണ്ടായിട്ടും വേണ്ട വിധം പരിചരണം ലഭിച്ചില്ലെന്നും അവർ പറയുന്നു. "എന്റെ ശരീരമാകെ വിറയ്ക്കുകയായിരുന്നു, നല്ല വേദനയുമുണ്ടായിരുന്നു. മാത്രമല്ല, ഹൃദയമിടിപ്പിന് വേഗം കൂടുതലായിരുന്നു. പക്ഷെ എല്ലാം സാധാരണമാണെന്നാണ് എല്ലാവരും പറഞ്ഞത്", ഹിരാല്‍ വര്സാനി പറയുന്നു.
എന്റെ രക്തം പരിശോധനയ്ക്കെടുത്ത് രോഗം ഗുരുതരമാണെന്ന് തിരിച്ചറിയുമ്പോഴേക്കും ഒരു ദിവസം കടന്നുപോയിരുന്നു. താനൊരു വെളുത്ത വര്ഗ്ഗക്കാരിയായിരുന്നില്ലെന്നതാണ് ഈ അവഗണനയ്ക്ക് കാരണമെന്നാണ് ഹിരാല്‍ വിശ്വസിക്കുന്നത്.
നിങ്ങള്‍ക്ക് വേദനാസംഹാരി വേണ്ടിവരുമെന്നാണ് ഒരു നഴ്സ് എന്നോട് പറഞ്ഞത്, എന്നെ അവര്‍ പൂര്‍ണ്ണമായും അവഗണിച്ചു. ഒട്ടും മനക്കരുത്തില്ലാത്ത ഒരു ഇന്ത്യന്‍ സ്ത്രീയെന്ന രീതിയില്‍ മുന്‍വിധിയോടെയാണ് അവരെന്റെ പ്രശ്നങ്ങളെ സമീപിച്ചത്, ഹിരാല്‍ പറയുന്നു.
പ്രസവാനന്തര മരണങ്ങള്
പ്രസവ മരണങ്ങള് യുകെയില്‍ വളരെ കുറവാണ്. പക്ഷെ ഉള്ള മരണങ്ങളില്‍ വലിയ രീതിയിലുള്ള വംശീയ വേര്‍തിരിവുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. യുകെയില്‍ പ്രസവ സമയത്ത് ഒരു ഏഷ്യന്‍ മുഖമുള്ള സ്ത്രീ മരിക്കാനുള്ള സാധ്യത വെളുത്തവര്‍ഗ്ഗക്കാരേക്കാള്‍ ഇരട്ടിയാണ്. കറുത്ത വര്‍ഗ്ഗക്കാരുടെ കാര്യത്തിലാണെങ്കില്‍ പ്രസവമരണം വെളുത്തവര്‍ഗ്ഗക്കാരേക്കാള്‍ നാലിരട്ടിയാണ് കൂടുതല്‍.
തന്റെ മൂന്ന് പ്രസവങ്ങളിലും വേദനസംഹാരികള്‍ ആശുപത്രി നല്‍കിയിരുന്നില്ലെന്നും തനിക്കതിനായി യാചിക്കേണ്ടി വന്നെന്നും കറുത്ത വര്‍ഗ്ഗക്കാരിയായ ടിനു അലികോര് ബിബിസിയോട് പറഞ്ഞു. " ഈ വിഷയം വംശീയമാണ്. കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വേദന സഹിക്കാന്‍ കൂടുതല്‍ കഴിവുണ്ടെന്നാണ് പലരും കരുതുന്നത്. കറുത്ത വര്‍ഗ്ഗക്കാരിയാണെന്ന് കരുതി വേദന ഞങ്ങൾക്ക് മാത്രമായി കുറവായി അനുഭവപ്പെടില്ല", ടിനു പറയുന്നു
ബര്ത്ത്റൈറ്റ് ഇന്‍വസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ ചില കാര്യങ്ങളിവയാണ്
- ശാരീരികമായും മാനസ്സികമായും സുരക്ഷിതത്വം പ്രസവസമയത്ത് അനുഭവപ്പെട്ടിരുന്നില്ലെന്ന് കറുത്ത വര്‍ഗ്ഗക്കാരും ഏഷ്യന്‍ സ്ത്രീകളും കൂടുതലായും പറയുന്നു
- പലപ്പോഴും കറുത്ത വര്‍ഗ്ഗക്കാരായ കുട്ടികളില്‍ മഞ്ഞപ്പിത്തം തിരിച്ചറിയാന്‍ ആരോഗ്യവിദഗ്ധര്‍ വൈകുന്നു. കാരണം വെളുത്ത ശരീരങ്ങളിലെ ലക്ഷണങ്ങള്‍ അടിസ്ഥാനമാക്കിയാണ് അവര്‍ രോഗനിര്‍ണ്ണയം നടത്തിയിരുന്നത്.
- കറുത്തവര്ർഗ്ഗക്കാരുടെ വേദനകളെ നിസ്സാരമായി കണക്കിലെടുത്തു.
- ചൈനീസ് സ്ത്രീകള്‍ വൃത്തിഹീനരാണ്, കറുത്തവര്‍ഗ്ഗക്കാരുടെ കുഞ്ഞുങ്ങളുടെ തൊലി പതുപതുത്തതല്ല, ഏഷ്യന്‍ സ്ത്രീകളുടെ പ്രസവസമയയത്ത് റൂമുകള്‍ക്ക് കറിമണമാണ് തുടങ്ങിയ അടക്കം പറച്ചിലുകളും ആശുപത്രിയില്‍നിന്ന് കേൾക്കാറുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..