ലഖ്‌നൗ: ബൂലന്ദ്ഷഹര്‍ കലാപത്തില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് പോലീസ് മേധാവി. പശുവിന്റെ ജഡം കണ്ടെത്തിയതിന് തുടര്‍ന്നുണ്ടായ കലാപത്തില്‍ 400 പേരോളം വരുന്ന ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോയതായിരുന്നു പോലീസ് ഇന്‍സ്‌പെക്ടറായ സുബോധ് കുമാര്‍ സിങ്.

ആള്‍ക്കൂട്ടത്തെ നേരിടുന്നതിനിടെ കല്ലറുണ്ടാകുകയും അതിനിടയില്‍ വെടിയേറ്റാണ്‌ സുബോധ് സിങ് കൊല്ലപ്പെടുന്നത്. 20കാരനായ പ്രദേശവാസിയും കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

"ബൂലന്ദ്ഷഹറിലുണ്ടായ സംഭവം വലിയ ഗൂഢാലോചനയാണ്. ഇത് വെറുമൊരു ക്രമസമാധാന പ്രശ്‌നം മാത്രമല്ല. എങ്ങനെയാണ് പശുവിന്റെ ജഡം ഇവിടെ എത്തിയത്. ആര് കൊണ്ടു വന്നു?. എന്തിന് ഏത് സാഹചര്യത്തില്‍?", പോലീസ് ഡയറക്ടര്‍ ജനറല്‍ ഒപി സിങ് ചോദിക്കുന്നു.

തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ മനപ്പൂര്‍വ്വം സാമുദായിക കലാപം സൃഷ് ടിക്കാനുള്ള ശ്രമമായിരുന്നോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്.

സുരക്ഷാ അവലോകന യോഗം രാവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചു ചേര്‍ത്തെങ്കിലും പോലീസ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടതില്‍ പ്രസ്താവന നടത്താന്‍ അദ്ദേഹം തയ്യാറായില്ല.

പശുവിന്റെ ജഢത്തിന്റെ പഴക്കം എത്രയെന്ന ഉടന്‍ നിര്‍ണയിക്കുമെന്ന്‌ യുപി പോലീസ് മേധാവി അറിയിച്ചു.  പ്രതിഷേധത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന ബജ്‌റങ്ദള്‍ നേതാവായ യോഗേഷ് രാജ്, മഹാവില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെയുള്ള നയാബാസ് ഗ്രാമക്കാരനാണ്. യോഗേഷ് ഉള്‍പ്പെടെ മഹാവിന് പുറത്തുനിന്നുള്ളവരായിരുന്നു പ്രതിഷേധക്കാരില്‍ ഭൂരിപക്ഷവും. 

പശുവിന്റെ അവശിഷ്ടം കണ്ടെത്തിയതിന്റെ പേരിലുണ്ടായ സംഘര്‍ഷം വന്‍ വര്‍ഗ്ഗീയ കലാപമായി മാറാതിരുന്നത് പോലീസിന്റെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ്. ബജ്‌റംഗ്ദളിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം മറ്റിടങ്ങളിലേക്ക് വ്യാപിക്കാതെ തടഞ്ഞത് പോലീസിന്റെ  ഇടപെടലാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഗോഹത്യയുടെ പേരിലുള്ള പ്രതിഷേധം സംഘര്‍ഷത്തിലേക്കു മാറിയത് തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ഓടെയായിരുന്നു. ബൂലന്ദ്ഷഹറില്‍ നടന്നുവന്ന 'തബ് ലീഗി ജമായത്ത്' സമ്മേളനം കഴിഞ്ഞ് ആളുകള്‍ മടങ്ങുന്ന സമയവും അതായിരുന്നു. ഇവരെ ലക്ഷ്യമിട്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ദേശീയപാതയില്‍ ഗതാഗതം തടഞ്ഞു. എന്നാല്‍, പോലീസുകാരും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ വഴിതിരിച്ചുവിട്ടതോടെ വലിയ സംഘര്‍ഷം ഒഴിവായി.

മാത്രവുമല്ല, നാട്ടുകാരനായ സുമിത്തും ഇന്‍സ്‌പെക്ടറും കൊല്ലപ്പെട്ടതോടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിരോധത്തിലായി. അതോടെ, ഗോഹത്യയുടെ പേരിലുള്ള പ്രചാരണവും പ്രതിഷേധവും അവസാനിപ്പിക്കേണ്ടിയും വന്നു.ബൈക്കില്‍ കൂട്ടുകാരനെ കൊണ്ടുവിടാന്‍ വന്നപ്പോഴാണ് ചിംഗ് രാവതിയില്‍നിന്ന് അരക്കിലോമീറ്റര്‍ അകലെ താമസിക്കുന്ന ബിരുദവിദ്യാര്‍ഥിയായ സുമിത്തിന് വെടിയേറ്റതെന്നും പ്രദേശവാസികള്‍ പറയുന്നു

അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ അര്‍ധസൈനികര്‍ ഉള്‍പ്പെടെ കനത്ത കാവലിലാണ് മുസ്ലിം ജനസംഖ്യ ഏറെയുള്ള ബുലന്ദ്ശഹര്‍ പട്ടണവും പരിസരപ്രദേശങ്ങളും. കൊല്ലപ്പെട്ട സുമിത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നതിനാല്‍ സംഘര്‍ഷസ്ഥലത്തേക്ക് ചൊവ്വാഴ്ച പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിച്ചില്ല.

അതേസമയം, അക്രമം ആസൂത്രിതമായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് തിങ്കളാഴ്ച നടന്ന സംഭവവികാസങ്ങള്‍. ബൂലന്ദ്ഷഹറിന് 40 കിലോമീറ്റര്‍ ദൂരത്തുള്ള സ്യാന താലൂക്കിലെ മഹാവ് ഗ്രാമത്തിലെ കരിമ്പുപാടത്താണ് കന്നുകാലി അവശിഷ്ടം കണ്ടെത്തിയത്. വയലുടമ ഉടന്‍ പോലീസിനെ അറിയിക്കുകയും അവര്‍ എത്തുകയും ചെയ്തു. എന്നാല്‍, വൈകാതെതന്നെ ഗ്രാമത്തിനു പുറത്തുനിന്നും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. വയലുടമ അറിയിച്ചാണ് എത്തിയതെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞതെങ്കിലും താന്‍ ആരെയും വിളിച്ചുവരുത്തിയിട്ടില്ലെന്നാണ് അയാളുടെ വിശദീകരണം.

പശുവിനെ അറുത്തെന്നു പറഞ്ഞാണ് ബജ്‌റംഗ് ദളുകാര്‍ പ്രശ്‌നമുണ്ടാക്കിയത്. എന്നാല്‍, അറവുകാര്‍ ഉപേക്ഷിക്കുന്നപോലുള്ള അവശിഷ്ടമല്ല വയലില്‍ കണ്ടെത്തിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആ ഗ്രാമത്തിന്റെ സമീപപ്രദേശങ്ങളിലൊന്നും അറവുശാലകളില്ലെന്ന് മഹാവ് ഗ്രാമത്തിന് അകലെയല്ലാതെ താമസിക്കുന്ന സത്യപാല്‍ സിങ് 'മാതൃഭൂമി'യോടു പറഞ്ഞു.

മഹാവില്‍നിന്നും ചിംഗ് രാവതി പോലീസ് പോസ്റ്റിനു സമീപത്തെത്തിയ ബജ്‌റംഗ്ദളുകാര്‍ കേസെടുക്കാന്‍ ആവശ്യപ്പെട്ടു പ്രതിഷേധം തുടങ്ങി. പിന്നീട് പോലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമായി. ഇരുഭാഗത്തുനിന്നും വെടിവെപ്പുണ്ടായി. ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിനെ ലക്ഷ്യമിട്ട അക്രമികള്‍ അയാളെ പിടിക്കൂ, വെടിവയ്ക്കൂവെന്ന് ആക്രോശിക്കുന്ന ദൃശ്യങ്ങളും പ്രാദേശിക ചാനലുകള്‍ക്ക് ലഭിച്ചു. ദാദ്രിയിലെ അഖ് ലാഖ് വധം അന്വേഷിച്ച ഇന്‍സ്‌പെക്ടര്‍ സുബോധിനെ അക്രമികള്‍ ലക്ഷ്യമിട്ടതിന് ഈ ദൃശ്യങ്ങളാണ് സാക്ഷി.

content highlights: Big Conspiracy behind Bulandshahr riot, says UP Police Chief