ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യക്കാരോട് ചെയ്തിരുന്ന കടുത്ത അപരാധങ്ങളിലൊന്ന് കണ്ണില്‍ ചോരയില്ലാത്ത ചുങ്കപ്പിരിവായിരുന്നു. പല പേരിലും പല നിരക്കിലും നാട്ടുകാരുടെ സമ്പത്ത് അവര്‍ കൊള്ളയടിച്ചു. നികുതി ഘടന സങ്കീര്‍ണമാക്കാന്‍ നാട്ടുരാജാക്കളെ നിര്‍ബന്ധിച്ചു. ജനങ്ങളുടെ കരച്ചിലില്‍ അലിഞ്ഞില്ല അധികാരത്തിന്റെ കരിങ്കല്‍ഹൃദയങ്ങള്‍. 

ഇത് ഓര്‍ക്കാന്‍ കാരണമായത് ടി.പി. രാമകൃഷ്ണനാണ്. സ്വതവേ മാന്യനായ മന്ത്രി. മിതഭാഷിയും ഉറച്ച നിലപാടുകളുമുള്ള രാഷ്ട്രീയക്കാരന്‍. അടിയന്തിരാവസ്ഥയില്‍ കക്കയം ക്യാമ്പില്‍ ഗരുഡന്‍തൂക്കത്തിന് ഇരയായ കമ്മ്യൂണിസ്റ്റുകാരന്‍. ഇപ്പോഴത്തെ എക്‌സൈസ് മന്ത്രി. നിര്‍ദോഷമെന്ന് തോന്നിപ്പിക്കുന്ന വിധം ഇക്കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞു.''പൂട്ടിയ ബാറുകള്‍ തുറക്കും. സുപ്രീം കോടതി വിധി മാനിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാണ്. കള്ളുഷാപ്പുകളും തുറക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ ഈയാഴ്ച തന്നെ ആരംഭിക്കും.'' 

കെ.എം. മാണിക്ക് എതിരായ സമരത്തിന്റെ ഉല്‍പന്നമാണ് ഇടതു മുന്നണി സര്‍ക്കാര്‍ എന്ന് പറയാറുള്ള കാനം രാജേന്ദ്രന്‍ പോലും ഒന്നും മിണ്ടിക്കണ്ടില്ല. സോളാര്‍ കോഴയെ പറ്റി വിജിലന്‍സ് തന്നെ മാണിയെ കുറ്റമുക്തനാക്കി സത്യവാങ്മൂലം നല്‍കിയിട്ടുമുണ്ട്. അപ്പോള്‍ പിന്നെ എക്‌സൈസ് മന്ത്രി പറയുന്നതിലെന്തു കാര്യം.

എന്നാല്‍ ചില കാര്യങ്ങളുണ്ട്. മറക്കാന്‍ പാടില്ലാത്തത്. ബാര്‍ കോഴയാണ് അന്നത്തെ വിവാദബിന്ദു. വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം വച്ചെന്നു പറഞ്ഞാണ് ഇപ്പോഴത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും വി ശിവന്‍കുട്ടിയും ഇപി ജയരാജനുമൊക്കെ ചേര്‍ന്ന് സ്പീക്കറുടെ കസേര പറിച്ചെറിഞ്ഞത്. അതിനെച്ചൊല്ലിയുള്ള ബഹളങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടുമില്ല. ആറാം തമ്പുരാനിലെ ജഗന്നാഥനെ പോലെ ബാര്‍ മുതലാളിമാര്‍ അന്നും പറഞ്ഞു. 'നാലാമത്തെ പെഗ്ഗില്‍ ഐസ് വീഴുമ്പോള്‍ ഞങ്ങളങ്ങെത്തും.'  

പെഗ് ഗ്ലാസുകളില്‍ ഐസു കുടയുകയാണ് ടി.പി. രാമകൃഷ്ണനും പിണറായി വിജയനും. അടുത്ത സുഹൃത്തുക്കളോടൊക്കെ ചോദിച്ചാണ് മദ്യവിലയെപ്പറ്റി ഒരു ഏകദേശ ധാരണ ഉണ്ടാക്കിയത്. തെറ്റുണ്ടെങ്കില്‍ തിരുത്താം. മുക്കാല്‍ ലിറ്റര്‍ വരുന്നതാണ് ഒരു ഫുള്‍ ബോട്ടില്‍. ശരാശരി വില ഇപ്പോള്‍ 700 മുതല്‍ 1300 രൂപ വരെയാണ്. വിലകുറഞ്ഞ മദ്യം നാനൂറു രൂപ മുതല്‍ കിട്ടാനുണ്ട്. ബിയറിന് വില 110 രൂപ.

ബാര്‍ കോഴ വിവാദകാലത്ത് വില ഇതിന്റെ പകുതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാധാരണ ബാറുകള്‍ക്ക് നക്ഷത്ര പദവി നല്‍കിയപ്പോള്‍ ഉപഭോക്താവിന് നല്‍കേണ്ടി വന്ന ആഡംബരമാണ് അധികവില. സാധാരണ ബാറുകള്‍ ഇല്ലാതായി. ത്രീ സ്റ്റാറും ഫോര്‍ സ്റ്റാറുമായി. മദ്യവില തോന്നിയ പടിയായി.

 ഇതിന്റെയൊക്കെ ഗുണനിലവാരം പരിശോധിക്കാന്‍ യാതൊരു സംവിധാനവും ഇല്ല എന്നതാണ് വാസ്തവം. ഇത് പഠിക്കാന്‍ നിയോഗിച്ച ശാസ്ത്രജ്ഞര്‍ ഒന്നേകാല്‍ക്കൊല്ലമായിട്ടും റിപ്പോര്‍ട്ട് നല്‍കിയിട്ടുമില്ല.

മദ്യത്തിന് വീടുകളില്‍ ഇന്ന് കിട്ടുന്ന സ്വീകാര്യത ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍. കള്ളും ചാരായവും  കിട്ടിയിരുന്ന കാലം. ചന്തകളില്‍ തന്നെയായിരുന്നു ചാരായഷാപ്പും. കുലീനരെ അകറ്റുന്ന എന്തെല്ലാമോ ഗ്രാമീണ വിലക്കുകള്‍ അക്കാലത്ത് ശക്തമായിരുന്നു. പണിയാളന്റെ പാനീയമായി കള്ള് വിലസി. മുണ്ട് മുഖത്തിട്ടായിരുന്നു ചില മാന്യരുടെ വീരഭദ്രസേവ.

അക്കാലം എ.കെ. ആന്റണി ചാരായം നിരോധിച്ചു. സ്ത്രീകളുടെ വോട്ടായിരുന്നു താല്‍പര്യം. സാമൂഹികക്ഷേമം പറഞ്ഞെങ്കിലും സമൂഹം കണക്കെടുപ്പില്‍ വന്നില്ല. അങ്ങനെ അശോകന്‍ ചെരുവിലിന്റെ കഥയിലേതു പോലെ പഞ്ചമി ബാര്‍ പല തട്ടായി. 

ചാരായത്തില്‍ നിറം കലക്കി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമാക്കിയപ്പോള്‍ വില കുത്തനെ കൂടി. അറുപതു രൂപയായിരുന്നു അക്കാലത്ത് ഫുള്‍ ബോട്ടിലിന് വിലയെന്ന് ഓര്‍ക്കുന്നു ഒരു സരസന്‍. പിന്നീടിങ്ങോട്ട് മദ്യവില ക്രമമായി ഉയര്‍ന്നു കൊണ്ടേയിരുന്നു. കഴിഞ്ഞ ഒന്നരക്കൊല്ലത്തിനിടയില്‍ ഒന്നര മടങ്ങ് വില ഉയര്‍ന്ന മറ്റൊന്ന് പെട്രോളേ കാണൂ. 
ഡോ. തോമസ്  ഐസക്കിന് നല്ല കാലമാണ്. ഈയിനത്തിലും  വരുമാനം കിട്ടും. പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധന പോലെ തന്നെ. ആന്തരിക ഇന്ധനത്തിന് വില കൂട്ടിയാല്‍ ആരും ചോദിക്കാനും വരില്ല. ബന്ദും ഹര്‍ത്താലും വരില്ല.

പക്ഷേ, സര്‍ക്കാരിന്റെ ചുമതല മദ്യനികുതി പിരിച്ചെടുക്കുന്നത് മാത്രമാണോ? കൊടുക്കുന്നത് കണ്ണ് പോകാത്ത മദ്യമാവണം എന്നത് കൂടി മധ്യമാവതി രാഗത്തില്‍ ശൈലജ ടീച്ചര്‍ പാടുന്ന ആരോഗ്യനയത്തിന്റെ ഭാഗമാകേണ്ടതില്ലേ? സ്വന്തം ജനതയുടെ മേലാണ് ഇമ്മാതിരി പരിഷ്‌കാരങ്ങള്‍ കെട്ടിയേല്‍പിക്കുന്നത് എന്നതും സര്‍ക്കാര്‍ ഓര്‍ക്കേണ്ടതില്ലേ? 
ഇനി എത്ര ബാറു തുറന്നാലും മദ്യത്തിന് കൂട്ടിയ വില കുറയില്ല. ബാര്‍ മുതലാളിമാര്‍ക്ക് കൊടുത്ത വാക്കുകള്‍ പാലിക്കുക തന്നെ ചെയ്യും സര്‍ക്കാര്‍. അണുകുടുംബത്തിലെ ഗൃഹനാഥന് ചെലവിനത്തില്‍ വരുന്ന വര്‍ദ്ധനയ്ക്ക് ആനുപാതികമാവില്ല ഒരിക്കലും വാര്‍ഷിക വരവ്. പുതിയ കാലത്ത് വിലക്കയറ്റം മറ്റെല്ലാ മേഖലകളിലും പാരമ്യത്തിലെത്തുമ്പോള്‍ കേന്ദ്ര- കേരള സര്‍ക്കാരുകള്‍ക്ക് പരസ്പരം പഴിക്കാം. പിഴിയുന്നത് പ്രജയുടെ പോക്കറ്റാണ്. 

സര്‍ക്കാര്‍ തന്നെ പറയുന്ന കണക്ക് പ്രകാരം ബാര്‍ നിരോധിച്ചിട്ടും മദ്യവില്‍പന കുറഞ്ഞിട്ടില്ല. ഇനി എല്ലാ ബാറുകളും തുറന്നാലും  വില്‍പന കൂടാനേ തരമുള്ളൂ. ആബാലവൃദ്ധം മലയാളികളെ മദ്യവര്‍ജനത്തിന് പ്രേരിപ്പിക്കും എന്നായിരുന്നല്ലോ ഇടതു പ്രകടന പത്രിക. അന്ന് വന്ന സീതാറാം യെച്ചൂരി പോലും സ്‌ത്രൈണത പടരുന്ന ലജ്ജയോടെ മദ്യത്തെ തിരിച്ചു കൊണ്ടുവരില്ലെന്നാണ്  പ്രഖ്യാപിച്ചത്. മദ്യലഭ്യത കൂട്ടി മദ്യവര്‍ജ്ജനം നടപ്പാക്കുന്ന രീതി മന്മഥന്‍ സാറും കുമാരപ്പിള്ള സാറും പോലും കേട്ടിരിക്കില്ല. 

സി.പി.എമ്മിന്റെ ലൈന്‍ കാരാട്ടിന്റേതായാലും യെച്ചൂരിയുടേതായാലും മദ്യരാജാക്കന്മാര്‍ക്ക് അനുകൂലമാണ്. മദ്യവില്‍പന സംബന്ധിച്ച തീരുമാനം  സംസ്ഥാനത്തിന് വിട്ട സുപ്രീം കോടതി വിധി ആഹ്ലാദത്തോടെ തന്നെയാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഗ്രൂപ്പുവഴക്കിന്റെ താല്‍ക്കാലിക കലഹത്തിന് പുറത്ത് കോണ്‍ഗ്രസ്സിന് മദ്യനയത്തില്‍ നിലപാടില്ലെന്നതിന് മാണിസാര്‍ തന്നെ തെളിവ്. 

അതിനാല്‍ കുടിയന്മാരേ, എല്ലാവരും പരതുന്നത് നിങ്ങളുടെ പോക്കറ്റാണ്. ജി.എസ്.ടിയും നോട്ട് നിരോധനവും വിലക്കയറ്റവുമൊക്കെ ജീവിതം കൂടുതല്‍ ദുര്‍ഘടമാക്കാനേ പോകുന്നുള്ളൂ. അതിനാല്‍ കുപ്പി പൊട്ടിക്കാന്‍ കാലമായി. മദ്യക്കുപ്പി തല്ലിപ്പൊട്ടിക്കാന്‍. 

മദ്യം വാങ്ങാതിരിക്കുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്.