Representative Image | Photo: Gettyimages.in
ബാലുശ്ശേരി: ഡ്യൂട്ടിസമയം രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെ. മൂത്രശങ്ക മാറ്റാൻപോലും സൗകര്യമില്ലാത്ത കെട്ടിടങ്ങൾ. ആർത്തവനാളുകളിൽ ഉപയോഗിച്ച സാനിറ്ററി നാപ്കിനുകൾ പൊതിഞ്ഞ് വീട്ടിലേക്കു കൊണ്ടുപോവണം. അല്ലെങ്കിൽ നാപ്കിൻ മാറാതെ നീണ്ടമണിക്കൂറുകൾ അസ്വസ്ഥതകളുമായി തുടരണം.
സർക്കാരിന് വൻലാഭമുണ്ടാക്കുന്ന ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകളിൽ ജോലിചെയ്യുന്ന വനിതാജീവനക്കാരുടെ അവസ്ഥയാണിത്. കോർപ്പറേഷനുകീഴിൽ ആകെയുള്ള 3332 ജീവനക്കാരിൽ 1384 പേർ വനിതകളാണ്. ഇവരിൽ ഭൂരിപക്ഷവും ജോലിചെയ്യുന്നത് ഔട്ട്‌ലെറ്റുകളിലുമാണ്. സംസ്ഥാനത്ത് ആകെയുള്ള 270 ഔട്ട്‌ലെറ്റുകളിൽ 64 ഇടങ്ങളിൽ ശൗചാലയങ്ങളില്ല. പത്തിൽ താഴെ ഇടങ്ങളിൽമാത്രമാണ് സ്ത്രീകൾക്ക് പ്രത്യേകം സൗകര്യമുള്ളത്. സമീപത്തെ വീടുകളെയും സ്കൂളുകളെയും ആശ്രയിക്കുകയാണ് പലരും ചെയ്യുന്നത്. ഒരിടത്തും സാനിറ്ററി നാപ്കിൻ നശിപ്പിക്കാൻ സംവിധാനമില്ല.
വിശേഷദിവസങ്ങളിൽപ്പോലും ഡ്യൂട്ടിയുള്ള ബിവറേജസ് ജീവനക്കാർക്ക് അർഹതപ്പെട്ട അവധിപോലും എടുക്കാൻ കഴിയാറില്ല. പല ഔട്ട്‌ലെറ്റുകളിലും വിശ്രമസൗകര്യവുമില്ല. ജോലിസമയം ഒരുമണിക്കൂറെങ്കിലും കുറയ്ക്കണമെന്നത് ജീവനക്കാരുടെ നീണ്ടകാലത്തെ ആവശ്യമാണ്. ദിവസം നാലുമണിക്കൂർ അധികഡ്യൂട്ടിക്ക് കിട്ടുന്ന 420 രൂപ അലവൻസ് പര്യാപ്തമല്ലെന്നും ജീവനക്കാർ പറയുന്നു.
ആർത്തവ അവധിയെക്കുറിച്ചുള്ള ചർച്ചകളുയരുമ്പോൾ മതിയായ സൗകര്യങ്ങളെങ്കിലും ഒരുക്കിത്തന്നാൽ മതിയെന്നാണ് വനിതാജീവനക്കാർ പറയുന്നത്.
രാവിലെ എട്ടരയ്ക്കെങ്കിലും വീട്ടിൽനിന്നിറങ്ങുന്ന ഇവരിൽ പലരും രാത്രി 10 മണികഴിഞ്ഞേ വീടെത്തൂ. നീണ്ടമണിക്കൂറുകൾ ഒരേ നാപ്കിൻ ഉപയോഗിക്കുന്നത് പലർക്കും ശാരീരിക ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. മൂത്രം പിടിച്ചുനിർത്താൻ കുടിക്കുന്ന വെള്ളത്തിന്റെ അളവു കുറയ്ക്കുന്നത് അണുബാധയ്ക്കും ഇടയാക്കുന്നു. ഭക്ഷണം കഴിക്കാനുള്ള സൗകര്യമില്ലെന്നും ജീവനക്കാർ പറയുന്നു.
ഹൈക്കോടതിവിധിയെത്തുടർന്ന് ദേശീയപാതകളിൽനിന്ന് ദൂരെയായി, ഉൾവഴികളിലേക്ക് ഔട്ട്‌ലെറ്റുകൾ മാറിയതും രാത്രി വൈകി വീട്ടിലേക്കുപോവുന്ന വനിതാജീവനക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.
Content Highlights: Bevco women workers and Periods


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..