കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നാവണം - ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍


ബർലിൻ കുഞ്ഞനന്തൻ നായർ

7 min read
Read later
Print
Share

മോഹഭംഗമുണ്ടെങ്കിലും ഞാന്‍ ഇപ്പോഴും കമ്മ്യൂണിസത്തില്‍ അചഞ്ചലമായി വിശ്വസിക്കുന്നു. പാര്‍ട്ടിയിലെ പിളര്‍പ്പിന്റെ സാക്ഷിയായ എന്റെ ആഗ്രഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വീണ്ടും ഒരു പാര്‍ട്ടിയാകണമെന്നാണ്. ചുരുങ്ങിയത് സി.പി.ഐ.യും സി.പി.എമ്മും ചേര്‍ന്ന് ഒരു പാര്‍ട്ടിയാവുക. കാലം മാറിയെന്നതും സാധ്യതകള്‍ കുറഞ്ഞുവരുന്നുവെന്നതും മനസ്സിലാക്കി യുക്തമായ അടവുകള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വഴിമുട്ടും.

ബർളിൻ കുഞ്ഞനന്തൻ നായർ | ഫോട്ടോ : സിദ്ദിഖുൽ അക്ബർ| മാതൃഭൂമി

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ കോണ്‍ഗ്രസ്സില്‍ പ്രതിനിധിയായി പങ്കെടുക്കാനും പ്രസംഗിക്കാനും അവസരം ലഭിച്ച ഞാനാകും ഇപ്പോള്‍ ജീവിച്ചിരിപ്പുള്ള ഏറ്റവും സീനിയര്‍ കമ്മ്യൂണിസ്റ്റുകാരില്‍ ഒരാള്‍. എണ്‍പത് വര്‍ഷത്തിലേറെ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നില്‍ക്കാന്‍, അഞ്ച് വര്‍ഷമായി പൂര്‍ണമായും കിടപ്പിലാണെങ്കിലും, അതിന്റെ സാര്‍വദേശീയ ഓര്‍മകളയവിറക്കിനില്‍ക്കാന്‍ സാധിക്കുന്നത് സന്തോഷവും അത്രതന്നെ സന്താപവുമുണ്ടാക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളരുന്നതുവരെ എല്ലാ കോണ്‍ഗ്രസ്സിലും പ്രതിനിധിയായോ നിരീക്ഷകനായോ സംഘാടകരിലൊരാളായോ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചിട്ട് നൂറ് വര്‍ഷമായോ അതോ തൊണ്ണൂറ്റഞ്ചോ എന്ന തര്‍ക്കം പണ്ടേയുള്ളതാണെങ്കിലും തര്‍ക്കത്തിനുവേണ്ടിയുള്ള തര്‍ക്കമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷം രണ്ടാം ഇന്റര്‍നാഷണലിന്റെ സമ്മേളനത്തില്‍ ഇന്ത്യയില്‍നിന്ന് ആനി ബസന്റിന്റെ അനുയായി മേഡം കമ്മ പ്രതിനിധിയായി പങ്കെടുത്തിരുന്നു. ബൂര്‍ഷ്വാ ജനാധിപത്യ പാര്‍ട്ടികളെയും കൂടി ഇന്റര്‍നാഷണലിന്റെ ഭാഗമാക്കിയ കാള്‍ കൗത് സ്കിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ലെനിന്‍ ഇറങ്ങിപ്പോക്ക് നടത്തിയ സമ്മേളനമാണത്. വഞ്ചകനായ കൗത് സ്‌കി എന്ന പേരില്‍ ലെനിന്‍ എഴുതിയ പുസ്തകം ഇവിടെയും പരക്കെ പ്രചരിപ്പിച്ചതാണ്. മൂലധനത്തിന്റെ നാലാം വോള്യം മാര്‍ക്‌സിന്റെ നോട്ടുപുസ്തകങ്ങളില്‍നിന്ന് കൗത് സ്‌കിയാണ് തയ്യാറാക്കിയതെന്നതിനാല്‍ അംഗീകരിക്കപ്പെടാതെപോയെന്നത് മറ്റൊരു വൈരുദ്ധ്യം.

ഒന്നാം ലോകയുദ്ധത്തിന്റെ അവസാനസമയത്താണ് മൂന്നാം ഇന്റര്‍നാഷണല്‍ ലെനിന്റെ നേതൃത്വത്തില്‍ മോസ്‌കോവില്‍ രൂപംകൊണ്ടത്( 1919 മാര്‍ച്ച് 3) . കോളനി രാജ്യങ്ങളിലെ ജനങ്ങളുടെ മോചനം വിപ്ലവത്തിലൂടെയേ സാധ്യമാകൂ എന്നതിനാല്‍ എല്ലാ രാജ്യത്തും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ സൗകര്യമൊരുക്കാന്‍ ലെനിന്‍ ആഹ്വാനം ചെയ്തു. അക്കാലത്ത് ഹൈദരാബാദ് സ്വദേശിയും ബംഗാളിയുമായ നിരണ്‍ ചതോപാദ്ധ്യായ( വീരേന്ദ്ര ചതോപാധ്യായ എന്നാണ് മുഴുവന്‍ പേര്) ബെര്‍ലിനിലെ ഫ്രഡറിക് സ്ട്രാസെയിലെ 113-ാം നമ്പര്‍ കെട്ടിടത്തില്‍ വാന്‍ഗാര്‍ഡ് എന്ന പത്രം നടത്തുന്നുണ്ടായിരുന്നു.

ലെനിന്‍ നിരണിനെ മോസ്‌കോവിലേക്ക് വിളിച്ചുവരുത്തിയിരുന്നു. കോമിന്റേണിന്റെ ആഹ്വാനമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനും പറ്റിയ വഴിയെന്ന് കരുതി നിരണ്‍ ലെനിന്റെ അനുയായിമാറി. വാന്‍ഗാഡ് ഇന്റര്‍നാഷണലിന്റെ മുഖപത്രങ്ങളിലൊന്നായി അംഗീകരിച്ചു. ജര്‍മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉടമസ്ഥതയിലാണ് ആ കെട്ടിടം ഇപ്പോഴും. നിരണിന്റെ സഹോദരി സുഹാസിനി തലശ്ശേരിക്കാരനും വേങ്ങയില്‍ കുഞ്ഞിരാമന്‍ നായരുടെ മകനും പത്രപ്രവര്‍ത്തകനുമായ എ.സി.എന്‍. നമ്പ്യാരുമായി പ്രണയത്തിലായി വിവാഹിതരായി ബെര്‍ലിനിലുണ്ടായിരുന്നു. നമ്പ്യാര്‍ പില്‍ക്കാലത്ത് സുഭാഷ്ചന്ദ്രബോസിന്റെ അടുത്ത സഹപ്രവര്‍ത്തകനായി.

1919-ല്‍ മൂന്നാം കോമിന്റേണ്‍ തുടങ്ങിയ ലെനിന്‍ യൂണിവേഴ്‌സിറ്റി ഓഫ് ദി ടോയിലേഴ്‌സ് ഓഫ് ദി ഈസ്റ്റ് എന്ന പേരില്‍ മോസ്‌കോ, താഷ്‌കന്റ് തുടങ്ങിയ നാല് നഗരങ്ങളില്‍ സര്‍വകലാശാല തുടങ്ങി. സുഹാസിനി നമ്പ്യാര്‍ അവിടെ പഠിച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയത്. സി.പി.ഐ.യിലെ ആദ്യ വനിതാ അംഗം. കമ്മ്യൂണിസത്തില്‍ ആകൃഷ്ടരായി ഈ ഘട്ടത്തില്‍ ബംഗാളില്‍നിന്നും മറ്റുമായി കുറെപ്പേര്‍ രഹസ്യമായി ഹി്ന്ദുക്കുഷ് കടന്ന് താഷ്‌കന്റിലെത്തിയിരുന്നു. അക്കൂട്ടത്തില്‍ ഇരുപതോളം പേര്‍ ചേര്‍ന്നാണ് 1920- ഒക്ടോബര്‍ 20-ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപവല്‍ക്കരിക്കുന്നത്.

എം.എന്‍.റോയിയുടെ നേതൃത്വത്തില്‍ നടന്ന ആ യോഗത്തില്‍ അദ്ദേഹത്തിന്റെ റഷ്യക്കാരിയായ ഭാര്യ, അബനി മുഖര്‍ജി, അദ്ദേഹത്തിന്റെ റഷ്യക്കാരിയായ ഭാര്യ, എം.ടി.ബി.ടി.ആചാര്യ, മുഹമ്മദ് ഷഫീഖ് തുടങ്ങിയവരാണ് പങ്കെടുത്തത്. സെക്രട്ടറിയായി മുഹമ്മദ് ഷഫീഖിനെയാണ് നിശ്ചയിച്ചത്. ഉസ്ബെക്കിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ലെനിന്റെ നിര്‍ദേശാനുസരണം രൂപവല്‍ക്കരണ സമ്മേളനം നടത്തിയത്.

ഈ സംഘം പല ഗ്രൂപ്പുകളായി രഹസ്യമായി ഹിന്ദുക്കുഷ് കടന്ന് ഇന്ത്യയിലേക്ക് പ്രവര്‍ത്തനത്തിനായി കടക്കുന്നതിനിടയില്‍ മിക്കവരും ബ്രിട്ടീഷ് ഇന്റലിജന്‍സിന്റെ പിടിയിലായി. പെഷവാര്‍ ഗൂഢാലോചനക്കേസുകളുടെ ഉദ്ഭാവം അങ്ങനെയാണ്. തുടര്‍ന്ന് 1925- ലെ ക്രിസ്മസ് കാലത്ത് താഷ്‌കന്റ് സമ്മേളനത്തിലെ പങ്കാളിയായിരുന്ന അബനി മുഖര്‍ജിയുടെകൂടി സാന്നിധ്യത്തില്‍ എസ്.എ.ഡാങ്കെ, എസ്.വി. ഘാട്ടെ, മുസഫര്‍ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്ത സമ്മേളനം നടന്നു. അതില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടരിയായി സത്യവ്രതയെയാണ് തിരഞ്ഞെടുത്തത്.

സത്യവ്രത ഇന്ത്യയിലെ പാര്‍ട്ടി ഇന്റര്‍നാഷണലിന്റെ ഭാഗമാകരുതെന്ന് വാദിക്കുകയും സി.പി.ഐ. എന്നല്ല, ഐ.സി.പി. എന്നാവണം പേരെന്നും വാദിച്ചിരുന്നു. ഇദ്ദേഹം ബ്രിട്ടീഷ് ഏജന്റാണെന്ന് മനസ്സിലാക്കി ഒരാഴ്ചക്കകംതന്നെ പുറത്താക്കുകയും പകരം എസ്.വി.ഘാട്ടെയെ സെക്രട്ടറിയാക്കുകയും ചെയ്തു. തുടര്‍ന്ന് രാജ്യവ്യാപകമായി നടത്തിയ രഹസ്യപ്രവര്‍ത്തനം ബ്രിട്ടീഷ് ഇന്റലിജന്‍സ് പിടിക്കുകയും 32 നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. കാണ്‍പൂര്‍, മീററ്റ് ഗൂഢാലോചനക്കേസുകള്‍ ഇതുമായി ബന്ധപ്പെട്ടാണ്.

ജയിലിലടക്കപ്പെട്ടവരില്‍ ഡാങ്കേ, മുസഫര്‍ അഹമ്മദ് എന്നിവര്‍ക്കൊപ്പം ദക്ഷിണേന്ത്യയില്‍നിന്ന് ശിങ്കാരവേലു ചെട്ടിയാരും ഉണ്ടായിരുന്നു. ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍വന്ന ശേഷം 1936-ലാണ് സി.പി.ഐ.യെ നിയമവിധേയമാക്കിയത്. കോമിന്റേണിന്റെ അംഗീകാരവും ലഭിച്ചു. പി.സി.ജോഷി സെക്രട്ടരിയും ബി.ടി രണദിവെ, ജി.അധികാരി എന്നിവരടങ്ങിയ പോളിറ്റ് ബ്യൂറോവും അപ്പോള്‍ നിലവില്‍വന്നു. അതിനുശേഷമാണ് ( 1937) എസ്.വി.ഘാട്ടെയും സുന്ദരയ്യയും കോഴിക്കോട്ടുവന്ന് കൃഷ്ണപിള്ള, ഇ.എം.എസ്., എന്‍.സി.ശേഖര്‍, കെ.ദാമോദരന്‍ എന്നിവരെ ചേര്‍ത്ത് സി.പി.ഐ.യുടെ കേരള ഘടകമുണ്ടാക്കുന്നത്.

39 ഡിസംബര്‍ 31-ന് പിണറായി പാറപ്രത്തുചേര്‍ന്ന് സി.എസ്.പി. കേരളഘടകം യോഗം അപ്പാടെ സി.പി.ഐ.യാവാന്‍ തീരുമാനിച്ചു. അപ്പോള്‍ പാര്‍ട്ടി നിരോധിക്കപ്പെട്ട കാലമാണ്. ഈ ഘട്ടത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 1940 സെപ്റ്റംബറില്‍ പി.സുന്ദരയ്യ അതീവ രഹസ്യമായി കണ്ണൂരിലെത്തിയത്. അഴീക്കല്‍ റെയില്‍വേ സ്റ്റേഷനില്‍( വളപട്ടണം) സുന്ദരയ്യ വരുന്നുണ്ടെന്നും അദ്ദേഹത്തിന്റെ സഹയാത്രികനായിരിക്കേണ്ടത് ഞാനാണെന്നും അഡ്വ്.കെ.കെ.നായരും( മല്ലിക എന്ന തൂലികാനാമത്തില്‍ എഴുത്തുകാരനായിരുന്നു) മറ്റൊരു പ്രവര്‍ത്തകനായ അമ്പുമാഷും എന്നോട് പറയുന്നത്.

ഞാനന്ന് ചിറക്കല്‍ രാജാസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയാണ്. സ്റ്റേഷനില്‍ പോയി സുന്ദരയ്യയെ കണ്ടു. അദ്ദേഹത്തെ എന്റെ സഹോദരിയുടെ വീട്ടിലേക്ക് കൂട്ടി. കുളിയും ഭക്ഷണവും കഴിഞ്ഞ ശേഷം മാവിലായിയിലേക്ക് പുറപ്പെട്ടു. അവിടെ നല്ലക്കണ്ടി പൊക്കന്‍ എന്നയാളുടെ വീട്ടില്‍ ഇ.എം.എസ്.ഒളിവില്‍ കഴിയന്നുണ്ട്. സുന്ദരയ്യ ഓടിക്കുന്ന സൈക്കളില്‍ പിന്നിലിരുന്ന് എന്റെ യാത്ര. മാവിലായിയില്‍ പൊക്കന്റെ വീട്ടിനടുത്തുള്ള വൈദ്യരുടെ പീടിക വരെയേ എനിക്ക് പോകാന്‍ അനുമതിയുള്ളു. അവിടെ കെ.ദാമുവേട്ടന്‍ കാത്തിരിപ്പുണ്ടായിരുന്നു. സുന്ദരയ്യയെ അവിടെയാക്കി ഞാന്‍ മടങ്ങി. അടുത്തദിവസം തിരിച്ച് കൂട്ടിക്കൊണ്ടുവന്ന് റെയില്‍വേ സ്റ്റേഷനിലാക്കി. പൊക്കന്റെ വീട്ടില്‍ ഉന്നതതല യോഗം നടക്കുകയായിരുന്നു....

പാര്‍ട്ടി നിയമവിധേയമായതിനെ തുടര്‍ന്ന് 1943 ജൂണില്‍ നടന്ന സി.പി.ഐ. ഒന്നാം പാര്‍ട്ടി കോണ്‍്ഗ്രസ്സ് ബോംബെയില്‍ നടന്നുകൊണ്ടിരിക്കെയാണ് മൂന്നാം ഇന്റര്‍ നാഷണല്‍ പിരിച്ചുവിട്ട വിവരമറിയുന്നത്. പ്രതിനിധികളില്‍ പലര്‍ക്കും ഞെട്ടലുണ്ടായെങ്കിലും സ്റ്റാലിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് പ്രമേയം പാസാക്കി. സമ്മേളനത്തില്‍ ബോംബെയില്‍നിന്നുള്ള ഗോപാല്‍ജിയടക്കം ഒമ്പത് മലയാളികളുണ്ടായിരുന്നു പ്രതിനിധികളായി. 120 പേരാണ് ആകെ പ്രതിനിധികള്‍.

1948-ല്‍ സായുധ വിപ്ലവപാത നിശ്ചയിച്ച കൊല്‍ക്കത്തയിലെ രണ്ടാം കോണ്‍ഗ്രസ് മുതല്‍ അന്തഛിദ്രത്തിന്റെ വിത്തുകള്‍ പാവുകയായി. അതേവരെ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ നേതൃത്വം നല്‍കിയ ജനറല്‍ സെക്രട്ടറി പി.സി.ജോഷിയെ പിന്തിരിപ്പനായി മുദ്രകുത്തി എന്നുമാത്രമല്ല കേന്ദ്ര കമ്മിറ്റിയില്‍പ്പോലും ഉള്‍പ്പെടുത്തിയില്ല. ആ സമ്മേളനത്തില്‍ പ്രതിനിധിയായിരുന്നില്ല ഞാന്‍. സംഘാടകസമിതിയുടെ ബാഡ്ജ് ധരിച്ചാണ് സമ്മേളനത്തില്‍ ഞാന്‍ പങ്കെടുത്തത്. കേരളത്തില്‍നിന്നുള്ള നേതാക്കളെ എത്തിക്കലും തിരിച്ചെത്തിക്കലുമായിരുന്നു എന്റെ ചുമതല.

പിന്നീട് നിരോധനത്തിലും നേതാക്കളാകെ ജയിലിലുമായ അവസരത്തില്‍ സി.പി.ഐ.യുടെ തീവ്രവാദപരമായ നിലപാടിനെ വിമര്‍ശിച്ച് ലോക കമ്മ്യൂണിസ്റ്റ് ഇന്‍ഫര്‍മഷേന്‍ ബ്യൂറോവിന്റെ മുഖപത്രമായ പീസ് ആന്‍ഡ് സോഷ്യലിസം എന്ന മാസികയില്‍ മുഖപ്രസംഗം വന്നു. സി.പി.എസ്.യു. മുഖപത്രമായ പ്രവ്ദയുടെ മുന്‍ എഡിറ്റര്‍ റൂമിയന്‍സേവായിരുന്നു അതിന്റെ പത്രാധിപര്‍. ഇതോടെ പാര്‍ട്ടി നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി ബി.ടി.രണദിവെയുടെ ലൈനിനെതിരെ ശക്തമായ കലാപമായി. പ്രഭാത് എന്ന പേരില്‍ പ്രവര്‍ത്തിച്ച അജയഘോഷ്, പ്രമോദ് എന്ന പേരില്‍ പ്രവര്‍ത്തിച്ച് ഡാങ്കേ, പ്രകാശ് എന്ന പേരില്‍ പ്രവര്‍ത്തിച്ച് എസ്.വി.ഘാട്ടെ എന്നിവര്‍ ചേര്‍ന്ന് നേതൃത്വത്തിന്‌ ഒരു കത്ത് നല്‍കി.

ത്രീ പി ലെറ്റര്‍ എന്നറിയപ്പെട്ട ആ കത്ത് കൊല്‍ക്കത്താ കോണ്‍ഗ്രസ്സിലെ ലൈന്‍ മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പാതയിലേക്ക് വരണമെന്നായിരുന്നു ത്രീ പി ലൈന്‍. അതിനുശേഷമാണ് എസ്.എ.ഡാങ്കേ,രാജേശ്വരറാവു, അജയഘോഷ്, ബാസവപുന്നയ്യ എന്നിവര്‍ സ്റ്റാലിന്‍ അയച്ച മുങ്ങിക്കപ്പലില്‍ മോസ്‌കോവിലേക്ക് പോയത്. ടെക് സംഘടനയുടെ ചുമതലക്കാരെന്ന നിലയില്‍ നിഖില്‍ ചക്രവര്‍ത്തിയും ഞാനും അതിന് ദൃക്‌സാക്ഷികള്‍. മോസ്‌കോവില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യന്‍ പാര്‍ട്ടിയുടെ പരിപാടി അവിടുത്തെ സാഹചര്യങ്ങള്‍ക്കനുസൃതമായി അവിടെ തീരുമാനിക്കണമെന്നാണ് സ്റ്റാലിന്‍ നിര്‍ദേശിച്ചത്.

അതനുസരിച്ച് മോസ്‌കോവില്‍ നാല് മാസത്തോളം താമസിച്ച് അവര്‍ നാല് പേരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഒരു പരിപാടി തയ്യാറാക്കി. അതാണ് 1951-ല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന പ്രത്യേക കണ്‍വന്‍ഷനില്‍ നയപ്രഖ്യാനരേഖയായി അംഗീകരിച്ചത്. കണ്‍വന്‍ഷനില്‍ അജയഘോഷ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. രണദിവെയെ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.

സ്റ്റാലിന്റെ മരണത്തിന് ശേഷം സോവിയറ്റ് പാര്‍ട്ടിയില്‍ ക്രൂഷ്‌ചേവ് സ്റ്റാലിന്റെ വ്യക്തിപ്രഭാവവുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലും ഹങ്കറിയിലെ സോവിയറ്റ് ഇടപെടലും ഇവിടെ വിഭാഗീയത വളര്‍ത്തി. കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അതിനെ ആളിക്കത്തിക്കാന്‍ തുടങ്ങി. 1961-ല്‍ വിജയവാഡയില്‍ നടന്ന ആറാം കോണ്‍ഗ്രസ്സില്‍ ഏകീകൃതമായ ഒരു രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കാനായില്ല.

കോണ്‍ഗ്രസ്സിന് മുന്നോടിയായി നടന്ന സംസ്ഥാന സമ്മേളനങ്ങളില്‍ രണ്ട് വിഭാഗമായി വോ്‌ട്ടെടുപ്പ് നടന്നു. കണ്ണൂര്‍ ജില്ലയിലെ കാട്ടാമ്പള്ളിയില്‍ നടന്ന കേരള സംസ്ഥാന സമ്മേളനത്തില്‍ എം.എന്‍.ഗോവിന്ദന്‍ നായരുടെ നേതൃത്വത്തിലുള്ള വിഭാഗവും കെ.ദാമോദരന്റെ നേതൃത്വത്തിലുള്ള വിഭാഗവും പ്രത്യേക രാഷ്ട്രീയ റിപ്പോര്‍ട്ടാണ് അവതരിപ്പിച്ചത്. എം.എന്‍. അവതരിപ്പിച്ച് രേഖ ഞാനാണ് തയ്യാറാക്കിയത്.

ദാമോദരന്റേത് അദ്ദേഹവും ഉണ്ണിരാജയും ചേര്‍ന്നും. കോണ്‍ഗ്രസ് ബന്ധം പാടില്ലെന്ന ഞങ്ങളുടെ രേഖ വന്‍ ഭൂരിപക്ഷത്തില്‍ പാസായി. പക്ഷേ വിജയവാഡ കോണ്‍ഗ്രസ്സിലെ ചര്‍ച്ചകള്‍ക്ക് ശേഷം എം.എന്‍.സ്വീകരിച്ച നിലപാട് എതിര്‍ വിഭാഗത്തിന്റെ രേഖയിലെ സമീപനമാണ്. പിന്നീട് സി.പി.ഐ.യായി നിലനിന്ന വിഭാഗം ദേശീയ ജനാധിപത്യവും മുതലാളിത്തേതര പാതയും സി.പി.എമ്മായി വിഭജിച്ചുപോയ വിഭാഗം ജനകീയ ജനാധിപത്യത്തിലൂടെ സോഷ്യലിസത്തിന് വേണ്ടി എന്ന നയവുമാണ് അവതരിപ്പിച്ചത്.

ഏകാഭിപ്രായത്തിലെത്താനാവാത്തതിനാല്‍ ജനറല്‍ സെക്രട്ടറി അജയഘോഷ് നടത്തിയ ഉദ്ഘാടന പ്രസംഗം രാഷ്ട്രീയപ്രമേയമായി കണക്കാക്കാന്‍ തീരുമാനിച്ചു. ആ പ്രസംഗം പ്രമേയ രൂപത്തില്‍ എഡിറ്റ്് ചെയ്ത് തയ്യാറാക്കാന്‍ നിഖില്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെ ചുമതലപ്പെടുത്തി. ഭൂപേശ് ഗുപ്ത, മൊഹിത് സെന്‍, ഞാന്‍ എന്നിവരായിരുന്നു മറ്റംഗങ്ങള്‍. ഞങ്ങള്‍ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ ആ രേഖയാണ് രാഷ്ട്രീയ പ്രമേയമായി അംഗീകരിച്ചത്. ജനറല്‍ സെക്രട്ടറിയായി അജയഘോഷിനെ തന്നെ തിരഞ്ഞെടുത്തു. റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടി പോളിറ്റ് ബ്യൂറോ അംഗം മിഖായേല്‍ സുസ്ലേവ് സൗഹാര്‍ദപ്രതിനിധിയായി ഉണ്ടായിരുന്നു. യൂറിഗഗാറിന്റെ സ്‌പേസ് യാത്ര വിജയിച്ചത് ആ വേളയിലാണ്. സമ്മേളനത്തില്‍ അത് വലിയ ആഘോഷമാക്കിമാറ്റി.

പക്ഷേ ആ സമ്മേളനത്തോടെ വിഭാഗീയത അതിരൂക്ഷമായി ഫലത്തില്‍ പിളര്‍പ്പിലെത്തി. ചൈനയോടുള്ള നിലപാട് സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് നടന്ന ചര്‍ച്ച അന്നത്തെ ആഭ്യന്തര മന്ത്രി ഗുല്‍സാരിലാല്‍ നന്ദക്ക്്് പാര്‍ട്ടി ചെയര്‍മാന്‍ ഡാങ്കെ ചോര്‍ത്തിക്കൊടുത്തുവെന്ന ആരോപണം പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അതിരൂക്ഷമാക്കി. 1964-ഏപ്രില്‍ 11-ന് സുന്ദരയ്യയുടെ നേതൃത്വത്തിലുള്ള 32 അംഗ സംഘം ദേശീയ കൗണ്‍സിലില്‍നിന്നിറങ്ങിപ്പോയതോടെ പിളര്‍പ്പ് ഔദ്യോഗികമായി സംഭവിച്ചു. അപ്പോള്‍ ബെര്‍ലിനിലായിരുന്ന എനിക്ക് ഏതാനും മാസത്തിനിടയില്‍ ഇരു പാര്‍ട്ടിയും നടത്തിയ ഏഴാം കോണ്‍ഗ്രസ്സില്‍ നിരീക്ഷകനായി പങ്കെടുക്കാന്‍ അവസരം കിട്ടി.

പില്‍ക്കാലത്ത് ത്രിപുര മുഖ്യമന്ത്രിയായ പരേതനായ ദസരഥ് ദേവ് ബെര്‍മന്‍ ഇരു കോണ്‍ഗ്രസ്സിലും പ്രതിനിധിയെന്ന നിലയില്‍ പങ്കെടുത്ത സംഭവവും ഓര്‍ക്കുന്നു. സി.പി.ഐ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ സി.പി.എസ്.യു പി.ബി.അംഗം ബോറിസ് പനമരോവ് പ്രത്യേക വിമാനത്തിലാണ് ബോംബെയില്‍ വന്നത്. സി.പി.എസ്.യുവില്‍ ഇന്ത്യാ കാര്യങ്ങളുടെ ചുമതലക്കാരനായ കുഡ്‌സോബിനായിരുന്നു പനമരോവിന്റെ സഹായി. കുഡ്‌സോബിന്‍ സഹായിച്ചതിനാല്‍ ആ പ്രത്യേക വിമാനത്തിലാണ് ഞാനും ബംബെയിലെത്തിയത്.

ഏഴാം കോണ്‍ഗ്രസ്സോടെ പിളര്‍പ്പിന് ജനകീയജനാധിപത്യം, ദേശീയ ജനാധിപത്യം എന്നീ പ്രത്യയശാസ്്ത്ര അടിസ്ഥാനം ഇരു പാര്‍ട്ടികളും നല്‍കി. പുതിയ രാഷ്ട്രീയ സാഹചര്യം ആ ഭിന്നതകളില്‍ കാര്യമില്ലെന്ന നിലവരുത്തിയിരിക്കുന്നു. 15 വര്‍ഷത്തെ കടുത്ത പോരിനും പുലഭ്യം പറച്ചിലിനും ശേഷം 1980-ഓടെ സി.പി.ഐ.യും സി.പി.എമ്മും വീണ്ടും ഹാര്‍ദമായ ബന്ധത്തിലായത് വളരെ സന്തോഷമുണ്ടാക്കിയ കാര്യമാണ്.

താഷ്‌കന്റില്‍ വെച്ച് നൂറ് കൊല്ലം മുമ്പ് രൂപംകൊണ്ട ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ വേദനാജനകമാണ്. പാര്‍ട്ടി എന്ന് പറയാതെ, പ്രസ്ഥാനം എന്ന് പറഞ്ഞത് മനപ്പൂര്‍വമാണ്. സി.പി.ഐ.ക്കും സി.പി.എമ്മിനും പുറമെ 1967-ല്‍ സി.പി.ഐ.എം.എല്‍. ഉണ്ടായി. ആ പാര്‍ട്ടി പിന്നെ നിരവധി പാര്‍ട്ടികളായി. ഒരേയൊരു പാര്‍ട്ടിയായിരുന്നപ്പോള്‍ ദേശീയതലത്തില്‍ 10 ശതമാനത്തോളം വോട്ട് നേടാന്‍ സാധിച്ചതായിരുന്നു. സോവിയറ്റ് യൂനിയന്‍ ശിഥ്ിലമാവുകയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് വ്യവസ്ഥകള്‍ അപ്പാടെ തകരുകയും ചെയ്തപ്പോഴും ഇന്ത്യന്‍ പാര്‍ട്ടികളുടെ ജനപിന്തുണ ഇന്നത്തെ തോതില്‍ ശോഷിക്കുമെന്ന് കരുതിയില്ല.

രണ്ട് പാര്‍ട്ടിക്കും കൂടി പാരല്‍മെന്റില്‍ അമ്പതിലേറെ അംഗങ്ങളുണ്ടായിരുന്നത് നാലോ അഞ്ചിലോ ഒതുങ്ങി. വലിയ നിരാശയാണ് അലട്ടിക്കൊണ്ടിരിക്കുന്നത്. മോഹഭംഗമുണ്ടെങ്കിലും ഞാന്‍ ഇപ്പോഴും കമ്മ്യൂണിസത്തില്‍ അചഞ്ചലമായി വിശ്വസിക്കുന്നു. പാര്‍ട്ടിയിലെ പിളര്‍പ്പിന്റെ സാക്ഷിയായ എന്റെ ആഗ്രഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വീണ്ടും ഒരു പാര്‍ട്ടിയാകണമെന്നാണ്.

ചുരുങ്ങിയത് സി.പി.ഐ.യും സി.പി.എമ്മും ചേര്‍ന്ന് ഒരു പാര്‍ട്ടിയാവുക. കാലം മാറിയെന്നതും സാധ്യതകള്‍ കുറഞ്ഞുവരുന്നുവെന്നതും മനസ്സിലാക്കി യുക്തമായ അടവുകള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വഴിമുട്ടും. സി.പി.എമ്മിന്റെ കഴിഞ്ഞ ഹൈദരാബാദ് കോണ്‍ഗ്രസ്സില്‍ രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ വലിയ പോരാണല്ലോ നടന്നത്.

ജനാധിപത്യവും മതസൗഹാര്‍ദവും പൗരാവകാശവും ഭീഷണി നേരിടുന്ന ഇന്നത്തെ സവിശേഷ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനെ തൊട്ടേകൂടെന്ന സമീപനം യുക്തമല്ല. ഹൈദരാബാദ് കോണ്‍ഗ്രസ് ചര്‍ച്ചക്ക് ശേഷം അംഗീകരിച്ച് രാഷ്ട്രീയ പ്രമേയത്തില്‍ പരിമിതമായി കോണ്‍ഗ്രസ് ബന്ധം ആവാമെന്ന് സമ്മതിക്കുന്നുണ്ട്. ബംഗാളില്‍ അത് രാഷ്ട്രീയപ്രമേയത്തിലെ അളവിലുമധികം പ്രയോഗത്തിലാകുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ പഴയ ഭിന്നതയെല്ലാം മറന്ന് സി.പി.ഐ.യും സി.പി.എമ്മും ഒരു പാര്‍ട്ടിയാകണം. നൂറാം വാര്‍ഷികത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കാകെ കരണീയമായിട്ടുള്ളത് ഒന്നിക്കുക എന്നതാണ്.

(തയ്യാറാക്കിയത് കെ. ബാലകൃഷ്ണൻ)

content highlights: Berlin Kunjananthan Nair observation on Communist party 100th year in India 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Paniya
Premium

3 min

അറിയപ്പെടാത്തൊരു വംശഹത്യ | പണിയ ജീവിതത്തെ കുറിച്ച് അന്വേഷണ പരമ്പര

Jan 7, 2023


draupadi murmu

5 min

ദ്രൗപതി മുര്‍മു രാഷ്ടപതി കസേരയിലേക്ക്‌; ഇനി പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്‍പിലെന്ത്? | ഭാഗം 4

Jul 17, 2022


pregnant

4 min

വന്ധ്യംകരണവും ഗര്‍ഭനിരോധന മാര്‍ഗവും പുരുഷനും പറ്റും; അതും പെണ്ണിന്റെ ഉത്തരവാദിത്വമാവുമ്പോള്‍

Jun 28, 2022


Most Commented