തോക്ക് ചൂണ്ടിയ പട്ടാളക്കാരുടെ മുന്നിലൂടെ ശിരസ് കുനിച്ച് ഒന്നു കരയുക പോലും ചെയ്യാതെ അക്ഷോഭ്യരായി നടക്കുന്ന സ്ത്രീകള്‍. അതിലൊരാളുടെ കയ്യില്‍ കുട്ടി, മറ്റൊരു അമ്മയുടെ മുതുകിലും. തങ്ങള്‍ അടുത്ത നിമിഷം കൊല്ലപ്പെടുമെന്ന് അറിഞ്ഞിട്ടും ഒന്നു കരയുക പോലും ചെയ്യാതെ പൊള്ളുന്ന വെയിലില്‍ പൊടി നിറഞ്ഞ വഴികഴിലൂടെ അവര്‍ പട്ടാളക്കാരോടൊപ്പം നീട്ടിയ തോക്കിനു മുന്നിലൂടെ നടന്നു നീങ്ങി. പട്ടാളക്കാര്‍ ലക്ഷ്യസ്ഥാനത്തെത്തിയപ്പോള്‍ അവരുടെ കണ്ണുകള്‍ കെട്ടി. അവരെ മുട്ടിലിരുത്തി. മരണം കണ്‍മുന്നിലെത്തിയിട്ടും അവര്‍ ഒന്നനങ്ങിയ പോലും ഇല്ല. പിന്നെ കേട്ടത് നാലു വെടിയൊച്ചകള്‍. 

ജൂലൈ 2018ന് സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിച്ച വീഡിയോയുടെ ഉള്ളടക്കം ഇതാണ്. പക്ഷേ വ്യാജം എന്ന ഒറ്റവാക്കിലൊതുക്കി കാമറൂണ്‍ സര്‍ക്കാര്‍ ഈ വീഡിയോ തള്ളിക്കളഞ്ഞു. 

പക്ഷേ ബിബിസിയുടെ 'ആഫ്രിക്ക ഐ' സാറ്റലൈറ്റ് ദൃശ്യങ്ങളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ കാമറൂണ്‍ സൈന്യമാണ് രണ്ടു സ്ത്രീകളെയും കുട്ടികളെയും  കൊന്നതെന്ന് ബിബിസി കൃത്യമായി പറഞ്ഞു.

കൊലപാതകം എവിടെ ? 

സാറ്റലൈറ്റ് ദൃശ്യങ്ങളുടെ സഹായത്തോടെ ക്രാവാ മാഫ എന്ന ഗ്രാമത്തിലാണ് സംഭവമെന്ന് ബിബിസി വ്യക്തമാക്കി. നൈജീരിയന്‍ അതിര്‍ത്തിയില്‍ നിന്ന് വളരെ അടുത്താണ് ഈ കാമറൂണ്‍ ഗ്രാമം. പട്ടാളക്കാരും ഇരകളും നടന്നു നീങ്ങിയ വഴികള്‍, കെട്ടിടങ്ങള്‍, മരങ്ങള്‍, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ എന്നിവ  സാറ്റലൈറ്റ് ദൃശ്യങ്ങളുടെ സഹായത്തോടെ പരിശോധിച്ചാണ് ഈ നരനായാട്ട് എവിടെ വെച്ചുനടന്നുവെന്ന കൃത്യമായ വിവരം ബിബിസി പുറത്തുവിട്ടത്.  

കൊലപാതകം എപ്പോള്‍ ?

ബോക്കോ ഹറാമിനെതിരേ പോരാട്ടം നടത്തികൊണ്ടിരിക്കുന്ന കാമറൂണിയന്‍ സൈനിക താവളമാണ് കൊലപാതകത്തിന്റെ ഉറവിടമെന്നും ബിബിസി തെളിവു സഹിതം കണ്ടെത്തി. 
എപ്പോഴാണ് കൊലപാതകമെന്ന് വെയിലും നിഴലും വരെ പരിശോധിച്ച് ബിബിസി പുറത്തുവിട്ടു. 2015 മാര്‍ച്ച് 20നും ഏപ്രില്‍ 5നും ഇടയിലാണ് കൊലപാതകം എന്നാണ് ബിബിസി ശാസ്ത്രീയ അവലോകനത്തിനുശേഷം കണ്ടെത്തിയത്.

കൊന്നതാര് ? 

കാമറൂണിയന്‍ സര്‍ക്കാരാണാണെന്ന് മാധ്യമങ്ങളും ജനങ്ങളും പറഞ്ഞപ്പോള്‍ ഇസ ടാച്ചിറോമ ബാക്കറി എന്ന കാമറൂണ്‍ വാര്‍ത്താവിതരണ വകുപ്പുമന്ത്രി വിശദീകരണമായി രംഗത്തെത്തി .അതിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയായിരുന്നു.
1. വീഡിയോയിലുള്ള സൈനികരുടെ കയ്യിലുള്ള ആയുധങ്ങള്‍ കാമറൂണ്‍ സൈന്യം ഉപയോഗിക്കുന്നതല്ല. 

പക്ഷേ ആയുധം സസ്താവ എം21 ആണെന്നും ഇത് ഈ മേഖലയില്‍ കാമറൂണ്‍ സൈന്യം ഉപയോഗിക്കുന്നതാണെന്നും ബിബിസി തെളിയിച്ചു. കാമറൂണ്‍ സൈന്യത്തിന്റെ കയ്യിലുള്ള ഇത്തരം ആയുധങ്ങളുടെ ചിത്രങ്ങള്‍ നിരത്തിയാണ് ബിബിസി ഈ നിഗമനത്തിലേക്ക് എത്തിയത്.  

2. വീഡിയോയിലുള്ളവര്‍ ധരിച്ചിരിക്കുന്ന കളര്‍ഫുളായ യൂണിഫോം തങ്ങളുടെ സൈനികരുടേതല്ലെന്നായിരുന്നു ടാച്ചിമോറയുടെ അടുത്ത വാദം. പക്ഷേ  വീഡിയോയിലുള്ള അതേ യൂണിഫോം ധരിച്ച കാമറൂണ്‍ സൈന്യത്തിന്റെ വീഡിയോ അടക്കുള്ള ദൃശ്യങ്ങള്‍ തന്നെ പുറത്തുവിട്ടുകൊണ്ട് ബിബിസി സര്‍ക്കാരിന്റെ ഗൂഡാലോചന പുറത്തു കൊണ്ടു വന്നു. 

സിറിയാക്ക് പിടിയാല എന്ന ചോച്ചോ, ബാണബസ, കോബ്ര എന്ന സംഗ, എറ്റിയാന്‍ ഫാബസോ എന്നിവരാണ് ആ കൊലയാളികളെന്നും ബിബിസി കണ്ടെത്തി. ഇതിനായി വീഡിയോയിലെ  സംഭാഷണങ്ങളും ഫെയ്‌സ്ബുക്ക് പ്രൊഫൈലുകള്‍ അടക്കമുള്ളവയും ബിബിസി പരിശോധിച്ചു. വീഡിയോയിലുള്ള സൈനികരുടെ പ്രൊഫൈലിലേക്കു വരെ ബിബിസിയുടെ അന്വേഷണമെത്തി. 

സംഭവം വിവാദമായതോടെ ആരോപണ വിധേയരായവരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്യുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. പക്ഷേ സര്‍ക്കാര്‍ അന്വേഷണം തീരുന്നതിനുമുമ്പേ ശാസ്ത്രീയ തെളിവുകള്‍ നിരത്തി ആ നരനായാട്ടിന് നേതൃത്വം നല്‍കിയവര്‍ ആരാണെന്ന് ബിബിസി വ്യക്തമാക്കി കഴിഞ്ഞു. 

 Content Highlight: BBC Finding the soldiers who killed this woman in Cameroon