അയ്യങ്കാളി: നവോത്ഥാന ചരിത്രത്തിലെ സവിശേഷ വ്യക്തിത്വം


ബാബു കെ. പന്മന

വര: മദനൻ

രു മഹാമാരിയുടെ വെല്ലുവിളികള്‍ നേരിടാന്‍ കൈമെയ് മറന്ന് മനുഷ്യരാശി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് മഹാനായ അയ്യങ്കാളിയുടെ 157-ാമത് ജന്മദിനം ആഘോഷിക്കുന്നത്. അയ്യങ്കാളിയുടെ സമുദായ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നവോത്ഥാന ആശയങ്ങള്‍ക്കും എക്കാലത്തും പ്രസക്തി ഏറെയാണ്. പൊതു ഇടങ്ങളും പൊതുവായതെന്തും സ്വകാര്യവത്കരിക്കപ്പെടുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന് ലഭ്യമാകുന്നത് ഭരണകൂടം തന്നെ പരിമിതപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാമൂഹ്യ സാഹചര്യത്തില്‍ പൊതു ഇടങ്ങളുടെ ജനാധിപത്യവത്കരണത്തിനും അയിത്തജാതിക്കാരുടെ അവകാശം സ്ഥാപിച്ചെടുക്കുന്നതിനും വേണ്ടി അയ്യന്‍കാളി നടത്തിയ ഇടപെടലുകള്‍ക്ക് ചരിത്രത്തില്‍ സമാനതകളില്ല.

കേരളത്തിന്റെ 'സ്പാര്‍ട്ടക്കസ്' എന്ന വിശേഷണം അയ്യങ്കാളിയെ സംബന്ധിച്ചിടത്തോളം ഒട്ടും അതിശയോക്തിയല്ല. സഞ്ചാരസ്വാതന്ത്ര്യം, വിദ്യാഭ്യാസ അവകാശം, ചന്തകളില്‍ പ്രവേശിക്കാനുള്ള അവകാശം, വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങി ആധുനിക പൗരസമൂഹം വിലപ്പെട്ടതെന്നും അഭിമാനകരമെന്നും കരുതുന്ന അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം തന്റെ ജീവിതത്തിലുടനീളം പ്രയത്‌നിച്ചത്. നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ വേണ്ടി നടത്തിയ ഇടപെടലുകളും പോരാട്ടങ്ങളും നവോത്ഥാന കാലഘട്ടത്തെ സമരോത്സുഹമാക്കുകയും സാമൂഹ്യ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കുകയും ചെയ്തു. വില്ലുവണ്ടി യാത്രയും (1893) ബാലരാമപുരത്തെ ചാലിയത്തെരുവ് സംഘട്ടനവും മണക്കാട് സംഘര്‍ഷവും പൊതുവഴികള്‍ അയിത്തജാതിക്കാര്‍ക്കും അവകാശപ്പെട്ടതാണെന്ന പ്രഖ്യാപനമായിരുന്നു.

വസ്ത്രധാരണത്തെ പ്രതിഷേധത്തിനും അവകാശ പ്രഖ്യാപനത്തിനുമുള്ള ഒരു ഉപകരണമാക്കി അദ്ദേഹം മാറ്റി. ദിവാന്റെ വസ്ത്രധാരണത്തിന് സമാനമായ രീതിയില്‍ വസ്ത്രം ധരിച്ചും തലപ്പാവ് കെട്ടിയും കാതില്‍ കടുക്കന്‍ ഉപയോഗിച്ചും മനുഷ്യാവകാശങ്ങള്‍ ഔദാര്യമല്ലെന്ന് ഭരണകൂടത്തെയും അയിത്തജാതിക്കാരെയും ഒരുപോലെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിച്ചാല്‍ അത് പിടിച്ചുവാങ്ങണമെന്നും പ്രതികരിക്കണമെന്നുമുള്ള പൊതുധാരണ അയിത്തജാതിക്കാരിലുളവാക്കുന്നതിന് അയ്യങ്കാളിയുടെ ഈ പ്രതിരോധ തന്ത്രം പല അവസരങ്ങളിലും പ്രയോജനപ്പെട്ടതായി കാണാം.

നവോത്ഥാന ചരിത്രത്തില്‍ സമാനതകളില്ലാത്ത ജനകീയ ബദലുകള്‍ അയ്യങ്കാളി അവതരിപ്പിച്ചിട്ടുണ്ട്. പൊതുവഴിയിലൂടെ സഞ്ചരിച്ചാല്‍ മേല്‍ജാതിക്കാരുടെ ആക്രമണം ഉറപ്പായിരുന്നു. അത് മറികടക്കാന്‍ മഹാരാജാവിന്റെ ഛായാചിത്രം തലയില്‍വെച്ച് പുത്തരിക്കണ്ടം വഴി കിഴക്കേകോട്ടയിലേക്ക് നടത്തിയ യാത്ര അക്കാലത്ത് ഒട്ടും പരിചതമായ ഒരു ബദലായിരുന്നില്ല. സവര്‍ണ പ്രമാണിമാര്‍ അയിത്തജാതി കുട്ടികള്‍ക്ക് തുടര്‍ച്ചയായി വിദ്യാഭ്യാസ അവകാശം നിഷേധിച്ചപ്പോള്‍ വെങ്ങാനൂരില്‍ ഒരു ബദല്‍ കുടിപള്ളിക്കൂടം (1905) സ്ഥാപിച്ച് അവര്‍ക്ക് വിദ്യ അഭ്യസിക്കുവാനുള്ള അവസരമൊരുക്കി.

അയിത്തജാതി കുട്ടികളെ പഠിപ്പിക്കാന്‍ തയ്യാറായി മുന്നോട്ട് വന്ന അയ്യപ്പന്‍പിള്ള എന്ന അധ്യാപകനെ സവര്‍ണ്ണ മാടമ്പിമാരുടെ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിച്ച് സ്‌കൂളിലേക്കും തിരിച്ചും യാത്രയ്ക്ക് തുണയായി അയ്യങ്കാളിപ്പടയുടെ സേവനം പ്രയോജനപ്പെടുത്തി. സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിട്ടും അയിത്തജാതി കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം അപ്രാപ്യമായിതന്നെ തുടര്‍ന്നപ്പോള്‍ ചരിത്രത്തില്‍ അതുവരെ കേട്ടുകേള്‍വി ഇല്ലാതിരുന്ന കാര്‍ഷിക പണിമുടക്കിന് (1907) അയ്യങ്കാളി തയ്യാറായി. 'ഞങ്ങടെ ക്ടാത്തന്‍മാരെ പഠിപ്പാന്‍ സമ്മതിച്ചില്ലേല്‍ ഇക്കാണായ പാടങ്ങളില്ലെല്ലാം മുട്ടിപുല്ല് മുളപ്പിക്കും' എന്ന അയ്യന്‍കാളിയുടെ പ്രഖ്യാപനം സംഘടിത തൊഴിലാളി പ്രസ്ഥാനം എന്ന ആശയം രൂപം കൊള്ളുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു.

തിരുവിതാംകൂറിലെ നീതിന്യായ വ്യവസ്ഥ താഴ്ന്ന ജാതിക്കാര്‍ക്ക് അപ്രാപ്യമായിരുന്നു. അക്കാലത്തെ 'ചട്ടവരിയോല'കളായിരുന്നു നിയമവാഴ്ചയുടെ അടിസ്ഥാനം. അതില്‍ ഒരിടത്തും അയിത്തജാതിക്കാരെ മൃഗതുല്യരായിപ്പോലും കണ്ടിരുന്നില്ല. ഏകപക്ഷീയമായും മുന്‍വിധികളോടുകൂടിയും പരിഗണിക്കപ്പെട്ടിരുന്ന അയിത്തജാതിക്കാരുടെ പരാതികള്‍ പ്ലാവിന്‍ ചുവട്ടില്‍ കൂടിയിരുന്ന 'പ്ലാമൂട്ട് കോടതി' കളാണ് പരിഗണിച്ചിരുന്നത്. ഹര്‍ജികള്‍ തീണ്ടാപ്പാടകലം പാലിച്ച് തറയില്‍ വച്ച് വളരെ ദൂരെ മാറിനില്‍ക്കണമായിരുന്നു. ഈ നെറികേടിനെതിരെ സമുദായ കോടതികള്‍ സ്ഥാപിച്ച് ബദല്‍ നീതിന്യായ സംവിധാനം അയിത്തജാതിക്കാര്‍ക്കിടയില്‍ അയ്യങ്കാളി പ്രാവര്‍ത്തികമാക്കി. ജനിച്ചുവളര്‍ന്ന ജാതിയുടെ അതിരുകള്‍ക്കുള്ളില്‍ എരിഞ്ഞു തീരേണ്ടതല്ല ഓരോ മനുഷ്യരുടെയും, പ്രത്യേകിച്ചും അയിത്ത ജാതിക്കാരന്റെ ജീവിതം എന്ന വിശാല കാഴ്ചപ്പാടാണ് അയ്യങ്കാളി മുന്നോട്ടുവെച്ചത്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് അദ്ദേഹം സ്ഥാപിച്ച സാധുജനപരിപാലന സംഘമെന്ന സംഘടനയും സാധുജനപരിപാലിനിയെന്ന മാസികയും.

പെരിനാട് കലാപത്തെ തുടര്‍ന്ന് കൊല്ലത്ത് സംഘടിപ്പിച്ച സമ്മേളനം ചരിത്രത്തിലെ ആദ്യത്തെ സമാധാന സമ്മേളനമായിരുന്നു. ഈ സമ്മേളനത്തിലാണ് ജാതി അടയാളങ്ങളായ കല്ലും മാലയും ഉപേക്ഷിക്കാന്‍ അദ്ദേഹം ആഹ്വാനം നല്‍കിയത്. സാമൂഹ്യ പരിഷ്‌കര്‍ത്താവ്, പൗരാവകാശ സമരപോരാളി, വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി നടന്ന കാര്‍ഷിക പണിമുടക്കിന്റെ സംഘാടകന്‍, ദലിത് വിഭാഗത്തില്‍ നിന്നുമുള്ള ആദ്യസാമാജികന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അയ്യങ്കാളി നവോത്ഥാന നായകരുടെ ഇടയില്‍ സവിശേഷ വ്യക്തിത്വമായി ഉയര്‍ന്നുനില്‍ക്കുന്നു.

Content Highlights: Ayyankali- Unique personality in the history of the Renaissance

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented