‘മാനമൊന്ന് കറുത്താൽ ഞങ്ങടെ നെഞ്ചുപിടയ്ക്കും; വെള്ളവും വെളിച്ചവും വഴിയുമില്ലാതെ ഇവര്‍


ആർ. അജേഷ്

അട്ടപ്പാടി പഴയ അട്ടപ്പാടിയല്ല. ചുരംകയറിയ വികസനം കുറച്ചൊക്കെ അട്ടപ്പാടിയുടെ മുഖം മാറ്റിയിട്ടുണ്ട്. എന്നാൽ, കേരളംപിറന്ന് ആറരപ്പതിറ്റാണ്ട്‌ പിന്നിട്ടിട്ടും ആദിവാസിജനതയുടെ ക്ഷേമത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും വഴിയും വെള്ളവും വെളിച്ചവുമെത്താത്ത ഊരുകൾ ഇപ്പോഴും അട്ടപ്പാടിയിൽ അവശേഷിക്കുന്നു. അവരുടെ ജീവിതത്തിലൂടെ...

1.അട്ടപ്പാടി മുരുഗള ഊരിലേക്കെത്താനായി കെട്ടിയുണ്ടാക്കിയ മരപ്പാലത്തിലൂടെ പ്രയാസപ്പെട്ട്‌ കടന്നുപോകുന്ന പട്ടികവർഗവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. കൃഷ്ണപ്രകാശ്2.വീടിന്റെ ഓരത്തുനിന്ന് പെയ്തിറങ്ങുന്ന മഴവെള്ളം പാത്രത്തിൽ ശേഖരിക്കുന്ന അട്ടപ്പാടി മുരുഗള ഊരിലെ ആദിവാസിസ്ത്രീ.

പാലക്കാട്: ജനിച്ച് നാലാംമാസം നഷ്ടപ്പെട്ട കുഞ്ഞിന്റെ മൃതദേഹവുമായി ഒരച്ഛൻ കിലോമീറ്ററുകൾ നടന്നുപോകുന്ന കാഴ്ച കേരളത്തിന്റെ ഉള്ളുലച്ചിട്ട് അധികനാളുകളായില്ല. ഇതുപോലെ, കാടും മേടും കാട്ടാറും കടന്ന് ജീവിതം തള്ളിനീക്കുന്ന ഒട്ടനവധി ജീവിതങ്ങളുണ്ട് ഇപ്പോഴും അട്ടപ്പാടിയിൽ. വഴിയും വൈദ്യുതിയും ശുദ്ധജലവും ചികിത്സാസൗകര്യങ്ങളൊന്നുമെത്താതെ ‘തുരുത്തുകളിൽ’ കഴിഞ്ഞുകൂടുന്ന ഊരുജീവിതങ്ങൾ.പശ്ചിമഘട്ടത്തിന്റെ ചൂടും ചൂരുമറിഞ്ഞ് കാടിനോടുചേർന്ന് 192 ഊരുകൾ അട്ടപ്പാടിയിലുണ്ടെന്നാണ് കണക്ക്. 34,000-ത്തിലധികം ആളുകൾ ചേർന്നൊരിടം.

ഇതിൽ, പ്രാക്തന ഗോത്രവിഭാഗക്കാരായ കുറുമ്പർ താമസിക്കുന്ന പുതൂർ പഞ്ചായത്തിലെ മുരുഗള, കിണറ്റുക്കര, മേലേതുടുക്കി, താഴെതുടുക്കി, ഗലസി, കടുകമണ്ണ എന്നീ ആറ്‌ ഊരുകളുള്ളത് കാടിനകത്താണ്. ഭീതിവിഹരിക്കുന്ന കാട്ടുപാതയും കുതിച്ചൊഴുകുന്ന പുഴകളും സാഹസികമായി മറികടന്നാണ് ഈ ഊരുകളിലുള്ള 180-ഓളം കുടുംബങ്ങളുടെ യാത്രയും ജീവിതവും.

നടന്നുതീരുന്ന ജീവിതം

‘എങ്കളുക്ക് നല്ലൊരു റോഡില്ല. ചിണ്ടക്കി റോഡിലെ റേഷൻകടയ്ക്ക് പോകാൻ എട്ടുകിലോ മീറ്ററോളം കാട്ടുവഴിയിലൂടെ നടക്കണം. വയ്യാത്തവരെ മുളമഞ്ചലിൽ കെട്ടിനടന്നാണ് ആശുപത്രിയിലെത്തിക്കാറ്’ -മുരുഗള ഊരിലെ കുപ്പൻ (45) പരാതികൾ ഓരോന്നായി പറഞ്ഞു.

മണ്ണാർക്കാട്-ആനക്കട്ടി റോഡിൽ മുക്കാലി സെന്ററിൽനിന്ന് 11 കിലോമീറ്ററിലധികം സഞ്ചരിക്കണം മുരുഗളയും ഗലസിയും ഉൾപ്പെടെയുള്ള ഊരിലേക്കെത്താൻ. മുക്കാലിയിൽനിന്ന് 13 കിലോമീറ്റർ അകലെ ആനവായ്‌വരെ ഇന്റർലോക്ക് പാകിയ വഴിയുണ്ട്. ഇതിലൂടെ ജീപ്പ് സർവീസും ഉണ്ട്. ഇവിടുന്നങ്ങോട്ട് വനത്തിലൂടെ നടക്കണം. മഴക്കാലമോ രാത്രിയോ ആണെങ്കിൽ വനത്തിലൂടെയുള്ള നടത്തം പേടിയോടെയാണ്. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനാവാതെ പ്രദേശക്കാർക്ക് ജീവൻ അപകടത്തിലായ ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്.

പുഴനിറഞ്ഞാൽ തുരുത്താവുന്ന ഊരുകൾ

‘മാനമൊന്ന് കറുത്താൽ ഞങ്ങടെ നെഞ്ചുപിടയ്ക്കും. മഴപെയ്ത് തോട്ടിൽ വെള്ളംകൂടിയാൽ ഊരിൽനിന്ന് പുറത്തെത്താനാവില്ല.’ മുരുഗള ഊരിലുള്ള 50 വയസ്സുകാരിയായ വെള്ളച്ചി കുതിച്ചൊഴുകുന്ന ചെറുനാലിപ്പുഴയെ മനസ്സിൽക്കണ്ട് ആശങ്കയോടെ പറഞ്ഞു.

‘കഴിഞ്ഞദിവസം മരിച്ചകുട്ടിയെയും കൊണ്ട് അച്ഛൻ ചെറുനാലിത്തോടിനുകുറുകെ നടന്നു. ഇതുപക്ഷേ, ഇവിടെ ആദ്യത്തേതൊന്നുമല്ല -ഊരിലുള്ള വെള്ളിക്കും (60) പറയാനുണ്ടായിരുന്നു ഏറെ കാര്യങ്ങൾ.

ചെറുനാലിത്തോട് കടന്നാലേ മുരുഗള, കിണറ്റുക്കര ഊരിലുള്ളവർക്ക് വീടുകളിലെത്താനാവൂ. തോടിന് 30 അടിയോളം വീതിയുണ്ട്. മരത്തടികൾകെട്ടി, പാറക്കെട്ടുകൾക്ക് മുകളിൽവെച്ച് അതിന്റെ മുകളിലൂടെയാണ് യാത്ര. കാലുവെക്കാൻ മാത്രമേ വീതിയുള്ളൂ.

നടക്കുന്നതിനിടെ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കുത്തിയൊഴുകുന്ന തോട്ടിലേക്ക് വീഴും. തൂക്കുപാലംവന്നതോടെ ഭവനിപ്പുഴയ്ക്ക് കുറുകെയുള്ള യാത്രാദുരിതം തീർന്നു. ചെറുനാലിത്തോടിന് കുറുകെയും പാലംവേണം -വെള്ളി പറഞ്ഞു.

ഞങ്ങൾക്കും ജീവിക്കണ്ടേ...

‘രാത്രിയായാൽ മണ്ണെണ്ണവിളക്കിന്റെ വെട്ടമേയുള്ളൂ. ഇഴജന്തുക്കളെ കാണാൻപോലും കഷ്ടപ്പാടാണ്. പുഴയൊന്ന് കലങ്ങിയാൽ കുടിവെള്ളവും മുട്ടും’ -മുരഗള ഊരിലെ സരസ്വതിക്ക് സങ്കടംകൊണ്ട് വാക്കുകൾ മുറിഞ്ഞു. മല്ലീശ്വരൻമലയിൽനിന്നുള്ള വെള്ളം പൈപ്പിട്ട് വീടുകളിലേക്കെത്തിക്കയാണ് പലരും.

മുരുഗളയിൽ ഉൾപ്പെടെ ആറ്്‌ ഊരുകളിൽ ഇപ്പോഴും വൈദ്യുതിയെത്തിയിട്ടില്ല. വനംവകുപ്പിന്റെ സാങ്കേതികപ്രശ്നങ്ങളാണ് റോഡും വൈദ്യുതിയും ഇവർക്ക് അന്യമാക്കുന്നത്. ഭൂഗർഭകേബിൾ സംവിധാനം ആലോചിച്ചെങ്കിലും എങ്ങുമെത്തിയില്ല. സൗരോർജപാനലാണ് പലരുടെയും ആശ്രയം.

ഓൺലൈൻ പഠനമൊന്നും നടക്കാറില്ലെന്ന് ബിരുദധാരിയായ മല്ലികയും പ്ലസ്ടുപഠനം കഴിഞ്ഞ അജയ്‌കുമാറും പറഞ്ഞു. ഹോസ്റ്റലുകളിൽ താമസിച്ചാണ് പല കുട്ടികളുടെയും വിദ്യാഭ്യാസം.

വഴിതെളിയാൻ കടമ്പകളേറെ

ഒമ്പത്‌ ഊരുകളിലേക്കും വഴിതെളിയണമെങ്കിൽ കടമ്പകളേറെയുണ്ട്. മുരുഗള ഉൾപ്പെടെ മുഴുവൻ ഊരുകളും സംരക്ഷിത വനത്തിലാണ്. റോഡും പാലവും നിർമിക്കാൻ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെയടക്കം അനുമതിവേണമെന്ന് ഐ.ടി.ഡി.പി. (ഇന്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്മെന്റ് പ്രോജക്ട്) ഓഫീസർ വി.കെ. സുരേഷ്‌കുമാർ പറഞ്ഞു. വനാവകാശനിയമപ്രകാരമുള്ള ഡെവലപ്മെന്റ് റൈറ്റ്സും കൊടുത്താൽ മാത്രമേ റോഡും മറ്റ്‌ സൗകര്യങ്ങളും ഊരുകളിൽ നടപ്പാക്കാനാവൂയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഊരുകൂട്ട തീരുമാനപ്രകാരം അപേക്ഷിച്ചാൽ ഊരുകളിലേക്ക് കോൺക്രീറ്റ് റോഡ് ഉൾപ്പെടെ അനുവദിക്കുന്നതിന് തടസ്സമില്ലെന്നും ഒരു ഹെക്റ്ററിലധികം ഭൂമി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ മാത്രമാണ് പ്രത്യേക അനുമതി വേണ്ടതെന്നും കിഴക്കൻമേഖലാ സി.സി.എഫ്. കെ. വിജയാനന്ദ് പറഞ്ഞു.

മുരുഗളഭാഗത്തേക്ക് താത്കാലിക പാലം പണിയുന്നതിനായി മന്ത്രി കെ. രാധാകൃഷ്ണന്റെ നിർദേശപ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നുണ്ടെന്ന് പുതൂർപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ പറഞ്ഞു.

ആനവായ് ഭാഗത്തുനിന്ന്‌ ഊരുകളിലേക്കുള്ള ഒരുകിലോമീറ്ററിലധികം നേരത്തേ ഇന്റർലോക്ക് പതിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. അത്യാവശ്യ സഞ്ചാരത്തിനുള്ള വഴിയൊരുക്കണമെന്ന നിർദേശമാണ് മുരുഗള ഊരുകാരുടെ പ്രശ്നം പഠിക്കാനെത്തിയ പട്ടിക വർഗവകുപ്പ് ഡെപ്യൂട്ടിഡയറക്ടർ കെ. കൃഷ്ണപ്രകാശ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലുമുള്ളത്.

ശൗചാലയങ്ങളില്ല; ഇന്റർനെറ്റും അകലെ

വഴിയും വെളിച്ചവുമില്ലാതെ ജീവിക്കുന്ന അട്ടപ്പാടിയിലെ ഒൻപത് ഊരുകൾക്ക് ശൗചാലയസൗകര്യങ്ങളുമില്ല.380 കുടുംബങ്ങളിൽ അറുപതോളം കൗമാരക്കാരികളുണ്ട്. ഈ പെൺകുട്ടികൾ പ്രാഥമികാവശ്യങ്ങൾക്ക് വനത്തിലാണ് പോകുന്നത്. ഊരിലുള്ള അഭ്യസ്തവിദ്യർക്ക് പി.എസ്.സി. പോലുള്ള തൊഴിലവസര നോട്ടിഫിക്കേഷൻ വരുന്നത് അറിയാനും വഴിയില്ല. ബിരുദം കഴിഞ്ഞ പതിന്നാല്‌ പെൺകുട്ടികളുണ്ട് ഊരുകളിൽ. തൊഴിലവസര അറിയിപ്പ്‌ കിട്ടിയാൽ മുക്കാലിയിലെത്തണം, അപേക്ഷ അയക്കാൻ.

Content Highlights: Attappadi Murugula Tribal colony

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented