രീക്കോട് ആതിര ദുരഭിമാനക്കൊലക്കേസിന്റെ വിധി വന്നു. പ്രതിയെ മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. ആതിരയുടെ അച്ഛന്‍ രാജനെയാണ് സാക്ഷികള്‍ കൂറുമാറിയതും തെളിവുകളുടെ അഭാവവും ചൂണ്ടിക്കാട്ടി കോടതി വെറുതെ വിട്ടത്.

2018 മാര്‍ച്ച് 22 ന് രാത്രിയാണ് ക്രൂരമായ കൊലപാതകം നടന്നത്. പിറ്റേന്ന് രാവിലെ വിവാഹം നടക്കേണ്ട പെൺകുട്ടി കുത്തേറ്റ് മരിക്കുകയായിരുന്നു. മേല്‍ക്കോടതികളിലൊന്നും ഹര്‍ജി കൊടുക്കാനും കേസു നടത്താനുമൊന്നും ആരുമില്ല. മകളെ കൊന്നതിന് കുറ്റം ചാർത്തപ്പെട്ട രാജന്‍ സ്വതന്ത്രനായി പുറത്തിറങ്ങി നടക്കും. അയാളുടെ ജീവിതത്തില്‍ ഇനിയെല്ലാം സാധാരണ പോലെ. ആതിരയുടെ സഹോദരങ്ങളും രാജന്റെ സഹോദരിയും അയല്‍ക്കാരുമെല്ലാമായിരുന്നു പ്രധാന സാക്ഷികള്‍. എല്ലാവരും കൂറുമാറി. കേസ് അവിടെ തീരുകയാണ്. പക്ഷേ അപ്പോഴും കേരളത്തിന്റെ ഇടനെഞ്ചില്‍ രാജന്‍ കുത്തിയിറക്കിയ കത്തിയുടെ മുനയില്‍ നിന്ന് ചോര ഇറ്റ് വീഴുക തന്നെ ചെയ്യും.

കൊല്ലപ്പെട്ട ആതിരയെ നമുക്കറിയാം. ബ്രിജേഷിനെ ഒരു പക്ഷേ അത്ര പരിചയം കാണില്ല. ആതിരയെ പ്രണയിക്കുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തയാള്‍. കോഴിക്കോട് കൊയിലാണ്ടി പന്തലായനിക്കാരന്‍. ഞങ്ങളൊരുമിച്ച് ഒരേ ബെഞ്ചിലിരുന്നാണ് പഠിച്ചത്. കൊയിലാണ്ടി ബോയ്സ് ഹയര്‍സെക്കണ്ടിറി സ്‌കൂളില്‍. വിധി വന്ന ശേഷം ബ്രിജേഷിനെ വിളിച്ചിരുന്നു. അവന്‍ പട്ടാളത്തിലാണ്. ഇപ്പോഴുള്ളത് കൊല്‍ക്കത്തയില്‍. അംഫന്‍ ചുഴലിക്കാറ്റ് വീശിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഡ്യൂട്ടിയുണ്ടായിരുന്നു. ഒരു വീട്ടില്‍ നിന്ന് ആളുകളെ രക്ഷപെടുത്തുന്നതിനിടയില്‍ സമീപത്തുള്ള മരം വീണു. കൊമ്പിന്റെ ഒരു ഭാഗം മുഖത്ത് വന്നിടിച്ച് പരുക്കേറ്റ് ചികിത്സയിലാണ്. ഇന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജായി ക്യാംപിലെത്തി. കോവിഡ് ഭീതിയുള്ളതിനാല്‍ നിരീക്ഷണത്തിലാണ്.

കോടതി വിധി അവന്‍ അറിഞ്ഞിരുന്നു.

''എന്ത് ചെയ്യാനാട, എല്ലാരും കൂറുമാറി.
എനിക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിപ്പോയി. ചേച്ചിയമ്മയും കൂറുമാറി'' ബ്രിജേഷ് പറഞ്ഞു.

കൊയിലാണ്ടിയിലെ പന്തലായനിയിലാണ് ബ്രിജേഷിന്റെ വീട്. അച്ഛന്‍ ചെറുപ്പത്തിലേ വിട്ട് പോയതാണ്. മഴയത്ത് ചോര്‍ന്നൊലിക്കുന്ന കൊച്ചു വീട്ടില്‍ അമ്മയും അനുജന്‍ ശ്രീക്കുട്ടനും. അമ്മ ശ്രീവള്ളി പലയിടങ്ങളില്‍ പോയി കൂലിപ്പണിയെടുത്ത് കഷ്ടപ്പെട്ടാണ് രണ്ട് മക്കളേയും പോറ്റിയത്. ആ ബോധം മനസ്സിലുള്ളത് കൊണ്ടാണ് പെട്ടെന്നൊരു ജോലി വേണം എന്ന് ബ്രിജേഷ് നിശ്ചയിച്ചതും പട്ടാളത്തിലേക്ക് ശ്രമിച്ചതും. പക്ഷേ ബ്രിജേഷിന് ജോലി കിട്ടുമ്പോഴേക്ക് അമ്മയ്ക്ക് രോഗം കടുത്തു. കുറേക്കാലമായി ഷുഗറിന് ചികിത്സയിലായ അമ്മയുടെ രണ്ട് കണ്ണിന്റേയും കാഴ്ച ശക്തി ഏതാണ്ട് നഷ്ടപ്പെട്ടു. ഷുഗറ് കിഡ്നിയെ ബാധിച്ചതോടെ തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യേണ്ടി വന്നു. ബ്രിജേഷിന് ജോലിയും വരുമാനവുമായി, ആഗ്രഹിച്ച ഒരു ജീവിതത്തിലേക്ക് കുടുംബം നീങ്ങുമ്പോഴേക്ക് അമ്മ കിടപ്പിലായി. പിന്നീട് മരിച്ചു.

അമ്മയെ ഡയാലിസിന് കൊണ്ടുപോയപ്പോള്‍ പലതവണയായി കണ്ടാണ് ആതിരയുമായി ബ്രിജേഷ് സൗഹൃദത്തിലും പിന്നീട് പ്രണയത്തിലുമായത്. ആതിര കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡയാലിസിസ് ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു അന്ന്.

വീട്ടില്‍ വിവാഹ ആലോചനകള്‍ നടന്ന് തുടങ്ങിയപ്പോഴാണ് ആതിര ബ്രിജേഷിനെക്കുറിച്ച് വീട്ടില്‍ പറഞ്ഞത്. ബ്രിജേഷ് പട്ടികജാതിക്കാരനാണ് എന്ന് കേട്ട ആതിരയുടെ അച്ഛന്‍ കടുത്ത എതിര്‍പ്പ് ഉന്നയിച്ചു. അയാള്‍ ഒരു ദിവസം ബ്രിജേഷിനെ ഫോണില്‍ വിളിച്ചു.

'' താനിത് നിര്‍ത്തണം. താണജാതിക്കാരെക്കൊണ്ടൊന്നും മകളെ കെട്ടിക്കാന്‍ പറ്റില്ല. ഞങ്ങള് നന്നായൊക്കെ ജീവിക്കുന്ന ആള്‍ക്കാര.'' എന്നാണ് അയാള്‍ ആദ്യമായി വിളിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയത് എന്ന് ബ്രിജേഷ് പറഞ്ഞു. നാട്ടില്‍ അത്യാവശ്യം രാഷ്ട്രീയപ്രവര്‍ത്തനമൊക്കെയുള്ള രാജന്‍ ഈഴവ ജാതിയില്‍ പെട്ടയാളാണ്.

ദിവസങ്ങള്‍ പിന്നിട്ടു. വീട്ടില്‍ പ്രശ്നം കൂടി. ആതിര ഒരു ദിവസം ബ്രിജേഷിനെ വിളിച്ച് പൊട്ടിക്കരഞ്ഞ് പറഞ്ഞു നമുക്കിത് നിര്‍ത്താമെന്ന്. സാഹചര്യം മനസ്സിലാക്കി ബ്രിജേഷും അതിന് വഴങ്ങി. പിന്നീട് ആതിര വീണ്ടും വിളിച്ച് ബ്രിജേഷുമായി സംസാരിച്ചു. നമുക്ക് ഒരുമിച്ച് ജീവിക്കണമെന്നും ഇറങ്ങി വരാമെന്നും പറഞ്ഞു. അതിനും ആറ് മാസത്തിനും ശേഷം ഉത്തര്‍പ്രദേശില്‍ ഡ്യൂട്ടിയിലിരിക്കെ ബ്രിജേഷ് ലീവിന് വന്ന സമയത്ത് ആതിരയുടെ കല്യാണ ആലോചന വീട്ടുകാര്‍ സജീവമാക്കി. ഏതാണ്ട് ഉറപ്പെന്ന് കരുതിയ ഒരു പെണ്ണു കാണല്‍ ചടങ്ങിന്റെ തലേ ദിവസം ആതിര ബ്രിജേഷിനൊപ്പം ഇറങ്ങിപ്പോന്നു. അന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ആതിര ജോലി ചെയ്യുന്നത്. പെണ്ണു കാണലിന് വന്നില്ലെങ്കില്‍ നിന്നെ കൊന്നു കളയും എന്ന അച്ഛന്റെ ഭീഷണി അവഗണിച്ചാണ് ആതിര ബ്രിജേഷിനൊപ്പം ഇറങ്ങി.

ഇരുവരും ഡല്‍ഹിയിലേക്ക് വിമാനം കയറി. രണ്ട് ദിവസം അവിടെ നിന്ന ശേഷം ഉത്തര്‍പ്രദേശിലെ ബ്രിജേഷിന്റെ പട്ടാള യൂണിറ്റിന് സമീപത്തേക്കും പോയി. അപ്പഴേക്കും ആതിരയെത്തിരഞ്ഞ് അരീക്കോട് സ്റ്റേഷനില്‍ നിന്ന് വിളി വന്നു. നാട്ടിലെത്തണം എന്ന സാഹചര്യമായപ്പോള്‍ യൂണിറ്റില്‍ നിന്ന് ലീവ് വാങ്ങി യാത്ര തിരിച്ചു. അരീക്കോട് സ്റ്റേഷനിലെ പോലീസുകാര്‍ അന്ന് പകല്‍ മുഴുവന്‍ ആതിരയ്ക്ക് സാരോപദേശം നല്‍കിയെന്നാണ് ബ്രിജേഷ് പറഞ്ഞത്. എന്നിട്ടും അവനൊപ്പം തന്നെ പോകണം എന്ന് ആതിര നിലപാടെടുത്തു. ഒരാഴ്ചയ്ക്കുള്ളില്‍ വിവാഹം നടത്തിത്തരാം എന്ന് പോലീസിന്റെ മധ്യസ്ഥതയില്‍ രാജന്‍ സമ്മതിച്ചു. അതുവരെ ആതിര അരീക്കോട്ടെ വീട്ടില്‍ കഴിയണം. അച്ഛന്‍ എന്തെങ്കിലും എന്ന് ചെയ്യുമോ എന്ന് ആതിര ഭയപ്പെട്ടിരുന്നു. അത് ബ്രിജേഷിനോടും അവന്‍ പോലീസിനോടും പറഞ്ഞു.

''പിന്നെ ഞങ്ങളെന്തിനാ ഇവിടെ പോലീസിന്റെ തൊപ്പിയും ഇട്ട് ഇരിക്കുന്നത്'' എന്നായിരുന്നു അവരുടെ മറുചോദ്യം. അവള് അരീക്കോട്ടേക്കും ബ്രിജേഷ് കൊയിലാണ്ടിയിലേക്കും തിരിച്ചു.

ഈ സമയത്താണ് ബ്രിജേഷിനെ അവസാനമായി ഞാന്‍ കണ്ടത്. കൊയിലാണ്ടി ബസ്റ്റാന്റില്‍ നിന്ന് റെയില്‍വേസ്റ്റേഷനിലേക്കുള്ള ചെറിയ റോഡരികില്‍ അവന്‍ വണ്ടി നിര്‍ത്തി.

'' എടാ കല്യാണമാണ് 23 ന്. പെട്ടെന്നായിപ്പോയി എല്ലാം. കല്യാണം കഴിഞ്ഞിട്ട് നമുക്കെല്ലാര്‍ക്കും കൂടിയിരിക്കാം.''

സന്തോഷം പങ്കുവെച്ച് അവന്‍ പോയതിന്റെ നാലാം ദിവസമാണ് ദുരന്ത വാര്‍ത്ത കേട്ടത്. അരീക്കോട് ദുരഭിമാനക്കൊല. പട്ടികജാതിക്കാരനുമായുള്ള വിവാഹത്തിന്റെ തലേ ദിവസം അച്ഛന്‍ മകളെ കുത്തിക്കൊന്നു.

അന്ന് രാവിലെ മുതല്‍ തന്നെ അയാള്‍ മദ്യപിച്ച് ലെക്ക്കെട്ടിരിക്കുകയായിരുന്നു. പേടിച്ച ആതിര രാവിലെയും ബ്രിജേഷിന് വിളിച്ചത് പറഞ്ഞതാണ്. പേടിക്കേണ്ട ഒരു ദിവസമല്ലേ എന്ന് പറഞ്ഞ് അവന്‍ സമാധാനിപ്പിച്ചു.

വൈകീട്ട്, താലി വാങ്ങാന്‍ പോയപ്പോഴാണ് അരീക്കോട് നിന്ന് ബ്രിജേഷിനൊരു ഫോണ്‍ വന്നത്. ആതിരയുടെ വീടിനടുത്തുള്ള വാര്‍ഡ് കൗണ്‍സിലറാണ്. "ആതിരയെ അച്ഛന്‍ മുറിവേല്‍പ്പിച്ചുവെന്നും സീരിയസ്സല്ല രാവിലെ വന്നാല്‍ മതിയെന്നും പറഞ്ഞു. പക്ഷേ ആ സമയത്തേക്കും ആതിര മരിച്ചിരുന്നു. മദ്യപിച്ചെത്തിയ രാജന്‍ ആദ്യം വിവാഹ വസ്ത്രങ്ങള്‍ കത്തിച്ചു. പിന്നീട് ആതിരയുടെ പിറകില്‍ ഓടി അടുത്ത വീട്ടില്‍ വെച്ച് ഇടനെഞ്ചില്‍ കുത്തിക്കൊന്നു എന്നാണറിയാൻ കഴിഞ്ഞത്", ബ്രിജേഷ് പറയുന്നു.

ആതിരയുടെ അമ്മ,സഹോദരന്‍,അമ്മാവന്‍ തുടങ്ങിയവരെല്ലാം ആദ്യം നല്‍കിയ മൊഴി മാറ്റിപ്പറഞ്ഞു. അതോടെ രാജന് സ്വാതന്ത്രത്തിന്റെ പുതിയ ലോകം.  ബ്രിജേഷ് ഈ ദിവസം വരെ നീറിയാണ് ജീവിക്കുന്നത്. ജനിച്ച് വീണ കാലം മുതല്‍ പലതരം കഷ്ടപ്പാടിലൂടെയാണ് ബ്രിജേഷ് വളര്‍ന്നത്. അടുത്ത് നിന്ന് കണ്ടയാളെന്ന നിലയില്‍ എനിക്കതറിയാം. നന്നായി പഠിച്ചും അധ്വാനിച്ചുമാണ് തൊഴില്‍ നേടിയത്. അവനും അവന്റെ സമ്പാദ്യമായ തൊഴിലും മകളോടുള്ള സ്നേഹവുമൊന്നും രാജന് വിഷയമായേയില്ല. പതിറ്റാണ്ടുകളായി സാമൂഹ്യമായ വിവേചനം അനുഭവിക്കുകയും ഇപ്പോഴും പലയിടത്തും അത് നേരിടുകയും ചെയ്യുന്ന ഒരു വിഭാഗത്തേയാണ് ജാതി എന്ന നിലയില്‍ രാജന്‍ പ്രതിനിധീകരിക്കുന്നത്. ആ ബോധ്യം പോലുമില്ലാതെയാണ് പട്ടിക ജാതിക്കാരനെന്ന ഒറ്റക്കാരണത്താല്‍ ബ്രിജേഷിനെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചത്. അതിനയാളുടെ ന്യായം ''താണജാതിക്കാരെക്കൊണ്ടൊന്നും മകളെ കെട്ടിക്കാന്‍ പറ്റില്ല. ഞങ്ങള് നന്നായൊക്കെ ജീവിക്കുന്ന ആള്‍ക്കാര'' എന്നതാണ്.

രാജന് അര്‍ഹിച്ച ശിക്ഷ കിട്ടിയില്ല. മകളുടെ മരണത്തിനും ഒരു യുവാവിന്റെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാക്കിയതിനും രാജന് ഉത്തരവാദിത്വമുണ്ട്. ജാതി നമ്മുടെ സമൂഹത്തിലെ യാഥാര്‍ത്ഥ്യമാണ് എന്നത് വീണ്ടും വിളിച്ച് പറയുന്നുണ്ട് അരീക്കോട് സംഭവം. ആതിരയെ ഇടനെഞ്ചില്‍ കത്തി കുത്തിയിറക്കിക്കൊന്നത് രാജനാണ് എന്നതാണ് കുറ്റപത്രം.പക്ഷെ സാക്ഷികൾ കൂറുമാറിയതോടെ രാജൻ രക്ഷപ്പെട്ടു. പഴുതുകളെല്ലാം അടച്ച് ഇയാളെപ്പോലുള്ളവര്‍ക്ക് കൃത്യമായ ശിക്ഷ വാങ്ങിക്കൊടുത്തില്ലെങ്കില്‍ ദുരഭിമാനക്കൊലകള്‍ ആവര്‍ത്തിക്കും. തമിഴ്നാട്ടിലും ആന്ധ്രയിലുമെല്ലാം നടക്കുന്ന പോലെ ദുരഭിമാനക്കൊലകളുടെ പരമ്പരകള്‍ അരങ്ങേറും. ''പിന്നെ ഞങ്ങളെന്തിനാ ഇവിടെ പോലീസിന്റെ തൊപ്പിയും ഇട്ട് ഇരിക്കുന്നതത്'' എന്ന് ചോദിക്കുന്നു ഏമാന്‍മാരെക്കൊണ്ട് വലിയ കാര്യമൊന്നും ഉണ്ടാകുകയുമില്ല.

content highlights: Athira caste honour killing case