അടുത്തിടെ ആരാധക കൂട്ടങ്ങള്‍ നെഞ്ചിലേറ്റി ഷെയര്‍ ചെയ്ത പോസ്റ്റായിരുന്നു സഹസംവിധായിക ഐഷ സുല്‍ത്താനയുടേത്. എനിക്ക് ചിലത് പറയാനുണ്ട് എന്ന് പറഞ്ഞ പോസ്റ്റ് ചെയ്ത കുറിപ്പിൽ "നമ്മുടെ സ്വഭാവം നന്നായാൽ  നമ്മള്‍ക്ക് എവിടെയും ആദരവ് കിട്ടും" എന്നാണവർ പറഞ്ഞത്. നമ്മള്‍ എങ്ങനെ പെരുമാറുന്നു എന്നത് പോലിരിക്കും തിരിച്ചുള്ള ആളുകളുടെ പെരുമാറ്റം എന്നതായിരുന്നു ആ പോസ്റ്റിന്റെ ഉള്ളടക്കം തന്നെ.  അതായത് മിടൂവിലൂടെ സത്രീകള്‍ നടത്തുന്ന വെളിപ്പെടുത്തലുകള്‍ അവരുടെ പെരുമാറ്റ ദൂഷ്യം കൊണ്ടോ സെല്‍ഫ് റെസ്പക്റ്റ് ഇല്ലായ്മ കൊണ്ടോ ഉണ്ടാവുന്നതാണെന്ന് വ്യംഗ്യാർഥം.

ഡബ്ല്യുസിസിയുടെ നേതൃത്വത്തില്‍ അമ്മയ്‌ക്കെതിരേ അതിരൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഒരുപറ്റം സ്ത്രീകള്‍ രംഗത്ത് വന്നതിന് മണിക്കൂറുകള്‍ തികയും മുമ്പെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്തരത്തിലുള്ള  "വിശുദ്ധ" വാദങ്ങൾ ഉയർത്തി കാട്ടിയാണ് മിടൂ മുന്നേറ്റത്തെ പലരും പരിഹസിക്കുന്നത്.ആ പ്രവണത  തിരുത്തപ്പെടേണ്ടതുണ്ട്. ഈ വാദം ഇരകളെ അവഹേളിക്കുന്നതാണ്. അവളൊന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ എന്ന ആ പഴയ സിനിമാ ഡയലോഗിന്റെ മറ്റൊരു വെര്‍ഷനാണ്  ഇത്തരം പോസ്റ്റുകൾ. സിനിമാമേഖലയില്‍ സ്ത്രീകള്‍ മോശം അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കില്‍ അത് ഇരയാക്കപ്പെട്ടവരുടെ കാരക്ടറില്ലായ്മയും പെരുമാറ്റവും കൊണ്ടാണെന്നാണ് ഇവര്‍ മുഴുനീള പോസ്റ്റിലൂടെ സ്ഥാപിക്കാന്‍ ശ്രമിച്ചത്. 'സിദ്ദിഖിനെ ഞാന്‍ വാപ്പച്ചിയാണെന്നാണ് വിളിക്കാറ്. മോഹന്‍ ലാല്‍ എന്നെ അഭിനന്ദിച്ചു. മമ്മൂട്ടി എന്നെ സംരക്ഷിച്ചു' തുടങ്ങിയ സെല്‍ഫ് സെന്‍ട്രിക് ആയ കുറെ ഉദാഹരണങ്ങളും വെച്ചു നിരത്തിയിട്ടുണ്ട് ഐഷ.  

ഇരയാക്കപ്പെടുന്നവരുടെ സ്വഭാവ ദൂഷ്യത്തെ പഴിചാരുന്ന പോലെയേ ഐഷയുടെ കുറിപ്പ് അനുഭവപ്പെടുന്നുള്ളൂ...പെരുമാറ്റം കൊണ്ട് ബലാല്‍സംഗികളില്‍ നിന്ന് രക്ഷനേടാന്‍ സാധിച്ചിരുന്നെങ്കില്‍ കശ്മീരില്‍ എട്ട് വയസ്സുകാരിയും ഉത്തരേന്ത്യയില്‍ നാല് വയസ്സുകാരിയും ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെടില്ലായിരുന്നു. പീഡോഫീലിയ എന്ന വാക്ക് പോലും ഉണ്ടാകില്ലായിരുന്നു.കശ്മീരില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പത് വയസ്സുകാരിക്കും ഓടുന്ന കാറില്‍ ലൈംഗികാതിക്രമം നേരിട്ട നടിയുമെല്ലാം കാരക്ടറില്ലായ്മയുടെ ഉദാഹരണങ്ങളാണോ ഐഷയ്ക്ക് എന്ന ചോദിക്കേണ്ടി വരും.

സ്ത്രീയെന്ന സ്വത്വത്തിലൊതുങ്ങാതെ ഷൂട്ടിങ്ങ് സ്ഥലത്തെ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്ന ഐഷയുടെ സമര്‍പ്പണബോധവും ചുറുചുറുക്കും അഭിനന്ദനാര്‍ഹം തന്നെ. പക്ഷെ എനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായില്ലെന്നു കരുതി മറ്റുള്ളവര്‍ക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായാല്‍ അത് മറ്റുള്ളവരുടെ സ്വഭാവദൂഷ്യം കൊണ്ടോ കാരക്ടറില്ലായ്മ കൊണ്ടോ ആണെന്ന് പറയുന്നതിനെ സഹാനുഭൂതി ഇല്ലായ്മ എന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ.

മിടൂ എന്ന ക്യാമ്പയിനിന്റെ ആത്മാവ് തന്നെ എംപതി എന്ന വികാരത്തില്‍ നിന്നുദയം കൊണ്ടതാണെന്ന് ഇത്തരം ആരോപണങ്ങളുന്നയിക്കുന്നവർക്ക് അറിവില്ലായിരിക്കും. അതിന് സ്വന്തം മേഖലയിലെ പ്രവര്‍ത്തന മികവ് മാത്രം പോരാ ചരിത്ര ബോധം കൂടി വേണം.
2017 ഒക്ടോബര്‍ 15ന് അമേരിക്കന്‍ നടി അലീസ്സ മിലാനോ ഇട്ട ട്വിറ്റര്‍ പേജിലൂടെയാണ് 'മീ ടൂ' ക്യാമ്പയിന് ലോക പ്രചാരമുണ്ടാവുന്നത്. ലൈംഗികപീഡനങ്ങള്‍ക്കോ അതിക്രമത്തിനോ ഇരയായിട്ടുള്ള സ്ത്രീകള്‍ MeToo എന്ന സ്റ്റാറ്റസ് ഇടുന്നതിലൂടെ ഈ പ്രശ്നത്തിന്റെ വ്യാപ്തി ആളുകളെ ബോധ്യപ്പെടുത്താന്‍ സാധിക്കും എന്നതായിരുന്നു ഈ ക്യാമ്പയിനിന്റെ ഉദ്ദേശ ലക്ഷ്യം തന്നെ. എന്നാല്‍ തരാന ബുര്‍ക്ക് ആണ് ഈ ഹാഷ്ടാഗിന് തുടക്കം കുറിക്കുന്നത്.

താന്‍ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് ഒരു പെൺകുട്ടി പറയുന്നതിനൊടുവില്‍ "മിടൂ" എന്ന് തരാന ബുര്‍ക്കി പറഞ്ഞത് വിവാദമുണ്ടാക്കനല്ല.പ്രശസ്തയാവാനുമല്ല.ലൈംഗികാതിക്രമം നേരിട്ടതിൽ സ്വയം ലജ്ജിക്കേണ്ടതില്ലെന്നും നീ മാത്രമല്ല ഞങ്ങളെല്ലാം അത്തരം അനുഭവങ്ങളിലൂടെ കടന്നു പോയവരാണെന്ന് പറഞ്ഞ് അവളുടെ നോവുകള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കാനാണ് മിടൂവിലൂടെ അവർ ശ്രമിച്ചത്.

കമ്മ്യൂണിറ്റി ഹിലീങ് ആയിരുന്നു #മിടൂ എന്ന ഹാഷ്ടാഗിന്റെ ഉദ്ദേശം തന്നെ. നീ മാത്രമല്ല ഞാനും എന്ന് പറയുന്നതിലൂടെ മറ്റൊരാളോട് നാം ചൊരിയുന്ന എംപതി, ഇത് മാനാഭിമാന പ്രശ്‌നമല്ല പകരം ഒട്ടിമക്ക സ്ത്രീകളും കടന്നു പോയിട്ടുള്ള അവസ്ഥയാണ് , അങ്ങിനെയങ്ങനെ അനേകാര്‍ഥങ്ങളുള്ള പദം. അത്തരം എംപതറ്റിക് ആയ ഉദ്ദേശശുദ്ധികൊണ്ടാണ് അതിന് ലോകത്തെ ആണധികാരത്തെ പ്രഹരിക്കുന്ന ശക്തിയായി വളരാൻ സാധിച്ചത്.

എന്താണോ മീടൂവിന്റെ ആത്മാവ് അതിന്റെ നേരെ വിപരീത ആത്മാവ് പേറുന്നവരാണ് ഐഷയെപോലുള്ളവര്‍. "എനിക്ക് മോശം അനുഭവമുണ്ടായിട്ടില്ല എന്നതിനാല്‍ ആ മേഖലയിലുള്ളവരെല്ലാം സ്ത്രീകളെ മോശമായി സമീപിക്കാത്തവരാണ്" എന്ന സാധാരണവത്കരിക്കല്‍. "എനിക്ക് മോശം അനുഭവം ഉണ്ടാകാത്തത് എന്റെ സ്വഭാവ മികവ് കൊണ്ടാണ്" എന്ന അഹന്ത നിറഞ്ഞ ലളിതവത്കരിക്കൽ. അതാണ് ഐഷ ചെയ്തത്.

 ഇത്തരം സെല്‍ഫിസെന്‍ട്രിക് ആയ അവകാശവാദങ്ങള്‍ ഉന്നയിക്കു മുമ്പ് No എന്ന് പറയാന്‍ കെല്‍പില്ലാത്ത, NO പറയാന്‍ ഭയമുള്ള ഒരു വിഭാഗം പെണ്‍കുട്ടികളും ഉള്‍ക്കൊള്ളുന്നവരാണ് സമൂഹം എന്ന തിരിച്ചറിവു കൂടി ഉണ്ടാവേണ്ടതുണ്ട്. നിവൃത്തികേടുകൊണ്ട് അസമയത്ത് ജോലി ചെയ്യാന്‍ നിയോഗിക്കപ്പെട്ട, പഴിവാക്കുകള്‍ കേട്ടും അശ്ലീലം കേട്ടും ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവരും ചുറ്റിലുണ്ട് എന്ന ബോധ്യമുണ്ടാവേണ്ടതുണ്ട്. ഒരു നോ പറച്ചില്‍ അവരെ തീരാ പട്ടിണിയിലേക്കായിരിക്കും നയിക്കുക. എന്നിട്ടും എതിര്‍ത്ത് നിന്ന് ശബ്ദമുണ്ടാക്കിയവര്‍. അവരെ സമൂഹം അഭിസംബോധന ചെയ്യുകയും ആദരിക്കുകയും ചെയ്യുന്ന ചരിത്രപ്രധാന ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് "എനിക്കൊന്നും സംഭവിച്ചിട്ടില്ല, എന്നോടെല്ലാവരും നല്ല പോലെയാ പെരുമാറിയത്" എന്ന അഹന്തയുടെ സ്വരം.

സിദ്ദിഖ് വാപ്പച്ചി എന്നാണ് ഐഷയെ വിളിക്കാന്‍ പറഞ്ഞതെന് പറയുന്നു. സിദ്ദിഖ് നല്ലവാനാകാം. മോഹന്‍ലാല്‍ നല്ലവനാകാം മമ്മൂട്ടിയും നല്ലവനാകാം . ഐഷയോട് ഇവരെല്ലാം നല്ലതാണെന്ന് കരുതി ലോകത്തുള്ള സകല ജീവജാലങ്ങളോടും നല്ലതായേ ഇവരെല്ലാം പെരുമാറൂ എന്ന ശാഠ്യത്തെ അംഗീകരിക്കുക വയ്യ. കൊള്ളക്കാരും കൊലപാതകികളും, ബലാല്‍സംഗികളും ഏതൊ ഒരു അമ്മയുടെ വയറ്റില്‍ തന്നെയാണല്ലോ പിറന്നത്. അവര്‍ക്ക് അമ്മയും പെങ്ങന്‍മാരുമുണ്ടല്ലോ. അമ്മയോടും പെങ്ങളോടും മര്യാദ കാണിക്കുന്നു എന്ന് കരുതി ലോകത്തെ സകല ചരാചരങ്ങളോടും മര്യാദ കാണിക്കുന്നു എന്ന് ശഠിക്കുന്നത് എന്ത് തിയറിയുടെ ബലത്തിലാണ്.


 ഐഷയുള്‍പ്പെടുന്ന പെണ്ണുങ്ങള്‍ക്ക് ജോലിസ്ഥലത്ത് ചൂഷണത്തിനിരയാവാതെ സധൈര്യം ജോലി ചെയ്യാന്‍ സാധിച്ചെങ്കില്‍ അത് ഐഷയുടെ മികവ് കൊണ്ടല്ല. ആ സാഹചര്യം ഒരുക്കി തന്നതിന് കേരളത്തിലെ ഫെമിനിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും നിയമ സംവിധാനത്തിനും നവോത്ഥാന മുന്നേറ്റത്തിനും വലിയ പങ്കുണ്ട്.

ഇവിടെയാരും സിനിമാമേഖലയെ മോശമാക്കുന്നില്ല. സിനിമാ മേഖലയില്‍ മാത്രം മോശക്കാരുണ്ടെന്നും പറയുന്നില്ല. സമൂഹത്തിന്റെ തന്നെ പ്രതിഫലനമാണല്ലോ സിനിമാ മേഖലയെന്നത്. മോശം അനുഭവങ്ങള്‍ പലസ്ത്രീകള്‍ക്കുണ്ടായതും അവരുടെ സ്വഭാവം മൂലമാണെന്ന് മാത്രം സമ്മതിച്ചു തരാന്‍ ബുദ്ധിമുട്ടുണ്ട് .  അതിനാൽ മാത്രം.