നടക്കുന്നത് അന്തഃസത്തക്ക് നിരക്കാത്ത കാര്യങ്ങൾ; ആത്യന്തികമായി അവർ തിരുത്തുന്നത് ഭരണഘടനയെ


ഡോ.ജെ.പ്രഭാഷ്നാല് സിംഹങ്ങളും കാലചക്രവുമുള്ള സാരാനാഥിലെ സ്തംഭത്തെ ദേശീയ ചിഹ്നമായി ദേശീയ പ്രസ്ഥാനം നയിച്ചവര്‍ തിരഞ്ഞെടുത്തത് അഹിംസയുടെയും ഉള്‍ക്കൊള്ളലിന്റെയും അടയാളമായാണ് . 

പാർലമെന്റ് മന്ദിരത്തിനു മുകളിൽ പുതുതായി സ്ഥാപിച്ച വിവാദത്തിലായ അശോക സ്തംഭം |Photo: PTI

ജനാധിപത്യവിരുദ്ധമായ, ഭരണഘടനാവിരുദ്ധമായ എല്ലാ മാറ്റങ്ങളെയും വലിയ പ്രതിഷേധമില്ലാതെ കണ്ടു ശീലിക്കുന്ന ജനതയായി നമ്മള്‍ മാറിയോ എന്ന സന്ദേഹം പങ്കുവെക്കുകയാണ് ലേഖകന്‍ .

പ്രശസ്ത ബ്രിട്ടിഷ് നോവലിസ്റ്റ് മുറേ കോണ്‍സ്റ്റന്റീന്‍ (Murray Constantine) 1937-ല്‍ പ്രസിദ്ധീകരിച്ച കൃതിയാണ് സ്വാസ്തിക രാവ് (Swastika Night). അതില്‍ ഭരണകൂടം ഒരു ജൂതനെ കൊല്ലുന്ന സംഭവത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. പോലീസല്ല, രാജ്യദ്രോഹികളാണ് കൃത്യം ചെയ്തത് എന്നാണ് അതിന്റെ ഭാഷ്യം. അന്ന് രാത്രി ഭരണത്തലവന്‍ (ക്‌ളെറ്റണ്‍) വീട്ടില്‍ എത്തുമ്പോള്‍ അദ്ദേഹവും അമ്മയുമായി രസകരമായൊരു സംഭാഷണം നടക്കുന്നു....

അമ്മ : നീ രാജ്യദ്രോഹികളെക്കുറിച്ച് പറഞ്ഞത് വാസ്തവമാണോ?
ക്‌ളെറ്റണ്‍ : ഞാന്‍ പറഞ്ഞത് നിങ്ങള്‍ കേട്ടതല്ലേ?
അമ്മ : ഞാന്‍ ആവര്‍ത്തിക്കുന്നു. അത് ശരിയോ?
ക്‌ളെറ്റണ്‍ : അത് ആവശ്യമായിരുന്നു. അതുകൊണ്ട് അത് ശരിയായിരിക്കാം.

നോവല്‍ പ്രസിദ്ധീകരിച്ച് 85 വര്‍ഷം പിന്നിടുമ്പോള്‍ ലോകത്തെമ്പാടുമുള്ള ഭരണകൂടങ്ങളില്‍നിന്ന് കേള്‍ക്കുന്നത് ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങളല്ലേ? പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തിലെ സിംഹരൂപങ്ങളെച്ചൊല്ലി ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന തര്‍ക്കം ഈ വിധമൊരു ഉത്തരത്തിലാണല്ലോ തറഞ്ഞു നില്‍ക്കുന്നത് : 'സാരാനാഥ് മ്യൂസിയത്തില്‍ സൂക്ഷിച്ച ശില്പത്തില്‍നിന്ന് പകര്‍ത്തിയ ദേശീയചിഹ്നം തന്നെയാണ് സ്ഥാപിച്ചത്', ബി.ജെ.പി. സാമൂഹികമാധ്യമ വിഭാഗം മേധാവി , അമിത് മാളവ്യ, പ്രഖ്യാപിച്ചു. ക്‌ളേറ്റണ്‍ന്റെ ഭാഷയില്‍ പറഞ്ഞാല്‍, 'അത് ആവശ്യമായിരുന്നു. അതുകൊണ്ട് അത് ശരിയായിരിക്കാം' . വിവാദം ഇവിടെ അവസാനിക്കുന്നു. പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ലെന്നമട്ടില്‍ രാജ്യം മുന്നോട്ടു പോകുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി എത്ര പ്രശ്‌നങ്ങളാണ് ഈ വിധം അവര്‍ അവസാനിപ്പിച്ചത്- നോട്ട് നിരോധിച്ചത്, ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്, ജി.എസ്.ടി. കൊണ്ടുവന്നത്, കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്, പൗരത്വ ദേദഗതി നിയമവും തൊഴില്‍ നിയമങ്ങളും പാസാക്കിയത്, ഭരണകൂട വിമര്‍ശകരെ ജയിലില്‍ അടച്ചത്, 'അനധികൃത കെട്ടിടങ്ങള്‍' പൊളിച്ചു നീക്കിയത് . പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയത് സംവാദങ്ങളിലൂടെയല്ല . ഭരണകൂടത്തിന്റെ ന്യായീകരണത്തിലൂടെയാണ്, ഏകപക്ഷീയമായ തീര്‍പ്പുകല്പനകളിലൂടെ.

സംവാദത്തിന്റെയും രാഷ്ട്രീയ സമവായത്തിന്റെയും അഭാവം മാത്രമല്ല പ്രശ്‌നം. അതിനപ്പുറം, എല്ലാറ്റിനേയും ഏകതാനമാക്കി മാറ്റാനാണ് നീക്കം. ഒരു ഭാഷ, ഒരു നിയമം, ഒരു വിദ്യാഭ്യാസ പദ്ധതി, ഒരു ഭരണം, ഒരു നികുതി, ഒരു തിരഞ്ഞെടുപ്പ് . മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ ഭരണം തന്നെ അട്ടിമറിക്കപ്പെടുന്നു. ഇതിനായി അവരുടെ ജനപ്രതിനിധികളെയും നേതാക്കന്മാരെയും പല മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അടര്‍ത്തിയെടുക്കാനും അമാന്തിക്കുന്നില്ല. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ബി.ജെ.പി. എത്ര സംസ്ഥാന ഭരണകൂടങ്ങളെയാണ് ഈ വിധം ഇളക്കിമറിച്ചത്. ഗോവ, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണ്ണാടക... പണവും ഭീഷണിയുമൊക്കെ ഇതിനായി ഉപയോഗിക്കുന്നു എന്നാണ് ആരോപണം. ഇവിടെ സി.ബി.ഐ. മുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരെയുള്ള പല കേന്ദ്ര ഏജന്‍സികളും ആരോപണത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നു. സ്ഥാപനങ്ങള്‍ ഉപകരണങ്ങളായി മാറുന്നു എന്ന സന്ദേഹമാണ് ഇത് ബലപ്പെടുത്തുന്നത്.

ഭാഷയിലേക്ക് വന്നാല്‍ ഏതെങ്കിലും ഒരു ഭാഷയെ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നു എന്നതു മാത്രമല്ല പ്രശ്‌നം. അത്തരം നീക്കങ്ങള്‍ ധാരാളമായി നടക്കുന്നു എന്നത് വാസ്തവം തന്നെ, പ്രത്യേകിച്ച് ഹിന്ദിയുടെയും സംസ്‌കൃതത്തിന്റെയും കാര്യത്തില്‍. പക്ഷേ, അതിനെക്കാള്‍ നമ്മേ വ്യാകുലപ്പെടുത്തുന്നത് ഭാഷയില്‍നിന്ന് വാക്കുകളിലേക്ക് ഭരണകൂടത്തിന്റെ നോട്ടം തിരിഞ്ഞിരിക്കുന്നു എന്നതാണ്. കഴിഞ്ഞ ദിവസം ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇറക്കിയ ബുക്ക്‌ലെറ്റ് ഇതിന്റെ തുടക്കം മാത്രമാണ്. ഇതനുസരിച്ച് 65 വാക്കുകള്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുന്നു.

അഴിമതിക്കാരന്‍, ഗുണ്ട, അരാജകവാദി, സ്വേച്ഛാധിപതി, ശകുനി, കുരങ്ങന്‍, ചതി, അഹങ്കാരം, നാടകം, കാപട്യം, കരിദിനം, കഴിവ്‌കെട്ടത് , മുതലക്കണ്ണീര്‍ തുടങ്ങിയ വാക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നാളെ ഇത്തരം വാക്കുകള്‍ ഭാഷയില്‍നിന്നു തന്നെ അപ്രത്യക്ഷമായാലും അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

ജോര്‍ജ് ഓര്‍വെല്ലിന്റെ നയന്റീന്‍ എയ്ട്ടിഫോറില്‍ ഭരണകൂടം വര്‍ഷംതോറും നിഘണ്ടു പുതുക്കുന്നതും ഓരോ പ്രാവശ്യം പുതുക്കോമ്പോഴും വാക്കുകളുടെ എണ്ണം കുറയുന്നതും ഇവിടെ നമുക്ക് ഓര്‍ക്കാം. ഇതാണ് സത്യാനന്തര കാലത്തെ സെന്‍സര്‍ഷിപ്പ് . ഇവിടെ ഭരണകൂടം അതിന്റെ വിമര്‍ശകരെ തുറങ്കലില്‍ അടയ്ക്കുക മാത്രമല്ല ചെയ്യുന്നത്. അതിനപ്പുറം, തങ്ങളെ വിമര്‍ശിക്കാന്‍ കഴിയാത്തവണ്ണം അത് ഭാഷയില്‍ തച്ചുപണി ചെയ്യുന്നു.

Also Read

പ്രധാനമന്ത്രി അനാച്ഛാദനംചെയ്ത അശോകസ്തംഭത്തിലെ ...

സിംഹത്തിന് രൗദ്രഭാവം തോന്നുന്നത് വൈഡ് ആംഗിൾ ...

അഴിമതി എന്ന വാക്ക് ഇല്ലെങ്കില്‍ നാം അഴിമതിക്കാരനെ എങ്ങനെ വിമര്‍ശിക്കും? കാപട്യം എന്ന വാക്കില്ലെങ്കില്‍ കാപട്യക്കാരനെ കണ്ടെത്താനാവില്ലല്ലോ?

ഇതിലൂടെ അവര്‍, ആത്യന്തികമായി, ഭരണഘടനയെത്തന്നെ 'തിരുത്തി കുറിക്കുകയാണ്'. അതിലെ വാക്കുകളും നിയമങ്ങളും അതുപോലെ നിലനില്ക്കുമ്പോഴും അവയുടെ അന്തഃസത്തക്ക് നിരക്കാത്ത കാര്യങ്ങള്‍ നടക്കുന്നതു മൂലം അര്‍ത്ഥം പൊലിഞ്ഞു പോകുന്നു, . ഭരണഘടന മതനിരപേക്ഷതയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചുമൊക്കെ വാചാലമാകുമ്പോള്‍, പ്രയോഗത്തില്‍ അവ മുമ്പെങ്ങും ഇല്ലാത്ത വിധമുള്ള വെല്ലുവിളി നേരിടുന്നു. ഇതു തന്നെയാണ് ഫെഡറലിസത്തിന്റെയും ജനാധിപത്യത്തിന്റെയും അവസ്ഥ. എല്ലാറ്റിലും കേന്ദ്ര സര്‍ക്കാര്‍ കൈ കടത്തിക്കൊണ്ടിരിക്കുന്നു. സിലബസില്‍ തുടങ്ങി കരം പിരിക്കലിലും കടമെടുക്കലിലും വരെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യാതൊരു അധികാരവും ഇല്ലാതായിരിക്കുന്നു. അവ ഇപ്പോള്‍ വെറും ഗ്ലോറിഫൈഡ് മുനിസിപ്പാലിറ്റികള്‍ മാത്രം.

ഇന്ത്യയുടെ വൈവിദ്ധ്യമാര്‍ന്ന സംസ്‌കാരങ്ങളും അസ്തിത്വനഷ്ടത്തിന്റെ അപകടാവസ്ഥയിലാണ് കഴിയുന്നത്. ഏതെങ്കിലും ഒരു സംസ്‌കാരത്തെ ഉയര്‍ത്തിക്കാണിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത് സ്വാഭാവികമാണ് , അതിനെ ഭൂരിപക്ഷ സമൂഹത്തിന്റെ സാംസ്‌കാരിക പൈതൃകമായി അവതരിപ്പിക്കുക കൂടി ചെയ്താല്‍ പ്രത്യേകിച്ചും. മറുവശത്ത്, മുന്‍പ് സൂചിപ്പിച്ചതു പോലെ, ഇന്ത്യന്‍ ഭരണകൂടം സര്‍വ്വാധികാരമുള്ളൊരു ശക്തി കേന്ദ്രമായി മാറിയിരിക്കുന്നു, ഒരുതരം മസ്‌ക്കുലൈന്‍ സ്റ്റേറ്റ്( Masculine state ). അതുകൊണ്ടു തന്നെ ഇന്ത്യന്‍ സംസ്‌കാരവും ഇന്ത്യന്‍ ഭരണകൂടവും തമ്മില്‍ സമരസപ്പെടുന്നില്ല.

ഇന്ത്യന്‍ ഭരണഘടന ആയാലും ഇന്ത്യന്‍ സംസ്‌കാരമായാലും ഏകവചനവും ബഹുവചനവും തമ്മിലുള്ള പോരാട്ടത്തിലല്ല നങ്കൂരമിട്ടു നില്ക്കുന്നത്. ഏകവചനവും ബഹുവചനവും തമ്മിലുള്ള പൊരുത്തപ്പെടലാണ് അവയുടെ ലക്ഷ്യം . 'ഞാനും' 'നിങ്ങളും' ചേര്‍ന്ന് 'നമ്മള്‍' ആകുന്നതിനെക്കുറിച്ച് അവ വിഭാവന ചെയ്യുന്നു. ദേശീയപ്രസ്ഥാനത്തിന്റെ കാര്യവും വ്യത്യസ്തമായിരുന്നില്ല. ഇപ്പോള്‍ വിവാദമായിരിക്കുന്ന ദേശീയ ചിഹ്നത്തിന്റെ കാര്യം തന്നെ ഉദാഹരണമായി എടുക്കാം. നാലു സിംഹങ്ങളും കാലചക്രവുമുള്ള സാരാനാഥിലെ സ്തംഭത്തെ അതിനായി ദേശീയ പ്രസ്ഥാനം നയിച്ചവര്‍ തിരഞ്ഞെടുത്തത് അഹിംസയുടെയും ഉള്‍ക്കൊള്ളലിന്റെയും അടയാളമായാണ് .

ഇവിടെ നമുക്ക് ഓര്‍മ്മിക്കാന്‍ മറ്റൊന്നു കൂടിയുണ്ട്. അശോകന്റെ ഏഴ് സ്തൂപങ്ങളില്‍ ഒന്നില്‍, സമുദ്രഗുപ്തന്‍ അദ്ദേഹത്തിന്റെ പടയോട്ടത്തിന്റെയും, ജഹാംഗീർ അദ്ദേഹത്തിന്റെ വംശാവലിയുടെയും ചരിത്രം എഴുതിച്ചേര്‍ത്തിരിക്കുന്നു. മൂന്ന് സഹസ്രാബ്ദങ്ങളില്‍ ജീവിച്ചിരുന്ന മൂന്ന് രാജക്കന്മാര്‍ മൂന്ന് ഭാഷകളില്‍ എഴുതിയ മൂന്ന് കുറിപ്പുകള്‍ പേറി നില്ക്കുന്ന സ്തൂപം പ്രതിനിധാനം ചെയ്യുന്നത് സാരൂപ്യമായ ഇന്ത്യയെ അല്ല തന്നെ. വൈവിദ്ധ്യമാര്‍ന്ന ഇന്ത്യയെയാണ്, നാനാത്വത്തില്‍ ഏകത്വമെന്ന സങ്കല്പനത്തില്‍ വിശ്വസിക്കുന്ന ഇന്ത്യയെയാണ്. അശോകന്റെ ശാസനകളിലെ ഒരു പ്രത്യേകത കൂടി നാം ശ്രദ്ധിക്കേണ്ടതായി ഉണ്ട് . അദ്ദേഹം ഒരു വിശ്വചക്രവര്‍ത്തിയായോ മഹാപുരുഷനായോ അല്ല സ്വയം അവതരിപ്പിച്ചിരിക്കുന്നത്. പിന്നെയോ, 'ദേവനം പ്രീയന്‍'' എന്നാണ് - ദേവപ്രീതിക്ക് പാത്രമായവന്‍. അദ്ദേഹം വിനയാന്വിതനായി, പൊതുജന സേവകനായി നില്ക്കുന്നു. ചുരുക്കത്തില്‍ വൈവിദ്ധ്യവും അഹിംസയും വിനയവുമാണ് യഥാര്‍ത്ഥ ഇന്ത്യയുടെ മുഖമുദ്ര.

ഇതാണ് ഇന്ത്യന്‍ ഭരണഘടനയെ സമ്പന്നമാക്കുന്നത്. ജനാധിപത്യ പാരമ്പര്യമില്ലാത്തൊരു സമൂഹത്തില്‍ ജനാധിപത്യത്തെ കുടിയിരുത്താനാണ് അത് ശ്രമിക്കുന്നത്. ജനാധിപത്യത്തിന്റെ ശീലുകള്‍ക്കനുസരിച്ച് ജനങ്ങളെ മാറ്റിയെടുക്കാമെന്ന് അത് വിശ്വസിക്കുന്നു - കൊളോണിയല്‍ പ്രജകളായിക്കഴിഞ്ഞൊരു സമൂഹത്തെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പൗരാവലിയായി മാറ്റിയെടുക്കാമെന്ന്; പരസ്പരം സഹകരിച്ചും സമന്മാരായി കരുതിയും അന്തസോടെ ജീവിക്കുന്നവരാക്കി മാറ്റാമെന്ന് . സാമൂഹിക പരിവര്‍ത്തനമാണ് അത് ലക്ഷ്യമിടുന്നത് എന്നാണ് ഇതില്‍ നിന്ന് നാം മനസിലാക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ യഥാര്‍ത്ഥ ജനാധിപത്യം തിരഞ്ഞെടുപ്പിന് ശേഷമാണ് ആരംഭിക്കുന്നത്. വിജയികള്‍ അധികാരം ഏറ്റെടുത്തതിനു ശേഷം നടത്തുന്ന നീക്കങ്ങളാണ് ഇവിടെ പ്രധാനം. ഈ അര്‍ഥത്തില്‍, ഇന്ത്യന്‍ ഭരണഘടന ഒരു വലിയ പ്രതീക്ഷയായണ് നമ്മുടെ മുന്നില്‍ നില്ക്കുന്നത്.

നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഭരണഘടന ഉയര്‍ത്തി പിടിക്കുന്ന ഇത്തരം ജനാധിപത്യ മൂല്യങ്ങളാണ് നമുക്ക് ഇപ്പോള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. നമ്മുടെ രാഷ്ട്രീയ സമൂഹത്തിന് ജനാധിപത്യം എന്നാല്‍ അധികാരം കയ്യാളാനുള്ളൊരു ഉപാധി മാത്രമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല, പ്രശ്‌നങ്ങള്‍ ഉണ്ടാക്കി അധികാരത്തില്‍ സ്വയം അവരോധിക്കാനാണ് ശ്രമം. അതുകൊണ്ടു തന്നെ അവര്‍ക്ക് ജനാധിപത്യം തിരഞ്ഞെടുപ്പ് എന്ന ഒറ്റവാക്കില്‍ അവസാനിക്കുന്നു. അതിനെപ്പോലും കടത്തിവെട്ടുന്നതാണ് പല സംസ്ഥാനങ്ങളിലും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. അവലംബിക്കുന്ന രീതി എന്നത് മറ്റൊരു കാര്യം. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കൂട്ടത്തോടെ കൂറുമാറ്റം നടത്തി സ്വന്തം ചേരിയില്‍ കൊണ്ടുവന്ന് അധികാരം പിടിച്ചെടുക്കാമെന്ന് കാണിക്കുകവഴി, ജനാധിപത്യം തിരഞ്ഞെടുപ്പ് പോലും അല്ലെന്ന് അവര്‍ തെളിയിക്കാന്‍ ശ്രമിക്കുന്നു. കേരളത്തിലെ ഒരു മന്ത്രി ഭരണഘടനയെ അവഹേളിച്ചു എന്ന് വലിയ വിമര്‍ശനം ഉയര്‍ത്തിയവര്‍, കുറഞ്ഞ പക്ഷം ജനവിധി എങ്കിലും മാനിക്കേണ്ടതല്ലേ എന്ന ചോദ്യം പ്രസക്തമാണ്. ഇന്ത്യന്‍ ജനാധിപത്യം ഒറിജിനലില്‍ നിന്ന് ഡ്യൂപ്ലിക്കേറ്റായി മാറിക്കൊണ്ടിരിക്കുന്നു എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

(സാമൂഹിക നിരീക്ഷകനാണ് ലേഖകന്‍)

Content Highlights: Ashoka statue controversies, Is Indian government and Constitution, social,mathrubhumi latest

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented