Representative Image
പ്രത്യുല്പാദന സ്വയം നിര്‍ണയാവകാശം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഒരു സ്ത്രീ പ്രസവിക്കണോ വേണ്ടയോ, വന്ധ്യത ചികിത്സയ്ക്ക് വിധേയയാകണോ വേണ്ടയോ, എത്ര പ്രസവിക്കണം, എപ്പോള്‍ പ്രസവിക്കണം, പ്രസവം നിര്‍ത്തല്‍, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കല്‍, അബോര്‍ഷന്‍ എന്നിങ്ങനെ നീണ്ടു കിടക്കുന്ന വിഷയങ്ങളിലെല്ലാം സ്ത്രീയ്ക്ക് സ്വയം തീരുമാനമെടുക്കാന്‍ നമ്മുടെ രാജ്യത്ത് അവകാശമുണ്ട്.
സെക്ഷ്വല്‍ ആന്‍ഡ് റീപ്രൊഡക്ടീവ് റൈറ്റ്‌സ് എന്ന വിഷയത്തില്‍ സുപ്രീം കോടതിയാണ് ഇത്തരമൊരു നിയമത്തിന് ഉത്തരവിട്ടത്. എം.ടി.പി. ആക്റ്റ് 1971-ലാണ് പാര്‍ലമെന്റ് ഈ നിയമം പാസ്സാക്കിയത്. 1972-ല്‍ ഇത് ഇന്ത്യയില്‍ നടപ്പാക്കി. ഇതിന്റെ ഏറ്റവും ശക്തമായ ഒരു പോയിന്റ് സ്ത്രീയുടെ ലൈംഗികപരമായും പ്രത്യുത്പാദനപരമായും ഉള്ള കാര്യങ്ങളില്‍ ഉള്ള അവകാശം സ്ത്രീക്ക് തന്നെ നല്‍കുന്നു എന്നതാണ്.
2017-ല്‍ ഗര്‍ഭധാരണം സംബന്ധിച്ച് സ്ത്രീകള്‍ക്ക് തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി എ.കെ. സിക്രി വ്യക്തമാക്കിയിരുന്നു. . സ്ത്രീയുടെ ശരീരവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ സ്ത്രീയുടെ അവകാശമാണൊയിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. കുഞ്ഞു വേണോ ഗര്‍ഭഛിദ്രം നടത്തണോ ഗര്‍ഭധാരണം തടയണോ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം സ്ത്രീക്കാണ്. പ്രത്യുല്‍പാദനം സംബന്ധിച്ച തീരുമാനം പുരുഷന്മാരും കുടുംബവും സ്ത്രീകളില്‍ അടിച്ചേല്‍പിക്കുകയാണെന്നും ബഹിരാകാശത്ത് സന്ദര്‍ശനം നടത്തുകയും കൃത്രിമബുദ്ധി നിര്‍മിച്ചെടുക്കുകയും ചെയ്യാന്‍ കഴിയുന്ന ഇക്കാലത്തും മനുഷ്യത്വം സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്നത് അതിശയകരമാണെന്നും അദ്ദേഹം ഇതിനൊപ്പം കൂട്ടിചേര്‍ത്തിരുന്നു.
2022 ഒക്ടോബറില്‍ പ്രത്യുല്‍പാദന വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമായതിനാല്‍ ആര്‍ട്ടിക്കിള്‍ 21 പ്രകാരം സ്ത്രീകളെ ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ വിധിയുമുണ്ടായി. ഇതെല്ലാം നിലനില്‍ക്കെ കൃത്രിമ ഗര്‍ഭധാരണ നിയന്ത്രണ നിയമത്തിലൂടെ ഭരണകൂടം സ്ത്രീയുടെ മാതൃത്വത്തിന് പരിധി നിശ്ചയിച്ചിരിക്കുന്നു എന്നത് അമ്പരിപ്പിക്കുന്നതാണ്.
വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് ഉള്ള നിയമത്തിന്റെ കടന്നുകയറ്റം - കേസിന് പിന്നിലെ അഭിഭാഷകന്‍ ആകാശിന് പറയാനുള്ളത്

1. നിയമം ഏര്‍പ്പെടുത്തിയ പ്രായപരിധി കൃത്രിമ ഗര്‍ഭധാരണം നടത്തുന്ന ദമ്പതികളെ മാത്രം തടയുന്നു. എന്നാല്‍, ഈ പ്രായപരിധി സാധാരണ ഗര്‍ഭധാരണത്തിന് ബാധകവുമല്ല.
2. നിയമം പ്രാബല്യത്തില്‍ കൊണ്ട് വന്നപ്പോള്‍ നിലവില്‍ ചികില്‍സയിലുള്ളവരെ അധികാര കേന്ദ്രങ്ങള്‍ പരിഗണിച്ചില്ല.
3. ഇന്ത്യയിലെ ദമ്പതികള്‍ക്ക് ഇടയിലെ പ്രായവ്യത്യാസം നിയമം കണക്കില്‍ എടുത്തില്ല. ഹര്‍ജിക്കാരില്‍ നല്ല ശതമാനവും ദമ്പതികളില്‍ ഒരാളുടെ പ്രായം പരിധി കഴിഞ്ഞത് കൊണ്ട് മാത്രം നിയമം ഏര്‍പ്പെടുത്തിയ നിരോധനം നേരിടുകയായിരുന്നു.
4. വൈകിയ വിവാഹം, പുനര്‍വിവാഹം എന്നിവയില്‍ ഏര്‍പ്പെട്ട വ്യക്തികളുടെ ജീവിതവും ആഗ്രഹങ്ങളും നിയമം പരിഗണിച്ചില്ല.
നിയമത്തിന്റെ കണ്ണുകളിലൂടെ വിഷയത്തെ സമീപിച്ചാല്‍ ജീവിക്കാന്‍ ഉള്ള അവകാശം എന്ന് പറയുന്നത് ആരോഗ്യത്തിനും പ്രത്യുദ്പാദനത്തിനും ഉള്ള അവകാശം കൂടി ആണെന്ന് ആര്‍ട്ടിക്കിള്‍ 21- നെ വ്യാപിപ്പിച്ച് സുപ്രീം കോടതി ഒട്ടേറെ വിധികള്‍ ഇതിനകം നല്‍കിയിട്ടുള്ളതാണ്. 2017-ലെ കെ.എസ്. പട്ടുസ്വാമി കേസിന്റെ വിധിയില്‍ ഇന്നത്തെ ചീഫ് ജസ്റ്റിസ് എഴുതിയ വാചകം ഈ അവസരത്തില്‍ ശ്രദ്ധേയമാണ്:
''ജീവിതം വളരെ അമൂല്യമാണ്. എന്നാല്‍ ജീവിതം ആസ്വാദ്യകരം ആകുന്നതു ഓരോരുത്തര്‍ക്കും അതു വേണ്ട രീതിയില്‍ ജീവിക്കാന്‍ ഉള്ള അവകാശം ഉള്ളതുകൊണ്ടാണ്. എങ്ങനെ ജീവിക്കണം എന്നതു സംബന്ധിച്ച ഏറ്റവും നല്ല തീരുമാനങ്ങള്‍ ഓരോ വ്യക്തിയിലും നിക്ഷിപ്തമാണ്. അത്തരം തീരുമാനങ്ങള്‍ വ്യക്തികള്‍ ജീവിക്കുന്ന സാമൂഹ്യ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചു മാറിക്കൊണ്ടിരിക്കും. ഒരു സ്റ്റേറ്റ് (ഗവണ്മെന്റ്) -ന്റെ ഉത്തരവാദിത്തം വ്യക്തികളുടെ തീരുമാനങ്ങള്‍ എടുക്കാന്‍ ഉള്ള സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക എന്നതാണ്, തങ്ങളുടെ തീരുമാനത്തെ അടിച്ചേല്‍പ്പിക്കുക അല്ല.''
ജീവിക്കാനുള്ള അവകാശം- അതെങ്ങനെ ജീവിക്കണമെന്ന തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ്. ഇത് ജനനശേഷം സമൂഹമോ ഭരണകൂടമോ വ്യക്തിക്ക് ഔദാര്യംപോലെ നല്‍കുന്നതല്ല, മറിച്ച് അതൊരു ജന്മാവകാശം തന്നെയാണ്. അതുകൊണ്ടുതന്നെ സ്വകാര്യതയുടെ അതിര്‍ത്തി തീര്‍പ്പാക്കാനുള്ള അധികാരം വ്യക്തിക്കു തന്നെയാണ്. മറ്റൊരു വ്യക്തിയുടെയോ പൊതുസമൂഹത്തിന്റെയോ മൗലികാവകാശങ്ങള്‍ ലംഘിക്കാത്തിടത്തോളം ഈ സ്വാതന്ത്ര്യത്തിന് അതിരുകള്‍ ഇല്ല താനും. എന്നാല്‍ ഇതില്‍ തന്നെ എക്സപ്ഷന്‍ ഉണ്ട്. ജനാധിപത്യ സമൂഹത്തില്‍ ദേശീയസുരക്ഷ, പൊതുഭദ്രത, രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിതി, കുറ്റകൃത്യമോ ക്രമമില്ലായ്മയോ തടയല്‍, ആരോഗ്യത്തിന്റെയും സദാചാരത്തിന്റെയും സംരക്ഷണം, മറ്റുള്ളവരുടെ സ്വാതന്ത്ര്യങ്ങളുടെ സംരക്ഷണം എന്നിവയ്ക്ക് അനുപേക്ഷണീയമാകുമ്പോള്‍ പൊതു അധികാര കേന്ദ്രങ്ങള്‍ക്ക് ഈ സ്വാതന്ത്യത്തില്‍ ഇടപെടാം എന്നതാണ് അത്. അതും നിയമാനുസൃതമായി മാത്രം.
ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് ഈ പ്രായപരിധി ഏര്‍പ്പെടുത്തിയതെങ്കില്‍ അതിന്റെ കാരണം കൂടി ജനങ്ങളെ ബോധിപ്പിക്കാന്‍ ഉള്ള ബാധ്യത സര്‍ക്കാരിന് ഉണ്ട്. ഇവിടെ സ്ത്രീയുടെയോ പുരുഷന്റെയോ കാര്യത്തില്‍ ഏര്‍പ്പെടുത്തിയ പ്രായപരിധിയുടെ കാരണങ്ങള്‍ ഈ നിയമത്തിലേക്ക് വഴിതെളിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടിലോ, സഭാ ചര്‍ച്ചകളിലോ ഒന്നും തന്നെ കാണാന്‍ സാധിച്ചിട്ടില്ല, അപ്രകാരം യാതൊരു അടിസ്ഥാനവും ഇല്ലാതെ കൊണ്ട് വരുന്ന നിയമം വ്യക്തികളുടെ മൗലികാവകാശങ്ങളില്‍ കൈ കടത്തുന്നത് തടയേണ്ടത് ആര്‍ട്ടിക്കിള്‍ 32 പ്രകാരം സുപ്രീം കോടതിയുടെയും ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഹൈക്കോടതിയുടെയും ചുമതല ആണെന്ന് സ്റ്റേറ്റ് ഓഫ് പഞ്ചാബ് Vs ഖാന്‍ ചന്ദ് എന്ന കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയതാണ്.
നിയമപോരാട്ടങ്ങള്‍ക്ക് വീണ്ടും സാധ്യത
കൃത്രിമ ഗര്‍ഭധാരണ നിയന്ത്രണ നിയമത്തില്‍ വരുംനാളുകളില്‍ നിയമപോരാട്ടം വര്‍ധിക്കാനാണ് സാധ്യത. കൃത്രിമ ഗര്‍ഭധാരണ നിയന്ത്രണ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് സുപ്രീം കോടതിയുടെ മുന്നിലുള്ള മറ്റൊരു ഹര്‍ജി ഇതിന് ഉദാഹരണമാണ്. വിവാഹിതരായ സ്ത്രീകള്‍ക്ക് കൃത്രിമ ദാതാവില്‍നിന്നു ബീജം സ്വീകരിക്കാന്‍ ഭര്‍ത്താവിന്റെ അനുമതി ആവശ്യമാണെന്ന ചട്ടം നിയമത്തില്‍നിന്നു നീക്കം ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. വിവാഹിതരായ സ്ത്രീകള്‍ ദാതാക്കളില്‍നിന്നു ബീജം സ്വീകരിക്കുന്നതിന് ഭര്‍ത്താവിന്റെ അനുമതി ആവശ്യമാണെന്ന നിയമ വ്യവസ്ഥയെ ആണ് ഇത് ചോദ്യം ചെയ്യുന്നത്. വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്ന ഭര്‍ത്താവ് താന്‍ കൃത്രിമ ഗര്‍ഭധാരണം നടത്തുന്നതിന് എതിരു നില്‍ക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് 38 വയസുള്ള യുവതി സുപ്രീം കോടതിയെ സമീപിച്ചത്. കൃത്രിമ ഗര്‍ഭധാരണ നിയന്ത്രണ നിയമത്തിലെ ചട്ടങ്ങള്‍ വ്യക്തികളുടെ തുല്യതയ്ക്കുള്ള അവകാശം നിഷേധിക്കുന്നതാണെന്നാണ് പരാതിക്കാരി ഹര്‍ജിയില്‍ പറയുന്നത്. മാത്രമല്ല, ഒരു വനിതയുടെ അവകാശങ്ങളെ നിഷേധിക്കുന്നതാണെന്നും വ്യക്തമാക്കുന്നു. കേസ് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുമുണ്ട്.കൃത്രിമ ഗര്‍ഭധാരണ, സറോഗസി നിയന്ത്രണ നിയമങ്ങള്‍ക്കെതിരേ ഒരു ഐവിഎഫ് സ്പെഷ്യലിസ്റ്റും ഹര്‍ജി നല്‍കിയിട്ടുണ്ട്.
(അവസാനിച്ചു)
Content Highlights: Artificial Pregnancy Technology Control Act
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..