Representative Image | Photo: Gettyimages.in
"എന്നെങ്കിലും കുഞ്ഞുങ്ങളില്ലാത്ത സുഹൃത്തുക്കളുടെ സങ്കടങ്ങള്‍ക്കു ചെവി കൊടുത്തിട്ടുണ്ടോ? കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് താങ്ങായി നിന്നിട്ടുണ്ടോ? സമൂഹത്തില്‍ നിന്ദയും അപമാനവും അനുഭവിക്കുന്ന ഈ കൂട്ടരോട് അല്പമെങ്കിലും അനുഭാവത്തോടെ പെരുമാറിയിട്ടുണ്ടോ?. 50 കഴിഞ്ഞ് അമ്മയാകാന്‍ നിയമത്തിന്റെ കനിവ് തേടിയ കോട്ടയംകാരിയായ ഒരു സ്ത്രീ എതിരേറ്റത് ഈ ചോദ്യങ്ങളെയാണ്. എല്ലാ ദിവസങ്ങളിലും അനേകം ആളുകളുമായി ഇടപഴകേണ്ടി വരുന്ന ഒരു ഉദ്യോഗസ്ഥയാണ് ഞാന്‍. കഴിഞ്ഞ 10 വര്‍ഷം കൂട്ടിക്കിഴിച്ചു നോക്കിയാല്‍ അതിന്റെ സിംഹഭാഗവും എവിടെ ചെലവഴിച്ചു എന്ന് ചോദിക്കുകയാണെങ്കില്‍ വന്ധ്യത ക്ലിനിക്കുകളില്‍ എന്നുള്ളതാണ് ഉത്തരം. പൊതുഇടങ്ങളില്‍ നിരന്തരം ചെല്ലുന്ന ഒരാളെന്ന നിലയില്‍ ഞാന്‍ അനുഭവിച്ചിരുന്ന മാനസിക ആഘാതം ചില്ലറയല്ല. ആരെ പരിചയപ്പെട്ടാലും കുടുംബം- കുഞ്ഞുങ്ങള്‍ എന്നതിലേക്ക് എത്തും. കുട്ടികളില്ലെന്നറിയുമ്പോള്‍ വരുന്ന ചോദ്യം ആര്‍ക്കാണ് കുഴപ്പം എന്നുള്ളതായിരിക്കും. മറുപടി പറയാനാവാതെ ഞാന്‍ പലപ്പോഴും എഴുന്നേറ്റു പോവുകയാണ് പതിവ്. യഥാര്‍ത്ഥത്തില്‍ കുഴപ്പം ആര്‍ക്കാണ്? ഞങ്ങള്‍ക്കോ? അതോ ചോദ്യം ചോദിക്കുന്ന നിങ്ങള്‍ക്കോ?
"നിയമത്തിനോ സംവിധാനങ്ങള്‍ക്കോ എതിരായ പോരാട്ടമല്ല ഞങ്ങളുടേത്. ഒരു കുഞ്ഞിനെ ഓമനിക്കാന്‍, ഈ സമൂഹത്തിന് മുന്നില്‍ ഭയപ്പെടാതെ, അപമാനിക്കപ്പെടാതെ ജീവിക്കാനുള്ള അവസാന കച്ചിത്തുരുമ്പ്; അതാണ് കൃത്രിമ ഗര്‍ഭധാരണ നിയന്ത്രണ നിയമത്തിലെ പ്രായപരിധി വകുപ്പിനെതിരായ ഞങ്ങളുടെ കേസ്. ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കാനും വളര്‍ത്താനുമുള്ള സാമൂഹിക പ്രതീക്ഷ ഞങ്ങളില്‍ നിറയ്ക്കുന്ന സമ്മര്‍ദ്ദം ചെറുതല്ല. ചെലവേറിയ ചികിത്സയുടെ സാമ്പത്തിക ബാധ്യത, കുടുംബവുമായും ജീവിതപങ്കാളിയുമായുമുള്ള ബന്ധത്തിന്റെ പിരിമുറുക്കം, ഈ പ്രായത്തില്‍ ഇതിന്റെ ആവശ്യം എന്താണ് ? നല്ല പ്രായത്തില്‍ കിട്ടാത്തത് ഇനി ഇപ്പോ കിട്ടുമോ? ഇങ്ങനെ പലതും ഞങ്ങള്‍ നേരിടുന്നുണ്ട്. കേസിനു പിന്നിലെ വിദ്യാസമ്പന്നരായ ആ ദമ്പതികള്‍ പറഞ്ഞത് ഇതാണ്. കൂടുതല്‍ ഒന്നും പങ്ക് വയ്ക്കാന്‍ അവര്‍ തയ്യാറായിരുന്നുമില്ല. നിയമത്തിന്റെ പഴുതുകള്‍ ഇഴിപിരിച്ച് പരിശോധിക്കാനോ അതിനെതിരേ നില്‍ക്കാനോ തീരുമാനിച്ചുള്ള പോരാട്ടമല്ല കേസിനു പിന്നിലുള്ളവര്‍ ചെയ്തതെന്ന് അവരുടെ വാക്കുകളില്‍നിന്ന് വ്യക്തമാണ്. മാതാപിതാക്കളാവുക എന്ന വ്യക്തിപരവും മാനുഷികവുമായ വൈകാരികത ഭരണകൂടം റദ്ദ് ചെയ്തപ്പോള്‍ മറ്റ് വഴികളില്ലാതെ നിയമസംവിധാനങ്ങളുടെ കരുണയ്ക്കായി കൈ നീട്ടി.
സാമൂഹിക സമ്മര്‍ദ്ദം നേരിട്ട് കുറ്റബോധം തോന്നുകയും സ്വയം കുറ്റപ്പെടുത്തുക എന്ന കെണിയില്‍ വീഴുകയും ആത്മഹത്യ പ്രവണത, വിഷാദരോഗം, ധൈര്യമില്ലായ്മ, ഉള്‍വലിയല്‍ എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്ന സ്ത്രീകളും ഇവരിലുണ്ട്."
വലിയ ഉദ്യോഗത്തില്‍ നിന്നെല്ലാം അവധിയെടുത്ത് കേരളത്തില്‍ താമസിച്ച് ചികില്‍സയ്‌ക്കെത്തിയ ദമ്പതികളുടെ ജീവിതം പറയുന്നത് അതാണ്. കുടുംബക്കാരില്‍ നിന്നെല്ലാം വിട്ട് ആശുപത്രിയുടെ അടുത്താണ് ഈ ദമ്പതികളുടെ താമസം. "ഇക്കൊല്ലമെങ്കിലും നടക്കുമോ? കുഞ്ഞില്ലാതെ ഇനി ഇങ്ങോട്ട് വരണ്ടാട്ടോ, യാത്രയാക്കുമ്പോള്‍ കോളജ് അധ്യാപികയായ ഭാര്യയോട് ജോലിസ്ഥലത്തുനിന്നു പോലും പറഞ്ഞിരിക്കുന്നത് ഇതാണ്. കുഞ്ഞുണ്ടാവുക എന്നത് അഭിമാനപ്രശ്‌നമായിരിക്കുന്നു. ഇതെല്ലാം എനിക്ക് ഇപ്പോ പരിചിതമാണ്, പക്ഷെ ഭാര്യയുടെ അവസ്ഥ അതല്ല. ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നയിടത്ത് വ്യക്തിപരമായി ആരെയും പരിചയമില്ല. പക്ഷെ, അവള്‍ പുറത്തിറങ്ങുകയേ ഇല്ല, മുറിയടച്ച് അതിനുള്ളില്‍ തന്നെ ഇരിപ്പാണ്. എല്ലാത്തിനോടും ഒരു തരം ഭയം പോലെ. പുറത്തിറങ്ങിയാല്‍ കുഞ്ഞുങ്ങളെ കുറിച്ച് ആരെങ്കിലും ചോദിക്കുമോയെന്ന് ഇടയ്ക്കിടെ ചോദിക്കും. അവളെ ഒറ്റയ്ക്കിരുത്തി സാധനങ്ങള്‍ വാങ്ങാന്‍ പോവാന്‍ പോലും പേടിയാണ് ഇപ്പോള്‍. പ്രായപരിധി നിശ്ചയിച്ചതിനാല്‍ അവസാന ഐ.വി.എഫിനാണ് ഇനി പോവുന്നത്. അത് നടന്നില്ലെങ്കില്‍ അവള്‍ കടുംകൈ വല്ലതും ചെയ്യുമോ എന്ന ഭയത്തിലാണ് ഞാന്‍."- ഒരു ഭര്‍ത്താവിന്റെ വാക്കുകള്‍. പ്രായപരിധി നിയന്ത്രണം വന്നില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ പ്രതീക്ഷയുടെ പച്ചപ്പ് എങ്കിലും അവരുടെ ജീവിതത്തില്‍ ശേഷിക്കുമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞു വയ്ക്കുന്നത്.
പ്രായാധിക്യമുള്ള സ്ത്രീയ്ക്ക് കൃത്രിമ ഗര്‍ഭധാരണം പാടില്ലേ?-വാദ പ്രതിവാദങ്ങള്‍
2019-ല്‍ ആന്ധ്രയിലെ ഗുണ്ടുരില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി എരമാട്ടി മങ്കയമ്മ റെക്കോഡിട്ടിരുന്നു. ഈ സംഭവമാണ് പ്രായമുള്ളവരിലെ ഐ.വി.എഫ്. എന്ന വിഷയം ചര്‍ച്ചയാക്കിയത്. വിവാഹം കഴിഞ്ഞ് 57 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഈ 74-കാരി രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മമേകിയത്. കാത്തുകാത്തിരുന്ന് ഒരു കുഞ്ഞെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള അവസാനശ്രമമെന്ന നിലയിലായിരുന്നു മങ്കയമ്മ ഐ.വി.എഫ്. പരീക്ഷിച്ചത്. അത് സഫലമായി. എന്നാല്‍ ഇത്രയും പ്രായാധിക്യമുള്ള സ്ത്രീയ്ക്ക് കൃത്രിമ ഗര്‍ഭധാരണ മാര്‍ഗമായ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ ചികില്‍സ നല്‍കിയത് ധാര്‍മികമായി ശരിയല്ലെന്ന വാദമാണ് ഒരുകൂട്ടം മെഡിക്കല്‍ വിദഗ്ധന്‍മാര്‍ ഉന്നയിച്ചത്.
പ്രായം കൂടുന്നതിന് അനുസരിച്ച് പ്രസവത്തിലും ഗര്‍ഭധാരണത്തിലും സങ്കീര്‍ണതകളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് വൈദ്യശാസ്ത്രത്തിന്റെ ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്ന് ഇന്ത്യന്‍ സൊസൈറ്റി ഓഫ് അസിസ്റ്റഡ് റീപ്രൊഡക്ടീവ് സംഘടനയുടെ പ്രസിഡന്റ് ഡോ. ജയദീപ് മല്‍ഹോത്ര ആരോപിച്ചത്. 42 വയസുവരെയാണ് ഒരു സ്ത്രീയില്‍ അണ്ഡത്തിന്റെ സംഭരണശേഷി. 52 വയസാകുന്നതോടെ ആര്‍ത്തവവിരാമം സംഭവിക്കുന്നു. 74 വയസുള്ള സ്ത്രീയുടെ ശരീരത്തില്‍ അണ്ഡോത്പാദനം നടത്തി, അണ്ഡം പുറത്തെടുത്ത് കൃത്രിമ ബീജസങ്കലനം നടത്തി നിക്ഷേപിക്കുന്നത് ഹൃദയാഘാതം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. ഗര്‍ഭധാരണ സമയത്തു കടുത്ത രക്തസ്രാവത്തിനുള്ള സാധ്യതയും കൂടുതലാണ്. രോഗിയില്‍ കുത്തിവെയ്ക്കുന്ന ഹോര്‍മോണ്‍ ഇന്‍ജക്ഷനുകള്‍ ഗര്‍ഭപാത്രത്തെ കട്ടിയാക്കുന്നു. ഇത് വാര്‍ധക്യമായവരില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. മങ്കയമ്മ ഈ സങ്കീര്‍ണ്ണ ചികിത്സ അതിജീവിച്ചത് ഭാഗ്യം കൊണ്ടാണെന്നും അവര്‍ പറയുന്നു. അതേസമയം, കുഞ്ഞുണ്ടായതിന് പിന്നാലെ മങ്കയമ്മയ്ക്ക് ചെറിയ സ്‌ട്രോക്കുണ്ടായെങ്കിലും അവര്‍ ഇന്ന് സന്തോഷത്തോടെ മക്കള്‍ക്കൊപ്പം ജീവിക്കുന്നുണ്ട്.
50 കഴിഞ്ഞ് കുഞ്ഞുണ്ടായതിന് നാടുവിടേണ്ടി വന്ന കേരളത്തിന്റെ ഭവാനിയമ്മ
35 കഴിഞ്ഞ് അമ്മയായാല്‍ പോലും മുഖം ചുളിക്കുന്ന സമൂഹമാണ് കേരളത്തിലേത്. ആ സമൂഹത്തിന് മുന്നില്‍ 50 കഴിഞ്ഞവര്‍ മാതാപിതാക്കളാവുകയെന്ന ആഗ്രഹം പങ്ക് വച്ചാല്‍ എന്താവും അവസ്ഥ. അത്തരമൊരു അവസ്ഥ അനുഭവിച്ച് മരിച്ച ഒരാള്‍ മലയാളക്കരയിലുണ്ടായിരുന്നു. 62-ാം വയസില്‍ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ അമ്മയായി വാര്‍ത്തകളില്‍ ഇടംപിടിച്ച മൂവാറ്റുപുഴ സ്വദേശിനിയായ ഭവാനിയമ്മ. ആ അമ്മയെ കേരളം മറന്നുകാണാന്‍ വഴിയില്ല. രണ്ടുവട്ടം വിവാഹം കഴിച്ചെങ്കിലും കുഞ്ഞിക്കാലു കാണാന്‍ ഭാഗ്യം ലഭിക്കാത്ത ഒരാളായിരുന്നു ഭവനിയമ്മ. പിന്നാലെ രണ്ടാം ഭര്‍ത്താവിനെ നിര്‍ബന്ധിച്ച് വിവാഹമോചനം നടത്തിച്ച് മറ്റൊരു കല്യാണം കഴിപ്പിച്ചു. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ തനിക്ക് അമ്മയെപ്പോലെ സ്നേഹിക്കാമെന്ന മോഹമായിരുന്നു അതിന് പിന്നില്‍. പക്ഷേ, ഭര്‍ത്താവിന്റെ പുനര്‍വിവാഹത്തിലുണ്ടായ കുഞ്ഞിനെ കാണാന്‍ പോലും അവര്‍ക്ക് അനുവാദം ലഭിച്ചില്ല. ഇതോടെയാണ് 62-ാം വയസില്‍ കൃത്രിമഗര്‍ഭധാരണത്തിലൂടെ അമ്മയാവാന്‍ തീരുമാനിച്ചത്. വാര്‍ധ്യക്യത്തിലെ കൃത്രിമ ഗര്‍ഭധാരണം മൂലം ധിക്കാരിയെന്ന പേര് ചാര്‍ത്തിക്കിട്ടി. ഒന്നരവയസില്‍ കുഞ്ഞു മരണപ്പെട്ടു. കുഞ്ഞിന്റെ വേര്‍പാടോടെ സ്വന്തക്കാരുടെ മുഖംകോട്ടിയ ചിരി കൂടുതല്‍ ദുസഹമായ അവര്‍ പിറന്ന നാട്ടില്‍ ജീവിക്കാനുള്ള കൊതിയുപേക്ഷിച്ചു സ്വന്തമെന്ന് പറയാന്‍ ആരുമില്ലാത്തൊരിടം തേടി വയനാട്ടിലേക്ക് ചുരം കയറി. പിന്നീടുളള കാലം മാനന്തവാടിക്കടുത്ത് കുഞ്ഞുങ്ങള്‍ക്ക് ട്യൂഷനെടുത്തായിരുന്നു കഴിഞ്ഞത്. 2017-ല്‍ 76-ാം വയസില്‍ മരണപ്പെട്ടു.
പ്രായപരിധിയും ആയുര്‍ദൈര്‍ഘ്യവും
കുഞ്ഞിന് പ്രായപൂര്‍ത്തിയാകുമ്പോള്‍ മാതാപിതാക്കള്‍ക്ക് ഏത്ര പ്രായം എന്നത് കൂടി കണക്കുകൂട്ടിയാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. കണക്കുകള്‍ പ്രകാരം ഇവിടെ വൈരുദ്ധ്യമുണ്ട്. നിലവില്‍ ഇന്ത്യക്കാരുടെ ആയുര്‍ ദൈര്‍ഘ്യം 70.42 വയസ് ആണ്. ആയുര്‍ദൈര്‍ഘ്യത്തിന്റെ ഏറ്റവുംപുതിയ കണക്കില്‍ കേരളം മുന്നിലാണ് താനും. എസ്.ആര്‍.എസിന്റെ (സാംപിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം) പുതിയ കണക്ക് പ്രകാരം കേരളത്തിലെത് ആയുര്‍ദൈര്‍ഘ്യം 75.2 വയസ്സാണ്. പുരുഷന്മാരുടെ മാത്രം കണക്കെടുത്താല്‍ ഡല്‍ഹിയും (73.3 വയസ്സ്) നഗരമേഖലയെടുത്താല്‍ ഹിമാചല്‍ പ്രദേശും (77.1) കേരളത്തിനു മുന്നിലാണ്.പൊതുവായ ആയുര്‍ദൈര്‍ഘ്യം, സ്ത്രീകള്‍, ഗ്രാമീണമേഖല എന്നിവയില്‍ കേരളമാണു മുന്നില്‍. ഗ്രാമീണമേഖലയില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തില്‍ സ്ത്രീകള്‍ക്ക് 78.1 വയസ്സും പുരുഷന്‍മാര്‍ക്ക് 72.4 വയസ്സുമാണ് ആയുസ്സ്.
Content Highlights: Artificial Pregnancy Technology Control Act
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..