സാക്ഷരതാ മിഷന്‍ നല്‍കുന്ന തുല്യത സര്‍ട്ടിഫിക്കറ്റിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ജോലികള്‍ക്ക് യോഗ്യതയായി പരിഗണിക്കും. എഴ്, പത്ത്, പന്ത്രണ്ട് എന്നിങ്ങനെയുള്ള തുല്യത സര്‍ട്ടിഫിക്കറ്റുകളില്‍ എഴാം തരം വരെയുള്ള തുല്യത പരീക്ഷ നടത്തുക സാക്ഷരത മിഷന്‍ നേരിട്ടാണ്. പത്ത്, പന്ത്രണ്ട് തുല്യത പരീക്ഷയുടെ മേല്‍നോട്ടവും സര്‍ട്ടിഫിക്കറ്റ് നല്‍കലും യഥാക്രമം പരീക്ഷാ ഭവനും ഹയര്‍സെക്കന്‍ഡറി ബോര്‍ഡിനുമാണ്. ഏഴാംതരം തുല്യത സര്‍ട്ടിഫിക്കറ്റില്‍ വ്യാജന്മാര്‍ കടന്നുകൂടിയെന്നതാണ് ഇപ്പോള്‍ സാക്ഷരത മിഷനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന പുതിയ ആരോപണം. 

തുല്യത ക്ലാസുകളില്‍ പങ്കെടുക്കാന്‍ രജിസ്‌ട്രേഷന്‍ ആവശ്യമാണ്. ഏതെങ്കിലും കോഴ്‌സില്‍ ചേര്‍ന്ന് ഒരാള്‍ക്ക് പഠിക്കണമെങ്കില്‍ രജിസ്‌ട്രേഷന്‍ ഫോമില്‍ ഫോട്ടോ പതിപ്പിച്ച് മേല്‍വിലാസം, ജനനതീയതി തുടങ്ങിയ വിവരങ്ങള്‍ പഠിതാവ് നല്‍കണം. ഇങ്ങനെ നല്‍കുന്ന വിവരങ്ങള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി ബോധ്യമാകുന്ന പക്ഷം പഠിതാവിന് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റാണ് തുല്യതാ സര്‍ട്ടിഫിക്കറ്റ് പരീക്ഷയ്ക്കുള്ള അംഗീകൃത രേഖ. ഇത് ഹാജരാക്കുന്നവരെ മാത്രമേ പരീക്ഷ എഴുതാന്‍ അനുവദിക്കുകയുള്ളു. എന്നാല്‍ തിരുവനന്തപുരം നഗരസഭയുമായി ചേര്‍ന്ന് സാക്ഷരതാ മിഷന്‍ നടത്തിയ 'അക്ഷര ശ്രീ' പദ്ധതിയില്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഏഴാംതരം തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണ് വിവാദമായിരിക്കുന്നത്.  

സാക്ഷരതാ മിഷനും തിരുവനന്തപുരം നഗരസഭയും ചേര്‍ന്ന് നടപ്പിലാക്കുന്ന 'അക്ഷര ശ്രീ' പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ഏഴാംതരം തുല്യതാ  സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജന്‍മാരും കൈക്കലാക്കിയെന്നാണ് ഉയരുന്ന ഗുരുതരമായ ആരോപണം. അക്ഷര ശ്രീ പദ്ധതിയില്‍ സാക്ഷരതാ മിഷന്‍ നല്‍കിയ ഏഴാംതരം സര്‍ട്ടിഫിക്കറ്റുകളില്‍ പഠിതാവിന്റെ വിവരങ്ങള്‍ ചേര്‍ക്കേണ്ട ഭാഗങ്ങളില്‍ ഒരു വിവരവും നല്‍കിയിട്ടില്ല, രേഖ ഹാജരാക്കിയിട്ടില്ല എന്നൊക്കെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മേല്‍വിലാസം എഴുതേണ്ട ഭാഗങ്ങള്‍ ഒന്നും തന്നെ പൂരിപ്പിക്കാതെ നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തു കഴിഞ്ഞു. 

saksharatha
അക്ഷര ശ്രീ പദ്ധതിയിൽ രേഖകൾ ഇല്ലാതെ
വിതരണം ചെയ്ത ഏഴാംതരം തുല്യത സർട്ടിഫിക്കറ്റ്

രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ പഠിതാവിനെ കുറിച്ചുള്ള രേഖകളൊക്കെ നല്‍കണമെന്നിരിക്കെ സര്‍ട്ടിഫിക്കറ്റില്‍ രേഖകള്‍ ലഭ്യമല്ലെന്ന് രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്യിച്ചു, ക്ലാസ് നല്‍കി, പരീക്ഷ നടത്തിയല്ല ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിരിക്കുന്നതെന്ന് വ്യക്തം. രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്ന് സാക്ഷരത മിഷന്‍ തന്നെ രേഖപ്പെടുത്തിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ ബോര്‍ഡ് ഓഫ് ഇക്വലന്‍സി എക്‌സാമിനേഷന്‍ കേരള എന്ന പദവി കൂടി വഹിക്കുന്ന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഒപ്പുവക്കുക കൂടി ചെയ്തതോടെ അനധികൃതമായ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നിയമപ്രാബല്യമായി. 

രേഖകള്‍ ഹാജരാക്കിയിട്ടില്ല എന്ന് വ്യക്തമാക്കിയിരിക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റിന് സാധുത നല്‍കുക വഴി ഗുരുതരമായ കൃത്യവിലോപമാണ് സാക്ഷരതാമിഷന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റുകളില്‍ സ്വീകര്‍ത്താവിനു സ്വയം വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സൗകര്യമാണ് ഇതിലൂടെ വന്നിരിക്കുന്നത്. അതുണ്ടാകാതിരിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ജീവനക്കാര്‍ കാണിച്ച ജാഗ്രതയാണ് രേഖകള്‍ ഹാജരാക്കിയിട്ടില്ല എന്ന് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്താന്‍ ഇടയാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് വ്യാജന്‍മാര്‍ക്കാണെന്നാണ് ജീവനക്കാര്‍ അടക്കം ആക്ഷേപിക്കുന്നത്. ഗുണഭോക്താക്കളുടെ എണ്ണം പെരുപ്പിച്ചുകാട്ടി കുറുക്കുവഴിയിലൂടെ നഗരസഭയുടെ ഫണ്ട് തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ആക്ഷേപം ഉണ്ട്. 

saksharatha
പരാതിയില്‍ ഗവര്‍ണറുടെ ഓഫീസ് നടപടി  തുടങ്ങിയതിന്റെ രേഖ, 
രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന്
വ്യക്തമാക്കി സാക്ഷരത മിഷന്‍ ഇറക്കിയ നിര്‍ദ്ദേശം.

ഏഴാം തരം സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ എന്ത് പ്രയോജനം കിട്ടാമെന്നായിരിക്കാം ഇതുവായിക്കുമ്പോള്‍ ആദ്യം തോന്നുക. എന്നാല്‍ കേരള സര്‍ക്കാരിന്റെ  സര്‍ട്ടിഫിക്കറ്റ് ആയതിനാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടാതെ ഏഴാം ക്ലാസ് യോഗ്യതാ മാനദണ്ഡം ആക്കിയിട്ടുള്ള പിഎസ്സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാം. പുതിയ തൊഴില്‍ സംരഭം തുടങ്ങാന്‍ ബാങ്കുകളില്‍ നിന്നും വായ്പയും കിട്ടും. അപ്പോള്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് വ്യാജന്മാര്‍ക്ക് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും. 

എന്നാല്‍ അക്ഷര ശ്രീ പദ്ധതിയില്‍ സാക്ഷരതാ മിഷന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് പുറത്തുകൊണ്ടുവന്ന ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്താണ് പ്രതികാരം വീട്ടിയത്. സര്‍ട്ടിഫിക്കറ്റ് വിതരണ ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ടു ഇദ്ദേഹം ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതിന്മേല്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. സാക്ഷരതാ മിഷനിലെ പ്യൂണ്‍ അരവിന്ദ് ആണ് ക്രമക്കേട് പുറത്തുകൊണ്ടുവന്നത്. അരവിന്ദ് നല്‍കിയ പരാതിയില്‍ ഗവര്‍ണ്ണര്‍ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

അക്ഷരശ്രീയെന്ന തട്ടിപ്പ്

തിരുവനന്തപുരം നഗരസഭയിലെ നൂറ് വാര്‍ഡുകളില്‍ സാക്ഷരത മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്നതിനായി 2017 സെപ്റ്റംബര്‍ മാസത്തില്‍ 4.15 കോടി ചെലവില്‍ തുടക്കം കുറിച്ച പദ്ധതിയാണ് 'അക്ഷര ശ്രീ'. ഇതിന്റെ ഭാഗമായി നിരക്ഷരരെ കണ്ടെത്താന്‍ നടത്തിയ സര്‍വ്വേ തന്നെ തട്ടിപ്പായിരുന്നുവെന്ന ആക്ഷേപവും നേരത്തെ ഉയര്‍ന്നിരുന്നു. നഗരത്തില്‍ 11,700 നിരക്ഷരര്‍ ഉണ്ടെന്നായിരുന്നു സര്‍വേയിലെ കണ്ടെത്തല്‍. എന്നാല്‍ ഇങ്ങനെ കണ്ടെത്തിയ ആളുകളില്‍ അഭ്യസ്തവിദ്യര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. പല  വാര്‍ഡുകളിലും സര്‍വ്വേ നടത്താന്‍ ആരും എത്തിയിരുന്നില്ല എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. 

നിരക്ഷരരുടെ കണക്ക് പെരുപ്പിച്ച് കാട്ടി നഗരസഭയുടെ ഫണ്ട് വെട്ടിക്കാനുള്ള പദ്ധതിയാണ് ഇതെന്നാണ് അന്നുയര്‍ന്ന ആരോപണങ്ങള്‍. 11,700 നിരക്ഷരര്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടും അക്ഷരശ്രീ പദ്ധതി പ്രകാരം ചുരുക്കം പേര്‍ക്കു മാത്രമേ സാക്ഷരത ക്ലാസ്സ് സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളു. ഇതാണ് ഫണ്ട് വെട്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്ന ആരോപണങ്ങള്‍ക്ക് ആധാരമായിരിക്കുന്നത്. 

കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തേണ്ട ഒരു പേരാണ് സാക്ഷരത മിഷന്‍ എന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ ഗതിയെ തന്നെ സ്വാധീനിക്കാന്‍ സാധിക്കുന്ന ഒരു സ്ഥാപനത്തില്‍ നിന്നാണ് ഇത്രയും ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നതെന്നതാണ് ഓര്‍ക്കേണ്ടത്. വിഷയത്തില്‍ കൃത്യമായ അന്വേഷണത്തിനോ ഇടപെടലിനോ സര്‍ക്കാരോ പൊതുവിദ്യാഭ്യാസ വകുപ്പോ തയ്യാറാകുന്നില്ല എന്നതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അപ്പോള്‍ ആര്‍ക്കൊക്കെ നേരെ സംശയത്തിന്റെ ചൂണ്ടുവിരല്‍ നീളുമെന്ന ചോദ്യമാണ് ബാക്കിയാകുന്നത്. 

(അവസാനിച്ചു)