ഇല്ലാത്ത പി.എയുടെ വല്ലാത്ത അധികാരം; എല്ലാം ആ കാണാ തിരക്കഥയുടെ ഭാഗം | പരമ്പര-4


വിഷ്ണു കോട്ടാങ്ങല്‍

സാക്ഷര ലോകത്തെ കാണാക്കഥകള്‍......അന്വേഷണ പരമ്പര| 04

സാക്ഷരതാ മിഷൻ ആസ്ഥാന മന്ദിരം. ഫോട്ടോ - മാതൃഭൂമി

സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പിഎസ് ശ്രീകല സ്വന്തമായി പിഎയെ നിയമിച്ചത് ഗുരുതര ക്രമക്കേടുകളിലൂടെയാണെന്നതാണ് പിന്നീടുയര്‍ന്നുവന്ന ആരോപണം. ഇക്കാര്യത്തില്‍ ഡയറക്ടര്‍ തന്നെ പിന്നീട് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞതുവെച്ച് നോക്കിയാല്‍ പി.എയെ നിയമിക്കുകയുണ്ടായിട്ടില്ലെന്നും നിലവില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് അധികചുമതല മാത്രം നല്‍കിയതാണെന്നുമാണ്. സാക്ഷരതാ മിഷന്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്‍ഡ് കം കംപ്യൂട്ടര്‍ ഓപ്പറേറ്ററായ രാജേഷ് എന്നയാള്‍ക്കാണ് പിഎയുടെ അധിക ചുമതല നല്‍കിയത്.

നിലവിലെ ഡയറക്ടര്‍ ചുമതല ഏറ്റടുത്തതിന് പിന്നാലെയാണ് ഇയാള്‍ക്ക് ഈ ചുമതലകൂടി നല്‍കിയത്. ആദ്യഘട്ടത്തില്‍ 5000 രൂപ അലവന്‍സായി നല്‍കിയെങ്കിലും ഇപ്പോള്‍ അതും നല്‍കുന്നില്ലെന്നും വെറും ചുമതല മാത്രമാണ് രാജേഷിനുള്ളതെന്നും ഡയറക്ടര്‍ വിശദീകരിക്കുമ്പോഴും അതില്‍ ഒരുപാട് പൊരുത്തക്കേടുകളുണ്ട്.

രാജേഷിന് പിഎയുടെ അധികചുമതല നല്‍കാനും 5000 രൂപ പ്രതിമാസം അലവന്‍സ് നല്‍കാനും അഭ്യര്‍ഥിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന് ഡയറക്ടര്‍ കത്തെഴുതിയിരുന്നു. എന്നാല്‍ രണ്ടുകാര്യങ്ങളും അനുവദിക്കാന്‍ നിര്‍വാഹമില്ലെന്ന മറുപടിയാണ് 2018 ജനുവരി ആറിന് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വന്നത്. എന്നാല്‍ നിലവിലെ ഡയറക്ടര്‍ ചുമതല ഏല്‍ക്കുന്നതിന് മുമ്പ് പിഎ നിയമനവുമായി ബന്ധപ്പെട്ട് ഒരു കത്ത് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഇറങ്ങിയിരുന്നു.

documents
എസ് ആര്‍ രാജേഷിന്റെ തസ്തിക ഓഫീസ് അറ്റന്‍ഡന്റ് ആണെന്നുള്ള 2018 ലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കത്തില്‍ പറയുന്നു

2013 നവംബര്‍ 5ന് സാക്ഷരതാ മിഷന് വന്ന കത്തില്‍ പിഎ നിയമന കാര്യത്തില്‍ ഒഴിവ് അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തി അപേക്ഷകള്‍ ക്ഷണിച്ച്, നടപടിക്രമങ്ങള്‍ പാലിച്ചു നടത്തണമെന്നാണ് നിര്‍ദേശിക്കുന്നത്. ഗസറ്റഡ് റാങ്കിലുള്ള തസ്തിക ആയതു കൊണ്ട് തന്നെ ഇത്തരം നിയമനങ്ങള്‍ നടത്തുമ്പോള്‍ കൂടുതല്‍ യോഗ്യനായ ആളെ നിയമിക്കണമെന്നും ഇതില്‍ പറയുന്നുണ്ട്.

അതറിയാതെയാണ് 2018ല്‍ രാജേഷിന് പി.എയുടെ അധികചുമതല നല്‍കാന്‍ ആവശ്യപ്പെട്ട് ഡയറക്ടര്‍ കത്ത് നല്‍കിയത്. അതിനും മുമ്പുതന്നെ ചുമതല ഏറ്റെടുത്തിന് പിന്നാലെ 2016ല്‍ ഇയാള്‍ക്ക് പിഎയുടെ അധികചുമതല നല്‍കുകയും 2017 ഫെബ്രുവരി 21ന് കൂടിയ സാക്ഷരതാ മിഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയെ കൊണ്ട് അത് അംഗീകരിപ്പിക്കുകയും ചെയ്തു. 2013ലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം നിലവിലിരിക്കെയാണ് ഇതൊക്കെ ചെയ്തത്. അത് തടയാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി തയ്യാറായില്ല. ഒടുവില്‍ 2018ല്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കത്ത് വന്നതോടെ അലവന്‍സ് നല്‍കുന്നത് നിര്‍ത്തി. എന്നാല്‍ ഇപ്പോഴും പി.എയുടെ ജോലി നോക്കുന്നത് രാജേഷാണ്.

എസ്ആര്‍ രാജേഷ് എന്ന ജീവനക്കാരനുമായി തനിക്ക് മുന്‍കാല ബന്ധം ഇല്ലെന്നായിരുന്നു ഡയറക്ടര്‍ വാദിക്കുന്നത്. സ്ഥാപനത്തില്‍ ചുമതലയേറ്റെടുത്തതിന് ശേഷം മാത്രമാണ് ഇയാളെ ആദ്യമായി കണ്ടതെന്നാണ് പി.എസ് ശ്രീകല പറഞ്ഞത്. എന്നാല്‍ ഡയറക്ടര്‍ ആയി 2016 ജൂലായ് മാസത്തില്‍ ചുമതലയേറ്റ ഉടന്‍ എടുത്ത തീരുമാനങ്ങളില്‍ ഒന്നായിരുന്നു രാജേഷിന് പി.എയുടെ ചുമതല നല്‍കിയ നടപടി. ഇതുതന്നെ പ്രത്യേക താത്പര്യം ഇയാളെ പിഎ ആക്കുന്നതിലുണ്ട് എന്ന് വ്യക്തമാക്കുന്നതാണ്. പിഎ തസ്തികയുടെ കാര്യത്തില്‍ കൂടുതല്‍ യോഗ്യത പരിഗണിക്കണമെന്ന 2013 ലെ കത്തിനെ അടിസ്ഥാനമാക്കിയാണ് 2018 ലും പൊതുവിദ്യാഭ്യാസ വകുപ്പ് വീണ്ടും കത്ത് നല്‍കിയിരുന്നത് എന്ന് ഓര്‍ക്കണം.

2012ല്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഒരു ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സാക്ഷരത മിഷനില്‍ പിഎ ആക്കിയിരുന്നുവെന്ന് റോജി എം ജോണിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു. ഇതുവെച്ച് നോക്കിയാല്‍ യോഗ്യതയുള്ള ഡെപ്യൂട്ടേഷനിലെത്തിയ ഉദ്യോഗസ്ഥര്‍ ഉള്ളപ്പോഴാണ് അവരെ മറികടന്ന് ഓഫീസ് അസിസ്റ്റന്റിന് ഈ ചുമതല നല്‍കിയതെന്ന് കാണാം. സാക്ഷരതാ മിഷനില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ഫിനാന്‍സ് ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍ എന്നീ തസ്തികകളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത് ഡെപ്യൂട്ടേഷന്‍ നിയമനം ലഭിച്ചവര്‍ ആണ്. പ്രോഗ്രാം ഓഫീസര്‍ ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് മാതൃ സ്ഥാപനത്തിലേക്ക് മടങ്ങിയിരുന്നു.

document
പി എസ് ശ്രീകല സാക്ഷരത മിഷൻ ഡയറക്ടർ ആയി ചുമതല ഏറ്റ ശേഷം സാക്ഷരത മിഷനിൽ ഡയറക്ടറെ കൂടാതെ യോഗ്യരായ മൂന്ന് പേർ ഡെപ്യൂട്ടേഷനിൽ ജോലി നോക്കുന്നു. ഇവരെ മറികടന്നാണ് പി എ ടു ഡയറക്ടർ എന്ന ഗസറ്റഡ് റാങ്ക് തസ്തികയിൽ യോഗ്യത ഇല്ലാത്ത ആൾക്ക് ചുമതല നൽകിയത്

ഇങ്ങനെ നോക്കിയാല്‍ മറ്റ് രണ്ട് പേരുള്ളപ്പോഴാണ് രാജേഷിനെ ഈ ചുമതല ഏല്‍പിച്ചത്. ഇതാണ് സംശയങ്ങള്‍ക്ക് കാരണം. എന്നാല്‍ ഡെപ്യൂട്ടേഷനില്‍ ഉള്ള ഉദ്യോസ്ഥര്‍ക്ക് പിഎയുടെ അധിക ചുമതല നല്‍കണമെന്നത് നിര്‍ബന്ധമല്ലെന്നും സാക്ഷരത മിഷനിലെ ജീവനക്കാരില്‍ ആരെ വേണമെങ്കിലും ഇതിനായി തിരഞ്ഞെടുക്കാമെന്നുമാണ് ഡയറക്ടര്‍ നല്‍കുന്ന മറുപടി. അല്ലാതൊരു കീഴ്വഴക്കം സാക്ഷരതാ മിഷനില്‍ ഇല്ല.

ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും തന്നെ പിഎ തസ്തികയുടെ ചുമതല നല്‍കാതെ യോഗ്യത ഇല്ലാത്ത ആളെ പ്രതിഷ്ഠിച്ചത് എന്തിനെന്ന ചോദ്യം ഉയരുന്നു. തനിക്ക് വിശ്വാസമുള്ള ഒരാള്‍ക്ക് അധികചുമതല നല്‍കിയെന്ന് മാത്രമാണ് അതിനുള്ള മറുപടി. അങ്ങനെയെങ്കില്‍ സാക്ഷരതാ മിഷനില്‍ എത്തുന്നതിന് മുമ്പുതന്നെ രാജേഷിനെ ഡയറക്ടറിന് അറിയാമെന്ന് വ്യക്തം. ചുമതല ഏറ്റെടുത്തതിന് പിന്നാലെ ഇയാള്‍ക്ക് ചുമതല നല്‍കുക, അയാളെ വിശ്വാസമുണ്ടെന്ന് പറയുക ഇവയൊക്കെ സംശയത്തിന് ഇടനല്‍കുന്നു.

എന്നാല്‍ തുടക്കം മുതല്‍ ഓഫീസ് അസിസ്റ്റന്റ് കം കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ എന്നാണ് രാജേഷിന്റെ നിയമനം എന്നാണ് പറയുന്നത്. അതേസമയം 2018 ല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന് അയച്ച കത്തില്‍ ഇയാളുടെ ജോലി ഓഫീസ് അറ്റന്‍ഡന്റ് കം കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇയാള്‍ ഓഫീസ് അസിസ്റ്റന്റ് ആണെന്നാണ് 2017 ഫെബ്രുവരി 21 ലെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അന്നാണ് ഇയാള്‍ക്ക് നല്‍കിയ അധിക ചുമതല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചത്. അങ്ങനെയുള്ളപ്പോള്‍ നടന്നതൊക്കെ തിരക്കഥയുടെ ഭാഗമെന്നാണ് ഉയരുന്ന വാദം. സാക്ഷരതാ മിഷനിലെ എല്ലാ തീരുമാനങ്ങളും പി.എ അറിയാതെ നടക്കില്ലെന്നുമാണ് ഉയരുന്ന ആക്ഷേപങ്ങളിലൊന്ന്.

ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് പൊട്ടിയ പട്ടം പോലെ

കേരള ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട ദിനമാണ് 1991 ഏപ്രില്‍ 18. സംവത്സരങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ത്യയ്ക്കു മാതൃകയായി കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചത് അന്നാണ്. കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി മലപ്പുറത്തെ ചേലക്കോടന്‍ ആയിഷ എന്ന നവസാക്ഷരയാണ് കേരളം സമ്പൂര്‍ണ സാക്ഷരത നേടി എന്ന് പ്രഖ്യാപിച്ചത്.

ഇങ്ങനെ നേടിയ സാക്ഷരത നിലനിര്‍ത്താനും അക്ഷരം പഠിക്കുന്നതിലുപരി വിദ്യാഭ്യാസനേട്ടം കൈവരിക്കാനുമാണ് തുടര്‍സാക്ഷരതാ പരിപാടി ആരംഭിച്ചത്. തുല്യതാ പഠനം ഇതിന്റെ സംരംഭമാണ്. ഒരു കാലത്ത് വിദ്യാഭ്യാസം തുടരാന്‍ കഴിയാത്ത ആര്‍ക്കും തുല്യതാ പരീക്ഷ എഴുതി 4, 7, 10, 12 ക്ലാസ്സുകളിലെ പരീക്ഷ വിജയിക്കാന്‍ കഴിയും. ഇതിനായി പ്രത്യേക കരിക്കുലവും പാഠപുസ്തകവും സാക്ഷരതാ മിഷന്‍ തയ്യാറാക്കിയിട്ടുമുണ്ട്.

തുടര്‍ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുക എന്നതാണ് സാക്ഷരതാ മിഷന്റെ പ്രാഥമികമായ ലക്ഷ്യം. എന്നാല്‍ ഇപ്പോഴതിന് വേണ്ട പ്രാധാന്യം നല്‍കുന്നില്ല എന്നത് മാത്രമല്ല പകരം കേരളത്തിലേക്കെത്തുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും മറ്റും ക്ലാസുകള്‍ നല്‍കുക, സാമൂഹ്യ സാക്ഷരതയെന്ന പേരില്‍ പുതിയ പദ്ധതികള്‍ കൊണ്ടുവരിക എന്നതൊക്കെയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആരോപണമുന്നയിക്കുന്നവര്‍ കുറ്റപ്പെടുത്തുന്നു.

അന്യ സംസ്ഥാന തൊഴിലാളികള്‍ സ്ഥിരമായി ഒരിടത്ത് താമസിക്കുന്നവരല്ല. അങ്ങനെ ചെയ്യുന്നവര്‍ വിരളമാണ്. ജോലി ചെയ്ത് നാട്ടിലേക്ക് പണമുണ്ടാക്കാനെത്തിയവരാണ് അധികവും. കേരളത്തില്‍ താമസിക്കാന്‍ താത്പര്യപ്പെടുന്നവര്‍ അധികമില്ല. എന്നാല്‍ ഇവരെ സാക്ഷരരാക്കാനെന്ന് പറഞ്ഞ് പണം പൊടിക്കുകയാണെന്നാണ് ഉയരുന്ന ആരോപണങ്ങളിലൊന്ന്.

ആദിവാസി മേഖലകളിലുള്ളവരെ സാക്ഷരരാക്കാനുള്ള പദ്ധതിയിലും ആരോപണമുണ്ട്. ആദിവാസികളുടെ തനത് ഭാഷ അറിയാത്തവരെയാണ് അതിനായി നിയോഗിക്കുന്നതെന്നാണ് മറ്റൊരു ആരോപണം. മാത്രമല്ല സാക്ഷരത ക്ലാസുകള്‍ക്കുള്ള അധ്യാപകരുടെ തസ്തിക ഇനിയും മിനിമം വേതന പരിധിയില്‍ കൊണ്ടുവന്നിട്ടില്ല. ഇവര്‍ക്കുള്ള പരിശീലനവും കൃത്യമായി നടക്കുന്നുമില്ല. അങ്ങനെയുള്ളപ്പോള്‍ സാമൂഹ്യ സാക്ഷരതയെന്നു പറഞ്ഞ് നടത്തുന്ന പുറംമോടി കൊണ്ട് മിഷന്‍ അതിന്റെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് പിന്മാറിയെന്ന ആരോപണവും ഉയരുന്നുണ്ട്.

ചുരുക്കത്തില്‍ പ്രധാന ലക്ഷ്യമായ തുടര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്ന അവസ്ഥയിലെത്തി. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സാമൂഹ്യ സാക്ഷരത, ജല സാക്ഷരത, ലിംഗ സാക്ഷരത തുടങ്ങിയവയൊക്കെ നല്ല കാര്യങ്ങളാണെങ്കിലും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നതില്‍ കവിഞ്ഞുള്ള പ്രാധാന്യം അതിനില്ലെന്നും ഒരുവിഭാഗം ആരോപിക്കുന്നു. പ്രശസ്തിക്ക് വേണ്ടിയുള്ള കസര്‍ത്തുകളല്ലാതെ സാക്ഷരതാ മിഷന്റെ പ്രഖ്യാപിത ലക്ഷ്യത്തെ മറികടന്നുള്ള പദ്ധതികളാണിതെന്ന കുറ്റപ്പെടുത്തലുണ്ട്.

(തുടരും: വ്യാജ സര്‍ട്ടിഫിക്കറ്റ്, ഗവര്‍ണറുടെ ഇടപെടല്‍)

അടുത്തത്: പരീക്ഷ എഴുതാത്തവര്‍ക്കും സര്‍ട്ടിഫിക്കറ്റ്, വ്യാജന്‍മാര്‍ വന്ന വഴി

പരമ്പരയുടെ മുൻലക്കങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented