പ്രതീകാത്മകചിത്രം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
അടുത്ത കാലത്ത് വന്ന ആര്‍ത്തവ അവധി പ്രഖ്യാപനം ആര്‍ത്തവത്തെ കുറിച്ച് പൊതുരംഗത്ത് ചര്‍ച്ചക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇതേ പറ്റി ഇപ്പോഴും ഏറെക്കുറെ അയിത്തം നില നില്‍ക്കുന്ന സമൂഹത്തില്‍ ഇത് ഗുണകരമായേക്കാം. ഈ സമയത്ത് സ്ത്രീകളെ പൊതുരംഗത്ത് നിന്നും, വീടിനുള്ളില്‍ തന്നെയും മാറ്റി നിര്‍ത്തിയിരുന്ന ഒരു ചരിത്രമാണ് നമുക്കുള്ളത്. ഇത് ആര്‍ത്തവം എന്താണെന്ന് മനസ്സിലാവാതിരുന്ന ഒരു കാലത്തിന്റെ തുടര്‍ച്ചയാണ്. പാട്രിയാര്‍ക്കക്കല്‍ സമ്പ്രദായം, ഈ മാറ്റി നിര്‍ത്തല്‍ ഗുണകരമായി ഉപയോഗിച്ച് പോന്നു. എന്നാല്‍, ഈ സമയത്തുണ്ടാകുന്ന വേദനയും ബുദ്ധിമുട്ടും കണക്കാക്കി തൊഴിലിടങ്ങളില്‍ അവധി നല്‍കണമെന്ന സ്ത്രീകളുടെ ആവശ്യം ഒരു പുതിയ വ്യവഹാരത്തിലേക്ക് ആര്‍ത്തവ ചര്‍ച്ചകളെ കൊണ്ടു പോകുന്നുണ്ട്.
എന്താണ് ആര്‍ത്തവം?
വേദനയും അസ്വസ്ഥതയുമുണ്ടാകുന്ന ഒരു കാലമായി ധാരാളം സ്ത്രീകള്‍ അനുഭവിക്കുന്ന ഒരു പ്രതിഭാസമായിട്ടാണ് ആര്‍ത്തവം കാണപ്പെടുന്നത്. ജീവശാസ്ത്രപരവും ആനുഭവികവും മാനസികവും സാംസ്‌കാരികവും ചരിത്രപരവുമായ മാനങ്ങള്‍ അതിനുണ്ട്. തൊഴില്‍ നഷ്ടം ഇതിന് സാമ്പത്തികമായ ഒരു മാനം കൂടി നല്‍കുന്നു. ആര്‍ത്തവത്തിന്റെ ജീവശാസ്ത്രത്തെ പറ്റി പല അനുമാനങ്ങളും ഉണ്ടെങ്കിലും, അതിക്രമിച്ചു കടക്കുന്ന ഭ്രൂണത്തില്‍ നിന്നും സ്വയം രക്ഷ നേടുന്നതിന് സ്ത്രീശരീരം കണ്ടെത്തിയ അതിജീവനതന്ത്രം എന്ന നിലക്കുള്ള പരികല്പനയാണ് സമീപകാല പഠനങ്ങള്‍ മുന്നോട്ടു വക്കുന്നത്. മനുഷ്യരിലും ചില പ്രൈമേറ്റുകള്‍ ഉള്‍പ്പെടെ ചുരുക്കം ജീവികളിലും മാത്രമാണ് ആര്‍ത്തവം കാണുന്നത്. അണ്ഡവിക്ഷേപത്തിന് ശേഷം ഗര്‍ഭപാത്രത്തിന്റെ ആന്തരികപാളിയില്‍ ഉണ്ടാകുന്ന വിശേഷവല്‍ക്കരണവും(decidualisation) ബീജസംയോഗത്തിന്റെ അഭാവത്തെ തുടര്‍ന്നുള്ള അതിന്റെ കൊഴിഞ്ഞു പോകലുമാണ് ആര്‍ത്തവമുണ്ടാക്കുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുള്ള ഹോര്‍മോണുകളുടെ ഉത്പാദനവും അതിലെ ഏറ്റക്കുറച്ചിലുകളുമാണ് ചാക്രികമായി ആര്‍ത്തവമുണ്ടാക്കുന്നത്. ഇത് ജനിതകപരമായി സ്ഥിരീകരിക്കപ്പെടുകയാണ്. ഗര്‍ഭപാത്രത്തില്‍ നിന്നുണ്ടാകുന്ന പ്രോസ്റ്റാഗ്ലാന്‍ഡിനാണ് കഠിനമായ വയറുവേദന ഉണ്ടാക്കുന്നത്.
ശാരീരികമായ വേദനക്ക് പുറമെ സാമൂഹ്യമായ നിര്‍ണ്ണയനങ്ങളും സ്ത്രീകള്‍ക്കും മറ്റു ജെന്‍ഡറുകളില്‍ ആര്‍ത്തവമുള്ളവര്‍ക്കും പലപ്പോഴും വിഷമങ്ങളുണ്ടാക്കുന്നുണ്ട്. ആദ്യകാലങ്ങളില്‍ അദ്ഭുതത്തോടെയും ആദരവോടെയും സ്ത്രീകളെ നോക്കി കാണുന്നതില്‍ ആര്‍ത്തവം കാരണമായിട്ടുണ്ടെങ്കിലും പിന്നീട് പാട്രിയാര്‍ക്കി പിടി മുറുക്കിയതോടെ സ്ത്രീകള്‍ ഇത് മൂലം അയിത്തമുള്ളവരായി മാറി. പല സംസ്‌കാരങ്ങളിലും പല തരത്തിലാണ് സ്ത്രീകളെ ഈ സമയത്ത് പുറത്താക്കിയിരുന്നത്. 'പുറത്തിരിക്കുകയാണ്' എന്ന് സ്ത്രീകള്‍ സ്വാഭാവികമെന്നോണം പറഞ്ഞു കേട്ടിട്ടുണ്ട്. വീട്ടില്‍ നിന്നും പുറത്ത് മാറി താമസിക്കുക, ഭക്ഷണശാലയിലും പൂജാമുറിയിലും കയറാതിരിക്കുക, പുണ്യസ്ഥലങ്ങളില്‍ പോകാതിരിക്കുക, മറ്റുള്ളവരെ തൊടാതിരിക്കുക, സ്‌കൂളിലും ജോലിസ്ഥലത്തും പോകാതിരിക്കുക, എല്ലാ ഭക്ഷണവും കഴിക്കാതിരിക്കുക തുടങ്ങി വ്യത്യസ്തമായ രീതികളിലാണ് അയിത്തം ആചരിക്കുന്നത്. കേരളത്തിലും ഇത് ഇപ്പോഴും പല രീതിയില്‍ നില നില്‍ക്കുന്നുണ്ട്.
ഈ ഒറ്റപ്പെടുത്തലും പുറന്തള്ളലും സ്ത്രീകളുടെ ആത്മവിശ്വാസം കുറക്കുമെന്നതില്‍ സംശയമില്ല. ആര്‍ത്തവത്തിന് തൊട്ടു മുന്‍പും ആ സമയത്തും പല സ്ത്രീകള്‍ക്കും മാനസികമായ പിരിമുറുക്കം, ഉത്കണ്ഠ, വിഷാദം, തലവേദന എന്നിവയൊക്കെ കാണാറുണ്ട്. ഹോര്‍മോണുകളിലെ ഏറ്റക്കുറച്ചിലുകളൊക്കെ ഇതിന് കാരണമാകുന്നു എങ്കിലും സാമൂഹ്യാവസ്ഥ ഉണ്ടാക്കുന്ന മാനസികമായ പ്രത്യാഘാതവും പഠന വിധേയമാക്കാവുന്നതാണ്. ശാരീരികമായ അവസ്ഥയോട് പൊരുത്തപ്പെടുന്നതിന് ശരീരത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അറിവും സാമൂഹ്യമായ ഭ്രഷ്ടില്‍ നിന്നുള്ള മോചനവും സഹായകമാവും. അത്തരം അന്വേഷണങ്ങളും നടക്കേണ്ടതുണ്ട്.
ആര്‍ത്തവാവധിയും സ്ത്രീപദവിയുടെ മൂല്യനിര്‍ണ്ണയവും
ആര്‍ത്തവാശുദ്ധിയെ മാനിച്ചു കൊണ്ടല്ല, മറിച്ച് സ്ത്രീകള്‍ തങ്ങളുടെ പ്രത്യുത്പാദനാവകാശങ്ങളെ അടിവരയിട്ടു കൊണ്ടാണ് ആര്‍ത്തവാവധി ആവശ്യപ്പെടുന്നത്. ഇത് ആര്‍ത്തവ വ്യവഹാരങ്ങളില്‍ വന്ന ഗുണപരമായ ഒരു വ്യതിയാനമായി കാണാന്‍ പറ്റും. സ്ത്രീകളുടെയും മറ്റു ശരീരങ്ങളുടെയും പ്രത്യുത്പാദാനധര്‍മ്മങ്ങളുടെ ചെലവ് പൊതുവായി വഹിക്കേണ്ടതാണെന്ന ഫെമിനിസ്റ്റ് കാഴ്ച്ച ഇതിന് അടിസ്ഥാനമാകുന്നു. സ്ത്രീകളുടെ ഊര്‍ജ്ജവ്യയത്തിന്റെ കാണാപ്പുറത്തുള്ള മാനങ്ങളെ ഇത് പുറത്തു കൊണ്ട് വരുന്നുണ്ട്. സ്ത്രീകള്‍ ഏറ്റെടുത്തിട്ടുള്ള പ്രത്യുത്പാദനത്തിന്റെ ചെലവ് പൊതുസമൂഹത്തിന് ആവശ്യമുള്ളതായതിനാല്‍ അത് എല്ലാവരും കൂടി വഹിക്കേണ്ടതാണ്. ഈ വിഷയത്തിലുള്ള മൗനവും സ്റ്റിഗ്മയും കുറക്കാന്‍ ഇത് സഹായിക്കുന്നതായി കാണുന്നു.
എന്നാല്‍, ഇതില്‍ നിന്ന് വ്യത്യസ്തമായ ഫെമിനിസ്റ്റ് കാഴ്ചപ്പാടുമുണ്ട്. മൗലികമായി സ്ത്രീകള്‍ ദുര്‍ബ്ബലകളാണെന്ന ജീവശാസ്ത്രനിര്‍ണ്ണയവാദത്തെ ഇത് ശക്തിപ്പെടുത്തും എന്നതാണത്. സ്ത്രീകള്‍ക്ക് ഇപ്പോഴും പൊതു മേഖലയിലെ പല ജോലികളും അപ്രാപ്യമാണ്. തൊഴിലിടങ്ങളിലും വിദ്യാഭ്യാസത്തിലും സ്ത്രീകള്‍ കഴിവ് കുറഞ്ഞവരാണെന്ന തരത്തില്‍ വിവേചനം നില നില്‍ക്കുന്നുണ്ട്. സ്ത്രീകളുടെ പ്രാഥമികമായ കടമ പ്രത്യുത്പാദനവും വീട്ടുജോലികളുമാണെന്ന ധാരണ പ്രബലമാണ്. ഈ സന്ദര്‍ഭത്തില്‍ ഇത്തരം വാദങ്ങളെ ഊട്ടി ഉറപ്പിക്കാന്‍ ആര്‍ത്തവാവധി കാരണമായേക്കും. ഭാവിയില്‍ ചില വിദ്യാഭ്യാസ മേഖലയില്‍ നിന്നും തൊഴില്‍ മേഖലയില്‍ നിന്നും സ്ത്രീകളെ മാറ്റി നിര്‍ത്തുന്നതിന് ഇത് കാരണമായേക്കാം. സ്ത്രീകള്‍ക്ക് നല്‍കുന്ന ആനുകൂല്യത്തിന്റെ പേരില്‍ അധികാരവ്യത്യാസവുവും തൊഴിലിലെ ജെന്‍ഡര്‍ വാര്‍പ്പ് മാതൃകയും മറക്കപ്പെടുന്നു. സ്ത്രീകളുടെ സ്ഥാനം വീടാണെന്നും തൊഴിലിടങ്ങള്‍ അവര്‍ക്കത്ര അനുയോജ്യമല്ലെന്നുമുള്ള വിചാരം വീണ്ടും ഉറപ്പിക്കുന്നു. പൊതു മേഖലയിലേക്ക് പല പ്രതിസന്ധികളും അതിജീവിച്ച് കടന്നു വരുന്ന സ്ത്രീകളെ വീണ്ടും തിരിച്ചു കൊണ്ട് പോകുമോ എന്ന ആശങ്കയുമുണ്ട്. ആര്‍ത്തവം തുടങ്ങുന്ന സമയത്ത് പെണ്‍കുട്ടികളുടെ ആത്മവിശ്വാസത്തെയും ശരീരത്തോട് പൊരുത്തപ്പെടാനുള്ള കഴിവിനെയും ഇത് പ്രതികൂലമായി ബാധിക്കുമോ എന്നും സംശയമുണ്ടാകാം.
ആര്‍ത്തവാവധിയുടെ സാമൂഹ്യ പരിസരങ്ങള്‍
സ്ത്രീകള്‍ ജോലിക്കായി പൊതു മേഖലയില്‍ കഷ്ടപ്പെട്ട് കടന്നു വന്നു കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസത്തില്‍, സ്ത്രീകള്‍ വളരെ മുന്നിലാണെങ്കിലും അത് തൊഴില്‍ മേഖലയിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെടുന്നില്ല എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഒരു വശത്തു കൂടി പുരോഗമന മൂല്യങ്ങള്‍ വേരുറപ്പിക്കുന്നു എങ്കിലും ശക്തമായ പരമ്പരാഗത മൂല്യങ്ങളും പാട്രിയാര്‍ക്കല്‍ ബോധവും കേരളത്തില്‍ നില നില്‍ക്കുന്നു. ധാരാളം സ്ത്രീകള്‍ ആര്‍ത്തവാശുദ്ധി പിന്തുടര്‍ന്ന് പോരുന്നു. അവരിലേക്ക് ആത്മവിശ്വാസം എത്തിക്കണമെങ്കില്‍ ആര്‍ത്തവാവധിയുടെ സാമ്പത്തിക മാനങ്ങളെ കുറിച്ചുള്ള അവബോധം കൂടി എത്തിക്കണം.
ജോലിക്കായി കടുത്ത മത്സരം നടന്നു കൊണ്ടിരിക്കുന്ന സമൂഹത്തിലാണ് നമ്മളുള്ളത്. എന്തെങ്കിലും കാരണങ്ങള്‍ കണ്ടെത്തി സ്ത്രീകളേയും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരെയും ഒഴിവാക്കുന്നത് സാധാരണമാണ്. സ്ഥിരം ജോലികള്‍ കുറക്കുകയും ദിവസക്കൂലിക്കുള്ള റിക്രൂട്ട്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കപ്പെടുകയുമാണിപ്പോള്‍. ഈ സാഹചര്യത്തില്‍ ജോലിയില്‍ നിന്ന് ആര്‍ത്തവാവധിയുടെ പേരില്‍ സ്ത്രീകള്‍ പിന്തള്ളപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരേ ജോലി ചെയ്യുമ്പോഴും സ്ത്രീകള്‍ക്ക് വേതനക്കുറവ് നേരിടേണ്ടി വരുന്നത് അവര്‍ക്ക് പുരുഷന്മാര്‍ക്കൊപ്പം പണിയെടുക്കാനുള്ള ശേഷി ഇല്ലെന്ന പൊതു ധാരണയുടെ അടിസ്ഥാനത്തിലാണ്. ഈ സാഹചര്യത്തില്‍ ആർത്തവ അവധി കൊണ്ട് വരുമ്പോള്‍ ഈ സാഹചര്യങ്ങളൊന്നും ബാധിക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
കൂടുതല്‍ കുമാരിമാരും ആര്‍ത്തവം തുടങ്ങുന്ന സമയത്ത് സ്‌കൂള്‍ വിദ്യാർഥിനികളായിരിക്കും. ആ സമയത്ത് ചില വീടുകളിലും സ്‌കൂളുകളിലും അവര്‍ക്ക് നേരിടേണ്ടി വരുന്ന ഒഴിവാക്കലുകള്‍ മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നുണ്ട്. ആര്‍ത്തവത്തെ വളര്‍ച്ചയുടെ ഒരു ഭാഗമായി കാണാനും ശരീരവും മനസ്സും അതിന് തയാറാക്കാനുമുള്ള പരിശീലനം ലഭിക്കാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. ആര്‍ത്തവ സമയത്ത് വേദന ഉണ്ടാകുമെങ്കിലും യൗവ്വനത്തിന് തയാറാക്കുന്ന ഹോര്‍മോണുകള്‍ ഉള്‍പ്പെടെയുള്ള ശാരീരികമാറ്റങ്ങള്‍ മറ്റു സമയങ്ങളില്‍ ഉന്മേഷദായകങ്ങളാണ്. ആഹ്‌ളാദവും പ്രസരിപ്പും പ്രസരിക്കേണ്ട സമയമാണ് യൗവ്വനാരംഭം. ചിട്ടപ്പെടുത്തിയ യുവജനോത്സവങ്ങളിലും ചിലപ്പോള്‍ മതപരമായ ചടങ്ങുകളിലും മറ്റുമുള്ള പരിമിതമായ ഇടങ്ങളാണ് അവര്‍ക്ക് അംഗീതം, നൃത്തം തുടങ്ങി ശരീരത്തിന്റെ ആനന്ദം പ്രകടമാക്കാന്‍ കഴിയുന്ന അവസരങ്ങള്‍. ഇപ്പോള്‍, കുമാരിമാര്‍ സമൂഹമാദ്ധ്യമങ്ങളിലും അവരുടെ സ്വകാര്യ ഇടങ്ങളിലും ആനന്ദ പ്രകടനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അവ വില മതിക്കപ്പെടാറില്ല. മറിച്ച്, അവ അനാവശ്യമായും നെഗറ്റീവ് ആയുമാണ് നമ്മുടെ സമൂഹത്തില്‍ വ്യവഹരിക്കപ്പെടുന്നത്. ശരീരത്തെ വേദനക്കുള്ള ഇടമായി മാത്രമല്ല, ആനന്ദത്തിന്റെ ഇടമായും അറിയാനുള്ള അന്തരീക്ഷം നമ്മുടെ സമൂഹത്തില്‍ പരിമിതമാണ്. ആരോഗ്യം, അസുഖത്തില്‍ നിന്നുള്ള മോചനം മാത്രമായല്ല, സുഖവും സ്വാസ്ഥ്യവുമായി അറിയേണ്ടതുണ്ട്.
വ്യത്യസ്ത പരിസരങ്ങള്‍
ആര്‍ത്തവാവധിയുടെ മൂല്യം പരിഗണിക്കുമ്പോള്‍ തന്നെ അത് നടപ്പാക്കുന്ന സ്ഥലങ്ങളിലെ സവിശേഷ സാഹചര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ജപ്പാന്‍, തായ്‌വാന്‍, സൗത്ത് കൊറിയ, ഇന്‍ഡോനേഷ്യ, സാംബിയ, മെക്‌സിക്കോ, ചൈനയിലെ ചില പ്രവിശ്യകള്‍ എന്നിവിടങ്ങളിലൊക്കെയാണ് ഇത് നടപ്പാക്കിയിട്ടുള്ളത്. ചില സ്ഥലങ്ങളില്‍ ശമ്പളത്തോട് കൂടിയും ചിലയിടങ്ങളില്‍ ശമ്പളമില്ലാതെയുമാണ്. മാസത്തില്‍ ഒരു ദിവസം മുതല്‍ രണ്ട് ദിവസം വരെയാണ് മിക്ക സ്ഥലങ്ങളിലും ലീവ് അനുവദിച്ചിട്ടുള്ളത്. കടുത്ത വേദന കൊണ്ട് ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യങ്ങളിലും പൊതുവായി എല്ലാ സ്ത്രീകള്‍ക്കും എന്ന തരത്തിലും അവധി നല്കപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും തങ്ങള്‍ പിന്തള്ളപ്പെടുമോ എന്ന് ഭയന്നും കൂടെയുള്ളവരുടെ നിഷേധാത്മകമായ പ്രതികരണം കൊണ്ടും സ്ത്രീകള്‍ ഇത് ഉപയോഗിക്കാന്‍ മടിക്കുന്നതായും കണ്ടിട്ടുണ്ട്. യു. കെയിലെ 'കോ എക്‌സിസ്‌ററ്' പോലെയുള്ള ചില കമ്പനികളും ഇത് നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സ്ത്രീപക്ഷചിന്തയിലെ വ്യത്യസ്തതകള്‍ മാനിച്ചു കൊണ്ടാണ് കോ എക്‌സിസ്‌ററ് ഇത് കൊണ്ട് വന്നത്. ആവശ്യമുള്ള സ്ത്രീകള്‍ മാത്രം ഉപയോഗിക്കാനുള്ള ചോയ്‌സ് അവര്‍ നല്‍കുന്നുണ്ട്. മാത്രവുമല്ല, സ്ത്രീകള്‍ക്ക് ഈ സമയത്ത് വിശ്രമിക്കാനുള്ള മുറി, ശുചിത്വത്തിനായുള്ള സൗകര്യങ്ങള്‍, റിഫ്രഷ്‌മെന്റ് തുടങ്ങിയവയും, വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള അവസരവും ഓപ്ഷനായി നല്‍കുന്നുണ്ട്. കേരളത്തില്‍ ഇത് നടപ്പാക്കുമ്പോഴും സ്ത്രീകളുടെ വ്യത്യസ്ത സാഹചര്യങ്ങള്‍, അതായത് സ്‌കൂളുകള്‍, കോളേജുകള്‍, സംഘടിത മേഖലയിലുള്ളവര്‍, അസംഘടിത മേഖലയിലുള്ളവര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ എന്നിവരുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വേണം ഇതുമായി ബന്ധപ്പെട്ട നയമുണ്ടാക്കേണ്ടത്.
ആര്‍ത്തവ അവധി നടപ്പാക്കുമ്പോള്‍
കേരളത്തില്‍ ആര്‍ത്തവാവധി നടപ്പാക്കുമ്പോള്‍ അത് സമഗ്രമായ ജെന്‍ഡര്‍ നയത്തിന്റെ അടിസ്ഥാനത്തിലാവുന്നതായിരിക്കും നല്ലത്. പൊതുവെ, സ്ത്രീകളെ കൂടുതല്‍ പൊതു മേഖലയിലേക്ക് വരുന്നത് പ്രോത്സാഹിപ്പിക്കുന്നതായിരിക്കണം പൊതുവായ നയം. ആര്‍ത്തവം സ്വാഭാവിക ജൈവപ്രക്രിയ ആണെന്നും സ്ത്രീകളെ അക്കാരണത്താല്‍ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും തൊഴില്‍ മേഖലയില്‍ നിന്നും മാറ്റി നിര്‍ത്തുകയില്ലെന്നും ഉറപ്പു വരുത്തണം. ആന്റി ഡിസ്‌ക്രിമിനേഷന്‍ പോളിസിയുടെ ഭാഗമായി ആര്‍ത്തവ വിവേചനനിരോധനവും ഉണ്ടാകണം. ആര്‍ത്തവവുമായി ബന്ധപ്പെട്ട രോഗങ്ങളുള്ളവര്‍ക്കും കടുത്ത വേദനയും രക്തസ്രാവം ഉള്ളവര്‍ക്കും ആവശ്യമുള്ള അത്രയും ദിവസം ലീവ് അനുവദിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ ലീവ് കൊടുക്കുമ്പോള്‍, അവരുടെ കോംപീറ്റന്‍സി(competency) ഉറപ്പു വരുത്താന്‍ മാര്‍ഗ്ഗങ്ങളുണ്ടാവണം. ജോലിസ്ഥലങ്ങളില്‍ ലീവ് കൊടുക്കുമ്പോള്‍ അത് മൂലം റിക്രൂട്ട്‌മെന്റിലും പ്രൊമോഷന്‍ തുടങ്ങിയ കരിയര്‍ ഡെവലപ്‌മെന്റിലും പ്രതികൂലമായി സ്ത്രീകളെ ഇത് ബാധിക്കാന്‍ പാടില്ലെന്ന് നയത്തില്‍ രേഖപ്പെടുത്തണം. സ്‌കൂളുകളില്‍ സ്‌കൂള്‍ ഹെല്‍ത്തിന്റെ ഭാഗമായി ലൈംഗികപ്രജനാരോഗ്യവിദ്യാഭ്യാസവും അവരുടെ ശരീരത്തെ കുറിച്ച് പോസിറ്റീവ് ആയ മനോഭാവം വളര്‍ത്തുന്ന അന്തരീക്ഷവും ഉണ്ടാകണം. ആര്‍ത്തവശുചിത്വത്തിനാവശ്യമായ പാഡുകള്‍, ടോയ്‌ലറ്റ്, ഇന്‌സിനറേറ്ററുകള്‍ എന്നിവ ഉണ്ടെന്ന് ഉറപ്പു വരുത്തുകയും ആവശ്യമുള്ളപ്പോള്‍ വിശ്രമിക്കാനുള്ള സൗകര്യവും ഉണ്ടാകണം. ഹെല്‍ത്ത് ചെക്ക് അപ് നടത്തുമ്പോള്‍ രോഗാവസ്ഥ ഉള്ളവരെ കണ്ടെത്തി അവധിയും ചികിത്സയും നല്‍കാവുന്നതാണ്. അസംഘടിത മേഖല ഉള്‍പ്പെടെ സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളിലെല്ലാം ഈ സൗകര്യങ്ങള്‍ ഉണ്ടാവേണ്ടതാണ്.
Content Highlights: Analaytical Article about menustral leave in kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..