സദയത്തില്‍ ഒരു മിനിക്കുട്ടിയുണ്ട്. 
മോഹന്‍ലാലിനോട് മിനിക്കുട്ടി പറഞ്ഞു, എനിക്ക് പേടിയാവുന്നു. 
ലാല്‍ പറയുന്നു: ''പേടിയോ? മിനിക്കുട്ടിക്ക് എന്തിനെയാണ് പേടി? പേടിയുടെ നിറമെന്താണ്? ചുവപ്പോ കറുപ്പോ? അല്ലെങ്കില്‍ എന്താണ് പേടി? ആദ്യം പേടി. പിന്നെ തമാശ, പിന്നെ പൊട്ടിച്ചിരി, അവസാനം കൂട്ടക്കരച്ചില്‍. ഒഴിവാക്കാന്‍ ഒരു മാര്‍ഗമുണ്ട്.''
എന്നിട്ട് സത്യനാഥന്‍ മിനിക്കുട്ടിയെ കൊന്നു. കാവേരിയെ കൊന്നു. 
പെണ്‍മക്കളുടെ കാര്യമാണ്. നാളെ ആരെങ്കിലും ഇരയാക്കിയാലോ? ഇന്നേ കൊന്നേക്കാം. അപ്പോള്‍ ആരും ഇരയാക്കില്ല. അതാണ് ലൈന്‍. 

മോഹന്‍ലാലാണ് അമ്മയുടെ പുതിയ പ്രസിഡണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റിന് വേണ്ടി എന്ന പോലെ ലാല്‍ അഭിനയിക്കാന്‍ മാത്രം ജനിച്ചവന്‍. അമ്മയില്‍നിന്ന് രാജി വയ്ക്കുകയാണ് നാലു പെണ്മക്കള്‍. അതു കണ്ടു നില്‍ക്കുന്നുണ്ട് അമരത്തിലെ മമ്മൂട്ടി. മകളെ കളക്ടറാക്കാന്‍ മോഹിച്ച അച്ഛന്‍. ഇന്ന് മലയാളത്തിലുള്ള എല്ലാ നായിക നടിമാരുടേയും വല്യച്ഛന്‍മാരാകേണ്ടവരാണ് നമ്മുടെ സൂപ്പര്‍ നക്ഷത്രങ്ങള്‍. അവര്‍ക്ക് മുന്നിലൂടെ ഇറങ്ങിപ്പോവുകയാണ് നാലു പെണ്‍മക്കള്‍. അഭിമാനത്തോടെ. അവജ്ഞയോടെ. അറപ്പോടെ. വ്യാപാരം ഹനനമായ വേടന്മാര്‍ക്ക് കുഴപ്പമുണ്ടാവില്ല. കഴുകന്‍ കഴുകനാണെന്നും പ്രാവ് പ്രാവാണെന്നും പറയുകയാണ് നമ്മുടെ പെണ്‍കുട്ടികള്‍.

രാമനോ കമ്മാരനോ ആവട്ടെ. ലീലകള്‍ ദിലീപിന്റേതാണ്. അന്നേ തുടങ്ങിയതാണ് സിനിമയിലെ ഈ നാടകം. ഇത് പ്രഷര്‍ കുക്കറിന്റെ വിസിലടി. അമ്മ നിസ്സഹായയാണ്. വികാരഭരിതനായിരുന്നു അന്ന് മമ്മൂട്ടി. വലതുവശത്ത് പൃഥ്വിരാജ്. ഭരത് മിഴികളില്‍ വേവലാതി. ''ഞങ്ങള്‍ അവള്‍ക്കൊപ്പമാണ്. ദിലീപിനെ പുറത്താക്കുന്നു.'' 

അതേ ദിലീപിനെ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സംഗമിച്ച് തിരിച്ചെടുത്തപ്പോള്‍ അധികം വെള്ളമൊന്നും ഒഴുകിപ്പോയിരുന്നില്ല ആലങ്ങാട്ട് ഗോപാലകൃഷ്ണനെന്ന ദിലീപിന്റെ വീടിന്റെ മുന്നിലെ ആലുവാപ്പുഴയിലൂടെ. ഇടതു നൈതികത എന്ന താരമൂല്യത്തിന്റെ പൊന്നില്‍ ചെമ്പ് കലര്‍ത്തില്ലെന്ന് പ്രതീക്ഷിച്ചവര്‍ക്കു തെറ്റി. സപ്തതി ആഘോഷിക്കാറായിട്ടും വിവേകം പൊടിയോളമില്ല.

അഴീക്കോട് സാര്‍ പറഞ്ഞ വിഗ് ലാല്‍ ഇനിയും അഴിച്ചിട്ടില്ല. പേരക്കുട്ടിയെ മരം ചുറ്റിക്കുന്ന ശീലവും മാറ്റിയിട്ടില്ല. പണ്ടും കാര്യങ്ങള്‍ വിശദമാക്കാന്‍ അദ്ദേഹം ഇറക്കിയത് ഇന്നസെന്റിനെയാണ്. നിഷ്‌കളങ്കതയുടെ നാട്യത്തോടെ. ഇന്നസെന്റ് ഒട്ടും ഇന്നസെന്റല്ലെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു ഇടവേളകള്‍. സി.പി.എം. എം.പിക്ക് ഇനി നിശ്ശബ്ദനാകാം. അദ്ദേഹമല്ല അധ്യക്ഷന്‍. അമ്മയുടെ ചിറ്റമ്മ നയം ആരും ചോദിക്കില്ല. മകള്‍ ചത്തുകിടക്കുമ്പോഴും പോരട്ടെ ഒരു പ്ലേറ്റ് തമാശ. ഇരിങ്ങാലക്കുടയിലെ കൊളംബോ ഹോട്ടലില്‍നിന്ന് തന്നെ.

ഇനിയുമുണ്ടൊരു എം.പി. ഒരച്ഛന്റെ രോദനം എന്ന് പൊട്ടിത്തെറിച്ച സുരേഷ് ഗോപി. ഇംഗ്ലീഷിലെ ആ വിഖ്യാതമായ നാലക്ഷരം പോലും അദ്ദേഹം പറയില്ല. അല്ലെങ്കിലും ജനകന് ആശ്വസിക്കാം. കൈ കൊടുക്കാം. ''ഒരിറ്റ് ജീവനെങ്കിലും നീ ബാക്കി വച്ചിട്ടുണ്ടല്ലോടാ.''

കൊല്ലത്തുനിന്നുള്ള  രണ്ട് ഇടതു എം.എല്‍.എമാരെ പറ്റി പറയുന്നില്ല. മുകേഷും ഗണേഷും പഠിച്ചതേ പാടൂ. അരിക് പറ്റി ആനന്ദം എന്നാണ് എക്കാലവും രീതി. കാറ്റു നോക്കിയേ അവര്‍ പാറ്റൂ. 

പക്ഷേ 'അവള്‍' പറഞ്ഞത് കേള്‍ക്കാതിരിക്കരുത് ആരും. 'അകറ്റിനിര്‍ത്തി പലവട്ടം. പരാതിപ്പെട്ടു ഒരുപാട്. ഏറ്റവും ദുഖകരമായ അവസ്ഥയില്‍ പോലും അമ്മനീതി അക്രമിക്ക് മാത്രമാണ്. അതിനാല്‍ രാജി വയ്ക്കുന്നു.'

രമ്യ നമ്പീശന്‍ പറയുന്നു. ''ചോദ്യം ചെയ്യാത്ത അനുസരണ വയ്യ. പ്രാഥമികമായി മനുഷ്യനാവണം എന്ന് വിശ്വസിക്കുന്നു.'' ഗീതു മോഹന്‍ദാസും റീമ കല്ലിങ്കലും പറയുന്നതും ഇതു തന്നെയാണ്. 512 അംഗ സംഘടനയില്‍ ഈ കുട്ടികള്‍ വെറും നാലു പേര്‍. എങ്കിലും അതു മതി. ഇന്ത്യ ജീവിക്കാന്‍ കൊള്ളാത്ത രാജ്യമെന്ന് തോസംണ്‍ ഫൗണ്ടേഷന്റെ സര്‍വേ റിപ്പോര്‍ട്ട് വന്ന ദിവസം പ്രതിരോധത്തിന്റെ കൊടി പാറിക്കുന്നു ഇവര്‍.

ഗണേശഭക്തകള്‍ തേങ്ങയുടയ്ക്കട്ടെ. അവര്‍ക്കു മുന്നിലൂടെ നട്ടെല്ല് നിവര്‍ത്തി മാര്‍ച്ച് ചെയ്യുന്നു നാലുപേര്‍. 
എതിര്‍ത്ത പെണ്ണുങ്ങളുടെ നിര ചെറുതായിരുന്നു എക്കാലവും. ഉണ്ണിയാര്‍ച്ച ഒന്നേ ഉണ്ടായിട്ടുള്ളൂ. നങ്ങേമ അധികമില്ലായിരുന്നു. ഗൗരിയമ്മയും റോസമ്മ പുന്നൂസും തെളിയിച്ചതാണത്. വയലാര്‍ പാടിയ പോലെ എന്നും ആര്യവംശം അവര്‍ക്കു നേരേ വില്ലു കുലച്ചു. രാമന്‍മാര്‍ ശരം തൊടുത്തു. ചത്തുവീണപ്പോള്‍ അവര്‍ നിശാചരിയായി. താടകയായി.

താരാപഥത്തിന് പുറത്തേക്ക് നടന്നു കഴിഞ്ഞു മലയാള സിനിമ. ഔട്ടാവുകയാണ് ഗോപുരനിവാസികള്‍. കഴിഞ്ഞ രണ്ടു കൊല്ലം  കടന്നു വന്ന പുതുമുറക്കാരെ നോക്കിയാല്‍ മനസ്സിലാവും കാര്യങ്ങള്‍. കേന്ദ്ര പുരസ്‌കാര നിര്‍ണയ സമിതിക്ക് വരെ അതു ബോധ്യമായി. 

മനസ്സിലാവാത്തത് പക്ഷേ ഭരിക്കുന്നവര്‍ക്കാണ്. ജെന്‍ഡര്‍ ജസ്റ്റിസ് കമ്മറ്റി ഇനിയും യോഗം ചേര്‍ന്നിട്ടില്ല. സിനിമയെ വ്യവസായമാക്കിയിട്ടില്ല. സിനിമക്കാരുടെ വ്യവസായങ്ങള്‍ക്ക് നേതാക്കളുടെ മക്കളുമായാണ് ബന്ധം. നക്ഷത്രങ്ങള്‍ രാജാക്കന്മാരാല്‍ ആരാധിക്കപ്പെടുന്നു. ഇടിപ്പടങ്ങളാണ് മുഖ്യമന്ത്രിക്കും ഇഷ്ടം. 

അവള്‍ക്കൊപ്പം എന്ന് കൂടുതല്‍ പേര്‍ പറയേണ്ട കാലമാണിത്. പണ്ട് പറഞ്ഞവരില്‍ എത്ര പേര്‍ ഇപ്പോള്‍ ഒപ്പം എന്ന് അറിഞ്ഞുകൂടാ. സിനിമയില്‍ പോലും സ്ത്രീവിരുദ്ധ ഡയലോഗ് പറയില്ലെന്ന് പറഞ്ഞവര്‍ തുറന്നു പറയേണ്ട നേരമാണിത്.  അല്ലെങ്കില്‍ കസബ വാക്യങ്ങളാണ് അമ്മക്കിളിക്കൂട്ടിലെ നീതിയെന്ന് അവരും അംഗീകരിക്കുന്നു എന്ന് കരുതേണ്ടി വരും.

ആദ്യസിനിമ തൊട്ടേ തുടങ്ങിയതാണ് സെല്ലുലോയിഡിലെ പെണ്‍കണ്ണീര്‍. ജാതിക്കുശുമ്പും മേല്‍ക്കോയ്മയും മേരിക്കുട്ടി ഇറങ്ങിയിട്ടും തീര്‍ന്നിട്ടില്ല. ഒന്നുകില്‍ അവര്‍ അറിയുന്നില്ല. അല്ലെങ്കില്‍ ഉറക്കം നടിക്കുകയാണ്. എന്തായാലും കാലം മാറുകയാണ്. സിനിമയ്ക്കുള്ളിലെ സിനിമയില്‍ മുഖാമുഖം നില്‍ക്കുകയാണ് നമ്മുടെ പെണ്‍കുട്ടികള്‍. കാണേണ്ടവര്‍ കാണട്ടെ. കണ്ടാല്‍ നല്ലത്. 

പ്രതീക്ഷ വേണ്ട. 
റിലീസിനും മുമ്പേ മായം കളിക്കുകയാണ് ഒടിയന്മാര്‍. 
അച്ഛനുറങ്ങാത്ത വീട്ടിലാണ് അമ്മയുടെ പെണ്‍മക്കള്‍.