ശാന്തമായ അഫ്ഗാനിസ്താനിലെ വാര്‍ത്തകള്‍ ഓരോന്നായി പുറത്തുവന്ന് കൊണ്ടിരിക്കുകയാണ്. അഫ്ഗാനില്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലുള്ള അവശേഷിക്കുന്ന ഒരേയൊരു മേഖലയായ പഞ്ച്ശീര്‍ പ്രവിശ്യയുടെ പൂര്‍ണ്ണ നിയന്ത്രണം പിടിച്ചെടുത്തതായി താലിബാന്‍ വാക്താവ് സബീഹുല്ല മുജാഹിദ് അവകാശപ്പെട്ടിരുന്നു. പാകിസ്താനെതിരെ പ്രതിരോധസേനാ നേതാവ് അഹമ്മദ് മസൂദ് ആരോപണമുയര്‍ത്തിയതിന് പിന്നാലെ കാബൂളില്‍ പാക് എംബസിക്ക് മുന്നില്‍ പ്രതിഷേധ റാലിയും നടന്നു.  

ഐഎസ്‌ഐ സംഘം താമസിക്കുന്ന കാബൂള്‍ സെറിന ഹോട്ടലിലേക്ക് മുദ്രാവാക്യവുമായി നീങ്ങിയ പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ താലിബാന്‍ ആകാശത്തേക്ക് വെടിവെച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഫ്ഗാന്‍ ജനതയുടെ അടിസ്ഥാന അവകാശങ്ങള്‍ വരെ അടിച്ചമര്‍ത്തപ്പെടുത്തുന്ന വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് അഫ്ഗാനിസ്താനില്‍ സ്ത്രീകള്‍ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്തുണ്ട്. കാബൂളില്‍ താലിബാന്‍ തീവ്രവാദികള്‍ സ്ത്രീകളെ വടി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കാബൂള്‍ കാര്‍ദാന്‍ സര്‍വകലാശാലയ്ക്ക് മുന്നിലാണ്‌ സംഭവം. അഫ്ഗാന്‍ പത്രപ്രവര്‍ത്തകനായ ബിലാല്‍ സര്‍വാരി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പുറത്ത് വിട്ടത്. 

അഫ്ഗാനിസ്താനിലെ സര്‍വകലാശാലകളില്‍ നീണ്ട ഇടവേളയ്ക്കും പ്രതിസന്ധിക്കുമൊടുവില്‍ പഠനം പുനരാരംഭിച്ചെങ്കിലും അനിശ്ചിതത്ത്വം തുടരുകയാണ്. ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സര്‍വകലാശാലകള്‍ക്ക് താലിബാന്‍ കടുത്ത നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ക്ലാസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടില്ലെങ്കിലും കഴിഞ്ഞ വര്‍ഷം എന്റോള്‍ ചെയ്ത 1000 വിദ്യാര്‍ത്ഥികളില്‍ 10 മുതല്‍ 20 ശതമാനം വരെ മാത്രമാണ് ഗര്‍ജിസ്ഥാന്‍ സര്‍വകലാശാലയില്‍ എത്തിയത്

പെണ്‍കുട്ടികള്‍ മുഖം മറക്കണം. ആണ്‍കുട്ടികളുമായി ഇടകലരുന്ന ഒരു സാഹചര്യവും സര്‍വകലാശാലകളില്‍ ഉണ്ടാകാന്‍ പാടില്ല. ഇരുവരുടേയും ഇടയില്‍ ഒരു മറ ഉണ്ടായിരിക്കണം. പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ വനിതാ അധ്യാപികമാരെ നിയമിക്കണം. അതിന് സാധിച്ചില്ലെങ്കില്‍ പ്രായം കൂടുതലുള്ളവരെ അധ്യാപകരായി നിയമിക്കണം തുടങ്ങിയ കര്‍ശന നിര്‍ദ്ദേശങ്ങളായിരുന്നു താലിബാന്‍ കോളേജുകള്‍ക്ക് നല്‍കിയത്. ക്ലാസ്സുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കര്‍ട്ടനിട്ട്  വേര്‍തിരിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

ഇതിനിടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക്  അഫ്ഗാനിലെ സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഭക്ഷണം, മരുന്നുകള്‍ എന്നിവയക്ക് കടുത്ത ക്ഷാമം നേരിട്ടു കൊണ്ടിരിക്കുകയാണ്. 

Content Highlights: Afghanistan News Updates