33 കൊല്ലം മുമ്പ് ഇരകള്‍ ഇറങ്ങി. കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത ചലച്ചിത്രം. നായകനായി ഒരു ചെറുപ്പക്കാരന്‍ വന്നു. ആര്‍. ബാലകൃഷ്ണ പിള്ളയുടെ മകന്‍ ഗണേശ് കുമാര്‍. റബ്ബര്‍ മുതലാളി മാത്തുക്കുട്ടിയുടെ മകന്‍ ബേബിയായി. 
ഇരയും വേട്ടക്കാരനും ആയി ഓരോരുത്തരും മാറുന്നത് എങ്ങനെ എന്ന് പറഞ്ഞു ഇരകള്‍. ആ സിനിമയില്‍ റബ്ബര്‍ തോട്ടത്തില്‍ കിടക്കുന്ന ഗണേശന്‍ പറയുന്നു. 'ഈ പാലിന്റെ നിറമെന്തിനാ വെളുപ്പായത്. ചുവപ്പായിരുന്നെങ്കില്‍ എത്ര നന്നായേനേ. നല്ല ചോര കിനിയുന്ന മരങ്ങള്‍.'

ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ കെട്ടാന്‍ തീരുമാനിച്ച കച്ചവടക്കാരനെ കൊന്നു കളയുന്നു ബേബി. വീട്ടിലെന്താ കുറവ് എന്ന ചോദ്യത്തിന് എല്ലാം കൂടുതലെന്നാണ് ബേബിയുടെ മറുപടി. അടിയന്തരാവസ്ഥ കാലത്തെ ഇന്ദിരയും സഞ്ജയനും ഇരകള്‍ ചിത്രീകരിക്കുമ്പോള്‍ ഓര്‍മ്മയില്‍ ഉണ്ടായിരുന്നെന്ന് സംവിധായകന്‍ കെ.ജി. ജോര്‍ജ് പിന്നീട് പറഞ്ഞിട്ടുണ്ട്. ബേബിയായ ഗണേശന്‍ വളര്‍ന്നു. അത് കിരാതനായ മാത്തുക്കുട്ടി മുതലാളിയായിട്ടാണോ എന്ന സംശയമാണ് ഇനി ബാക്കി. 

ഗണേശനും മൂന്നു കൊല്ലം മുമ്പേ മുകേഷ് സിനിമയിലെത്തി. ബലൂണ്‍ എന്ന ചിത്രത്തിലൂടെ. ഫലിതപ്രിയനാണ് എന്നും മുകേഷ് ബാബു.  രാഷ്ട്രീയം തമാശയായി മാറിയ കാലത്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി. എം.എല്‍.എയായി. അല്ലെങ്കിലും എക്കാലവും നിയമസഭ സീറ്റ് ഈഴവര്‍ക്കും ലോകസഭ സീറ്റ് നായര്‍ക്കും എന്നതാണ് കൊല്ലത്തെ നാട്ടുനടപ്പ്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് കൊല്ലത്തുനിന്നും രണ്ട് പേയ്‌മെന്റ് സീറ്റുകളെ പറ്റി ആരോപണം ഉയര്‍ന്നു. ഒന്നാമന്‍ മുകേഷും രണ്ടാമന്‍ ചവറ വിജയന്‍ പിള്ളയും. പ്രവാസി വ്യവസായി രവി പിള്ളയ്ക്ക് നല്‍കിയ സീറ്റുകള്‍ എന്നായിരുന്നു ആരോപണം. സൂരജ് രവിയെ പോലുള്ളവരെ എതിരാളികളാക്കി കോണ്‍ഗ്രസും സഹായിച്ചു. കൊല്ലം എസ്.എന്‍. കോളേജിലെ പഴയൊരു സഹപ്രവര്‍ത്തക അന്ന് വിളിച്ചപ്പോള്‍ പറഞ്ഞു. 'ഗുരുദാസന്‍ സഖാവിനെ പോലുള്ളവരുടെ കാലം കഴിയുകയാണെടോ. വാളിപ്പിള്ളേരുടെ തമാശകളാണ് ഇനി.' 

നിയമസഭയില്‍ തമാശ മുഴങ്ങി. അത് തുടരുകയാണ്. മുന്നേറുകയാണ് കൊല്ലത്തെ നായരീഴവ സഖ്യം. ഗണേശനും മുകേഷും പുതിയ തമാശയ്ക്ക് ഇടം കണ്ടിട്ടുള്ളത് ഇപ്പോള്‍  മലയാളി മനസ്സാക്ഷിയെ വെല്ലുവിളിച്ചാണ്.
ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന ഒരു നടി ആക്രമിക്കപ്പെട്ടു. ആലുവയിലെ പത്മസരോവര തീരത്തെ ജനപ്രിയന്‍ അറസ്റ്റിലായി. 'അടിയന്‍ ലച്ചിപ്പോം' എന്ന് അന്നും  പറഞ്ഞവരില്‍ ഒരാള്‍ ഗണേശന്‍ ആയിരുന്നു. കന്നി സിനിമയിലെ ബേബിക്കുട്ടിയെ പോലെ അദ്ദേഹം ഇരയും വേട്ടക്കാരനുമായി.

നടീനടന്മാരുടെ സംഘടനയായ എ.എം.എം.എയില്‍ പഴയ ചില വിദ്യാര്‍ത്ഥികള്‍ അംഗങ്ങളാണ്. അവര്‍ പറഞ്ഞത് പ്രകാരമെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവതരമാണ്. മലയാളി ഇഷ്ടപ്പെടുന്ന മമ്മൂട്ടിക്ക് പ്രസിഡണ്ടാവണം എന്നുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം മത്സരിച്ചാല്‍ എതിര്‍ത്ത് മത്സരിക്കുമെന്ന് പത്തനാപുരം എം.എല്‍.എ. പറഞ്ഞത്രെ. മത്സരം ഒഴിവാക്കാന്‍ മോഹന്‍ലാലിനെ അധ്യക്ഷനാക്കി. 

സിനിമയില്‍ അല്ലാതെ ഒരിക്കലും നായകനല്ല മോഹന്‍ലാല്‍. വിവാദങ്ങളില്‍ മെയ് വഴക്കത്തോടെ തോണി തുഴയുന്ന ശീലവും അദ്ദേഹത്തിനില്ല. ആവലാതി തൊട്ട് ആശുപത്രി ബില്ലിന്റെ വരെ കൈകാര്യം ഗണേശനാണ്. കീഴൂട്ട് തറവാട്ടില്‍നിന്ന് ഇന്നും തുടരുന്നുണ്ട്  ആശ്രിതര്‍ക്ക് വിഷുക്കൈനീട്ടം. 

ആശ്രിതര്‍ വരി നില്‍ക്കട്ടെ. അരിയും നെല്ലും തേങ്ങയും കുമ്പിളില്‍ വെളിച്ചെണ്ണയും കുമ്പിട്ട് നിന്ന് വാങ്ങട്ടെ. അതില്‍ ആനന്ദം കൊള്ളട്ടെ. ആര്‍ക്കും പരാതിയില്ല. പക്ഷേ നമ്മുടെ ഒരു പെണ്‍കുട്ടി ഹീനമായി ആക്രമിക്കപ്പെട്ടതിനെ ന്യായീകരിക്കാന്‍ നാടുവാഴികള്‍ വരരുത്. പ്രത്യേകിച്ചും ഗണേശനും മുകേഷും. എന്തെന്നാല്‍ നിര്‍ഭാഗ്യവശാല്‍ രണ്ടു പേരും കേരളത്തിലെ എം.എല്‍.എമാരാണ്. 

ഗണേശന് എന്തും പറയാം. വി.എസ്. അച്യുതാനന്ദനെ പറഞ്ഞത് പോളിറ്റ്ബ്യൂറോ മറന്നാലും കേരളം മറക്കില്ല. ആര്‍. ബാലകൃഷ്ണ പിള്ളയെപ്പറ്റി പറഞ്ഞത് അദ്ദേഹം മറന്നാലും യാമിനി  തങ്കച്ചി മറക്കില്ല. എന്നാല്‍ മുകേഷോ?  ഒ. മാധവന്റെ പാരമ്പര്യം വേദനിപ്പിക്കുന്നുണ്ട് ഇപ്പോള്‍. അദ്ദേഹത്തെയൊഴികെ മറ്റെല്ലാവരേയും. കെ.പി.എ.സിയുടേയും  കാളിദാസ കലാകേന്ദ്രത്തിന്റേയും കാല്‍പനികതയില്‍നിന്ന് ഉരുവപ്പെട്ട  സമൂഹത്തെ കൊല്ലം എംഎല്‍എ വിറ്റു തിന്നരുത്.
അതിന് അദ്ദേഹം മുതിര്‍ന്നാല്‍ തീര്‍ച്ചയായും അദ്ദേഹത്തെ എംഎല്‍എ ആക്കിയവര്‍ ചോദിക്കേണ്ടതുണ്ട്. 

മാധ്യമങ്ങളില്‍നിന്ന് ഇല്ലാത്തിരക്കുമായി ഓടിമാറിയ മുകേഷ് പറയുന്നു. 'നിങ്ങളോട് ഒന്നും പറയേണ്ടതില്ല. ഞാന്‍ അതിന് ബാധ്യസ്ഥനല്ല. പറയേണ്ടത് അങ്ങ് പാര്‍ട്ടി ഓഫീസില്‍ പറഞ്ഞോളാം.' മറുപടി പറയേണ്ട ഓഫീസ് സി.പി.എമ്മിന്റേതാണ്.  ആ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് പറയുന്നത്  'അംഗങ്ങള്‍ അല്ലാത്തതിനാല്‍ ഗണേശില്‍നിന്നും മുകേഷില്‍നിന്നും വിശദീകരണം വേണ്ട.'
 
ചരിത്രബോധമില്ലായ്മയാണ് കമ്പോള നായകന്മാരുടെ രാഷ്ട്രീയം. ജനങ്ങളും സിനിമയുമായുള്ള നാഭീനാളബന്ധം മനസ്സിലാവില്ല ഈ എം.എല്‍.എമാര്‍ക്കും ഇന്നസെന്റ് എം.പിക്കും. കല ആര്‍ക്കു വേണ്ടിയെന്ന പുകാസയുടെ സംവാദങ്ങളും തലയ്ക്ക് മീതേ പോകും.  തറടിക്കറ്റ് കിട്ടാന്‍ ഇടിച്ചുനിന്ന പാവങ്ങളുടെ നികുതിപ്പണം കൂടിയാണ് ദുര്‍മേദസ്സ് എന്നതും ബോധ്യപ്പെടില്ല. ഗണേഷും മുകേഷും കെട്ടിപ്പടുത്തതല്ല  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അതിനാല്‍ വേവലാതി വേണ്ടെന്നതും സ്വാഭാവികം. 

അധികാരത്തിന്റെ വൈക്ലബ്യങ്ങളിലാണ് സി.പി.എം.  എന്നത്തേയും നല്ല കമ്മ്യൂണിസ്റ്റുകാരിലൊരാളായ കെ.ആര്‍. ഗൗരിയമ്മയ്ക്ക് നൂറു വയസ്സ് തികയുന്നു. അന്നേരമാണ് അംഗമല്ലാത്തതിനാല്‍ വിശദീകരണം വേണ്ടെന്ന്  കോടിയേരി പറയുന്നത്.  മടിക്കുത്തിന് പിടിച്ച മാടമ്പിമാരുടെ ചെവിക്കുറ്റിക്ക് കൊടുത്താണ് കേരളത്തില്‍ പാര്‍ട്ടി വളര്‍ന്നത്. വാള്‍ അകത്തുള്ള തമ്പ്രാന്മാര്‍ പണിയാളര്‍ക്കൊപ്പം നിന്നതല്ലാ ചരിത്രം. സര്‍ സി.പിയോട് അടക്കം വിശദീകരണം ചോദിച്ചിട്ടുണ്ട് കമ്മ്യൂണിസ്റ്റുകള്‍. അടിയാളന്മാര്‍ക്ക് വേണ്ടിയായിരുന്നു അതെല്ലാം. അംഗത്വമായിരുന്നില്ല അങ്കത്തിന്റെ അടയാളം. 

സഖാവ് പ്രകാശ് കാരാട്ടിന്റെ വാക്കുകള്‍ ഓര്‍ക്കാം. ഇന്ത്യ ഫാസിസത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു. ദൃഷ്ടാന്തങ്ങളില്‍ ഒന്ന് ക്വട്ടേഷനാണ്. മറ്റൊന്ന്് സ്ത്രീപീഡനം. രണ്ടിനേയും  ന്യായീകരിക്കേണ്ട യാതൊരു ബാധ്യതയും സി.പി.എമ്മിനില്ല. പാര്‍ട്ടി മറുപടി പറയേണ്ട കാര്യവുമില്ല. 

സി.പി.എം. എല്ലാത്തിലും വിശദീകരണം തേടാറുണ്ട്. ഡോണള്‍ഡ് ട്രംപ് തൊട്ട് മോദി വരേയുള്ളവരോട്, സാര്‍വദേശീയ  ജനവിരുദ്ധതകളോട്, മറ്റ് സംസ്ഥാനങ്ങളിലെ പീഡനങ്ങളിന്മേല്‍. പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ സംസ്ഥാനത്തെ തന്നെ പ്രശ്‌നങ്ങളില്‍. സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത രാജ്യമാണ് ഇന്ത്യയെന്ന റിപ്പോര്‍ട്ടിന്മേല്‍  മോദിയെ നിശിതമായി പരിഹസിക്കുന്നു പീപ്പിള്‍സ് ഡെമോക്രസി. 'മോദിയുടെ മുദ്രാവാക്യം ജയിക്കുന്നു. ബേഠി ബച്ചാവോ, ബേഠി പഠാവോ. ഓരോ ദിവസവും 106 ബലാത്സംഗക്കേസുകള്‍. പീഡനക്കേസുകളില്‍ 82 ശതമാനം വര്‍ദ്ധന.' 

സഖാക്കളേ,  കേരളവും ഇന്ത്യയില്‍ തന്നെയാണ്. ഇത് മോദിയെ മാത്രം ഓര്‍മ്മിപ്പിച്ചാല്‍ പോരാ. ഓരോ നിമിഷവും ഓര്‍ക്കുകയും വേണം. ജയിപ്പിച്ച് അയച്ച എം.പിയും എം.എല്‍.എമാരും വളിച്ച തമാശകള്‍ വിളിച്ചു പറയേണ്ടവരല്ല. അവര്‍ മറുപടി പറയണം. ഇല്ലെങ്കില്‍ അവരെ ബോധ്യപ്പെടുത്തണം. അത് പാര്‍ട്ടിയെ വളഞ്ഞിട്ട് ആക്രമിക്കാനല്ല. അക്രമികളെ നിലയ്ക്ക് നിര്‍ത്താനാണ്. അവരെ തിരഞ്ഞെടുപ്പിന് നിര്‍ത്തിയ പാര്‍ട്ടിക്ക് മറ്റാരേക്കാളുമുണ്ട് ഉത്തരവാദിത്തം.  

ജനങ്ങളോട് പറയേണ്ട കാര്യമില്ലെന്ന് ഗണേശന് പറയാം. നാളെ ചെങ്കൊടി ഒന്ന് മാറ്റിപ്പിടിക്കാന്‍ അയാള്‍ക്ക് പ്രത്യയശാസ്ത്രങ്ങള്‍ തടസ്സമല്ല. ''താമരമലരേ, താമരമലരേ, താളം തെറ്റിയതെന്തേ'' എന്ന ഒ. മാധവന്റെ പഴയ നാടകഗാനം  മുകേഷ് ഓര്‍ക്കണമെന്നില്ല. കൊല്ലത്തെ പഴയ ചൊല്ലു പോലെ സമ്മാനം വാങ്ങാന്‍ താഴെ വരണണമെന്ന് ഓര്‍മ്മിപ്പിക്കേണ്ടത് പാര്‍ട്ടിയാണ്.  എന്തെന്നാല്‍ രക്തസാക്ഷികള്‍ നാടുവാഴികള്‍ ആയിരുന്നില്ല. 

സിനിമക്കാരുടെ എ.എം.എം.എ. മലയാളത്തിന്റെ അമ്മയല്ല. അത് കള്ളപ്പണത്തിന്റേയും ധാര്‍ഷ്ട്യത്തിന്റേയും അഹങ്കാരത്തിന്റേയും കരുത്തിന്റേയും ഒക്കെ അമ്മയാണ്. കമ്മ്യൂണിസ്റ്റ് ഭാഷയില്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ അമ്മയാണ്. അച്ഛന്മാരെ മറക്കുന്നവരുടെ അമ്മയാണ്. പെണ്‍കുട്ടിക്ക് എതിരേ ക്വട്ടേഷന്‍ കൊടുത്തവര്‍ക്ക് വേണ്ടി കഴിഞ്ഞ യോഗത്തില്‍ മുണ്ടും മുറുക്കി വന്ന വിജയരാഘവന്‍ എന്ന മകന്റെ അച്ഛന്‍ എന്‍.എന്‍. പിള്ള പണ്ടൊരു നാടകത്തില്‍ പിരിവിന് വന്ന പുരോഹിതനോട് പറഞ്ഞു: ''നിങ്ങള്‍ക്ക് അരപ്പട്ട തന്നതും എന്റെ മടിക്കുത്തഴിച്ചതും ഒരേ സമൂഹമാണച്ചോ.''  

പുതിയ ലോകക്രമത്തിലും അരപ്പട്ടയുണ്ട്. മടിക്കുത്തും. റബ്ബര്‍ മരത്തില്‍നിന്ന് ചോര കിനിയാന്‍ മോഹിച്ചവര്‍ എം.എല്‍.എമാര്‍ ആവുമ്പോള്‍ ചരിത്രം മറക്കരുത്, ചെങ്കൊടിയേന്തുന്നവര്‍.