പഠനം പാല്‍പ്പായസമാക്കുന്ന പരിഷത്ത്: ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 60 വര്‍ഷങ്ങള്‍ | ഭാഗം 4


ശ്രുതി ലാല്‍ മാതോത്ത്SERIES

പ്രതീകാത്മക ചിത്രം | AFP

മരണാസന്നനായ ഒരു അപ്പൂപ്പന്‍ മൂന്ന് മക്കളെ അടുത്ത് വിളിക്കുന്നു. ഒരു കവര്‍ ഏല്‍പ്പിക്കുന്നു. നിങ്ങള്‍ വലിയവരാകുമ്പോള്‍ ഈ കവര്‍ തുറക്കണം. എന്നിട്ട് ഇതില്‍ പറയുന്ന പോലെ ചെയ്യണം. ഇത്രയും പറഞ്ഞ് അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ മൂന്നു മക്കളും ഏഴു കുതിരകളും ബാക്കിയായി. നാളുകള്‍ കഴിഞ്ഞു. കുട്ടികള്‍ വലുതായി. ഒരു ദിവസം അവര്‍ അപ്പൂപ്പന്‍ തന്ന കവര്‍ തുറന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. നിങ്ങള്‍ അയല്‍ നാടുകളില്‍ പോയി കച്ചവടം ചെയ്തു ജീവിക്കണം. അതിന് ഈ കുതിരകളെ നിങ്ങള്‍ക്ക് ഉപയോഗിക്കാം. ആകെയുള്ളതിന്റെ പകുതി എണ്ണം മൂത്തയാള്‍ക്ക്. പിന്നെയുള്ളതിന്റെ പകുതി രണ്ടാമത്തെയാള്‍ക്ക്. പിന്നെയുള്ളതിന്റെ പകുതി മൂന്നാമത്തെയാള്‍ക്കും. ഇതാണ് കരാര്‍. മക്കള്‍ നോക്കിയപ്പോള്‍ ഏഴു കുതിരകള്‍ ഉണ്ട്. എങ്ങനെ പങ്കു വെക്കും. കുതിരകളെ വെട്ടി മുറിക്കേണ്ടി വരില്ലേ ...എന്തു ചെയ്യും. അവര്‍ ആകെ വിഷമത്തിലായി. അപ്പോഴാണ് ഒരു മൊല്ലാക്ക തന്റെ കുതിരയുമായി അവിടെ വന്നത്. മൊല്ലാക്ക അവരുടെ പ്രശ്‌നം പരിഹരിക്കാമെന്നേറ്റു. തന്റെ കുതിരയെ കൂട്ടത്തില്‍ നിര്‍ത്തി. എന്നിട്ട് കരാര്‍ പ്രകാരം ഭാഗം വയ്ക്കാന്‍ പറഞ്ഞു. ആകെ കുതിരകളില്‍ നിന്ന് പകുതി മൂത്തയാളെടുത്തു. നാലെണ്ണം. പിന്നെയുള്ള നാലെണ്ണത്തിന്റെ പകുതി രണ്ടാമന്‍. രണ്ടെണ്ണം. പിന്നെയുള്ളതിന്റെ പകുതി ഒരെണ്ണം. അത് മൂന്നാമനും. ബാക്കി വന്നത് മൊല്ലാക്കയുടെ കുതിര. അത് മൊല്ലാക്ക തന്നെയെടുത്തു. പ്രശ്‌നം തീര്‍ന്നു. എല്ലാവര്‍ക്കും സന്തോഷമായി. ഇത്രയും ഭാഗം പാവനാടകമായി (അവലംബം-പരിഷത്ത് പ്രവര്‍ത്തകന്‍ പിടി മണികണ്ഠന്റെ ഓര്‍മകുറിപ്പ്) കണ്ടുകൊണ്ടിരിക്കുകയാണ് കുട്ടികള്‍. പരിഷത്തിന്റെ ബാലകലോല്‍സവത്തിലാണ് ഈ പാവനാടകം അരങ്ങേറിയത്. കീറാമുട്ടികളായ തത്വങ്ങളും ഗണിതാശയങ്ങളും രസകരമായി നാടകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. കണ്ടിരുന്ന എല്ലാ കുട്ടികള്‍ക്കും ആ ഗണിതം മനസ്സിലായി. പഠനം പാല്‍പ്പായസമാക്കുക എന്ന വിദ്യാഭ്യാസരംഗത്തെ പരിഷത്ത് മുദ്രാവാക്യത്തിന്റെ പൊരുള്‍ ആ നാടകത്തില്‍ നിന്ന് തന്നെ മനസിലാക്കാം.

പൊതുവിദ്യാഭ്യാസ മേഖലയില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട പരിഷത്തിന്റെ ശ്രമങ്ങളിലൊന്നായിരുന്നു ബാലകലോല്‍സവം. ഇനി കളിയും പാട്ടുമൊക്കെയുള്ള പരിഷത്തിന്റെ ബാലവേദിയിലേക്ക് നോക്കാം. പരിഷത്ത് കുട്ടികള്‍ക്കായി അവതരിപ്പിച്ചത് ആകര്‍ഷകമായ കളികളായിരുന്നു അതിലൊന്ന്. നമസ്‌കാര കളിയെന്നാണ് പരിഷത്ത് ഈ കളിയ്ക്ക് ഇട്ടിരിക്കുന്ന പേര്. ഒരാള്‍ മറ്റുള്ളവരെ ഓടിച്ചുപിടിക്കാന്‍ ശ്രമിക്കുന്നു. ഓടുന്നതിനിടയില്‍ ഒറ്റക്കാലില്‍ നിന്ന് കൈകൂപ്പുന്നവരെ പിടിക്കാന്‍ പാടില്ല. ഒരാള്‍ക്ക് ഇത്തരത്തില്‍ മൂന്ന് പ്രാവശ്യം മാത്രമേ കൈകൂപ്പാന്‍ അനുവാദമുള്ളു. ഇതിനൊപ്പം ഒട്ടകപക്ഷിക്കളി, ഇരട്ട ഓട്ടം, ഞൊണ്ടിക്കളി, ആനകളി, വിഷപന്ത് ഇങ്ങനെ വ്യത്യസ്തമാര്‍ന്ന നിരവധി കളികള്‍ പരിഷത് കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്. കളികളിലൂടെ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ തന്നെ കുട്ടികളിലേക്ക് ഇനി പറയുന്ന കാര്യങ്ങള്‍ കൂടി പരിഷത്ത് പകര്‍ന്ന് നല്‍കിയിരുന്നു.ആലോചനാ ശീലം, പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം, യുക്തിചിന്ത, അച്ചടക്കം, ഗ്രഹണപാടവം, ഊര്‍ജ്ജസ്വലത എന്നിവ.അറിവുകളെ അനുഭവങ്ങളാക്കുന്ന ബാലവേദികള്‍

Also Read
SERIES

കൂലിയില്ലാത്ത ഗാർഹിക അധ്വാനം ചർച്ചയാക്കി; ...

പരിഷത്തിന്റെ പരിസ്ഥിതി മുന്നേറ്റങ്ങൾ; ശാസ്ത്ര ...

series

നല്ല നാളെയ്ക്കായി തുടങ്ങിയ പ്രസ്ഥാനം: ശാസ്ത്ര ...

ഔപചാരിക വിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകള്‍ക്കപ്പുറം സ്‌കൂളിനു പുറത്ത് കുട്ടികളെ സംഘടിപ്പിച്ച് അവരില്‍ ശാസ്ത്രബോധവും പുതിയൊരു ജീവിതരീതിയും വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനം വേണം എന്ന കാഴ്ചപ്പാടിനനുസരിച്ച് 1978-ല്‍ ആണ് പരിഷത്ത് ബാലവേദികള്‍ ആരംഭിക്കുന്നത്. വരണ്ട പാഠപുസ്തകങ്ങളില്‍ നിന്ന് മോചനമാഗ്രഹിക്കുന്ന വലിയൊരു വിഭാഗം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പുതിയൊരു വെളിച്ചം നല്‍കുന്നതായിരുന്നു ഈ ബാലവേദികള്‍. കളികള്‍, പാട്ട്, കഥ, അഭിനയം, പ്രകൃതിനിരീക്ഷണം, നിര്‍മ്മാണം, നക്ഷത്ര നിരീക്ഷണം, പാവകളി, പ്രൊജക്റ്റുകള്‍ തുടങ്ങിയവയൊക്കെ ആയിരുന്നു ഇതിനായി പരിഷത്ത് ഉപയോഗിച്ചിരുന്നത്. സ്‌കൂളുകളില്‍ എത്താത്ത കുട്ടികള്‍, വിദ്യാലയം വിട്ടുപോയ കുട്ടികള്‍ എന്നിവരെയൊക്കെ ഇതിന്റെ ഭാഗമാക്കി. ബാലവേദികളുടെ ചുവട് പിടിച്ച് 1986-ല്‍ രണ്ട് സംസ്ഥാന ബാലോത്സവജാഥകള്‍ സംഘടിപ്പിച്ചതാണ് ബാലവേദിയുടെ ഭാഗമായുണ്ടായ പ്രധാന ചുവട് വയ്പ്. കളികള്‍, പാട്ട്, പാവനാടകം, രൂപകം തുടങ്ങിയ സങ്കേതങ്ങളിലൂടെ പാഠഭാഗത്തെ ശാസ്ത്രവസ്തുതകള്‍ സരസമായും ആകര്‍ഷകമായും അവതരിപ്പിച്ചുകൊണ്ട് നൂറുകണക്കിന് സ്‌കൂളുകളിലൂടെ സഞ്ചരിച്ചാണ് പരിപാടി സമാപിച്ചത്. തൊട്ടടുത്ത വര്‍ഷം ഡിസംബറില്‍ തൃശ്ശൂരില്‍ വച്ച് അഖിലേന്ത്യാബാലോത്സവം നടത്തി. കേരളത്തിലെ 1000 കുട്ടികളും ഇതര സംസ്ഥാനങ്ങളിലെ 400ഓളം കുട്ടികളും പങ്കെടുത്ത ഈ അതിഥി - ആതിഥേയ പരിപാടി ഒരു വലിയ മുന്നേറ്റമായിരുന്നു. ക്ലാസ്സ് റൂം പഠനത്തിനു പുതിയ രൂപം നല്‍കാനും നിരവധി കുട്ടികളെയും അധ്യാപകരെയും പരിചയപ്പെടുത്താനും ഇതിലൂടെ പരിഷത്തിനായി. പഠനം എന്നത് രസകരമായ ഒരു പ്രക്രിയയാണെന്നും അതിനായി നിരവധി തരത്തിലുള്ള ബദല്‍ ബോധന തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കേണ്ടതുണ്ടെന്നുമുള്ള ചിന്ത പ്രബലമാക്കുവാനും പ്രസരിപ്പിക്കാനുമായി എന്നതാണ് ബാലോത്സവത്തിന്റെ നേട്ടം. 1988ല്‍ ഏഴ്‌ ബാലോത്സവജാഥകള്‍ അഞ്ഞൂറിലധികം കേന്ദ്രങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി 1500 ലധികം സ്‌കൂളുകളില്‍ പരിഷത്തിന്റെ വിദഗ്ധസംഘം പാഠപുസ്തകങ്ങളിലെ ശാസ്ത്ര പരീക്ഷണങ്ങള്‍ അവതരിപ്പിച്ചു. അവധിക്കാല പഠനോത്സവ ക്യാമ്പുകളും ഇതിന്റെ തുടര്‍ച്ചയായി ആരംഭിച്ചു. ഓണം, ക്രിസ്മസ്, വേനലവധിക്കാലത്തൊക്കെ പ്രത്യേക വിഷയങ്ങളിലുള്ള ബാലോത്സവങ്ങള്‍ ഇന്നും സ്ഥിരം പരിപാടിയാണ്.

അധ്യാപനം അതിമധുരം

എന്‍സിഇആര്‍ടി സിലബസ് അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്ക് പരിശീലനം കൊടുത്തുകൊണ്ടും സ്‌കൂളുകള്‍ക്ക് നല്‍കിയ പഠനോപകരണ കിറ്റുകള്‍ അധ്യാപകരെ പരിചയപ്പെടുത്തിക്കൊണ്ടുമാണ് പരിഷത്തിന്റെ സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളുടെ സയന്‍സ് ക്ലബ്ബുകള്‍ വിപുലീകരിക്കാനും പ്രവര്‍ത്തനക്ഷമമാക്കുവാനുമുള്ള ഇടപെടല്‍ ഇതിന്റെ തുടര്‍ച്ചയായി ഉണ്ടായി. ശാസ്ത്ര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുവാനും ജില്ലാതലത്തില്‍ സ്‌കൂള്‍ ലൈസനിങ് കമ്മിറ്റികള്‍ രൂപീകരിക്കാനും ശ്രമിച്ചു. 2 വര്‍ഷം കൊണ്ട് 1500 ലധികം സയന്‍സ് ക്ലബ്ബുകള്‍ രൂപീകരിക്കാനും അവ പരിഷത്ത് സംഘടനയുമായി അഫിലിയേറ്റ് ചെയ്യാനും സ്‌കൂള്‍ ലാബുകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്താനും ശാസ്‌ത്രോപകരണ മാതൃകകള്‍ നിര്‍മ്മിക്കാനും ശാസ്ത്രമേളകള്‍ നടത്താനും കഴിഞ്ഞു. ഇതിന്റെ ഭാഗമായി സ്‌കൂള്‍ സയന്‍സ് ക്ലബ്ബ്, അപ്പുവിന്റെ സയന്‍സ് കോര്‍ണര്‍ തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ശാസ്ത്രം പ്രവര്‍ത്തനമാണ് എന്ന ബോധം പ്രസരിപ്പിക്കുവാന്‍ ഇതിലൂടെയെല്ലാം പരിഷത്തിനായി. അവധിക്കാലത്ത് കുട്ടികള്‍ക്കായുള്ള, പാഠപുസ്തക ബന്ധിത ശാസ്ത്രപോഷണ ക്ലാസ്സുകളും ഇക്കാലത്ത് നടത്തിയിരുന്നു. പഠനം പാല്‍പ്പായസം- അധ്യാപനം അതിമധുരം എന്ന സന്ദേശവുമായി വിദ്യാഭ്യാസരംഗത്ത് നടത്തിയ ആശയ പ്രചരണത്തിലൂടെയും യുറീക്ക-ശാസ്ത്രകേരളം പ്രസിദ്ധീകരണങ്ങളിലൂടെയും വിജ്ഞാനോത്സവങ്ങളിലൂടെയും പരിഷത്ത് അവതരിപ്പിച്ച ശൈലിയുടെ സ്വാധീനത്താല്‍ പൊതുവിദ്യാഭ്യാസ രംഗം ഒട്ടേറെ മാറ്റങ്ങള്‍ക്ക് വിധേയമായത് പിന്നീട് നാം കണ്ടു. പരിഷത്തിന്റെ അത്തരം ഇടപെടലുകളെ ഇങ്ങനെ സംഗ്രഹിക്കാം.

1 വിദ്യാഭ്യാസ മണ്ഡലത്തിലെ അശാസ്ത്രീയതകള്‍ക്കും അനീതികള്‍ക്കും, അഴിമതികള്‍ക്കും എതിരെ ഒട്ടേറെ സമരങ്ങള്‍ പരിഷത്ത് സംഘടിപ്പിക്കുകയുണ്ടായി. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണവത്ക്കരണവും സംരക്ഷണവും പരിഷത്തിന്റെ അജണ്ടയായിരുന്നു.

2 ബാലവേദി പരീക്ഷണത്തിലൂടെ ബോധ്യപ്പെട്ട കാര്യങ്ങള്‍, പഠനരീതികള്‍ എന്നിവ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനുള്ള വിവിധ തലങ്ങളിലെ ബന്ധപ്പെടലുകളും മുന്നോട്ടു കൊണ്ടുപോയി. 1993ല്‍ കുട്ടികളെ തന്നെ അംഗങ്ങളാക്കി സാമൂഹ്യ വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കിളിക്കൂട്ടം കലാജാഥകള്‍ ആരംഭിച്ചു.

3 1987കളില്‍ തന്നെ തിരുവനന്തപുരം ജില്ലയില്‍ തുടങ്ങിയ അക്ഷരവേദി പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികളിലെ നിരക്ഷരത കണ്ടെത്തുവാനും ഇതു പരിഹരിക്കുന്നതിനായി പരിഷത് നടത്തിയ ശ്രമങ്ങള്‍ സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുകയും ബാലസഹവാസ ക്യാമ്പുകള്‍, പരിസ്ഥിതി സഹവാസ ക്യാമ്പുകള്‍, നക്ഷത്ര സഹവാസക്യാമ്പുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്തു.

4 കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ സമസ്തവശങ്ങളും പഠിച്ചു സമഗ്രമായ പരിശോധയിലൂടെ, വരുത്തേണ്ട മാറ്റങ്ങള്‍ ജനങ്ങളുടേയും സര്‍ക്കാരിന്റേയും മുമ്പില്‍ അവതരിപ്പിക്കാനായി ഡോ. അശോക് മിത്ര ചെയര്‍മാനായി ഒരു ജനകീയവിദ്യാഭ്യാസ കമ്മീഷന്‍ 1996ല്‍ പരിഷത്ത് രൂപീകരിക്കുകയുണ്ടായി. കമ്മീഷന്റെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ സഹായധനം വാഗ്ദാനം ചെയ്തെങ്കിലും, പരിഷത്ത് അത് നിരസിച്ചു. കമ്മീഷന്റെ സമഗ്രമായ റിപ്പോര്‍ട്ട് 1999 ജനുവരിയില്‍ പ്രസിദ്ധീകരിച്ചു.

5 2003 ആഗസ്റ്റ് മാസത്തില്‍ പരിഷത്ത് ആരംഭിച്ച കേരളം എങ്ങനെ ചിന്തിക്കുന്നു, എങ്ങനെ ജീവിക്കുന്നു എന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് 2006ല്‍ കേരളപഠനം എന്ന പേരില്‍ പുറത്തുവന്നു. വിദ്യാഭ്യാസരേഖ പോലെ, കേരളത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കുള്ള അടിസ്ഥാനരേഖയായി പരിഷത്തിന്റെ കേരളപഠനം സ്വീകരിക്കപ്പെട്ടു. പ്രസ്തുതറിപ്പോര്‍ട്ടിന്റെ ഇംഗ്ലീഷ് രൂപാന്തരവും പ്രസിദ്ധീകരിക്കുകയുണ്ടായി.

6 മാതൃഭാഷയിലുള്ള അധ്യയനത്തിന്റെ പ്രാധാന്യം- ഇവ സംബന്ധിച്ച ബോധവത്കരണം, ഇംഗ്ലീഷ് അധ്യയനമടക്കം മെച്ചപ്പെടുത്താനുള്ള അക്കാദമിക രംഗത്തെ ഇടപെടല്‍, പൊതു വിദ്യാലയ സംരക്ഷണത്തിനായുള്ള കൂട്ടായ്മ രൂപപ്പെടുത്തല്‍ എന്നിവയും പരിഷത്തിന്റെ ഭാഗത്തുന്നുണ്ടായി

7 വിദ്യാഭ്യാസ രംഗത്ത് പരിഷത്ത് നടത്തിവന്ന പ്രതിരോധ-പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹുജന അന്വേഷണ കമ്മീഷന്റെ രൂപികരണത്തിലേക്ക് നയിച്ചു. മേഖലയിലെ നൂറ് കണക്കിന് അഴിമതികള്‍ വാര്‍ത്താ സമ്മേളനങ്ങളിലൂടെ തെളിവ് സഹിതം പരിഷത്ത് പുറത്ത് വിട്ടു. അവ അച്ചടിച്ച രേഖയായി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു.

ചുരുക്കത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് അടിസ്ഥാനപരമായി ഒരു വിദ്യാഭ്യാസസംഘടനയാണെന്നും പറയാം. പൊതുവെ ശാസ്ത്രബോധത്തെ സാമാന്യബോധമാക്കാനുള്ള അറിവിന്റെ ജനകീയവല്‍കരണത്തിനാണ് അതു ശ്രമിച്ചു പോരുന്നത്. ശാസ്ത്രമെഴുത്തുകാരുടെ സംഘടനയില്‍ നിന്ന് ശാസ്ത്രതല്‍പരരുടെയും കൂടി സംഘടനയായി പരിഷത്ത് മാറിയപ്പോള്‍ ഒരു വിഭാഗമെന്ന നിലയില്‍ അതിലേക്ക് ഏറ്റവും കൂടുതല്‍ പേര്‍ അണിനിരന്നത് വിദ്യാഭ്യാസ മേഖലയില്‍നിന്നുള്ളവരായിരുന്നു. പ്രത്യേകിച്ച് അധ്യാപകര്‍. 1964ല്‍ കേരള സര്‍വ്വകലാശാല സെനറ്റ് മീറ്റിങ് നടക്കുമ്പോള്‍ പുറത്ത് മലയാളത്തില്‍ പരീക്ഷയെഴുതാന്‍ വേണ്ടി പ്രകടനം നടത്തിയ പരിഷത്ത് പിന്നീട് ഭരണവും പഠനവും മാതൃഭാഷയിലാക്കണമെന്നുന്നയിച്ചുകൊണ്ട് നടത്തിയ പ്രചാരണപ്രക്ഷോഭങ്ങള്‍ നിരവധിയാണ്. യുറീക്ക, ശാസ്ത്രകേരളം മാസികകളിലൂടെയും അധ്യാപകപരിശീലനത്തിലൂടെയും സയന്‍സ് ക്ലബ്ബുകള്‍ സംഘടിപ്പിച്ചും ബാലവേദികളിലൂടെയും ശാസ്ത്രസംവാദ ക്യാമ്പുകളിലൂടെയും വിജ്ഞാനോത്സവങ്ങളിലൂടെയും എണ്ണമറ്റ വിദ്യാഭ്യാസ പരീക്ഷണങ്ങളും ഇടപെടലുകളും പരിഷത്ത് പിന്നീട് നടത്തി. സ്വാഭാവികമായും ഒരു ന്യൂനപക്ഷത്തെ മാത്രം മിടുക്കരായി വാര്‍ത്തെടുക്കുന്ന വിധേയത്വവിദ്യാഭ്യാസത്തിന്നെതിരെയുള്ള സൃഷ്ടിപരമായ ബദലുകളായിരുന്നു ഇവയിലൂടെയെല്ലാം പരിഷത്ത് മുന്നോട്ടുവച്ചത്.ഗുണമേന്മയുള്ള ജനകീയവിദ്യാഭ്യാസ പരിവര്‍ത്തനങ്ങള്‍ക്ക് സാഹചര്യം ഒരുങ്ങിയപ്പോള്‍(1997) തീര്‍ച്ചയായും സംഘടനാവ്യത്യാസങ്ങള്‍ മറന്ന്, പാഠ്യപദ്ധതി രൂപീകരണത്തിലും തുടര്‍ന്നുവന്ന പാഠപുസ്തകങ്ങളിലും പരിഷത്ത് നേരത്തെതന്നെ മുന്നോട്ടുവച്ച ബദല്‍ മാതൃകകള്‍ അംഗീകരിക്കപ്പെട്ടു.

വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാനും പുറന്തള്ളപ്പെടുന്നവരുടെയും ദരിദ്രഭൂരിപക്ഷത്തിന്റെയും അര്‍ഹതപ്പെട്ട വിദ്യാഭ്യാസാവകാശങ്ങള്‍ തിരികെപിടിക്കാനും വിദ്യാഭ്യാസഘടനക്കുള്ളില്‍ നിന്ന് പരിമിതമായ സാധ്യതകളുപയോഗിച്ച് നിരന്തരം ശ്രമിക്കുമ്പോള്‍ തന്നെ ഘടനയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്കായുള്ള പ്രചാരണപ്രക്ഷോഭങ്ങളും പരിഷത്ത് ഇന്നും നടത്തിക്കൊണ്ടിരിക്കുന്നു.

Content Highlights: activities of Shahstra sahithya parishath in educational sector


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented