കൂടെയുള്ളവര്‍ എല്ലാം കാടിറങ്ങി; പക്ഷേ, കാട്ടുനായ്ക്കര്‍ക്ക് കാടാണ് നാട്, അതാണ് ജീവിതം


Rural india

.

കാടുമായി പൊരുത്തപ്പെട്ടുമാത്രം ജീവിതം പൂരിപ്പിക്കുന്ന ഒരുകൂട്ടം മനുഷ്യരും അവർക്കുചുറ്റുമുള്ള ലോകവുമാണ് വനഗ്രാമമായ കുറിച്യാട് വരച്ചിടുന്നത്. കാടിന്റെ കുളിരുകളെ കൂട്ടുപിടിച്ച് കുറിച്യാടെന്ന വനഗ്രാമം ഒരു മഴക്കാലത്തിന്റെ വശ്യതയിലാണ്. ആകാശത്തേക്ക് തലകൾ നീട്ടിയും ചാഞ്ഞും ചെരിഞ്ഞും വളർന്ന മരുത് മരങ്ങൾക്കിടയിൽ മലമ്പാമ്പിനെപ്പോലെയുള്ള കാട്ടുവള്ളികൾ. നട്ടുച്ചയിലും ഒരുതരി സൂര്യപ്രകാശംപോലും അരിച്ചിറങ്ങാത്ത കാട്ടുചോലകൾ. വേലിക്കെട്ടുകളും മതിലുകളുമില്ലാതെ വന്യമൃഗങ്ങൾക്കൊപ്പം സ്വയംസന്നദ്ധ പുനരധിവാസവും വേണ്ടെന്നുവെച്ച് കാടിന്റെ തണലിൽ ഇവർ ജീവിതമെഴുതുകയാണ്.

കാടെന്ന സ്വന്തം ലോകം

ഒരിക്കൽ വേടരാജാക്കന്മാരുടെ അഭയകേന്ദ്രമായിരുന്നു കാടിന് നടുവിലെ കുറിച്യാട്. ഇവർക്കിടയിലേക്ക് കർണാടകയിൽനിന്നുവന്ന ചെട്ടിമാരും ഒന്നരനൂറ്റാണ്ടുമുമ്പ് ചേക്കേറി. മൃഗങ്ങളെ വേട്ടയാടിയും കാട്ടുകിഴങ്ങുകൾ ഭക്ഷിച്ചും കഴിഞ്ഞ കാട്ടുനായ്ക്കരാവട്ടെ ചെട്ടിമാരുടെ കൃഷിപരീക്ഷണങ്ങളിൽനിന്ന് ഒഴിഞ്ഞുനിന്നു. ചതുപ്പുനിലങ്ങളെ ഇവർ നെല്ലുവിളയുന്ന പാടങ്ങളാക്കി. കാടിന്റെ ഓരങ്ങൾ ചേർന്ന് കാപ്പിയും കുരുമുളകും വെച്ചുപിടിപ്പിച്ചു. നെൽക്കൃഷി പുരോഗമിച്ചതോടെ കാട്ടുനായ്ക്കർ ചെട്ടിമാരുടെ കൃഷിയിടങ്ങളിൽ പണിയാളുകളായി. കൂലിയായി നെല്ലും ചെലവും കിട്ടിയതോടെ കാടിനുള്ളിൽ ആദ്യമായി പട്ടിണിയകന്നു. അങ്ങനെ ചെട്ടിമാരും കാട്ടുനായ്ക്കരും മാത്രമുള്ള കുറിച്യാട് സ്വന്തം മേൽവിലാസമുണ്ടാക്കി.

വയനാട്ടിലെ വനസമീപഗ്രാമങ്ങളെല്ലാം വന്യജീവി-മനുഷ്യ പോരാട്ടത്തിന്റെ രോദനങ്ങൾ ഉയർത്തിയപ്പോൾ കുറിച്യാടിന് ഇതിനോടൊന്നും പരിഭവമുണ്ടായിരുന്നില്ല. ഇന്നും കാട്ടാനയും കരടിയുമൊക്കെ വീടിന് മുറ്റത്തെത്തുമ്പോഴും ഭയപ്പാടില്ലാതെ ഇവർ കഴിയും. പാട്ടകൊട്ടിയും പന്തംവീശിയും നെല്ലുവിളയുന്ന പാടങ്ങൾക്കും ഇവർ രാത്രിമുഴുവൻ കാവലിരുന്നു.

കിലോമീറ്ററുകൾ സഞ്ചരിച്ച് പുറംലോകത്തേക്ക് പോകുന്നത് വല്ലപ്പോഴുംമാത്രം. അത്യാവശ്യത്തിനുള്ളതെല്ലാം കുടുംബത്തോടെ കാടിറങ്ങി തലയിലേന്തി ഗ്രാമത്തിലെത്തിക്കും. കനത്തുപെയ്യുന്ന മഴക്കാലവും കടുത്തവേനലും മഞ്ഞുമെല്ലാം കാടിനുള്ളിൽ കാഴ്ചകളായി വിരുന്നെത്തും. കലണ്ടറുകളില്ലാതെ കാടിന്റെ പൂക്കാലമെണ്ണി ഇവർ പ്രായം കണക്കാക്കി. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും കാടെന്നപോലെ കുടപിടിച്ചു.

അടരാൻവയ്യാത്ത ജീവിതം

കാടിനുള്ളിലെ ഗ്രാമങ്ങളുടെ കാടിനുപുറത്തേക്കുള്ള സ്വയംസന്നദ്ധ പുനരധിവാസത്തിന് കേന്ദ്രസർക്കാർ പദ്ധതി നിലവിലുണ്ട്. ഇങ്ങനെപോകുന്ന കുടുംബത്തിന് പത്തുലക്ഷം രൂപ സർക്കാർ നൽകും. സ്ഥലവും വീടുമൊരുക്കാനുള്ള സൗകര്യവും സർക്കാർ നൽകും. ഈ പദ്ധതി കുറിച്യാടിനെയും നോട്ടമിട്ടു. സ്വമേധയാ ഇവിടെനിന്നും കാടിന് പുറത്തേക്കുള്ള വഴി ആദ്യം തിരഞ്ഞെടുത്തത് ചെട്ടിസമുദായക്കാരായിരുന്നു. പിന്നാലെ ഇവരുടെ പണിയാളുകളായിരുന്ന പണിയകുടുംബങ്ങളും പുറത്തേക്കിറങ്ങി.

കാടിനെ പിരിയാൻകഴിയാത്ത കാട്ടുനായ്ക്ക കുടുംബങ്ങൾ അങ്ങനെ ഇവിടെ ബാക്കിയായി. ചെട്ടിമാർ പോയതോടെ കൃഷിയിടങ്ങളൊക്കെ കാടുകയറി. വിശാലമായ വയലുകൾ തരിശായി പഴമയിലേക്കുള്ള രൂപാന്തരണത്തിലാണ്. ഇരുപതോളം വീടുകളിലായി എൺപതോളം കാട്ടുനായ്ക്കരാണ് ഇന്ന് കുറിച്യാടിൽ താമസമുള്ളത്. അതിൽ 52 പേർ മുതിർന്നവരാണ്. ആകെയുള്ള വിദ്യാലയവും അടച്ചുപൂട്ടിയതോടെ കുട്ടികൾ പുറത്തുള്ള സർക്കാർ ഹോസ്റ്റലുകളിൽ താമസിച്ചാണ് പഠിക്കുന്നത്. കാടിന് പുറത്തേക്ക് ആവശ്യങ്ങൾക്കെല്ലാം പോകാൻ ഒരു ജീപ്പും ഇവർ സംഘടിപ്പിച്ചു. മുമ്പ് ചെട്ടിമാരുമായി ചേർന്ന് വാങ്ങിയതാണ് ഈ ജീപ്പ്. അവർ പോയതോടെ ഈ വാഹനത്തിന്റെ ചെലവും ഇവർക്ക് ബാധ്യതയായി മാറി.

തേൻമണക്കുന്ന ഗ്രാമം

കാടിന് പൂക്കാലമെത്തുമ്പോൾ കാട്ടുനായ്ക്കർക്കും മനസ്സ് നിറയും. വൻമരങ്ങളുടെ ശിഖരങ്ങളിൽ തേനീച്ചകൾ കൂട്ടത്തോടെ കൂടൊരുക്കും. കാറ്റിൽ ഉലയുന്ന തേനീച്ചക്കൂടുകളിൽനിന്നും തേൻപാട്ടകൾ അടർത്താൻ സമയവും കാലവുമെല്ലാം നോക്കണം. ഓരോ കുടുംബത്തിനുമായി ഓരോ മരങ്ങളും കാടിനുള്ളിൽ വീതംവെച്ചിട്ടുണ്ടാകും. കാടിന്റെ അലിഖിതമായൊരു നിയമമാണത്. ഏതു ദാരിദ്രത്തിലും ഈ ഗോത്രനിയമങ്ങളെ തെറ്റിക്കാൻ ഇവർ തയ്യാറായിരുന്നില്ല. വാവ് മൂക്കുമ്പോൾ തേനെടുക്കാൻ കുടുംബത്തോടെ കാടിനുള്ളിലേക്ക് യാത്രയാകും. മിക്കവാറും ഒരാഴ്ചവരെ നീളമുള്ള യാത്രയാവുമത്.

തേനീച്ചയുടെ കുത്തേൽക്കാതെ വലിയ മരത്തിനുമുകളിൽനിന്നും തേനെടുക്കൽ അതിസാഹസികമാണ്. പരമ്പരാഗതമായി പഠിച്ചെടുത്ത ഈ നൈപുണ്യം ഇവരിൽമാത്രം ഇന്നും ഒതുങ്ങുന്നു. പൂമ്പൊടികൾ നിറഞ്ഞ ഇളം തേൻപാട്ടകൾ ഇവർക്ക് ഈ സമയത്തെല്ലാം കാടിനുള്ളിലെ ഭക്ഷണവുമാണ്. തേൻപാട്ടകൾകൊണ്ടുമാത്രം ദിവസങ്ങളോളം ഇവർ വിശപ്പടക്കും. തേൻപാട്ടകൾ ഒന്നായി തുണിയിൽ കെട്ടി തിരികെ യാത്ര. കോളനിയിലെത്തിയാൽ ഇവയെല്ലാം തരംതിരിച്ച് പാത്രങ്ങളിലേക്ക് പിഴിഞ്ഞെടുക്കും.

തേൻകാലമായാൽ ഇവരുടെ വീടിനുചുറ്റുമെല്ലാം തേനീച്ചകൾ വട്ടമിട്ടുപറക്കുന്നതുകാണാം. ഇങ്ങനെ ശേഖരിക്കുന്ന തേൻ വനംവകുപ്പിന്റെ സൊസൈറ്റിയിലെത്തിച്ചും മറ്റുമാണ് വിൽപ്പന നടത്തുക. പുറമേനിന്നും ആവശ്യക്കാരും തേൻ തേടിവരും. ഒരുലിറ്റർ തേനിന് 600 രൂപ വരെയാണ് ഇവർക്ക് വില ലഭിക്കുക. ഒരു വർഷക്കാലത്തേക്കുള്ള ഇവരുടെ സമ്പാദ്യവും ഇതുതന്നെയാണ്.

കാടിറങ്ങാത്ത മോഹങ്ങൾ

സ്വയംസന്നദ്ധ പുനരധിവാസം വന്നതുമുതൽ സർക്കാരിന് ഈ ഗ്രാമത്തെ സൗകര്യങ്ങളെത്തിച്ച് കാലമേറെ സംരക്ഷിക്കാൻ കഴിയില്ല. വൈദ്യുതിയോ റോഡോ വന്യമൃഗശല്യം തടയുന്നതിനുള്ള സൗകര്യങ്ങളോ ഏർപ്പെടുത്താനാവില്ല. ഈ സാഹചര്യത്തിൽ ഇവർക്കുമുന്നിൽ ഒന്നുമാത്രം. ഈ കാടിനെയും ഗ്രാമത്തെയും കൈവിടുക. എന്നിട്ടും ഇവരിൽപ്പലരും കാടിനോട് ഒട്ടിനിൽക്കുന്നു. ഒരിക്കൽ പോയവർ പിന്നീട് തിരികെയെത്തുന്നു. ഇവർക്കായി പറ്റിയൊരിടം അന്വേഷിക്കുകയാണ് അധികൃതരും. പോകാനില്ല, ഇവിടെത്തന്നെ മരിക്കണമെന്നാണ് പലരും ആഗ്രഹം പറയുന്നത്. കന്നുകാലിവളർത്തൽ പലരും തൊഴിലായി സ്വീകരിച്ചിട്ടുണ്ട്. ഇതിനിടയിലും കാടിറങ്ങണമെന്നുതന്നെയാണ് പുറംലോകത്തുനിന്നും കുറിച്യാട് വനഗ്രാമത്തിലേക്ക് വിളിയെത്തുന്നത്.

Content Highlights: About Tribal Village Kurichiad wayanad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented