വിഗ്രഹത്തില്‍ ബന്ധിച്ചാലും തെയ്യം ചരിത്രം പറയും


വി.കെ. അനില്‍കുമാര്‍

ജ്യോതിഷി, തന്ത്രി, കോയ്മ എന്നിങ്ങനെയുള്ള അധികാരവ്യവസ്ഥയിലേക്കാണ് കാവുകള്‍ തിരിച്ചു നടക്കുന്നത്. വലിയ സാമ്പത്തികാടിത്തറയുള്ള ആരാധനാലയമാക്കി പരിഷ്‌കരിക്കുക എന്നതുതന്നെയാണ്‌ ഉത്തരമലബാറിലെ ചെറുതും വലുതുമായ എല്ലാ കാവുകളിലും താനങ്ങളിലും കോട്ടങ്ങളിലും പതികളിലും തറവാടുകളിലും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്

തെയ്യക്കാവുകള്‍ക്ക് സംഭവിക്കുന്നതെന്ത്?

പുലിമറഞ്ഞ തൊണ്ടച്ചൻ

തൊരു സംസ്‌കൃതിയെയും നിര്‍വീര്യമാക്കുന്നതിനുള്ള എളുപ്പവഴി അതിന്റെ ചരിത്രത്തെ ഇല്ലാതാക്കുക എന്നതാണ്. ഉത്തരമലബാറിന്റെ രേഖപ്പെടുത്താത്ത ചരിത്രമാണ് തെയ്യം. സ്വന്തം ചരിത്രത്തിനുമുകളില്‍ പല പ്രകാരത്തിലുമുള്ള കടന്നാക്രമണങ്ങള്‍ക്കാണ്‌ തെയ്യം വിധേയമായിക്കൊണ്ടിരിക്കുന്നത്. എന്തെന്തുമാര്‍ഗങ്ങള്‍ സ്വീകരിച്ചാലും ഉച്ചത്തില്‍ സത്യം വിളിച്ചുപറയുന്ന തെയ്യത്തെ നിശ്ശബ്ദമാക്കുക എളുപ്പമല്ല. ഏത് കൂരിരുട്ടിലും വാക്കോടാവുന്ന നാട്ടുദൈവത്തിന്റെ നാക്കരിയേണ്ടത് പലരുടെയും ആവശ്യമാണ്. തെയ്യം പാരമ്പര്യചരിത്രനിര്‍മാതാക്കള്‍ക്ക് അലോസരവും അസ്വസ്ഥതയുമാണ്. അതുകൊണ്ടു തന്നെ വ്യവസ്ഥാപിതചരിത്രം എല്ലാകാലത്തും നിരാകരിച്ച ജീവിതങ്ങളെ തെയ്യങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വരുന്നു. തെയ്യത്തെ നിശ്ശബ്ദമാക്കാനെന്താണ് വഴിയെന്ന്‌ പൗരോഹിത്യം എല്ലാകാലത്തും ചിന്തിക്കുന്നതാണ്‌.

തെയ്യത്തെ തങ്ങളുടെതാക്കി മാറ്റിയാണ് പൗരോഹിത്യം തെയ്യത്തില്‍നിന്ന്‌ തെയ്യത്വത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

പൗരോഹിത്യവും പണവും കൈകോര്‍ക്കുന്ന ഏറ്റവും ഹിംസാത്മകമായ അധികാരവ്യവസ്ഥ നമ്മുടെ തെയ്യത്തെയും കളിയാട്ടക്കാവുകളെയും നിയന്ത്രിക്കുകയാണ്. ക്ഷത്രിയാധികാരത്തിന്റെ നവമാതൃകകള്‍ പ്രകൃതിജീവനത്തിലധിഷ്ഠിതമായ സാധാരണക്കാരുടെ അഭയകേന്ദ്രമായ കാവുകളെ ഭീഷണമാകും വിധത്തില്‍ കാല്‍ക്കീഴിലാക്കിക്കഴിഞ്ഞു. വളരെ നിശ്ശബ്ദമായി ആസൂത്രണം ചെയ്ത് വിജയത്തിലെത്തിയ ഈ പരിഷ്‌കരണപ്രക്രിയയെ കേവലം ബ്രാഹ്‌മണവത്കരണം, ക്ഷേത്രവത്കരണം എന്ന്‌ എളുപ്പത്തില്‍ പറഞ്ഞൊഴിയാനാകില്ല.

അസ്രാളന്‍ വെള്ളാട്ടം

ത് ഒരു ജീവിതത്തിനുമുകളില്‍ മറ്റൊരു ജീവിതത്തെ സ്ഥാപിച്ചെടുക്കലാണ്. നമ്മുടെ തന്നെ ഗോത്രസ്മൃതികളെ എന്നന്നേക്കുമായി ഉച്ചാടനം ചെയ്യലാണ്. ഒരു ജനതയുടെ ദേശചരിത്രത്തിനുമുകളില്‍ മറ്റൊന്നിനെ സ്ഥാപിച്ചെടുക്കലാണ്. കൂടിക്കലരലിനുപകരം വിവേചനത്തിന്റെ സവര്‍ണ തത്ത്വശാസ്ത്രമാണ് കാവും ക്ഷേത്രവും സമന്വയിക്കപ്പെട്ട പുത്തന്‍ അധികാരവ്യവസ്ഥയ്ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്.

ക്ഷേത്രവത്കരിക്കപ്പെടുന്ന നാട്ടുമനുഷ്യര്‍

ഒറ്റനോട്ടത്തില്‍ നമ്മുടെ തെയ്യത്തിനും കാവിനും യാതൊരു കുഴപ്പവുമില്ലല്ലോ എന്ന് തോന്നിപ്പോകുമെങ്കിലും നമ്മള്‍ പോലുമറിയാതെയാണ് നമ്മുടെ പരിസരവും പരിസ്ഥിതിയും മറ്റൊന്നായി മാറിക്കൊണ്ടിരിക്കുന്നത്. അതിസൂക്ഷ്മമായി നടപ്പാക്കുന്ന ഈ മാറ്റം പെട്ടെന്ന്‌ തിരിച്ചറിയാന്‍ പറ്റാത്തവിധം അതിന്റെ ആന്തരികഘടനയിലാണ് സംഭവിക്കുന്നത്. കാവ് ക്ഷേത്രമായി മാറുമ്പോള്‍ ആ മാറ്റം കേവലം ഭൗതികം മാത്രമല്ല. ക്ഷേത്രമാതൃകയിലേക്ക് കാവിന്റെ ഭൗതികരൂപം മാത്രമല്ല മാറുന്നത്. കാവ് കയ്യാളുന്ന കീഴാളരായ കാവധികാരികള്‍ കൂടിയാണ് ക്ഷേത്രമാതൃകകളായി പുനഃസൃഷ്ടിക്കപ്പെടുന്നത്. ജാതി, മത നിരപേക്ഷമായി മനുഷ്യര്‍ ഒത്തുകൂടിയ ജനകീയ കേന്ദ്രങ്ങളായിരുന്നു തെയ്യക്കാവുകള്‍. പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും ആശ്രയിച്ചുള്ള ഒരു ജനതയുടെ ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും തുറസ്സുകളായ തെയ്യക്കാവുകളുടെ സ്ഥിതി ഇന്നെന്താണ്?

നവപൗരോഹിത്യം ജാതിയുടെയും മതഭക്തിയുടെയും അധീശത്വകേന്ദ്രങ്ങളായി വളരെ ആസൂത്രിതമായി തെയ്യക്കാവുകളെ പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണ്. കാവായ കാവുകളൊക്കെ മുഖം മിനുക്കി വേഷം മാറി മറ്റൊന്നായിക്കഴിഞ്ഞു. പുതിയകാലത്തിന്റെ പരിഷ്‌കാരങ്ങളില്‍ മാറ്റത്തിന് വിധേയമാകാതെ പിടിച്ചുനില്‍ക്കുക എളുപ്പമല്ലാതായിരിക്കുന്നു. മാറ്റം എന്നാല്‍ മതവും ഭക്തിയും ജാതിവിവേചനവും മൂലധനതാത്പര്യങ്ങള്‍ നിയന്ത്രിക്കുന്ന വിപണിയും കാവിലേക്ക് കടന്നുവരിക എന്നുതന്നെയാണ്‌. പ്രാചീനമൂല്യങ്ങളും ചരിത്രവും നിലനിര്‍ത്തുന്ന എല്ലാ ജൈവിക സാന്നിധ്യങ്ങള്‍ക്കും പകരം പുതിയ വമ്പന്‍ നിര്‍മിതികള്‍ കാവുകള്‍ കയ്യടക്കിക്കഴിഞ്ഞു.

ഫോട്ടോ:ജയേഷ്.പി

ജ്യോതിഷി, തന്ത്രി, കോയ്മ എന്നിങ്ങനെയുള്ള അധികാരവ്യവസ്ഥയിലേക്കാണ് കാവുകള്‍ തിരിച്ചു നടക്കുന്നത്. വലിയ സാമ്പത്തികാടിത്തറയുള്ള ആരാധനാലയമാക്കി പരിഷ്‌കരിക്കുക എന്നതുതന്നെയാണ്‌ ഉത്തരമലബാറിലെ ചെറുതും വലുതുമായ എല്ലാ കാവുകളിലും താനങ്ങളിലും കോട്ടങ്ങളിലും പതികളിലും തറവാടുകളിലും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ക്ഷേത്രമാതൃകയില്‍ ഭക്തിയെ മുന്‍നിര്‍ത്തി ലാഭമുണ്ടാക്കുക എന്നതുതന്നെയാണ് കാവുകളില്‍ നടപ്പാക്കുന്ന പുതിയ വിപണിതന്ത്രം. അതിന് രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ളവരെയും ബുദ്ധിജീവികളെയും ഗവേഷകരെയും പാട്ടിലാക്കാന്‍ ക്ഷേത്രം കേന്ദ്രീകരിച്ചുള്ള അധികാര വ്യവസ്ഥയ്ക്ക് എളുപ്പത്തില്‍ സാധിക്കുന്നു.

കാവ് ക്ഷേത്രമാകുന്നതോടെയാണ്‌ ഇതര മതം എന്ന ചിന്ത തന്നെ ഉടലെടുക്കുന്നത്. വൈവിധ്യങ്ങളുടെ കൂടിക്കലരല്‍ ക്ഷേത്രം നിഷേധിക്കുന്നു. ക്ഷേത്രത്തിന്റെ വിശുദ്ധിസങ്കല്പത്തിന് വിരുദ്ധമാണ് കൂടിക്കലരല്‍. ക്ഷേത്രമായി മാറുതോടെ വിവേചനാധിഷ്ഠിതമായ ജാതിശ്രേണിബന്ധവും കാവിലേക്ക് കടന്നുവരും. ഉത്തരമലബാറില്‍ സമീപകാലത്തുണ്ടായ പല പ്രശ്‌നങ്ങളും ക്ഷേത്രത്തിന്റെ ശുദ്ധിസങ്കല്പവുമായി ബന്ധപ്പെട്ട്‌ സംഭവിച്ചതാണ്. പല പ്രശ്‌നങ്ങളുടെയും കാരണം എന്താണ് കാവെന്നും ക്ഷേത്രത്തില്‍ നിന്ന് വിഭിന്നമായി, വിരുദ്ധമായി മനുഷ്യനെയും പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും സമന്വയിക്കുന്ന കാവിന്റെ യഥാര്‍ഥ സ്വത്വം എന്താണെന്നും മനസ്സിലാക്കാന്‍ കഴിയാതെ പോയതാണ്. ഏറെ വിവാദങ്ങളുണ്ടാക്കിയ കരിവെള്ളൂരിലെ പൂരക്കളി- മറത്തുകളി കലാകാരന്‍ വിനോദ് പണിക്കരുടെ ജാതിവിലക്കും അങ്ങനെയാണുണ്ടായത്. മകന്‍ മുസ്ലിം യുവതിയെ വിവാഹം കഴിച്ചതിനാലാണ് മറത്തുകളി അനുഷ്ഠാനരംഗത്തെ വിനോദ് പണിക്കരെ കാവധികാരികള്‍ വിലക്കിയത്.

ഉത്തര കേരളത്തിലെ കാവുകളില്‍ തെയ്യം പോലെത്തന്നെ വലിയ പ്രാധാന്യത്തോടെ ആചരിച്ചുവരുന്ന ജനകീയാനുഷ്ഠാനമാണ് പൂരക്കളിയും അതിനോടനുബന്ധിച്ചുള്ള പാണ്ഡിത്യപ്രകടനത്തിലധിഷ്ഠിതമായ മറത്തുകളിയും. പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമങ്ങലത്തെ മല്ലിയോട്ടുകാവാണ് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും വലിയ വാര്‍ത്താപ്രാധാന്യത്തോടെ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. ഉത്സവകാലത്ത് മുസ്ലിങ്ങള്‍ക്ക് ക്ഷേത്രപ്പറമ്പില്‍ പ്രവേശനമില്ലെന്ന മുന്നറിയിപ്പുബോര്‍ഡാണ് വലിയ വിവാദമായത്.

കുഞ്ഞിമങ്ങലത്തെ ക്ഷേത്രപ്പറമ്പില്‍നിന്ന് തിയ്യരായ നവക്ഷത്രിയര്‍ ആട്ടിയോടിച്ച അതേ മാപ്പിളസോദരരാണ് ചിറ്റാരിക്കല്‍ പെരുമ്പട്ട മുനീറുള്‍ ഇസ്ലാം ജുമാമസ്ജിദിലേക്ക് പാടാര്‍കുളങ്ങര ഭഗവതിക്ഷേത്രത്തിലെ വിഷ്ണുമൂര്‍ത്തി തെയ്യത്തെ അരിയെറിഞ്ഞാനയിക്കുന്നത്. മുസ്ലിങ്ങളെ നിഷേധിക്കുന്ന മല്ലിയോട്ടിനടുത്തുതന്നെയാണ് മാപ്പിളമാരായ ചാണത്തലയന്‍ കുടുംബക്കാര്‍ക്ക് പ്രത്യേകാവകാശങ്ങളുള്ള കുഞ്ഞിമങ്ങലം മുച്ചിലോട്ടുകാവ് സ്ഥിതിചെയ്യുന്നത്. ഇതൊന്നും മനസ്സിലാക്കാതെയാണ് തെയ്യക്കാവുകളെ ഭക്തിയുടെ അധികാരകേന്ദ്രങ്ങളാക്കി മാറ്റുന്നത്.

നവീകരിച്ച കാവുമുറ്റം

പറിച്ചുമാറ്റാനാകാത്ത മാപ്പിള സാഹോദര്യം

മുസ്ലിം വിരോധത്തിന്റെ രണ്ട് വ്യത്യസ്ത സംഭവങ്ങളാണ് പേരും പെരുമയുമാര്‍ന്ന കരിവെള്ളൂരിനെയും പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമങ്ങലത്തെയും വീണ്ടും വാര്‍ത്തകളിലെത്തിച്ചത്. തെയ്യം അനുഷ്ഠാനത്തില്‍ മാത്രമല്ല കേരളചരിത്രത്തില്‍ തന്നെ അത്രയേറെ പ്രാധാന്യമുള്ള സ്ഥലമാണ് പയ്യന്നൂരും കരിവെള്ളൂരും. സാമൂഹികമാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെയാണ് ഈ രണ്ട് പ്രദേശങ്ങളും സമീപകാലത്ത് ചര്‍ച്ചചെയ്യപ്പെട്ടത്. പൂരക്കളിയും തെയ്യവും ഉത്തരകേരളത്തിന് തനതായ വ്യക്തിത്വം പ്രദാനംചെയ്ത രണ്ട് അനുഷ്ഠാനങ്ങളാണ്. ഉത്തരകേരളത്തിലല്ലാതെ ഈ രണ്ട് അനുഷ്ഠാന വിശേഷങ്ങളും വേറെവിടെയും അതിന്റെ പൂര്‍ണതയില്‍ കാണാനുമാകില്ല.

ഏറെ വിവാദങ്ങളുണ്ടായ കുഞ്ഞിമങ്ങലം മല്ലിയോട്ട് കാവില്‍ ഇക്കഴിഞ്ഞ കളിയാട്ടം കാണാന്‍ പോയിരുന്നു. ഉത്സവകാലങ്ങളില്‍ മുസ്ലിങ്ങള്‍ക്ക് ക്ഷേത്രപ്പറമ്പില്‍ പ്രവേശനമില്ലെന്ന് പരസ്യമായി ബോര്‍ഡെഴുതി സ്ഥാപിച്ച് വലിയ പ്രശ്‌നങ്ങള്‍ കഴിഞ്ഞവര്‍ഷം തന്നെ ഉണ്ടായതാണ്. സാമൂഹികമാധ്യമങ്ങളില്‍ വലിയ കോളിളക്കമാണ് ഈ മുന്നറിയിപ്പ് ബോര്‍ഡുണ്ടാക്കിയത്. ക്ഷേത്രമായി മാറിയ മല്ലിയോട്ട്കാവിന്റെ പ്രവേശനകവാടത്തില്‍ അവിടേക്ക് വരുന്ന എല്ലാവര്‍ക്കും കാണാന്‍ പാകത്തില്‍ തന്നെയാണ് മുസ്ലിങ്ങളെ ക്ഷേത്രപ്പറമ്പില്‍നിന്ന് ആട്ടിപ്പായിക്കുന്ന ബോര്‍ഡെഴുതി സ്ഥാപിച്ചിട്ടുള്ളത്. എന്തുകൊണ്ടായിരിക്കും ഇത്രയധികം എതിര്‍പ്പുകളുണ്ടായിട്ടും കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച മതവിദ്വേഷം ചീറ്റുന്ന അതേ ബോര്‍ഡ് സ്ഥാപിക്കാന്‍ അധികാരികളെ പ്രേരിപ്പിക്കുന്നത്?

തെയ്യക്കാവില്‍ ഒരു കാലത്തും മാപ്പിള അന്യനല്ല. ഹിന്ദുമതം സര്‍വപ്രതാപത്തോടെയും വിരാജിച്ചിരുന്ന കാലത്ത് അതിന്റെ പരിസരത്തേക്കുപോലും പ്രവേശനം ഇല്ലാതിരുന്ന ജാതിസമൂഹങ്ങളാണ് തെയ്യത്തെ നിര്‍മിച്ചതും നിലനിര്‍ത്തിയതും. ഹിന്ദുമതത്തിന്റെ സനാതന മൂല്യങ്ങള്‍ പുറമ്പോക്കിലേക്ക് പുറന്തള്ളിയവരാണ് തെയ്യമായും തെയ്യക്കാവായും മറ്റൊരു ചരിത്രത്തെ മണ്ണില്‍ ആവിഷ്‌കരിക്കുന്നത്.
തെയ്യം ഒരു സമൂഹത്തെയല്ലാതെ ഒരു മതത്തെ അഭിസംബോധന ചെയ്യുന്നേയില്ല. തൊഴിലും അതിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ട വിവിധ തൊഴില്‍സമൂഹങ്ങളോടാണ് തെയ്യം സംസാരിക്കുന്നത്. തിയ്യനും മുന്നേ ഇവിടെ ആരാധനാലയങ്ങള്‍ സ്ഥാപിച്ച മാപ്പിളയെ തെയ്യം മാത്രമല്ല ആരും അന്യരായി കണക്കാക്കീട്ടില്ല. കടലരികേനിന്നും മലയരികേനിന്നും തെയ്യങ്ങള്‍ വരുന്നതിനുമുന്നേ തന്നെ ഇവിടെ മുസ്ലിങ്ങളുണ്ട്. പൂമാലയുടെയും ആയിറ്റിപ്പോതിയുടെയും ദൈവമരക്കലങ്ങള്‍ ഏഴിമല അഴിക്കാനത്ത് നങ്കൂരമിടുന്നതിനുമുന്‍പേ തന്നെ ഇവിടെ മാപ്പിള മരക്കലങ്ങള്‍ ഉതിരപ്പെരുവളമായ നമ്മുടെ അറബിക്കടലിന്റെ തിരമുറിച്ച് പായുന്നുണ്ട്.

മുച്ചിലോട്ട് പോതിയും കതിവനൂര്‍ വീരനും വരുന്നതിനുമുന്‍പുതന്നെ ഇവിടെ ആദ്യത്തെ പള്ളിയായ കൊടുങ്ങല്ലൂര്‍ പള്ളിയും രണ്ടാമത്തെ പള്ളിയായ മാടായി പള്ളിയും സ്ഥാപിച്ചിട്ടുണ്ട്. കച്ചവടം ചെയ്യുന്ന മാപ്പിള പല പ്രകാരത്തിലാണ് തെയ്യത്തില്‍ കടന്നുവരുന്നത്. പെരുങ്കളിയാട്ടം നടക്കുമ്പോള്‍ പല കാവുകളിലും മുസ്ലിം തറവാടിന് പ്രത്യേകാവകാശങ്ങള്‍ ഇന്നും നല്കിവരുന്നുണ്ട്. മേല്‍ജാതിക്കാരുടെ അതിരും എതിരുമില്ലാത്ത തെയ്യങ്ങളായ ക്ഷേത്രപാലകനും വൈരജാതനും ഈ മാപ്പിള സൗഭ്രാതൃത്വം തുടര്‍ന്നു, കാഞ്ഞങ്ങാട്ടെ അതിഞ്ഞാല്‍പള്ളി ക്ഷേത്രപാലകന്‍ തന്റെ ചങ്ങാതിയും പടയാളിയുമായ ഷേയ്ഖിന് പണിതുകൊടുത്തത് കെട്ടുകഥ മാത്രമല്ല, ചരിത്രവും കൂടിയാണ്.

ഉത്തരകേരളത്തില്‍ നാടുവാഴിത്തവും ഭൂപ്രഭുത്വവുമുറപ്പിച്ച മറ്റൊരു പടനായരായ വൈരജാതനെന്ന കമ്പിക്കാനത്ത് നായരും അന്യമതമായ മുസ്ലിമിന് അയിത്തം കല്പിച്ചില്ല. വമ്പന്‍ തമ്പുരാന്റെ ആരൂഢമായ ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രത്തില്‍ തന്റെ യജമാനനുവേണ്ടി കൈകള്‍ അറുത്ത് മാറ്റപ്പെട്ട് ബലിയായ വലിയവീട്ടില്‍ മാപ്പിളയെന്ന മുസ്ലിം പടനായകന്റെ പ്രതിമയുണ്ട്. വരുംകാലത്തേക്കുള്ള താക്കീതായാണ് അതിഞ്ഞാല്‍പള്ളിയും കൈകളറ്റ മാപ്പിളച്ചേകോനും ഉത്തരമലബാറിന്റെ രേഖപ്പെടുത്താത്ത ചരിത്രത്തില്‍ ബാക്കിയാകുന്നത്.

മാപ്പിള തെയ്യമാകുന്ന കാലത്ത് ഇന്നുള്ളതുപോലെ മാപ്പിള വിരോധമുണ്ടായിരുന്നില്ല. അനുഷ്ഠാനത്തില്‍ ഇങ്ങനെയൊന്ന് തെയ്യത്തില്‍ മാത്രം സംഭവിക്കുന്നതാണ്. കലയും സംസ്‌കാരവുമെല്ലാം അടിമുടി ഹൈന്ദവവത്കരിക്കപ്പെടുമ്പോള്‍ തെയ്യം അതിനെ മറികടക്കുന്നത് ചരിത്രപരമായാണ്. ഹിന്ദുത്വയുടെ കുടിലതന്ത്രങ്ങളെ അതിന്റെ ഉള്ളില്‍ വെച്ചുതന്നെ തെയ്യം തകര്‍ക്കുന്നുണ്ട്.

ഫോട്ടോ:പ്രദീപ് എന്‍.എം

മല്ലിയോട്ട് കാവിലെ പാലോട്ട് ദൈവം
ചരിത്രത്തിലെ ഏറ്റവും ഹിംസാത്മകമായ വൈരുധ്യമാണ് ഉത്തരകേരളത്തിലെ കാവുകളെ ഭരിക്കുന്നത്. കാവിന്റെതായ യാതൊരുവിധത്തിലുള്ള ജന്തുവാസനയോ സസ്യവാസനയോ ശേഷിപ്പിക്കാതെ വലിയ നിര്‍മിതികള്‍കൊണ്ട് സ്വയം ക്ഷേത്രമായി മാറി പേരില്‍ മാത്രം കാവായി നില്ക്കുമ്പോഴും അഷ്ടബന്ധത്തിനകത്ത് കുഴിച്ചുമൂടിയ സ്വന്തം ചരിത്രം പറയാതിരിക്കാന്‍ തെയ്യത്തിനാകില്ലല്ലോ. മല്ലിയോട്ട് കാവിലെ ആരാധനാമൂര്‍ത്തിയായ പാലോട്ട് ദൈവം എന്ന തെയ്യം ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ ആശ്രയവും അഭയവുമാണ്. പാലോട്ട് ദൈവത്തെ ആദ്യമായി കണ്ടുമുട്ടിയത് ക്ഷേത്രത്തില്‍ പൂജയ്ക്കുപോയ മഹാതന്ത്രിയോ പടയ്ക്കുപോയ തമ്പുരാനോ അല്ല. ഒരു സമൂഹത്തിലെ ഏറ്റവും ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്കുമുന്നിലാണ് നടുക്കടലില്‍ മീനുകള്‍ക്കൊപ്പം തെയ്യം തന്റെ സാന്നിധ്യമറിയിക്കുന്നത്. പട്ടിണിമാറ്റാന്‍ കടലില്‍ വീയാന്‍ പോയ തിയ്യന്റെയും ചങ്ങാതിയായ നഗരത്തില്‍ തട്ടാന്റെയും വലയില്‍ കുടുങ്ങിയാണ് പാലോട്ട് ദൈവം തന്റെ തെയ്യപ്പൊരുളറിയിക്കുന്നത്. കടലില്‍ മീന്‍പിടിക്കുന്നവരെയും കൊല്ലനെയും തട്ടാനെയും ഹിന്ദുവായി കണക്കാക്കാതിരുന്ന കാലത്താണ് പാലോട്ട് ദൈവമെന്ന നാട്ടുമനുഷ്യരുടെ തെയ്യം സംഭവിക്കുന്നത്.

അഴീക്കോടും കീച്ചേരിയും ചെറുകുന്ന് തെക്കുമ്പാടും അതിയടത്തും കുഞ്ഞിമങ്ങലത്തും മീന്‍മുടിയുമായി തെയ്യം ഉറഞ്ഞാടി. കടലില്‍വെച്ച് തെയ്യം കണ്ടുമുട്ടിയ തട്ടാന്മാര്‍ക്കുവേണ്ടിമാത്രം പിന്നെയും കോലത്തുനാട്ടില്‍നിന്ന് തുളുനാട്ടിലേക്ക് സഞ്ചരിച്ചു. നീലേശ്വരത്ത് തട്ടാച്ചേരിയാണ് കാസര്‍കോട് ജില്ലയിലെ പാലോട്ട് ദൈവത്തിന്റെ ഒരേയൊരു സ്ഥാനം. ഏത് യുക്തികൊണ്ട് വ്യാഖ്യാനിക്കാന്‍ ശ്രമിച്ചാലും ചാതുര്‍വര്‍ണ്യത്തിന്റെ എല്ലാ വിവേചനങ്ങളും നിലനില്ക്കുന്ന ക്ഷേത്രമാകാന്‍, ക്ഷേത്രത്തിന്റെ വൈദികനിഷ്ഠകളെ അനുസരിക്കാന്‍ ഒരു തെയ്യക്കാവിനുമാവില്ല. അത് മല്ലിയോട്ട് കാവിന് എന്നല്ല ഇന്ന് നിലനില്‍ക്കുന്ന ഏത് തെയ്യക്കാവിനും സാധിക്കാത്തതാണ്.

പൗരോഹിത്യത്തിന്റെ അധികാരം
ബ്രാഹ്‌മണ്യം മുന്നോട്ടുവയ്ക്കുന്ന മതചിന്തയെ നിരാകരിക്കുക എന്നത് തെയ്യങ്ങളുടെ പൊതുവായ നയമാണ്. ബ്രാഹ്‌മണ്യത്തെ ഒന്നാമത്തെ വര്‍ഗശത്രുവായി പ്രഖ്യാപിച്ച തെയ്യങ്ങളെ വേദമന്ത്രങ്ങളുടെ ചങ്ങലപ്പൂട്ടില്‍ എങ്ങനെ ബന്ധിക്കും? പൗരോഹിത്യഹിംസയ്ക്കിരയായ നാട്ടുമനുഷ്യര്‍ തന്നെയാണ് തെയ്യങ്ങള്‍. മറ്റുള്ളവര്‍ക്ക് സഹായകരമായി ജീവിക്കുക. എതിര്‍ഭാഗത്ത് പൗരോഹിത്യത്തിന്റെ അധികാരം ആയുധവുമായി പ്രത്യക്ഷപ്പെടുക. തെയ്യങ്ങളുടെ പൂര്‍വജീവിതം അങ്ങനെയാണ്. മേല്‍ജാതിക്കാരുടെ രക്ഷകരായി അവതരിക്കുന്ന വേട്ടക്കരുമകന്‍, ഊര്‍പ്പഴശ്ശി, വൈരജാതന്‍, ക്ഷേത്രപാലകന്‍ പോലുള്ള ചില തെയ്യങ്ങള്‍ക്കാണ് കൊലക്കത്തിക്കിരയാകാതെ എല്ലാകാലത്തും തമ്പുരാന്മാരായി വാഴാന്‍ കഴിഞ്ഞിട്ടുള്ളത്.

കടാങ്കോട്ട് മാക്കം, മുച്ചിലോട്ട് പോതി, കമ്മാടത്ത് പോതി, തോട്ടുങ്കരപോതി, നീലിയാര്‍ ഭഗവതി, നരമ്പില്‍ ഭഗവതി, കരിഞ്ചാമുണ്ടി, ഉമ്മച്ചിത്തെയ്യം, കതിവനൂര്‍ വീരന്‍, കണ്ടനാര്‍കേളന്‍, കുളച്ചേരി വിഷകണ്ടന്‍, കൂടാളിത്തറയില്‍ കുഞ്ഞിരാമന്‍, പുലിമറഞ്ഞ തൊണ്ടച്ചന്‍, ഐപ്പിള്ളിത്തെയ്യം, പൊട്ടന്‍തെയ്യം, ബാലിത്തെയ്യം, കുട്ടിച്ചാത്തന്‍, പാലന്തായികണ്ണന്‍ തുടങ്ങിയ നിരവധി തെയ്യങ്ങള്‍ അധികാരികളുടെ കൊലക്കത്തിക്കിരയായവരാണ്.

സ്വന്തം ഗോത്രഭൂമികയിലേക്ക് അതിക്രമിച്ചുകടന്ന ബ്രാഹ്‌മണ്യത്തിന്റെ കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയ്ക്കിരയായ രണ്ട് മനുഷ്യരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഉത്തരം കിട്ടാതെ പൗരോഹിത്യം ഇന്നും ഇരുട്ടില്‍ത്തപ്പുകയാണ്. വൈനോടോന്‍ പുഞ്ചക്കണ്ടത്തില്‍ ബലിയായ പുലപ്പൊട്ടനും കിഷ്‌കിന്ധയില്‍ നെഞ്ചുപിളര്‍ന്നുവീണ നെടുബാലിയനും.

വേദങ്ങളുടെ എല്ലാകാലത്തേക്കുമുള്ള സംരക്ഷകനായ രാമന്റെ മോത്ത് നോക്കി ബാലിത്തെയ്യം ചോദിക്കുന്നത് നിന്നെ ഉണ്ടാക്കാനായി ജ്വലിപ്പിച്ച എല്ലാ യജ്ഞകുണ്ഡങ്ങളിലെയും അഗ്‌നി ഈ ഒരൊറ്റ ചതിക്രിയയാല്‍ കെട്ടുപോയി എന്നാണ്. ബ്രാഹ്‌മണ്യത്തിന്റെ ഹവിസ്സും പുണ്യാഹവും നിഷേധിച്ചാണ് മുത്തപ്പന്‍ അയ്യങ്കരമോലോത്തുനിന്നും കുന്നത്തൂര്‍ എകര്‍ന്ന മലയേറുന്നത്. ബ്രാഹ്‌മണ്യത്തിന്റെ എല്ലാകാലത്തേക്കുമുള്ള കണ്ണിലെ കരടാണ് കുട്ടിച്ചാത്തന്‍. എങ്ങനെ ഇല്ലാതാക്കാന്‍ ശ്രമിച്ചാലും മണ്ണില്‍ ശേഷിക്കുന്ന വേരറ്റത്തുനിന്ന് പൊട്ടിത്തെഴുക്കുന്ന കീഴാളജീവിതപ്പടര്‍പ്പാണ് തെയ്യം.

നാടുവാഴിയുടെ ചതിയില്‍ ജീവിതം ഹോമിച്ച പുലച്ചിയാണ് നീലിയാര്‍ കോട്ടത്തമ്മ. അരിഞ്ഞെടുത്ത തലയുമായി തന്ത്രിമാന്ത്രികന്‍ കാടിറങ്ങിയപ്പോള്‍ കമ്മാടത്തമ്മയെന്ന അകംകാണാകാട്ടിലമ്മയുടെ കണ്ണീര്‍ കമ്മാടത്തുകാവിലെ നീര്‍ച്ചാലായൊഴുകി. കരുമാരത്തില്ലത്തെ വിഷദംശമേറ്റ് ജീവന്‍പോയ അന്തര്‍ജനത്തെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിന് കൊളച്ചേരിയിലെ കണ്ടന് പാരിതോഷികമായി കിട്ടിയത് വധശിക്ഷയാണ്. വിളഞ്ഞ വൈനോടോന്‍ പുഞ്ചക്കണ്ടത്തില്‍ ജീവിതത്തിന്റെ പൊരുളെട്ടും കാണിച്ച് ബ്രാഹ്‌മണജ്ഞാനാധികാരത്തെ ഛിന്നഭിന്നമാക്കി മനുഷ്യഭാഷ ചൊല്ലിപ്പഠിപ്പിക്കുന്നുണ്ട് പുലപ്പൊട്ടന്‍. ഇങ്ങനെ വൈദികസംഹിതയുടെ എല്ലാ സന്ധിബന്ധങ്ങളുമറുത്ത തെയ്യത്തെ എങ്ങനെയാണ് പീഠപ്രതിഷ്ഠയിലുറപ്പിക്കുന്നത്? അങ്ങനെ ഉറപ്പിച്ചാലുറയ്ക്കുന്നവരല്ലല്ലോ എല്ലാമുപേക്ഷിച്ച് സങ്കടപ്പെടുന്നവരോടൊപ്പമിറങ്ങിയ സഞ്ചാരപ്രിയരായ തെയ്യങ്ങള്‍.

ഫോട്ടോ:സുനില്‍കുമാര്‍.സി

അവിവേകത്തിന്റെ അമ്ലാഭിഷേകങ്ങള്‍
ജാതിക്കൂട്ടങ്ങളാണ് ഇന്ന് തെയ്യത്തെ നിലനിര്‍ത്തുന്നതും നിര്‍മിക്കുന്നതും. പക്ഷേ, തെയ്യത്തില്‍ ജാതി നിലനിന്നിരുന്നത് പൂര്‍വകാലങ്ങളില്‍ തൊഴിലുമായി ബന്ധപ്പെട്ടാണ്. ജാതിയല്ല അവര്‍ ചെയ്തിരുന്ന തൊഴിലാണ് അവരെ തെയ്യത്തിനുമുന്നിലേക്കെത്തിക്കുന്നത്. കണ്ടംകാക്കുന്ന പുലയര്‍ക്ക് പൊട്ടന്‍. കാടുകൊത്താന്‍ പോയ മാവിലന് കങ്കാളന്‍. പുനംകൃഷി ചെയ്യുന്നവര്‍ക്ക് കാട്ടുമടന്ത, മന്ത്രവാദികളായ യോഗിമാര്‍ക്ക് ഭൈരവന്‍. മരപ്പണിക്ക് കര്‍ണാടകത്തിലേക്കുപോയ മണ്ണുമ്മലാശാരിക്ക് ബാലി.

പന്ത്രണ്ട് കരിയാണിയില്‍ കലശമായി തുളുമ്പി തിയ്യനുമുന്നില്‍ ദൈവസാന്നിധ്യമായി മാറിയ കതിവനൂര്‍ വീരന്‍. കടലില്‍ പോകുന്ന മൊയോന് ആയിറ്റിപ്പോതിയും കുളിയനും. എള്ളാട്ടി എണ്ണയെടുത്ത് വാണിഭം ചെയ്യുന്ന വാണിയര്‍ക്ക് മുച്ചിലോട്ട് പോതി, കടവന്മാര്‍ക്ക് പെരുമ്പുഴയച്ചന്‍. പൊതുവാള്‍, നായര്‍ മേല്‍ജാതി അധികാരവര്‍ഗത്തിന് ക്ഷേത്രപാലകന്‍, വൈരജാതന്‍. അങ്ങനെ ഓരോ ജാതിസമൂഹത്തിനും അവരവരുടെ തൊഴിലിന്റെ അടിസ്ഥാനത്തിലാണ് കുലദൈവങ്ങളെ സിദ്ധിച്ചത്.

എല്ലാവരും തൊഴിലെടുത്തിരുന്ന സാമൂഹികശ്രേണിയില്‍ തെയ്യം ജാതിയെയല്ല തൊഴിലിനെയാണ് അഭിസംബോധന ചെയ്തിരുന്നത്. വിവിധ ജാതിസമൂഹങ്ങളുടെയല്ല തൊഴില്‍ സമൂഹങ്ങളുടെ കൂടിക്കലരലാണ് കാവില്‍ നടക്കുന്നത്. സാമ്പത്തികമായും സാംസ്‌കാരികമായും അടിയുറച്ച സുഘടിതമായ ഒരു സമൂഹനിര്‍മിതിക്ക് ഉത്പാദന വ്യവസ്ഥ അഭിവൃദ്ധിപ്പെടേണ്ടതുണ്ട് എന്ന് കൃത്യമായി മനസ്സിലാക്കിയത് തെയ്യമാണ്. അതുകൊണ്ടാണ് മുസ്ലിം ഉള്‍പ്പെടെയുള്ള എല്ലാ ജാതിസമൂഹങ്ങള്‍ക്കും കാവില്‍ കൃത്യമായ അവകാശാധികാരങ്ങളും ആചാരപദവിയും ലഭിക്കുന്നത്. തെയ്യത്തെയും അതിന്റെ കാലത്തെയും ജീവിതത്തെയും ആനുകാലികമായി നവീകരിക്കുന്ന സാമൂഹികചിന്തയോടെ ഒരു തെയ്യം പഠനപദ്ധതി രൂപപ്പെടേണ്ടത് അനിവാര്യമാണ്. ചരിത്രത്തെ നമുക്ക് എളുപ്പം മറക്കാനാകും. കടന്നുവന്ന കഠിനകാലത്തെ, സാധാരണ മനുഷ്യരോടൊപ്പം പുലര്‍ന്ന സ്വചരിത്രത്തെ, തങ്ങളോടൊപ്പം കൂടെക്കൂടിയ മാപ്പിള സാഹോദര്യത്തെ, പക്ഷേ, തെയ്യത്തിന് എങ്ങനെ മറക്കാനാകും?

(മാതൃഭൂമി ആഴ്ചപതിപ്പ് 2022 ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത് )

Content Highlights: about theyyam and changing trend


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented