Photo-AP
പശ്ചിമേഷ്യയിലെ പ്രബലരാജ്യമായ ഇറാനിലെ ജനകീയപ്രക്ഷോഭം ലോകവ്യാപകമായി വലിയതോതിൽ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഇസ്ലാമിക ഭരണകൂടം സ്ഥാപിതമായശേഷം നടക്കുന്ന ഏറ്റവും ശക്തമായ ജനകീയ പ്രക്ഷോഭമായിട്ടാണ് സ്ത്രീകളും വിദ്യാർഥികളും നേതൃത്വം നൽകുന്ന ഈ പ്രക്ഷോഭങ്ങൾ വിലയിരുത്തപ്പെടുന്നത്. ശരിയായി ഹിജാബ് ധരിച്ചില്ലെന്ന കാരണത്താൽ രാജ്യത്തെ ധാർമികതാ പോലീസ് (Morality Police) കസ്റ്റഡിയിലെടുത്ത മഹ്‌സാ അമീനി എന്ന ഇരുപത്തിരണ്ടുകാരിയുടെ മരണമാണ് പ്രക്ഷോഭങ്ങളുടെ പെട്ടെന്നുള്ള കാരണമായി മാറിയത്. രാജ്യത്ത് ഇസ്ലാമിക ഭരണകൂടം നിലവിൽവന്ന് നാലുപതിറ്റാണ്ടുകൾ പിന്നിടുമ്പോഴേക്കും അതിനെതിരായ ജനവികാരം ശക്തിപ്രാപിക്കുന്നു എന്നതാണ് ഇറാനിൽ ഇപ്പോൾ നടന്നുവരുന്ന ഭരണകൂട വിരുദ്ധപ്രക്ഷോഭങ്ങളെ ഏറെ പ്രസക്തമാക്കുന്നത്. മഹ്‌സാ അമീനിയുടെ മരണത്തെ തുടർന്ന് സെപ്റ്റംബർ 16-നാണ് പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നത്.
മുടി മുറിച്ചും ഹിജാബ് വലിച്ചെറിഞ്ഞും സ്ത്രീകൾ തെരുവിലിറങ്ങി. തൊഴിലില്ലായ്മ, കാർഷികപ്രതിസന്ധി, പണപ്പെരുപ്പം തുടങ്ങി വിവിധ ജീവൽപ്രശ്‌നങ്ങളിൽ പൊറുതിമുട്ടുന്ന ജനങ്ങളിൽ നല്ലൊരു പങ്കും പ്രക്ഷോഭങ്ങൾക്ക് അനുകൂലമാണ്. മതപൗരോഹിത്യം നേതൃത്വം നൽകുന്ന അടിച്ചമർത്തൽ ഭരണസംവിധാനത്തിനെതിരായ ചെറുത്തുനിൽപ്പായി പുതിയ പ്രക്ഷോഭം രൂപംമാറുന്നതാണ് പിന്നീട് കണ്ടത്. വളരെ അക്രമാസക്തമായി തന്നെയാണ് ഭരണകൂടം പ്രക്ഷോഭങ്ങളെ നേരിടുന്നത്. ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിനു പേർ അറസ്റ്റിലായിട്ടുണ്ട്. പലർക്കും വധശിക്ഷ വിധിച്ചിട്ടുമുണ്ട്. 1979-ൽ ഇസ്ലാമിക റിപ്പബ്ലിക്കായി മാറിയ ഇറാനിൽ പൗരോഹിത്യത്തിനെതിരെ ഇത്രയേറെ ശക്തവും വ്യാപകവുമായ പ്രക്ഷോഭം ഇതാദ്യമാണ്. അതേസമയം, പ്രക്ഷോഭങ്ങളുടെ വലിയ ചരിത്രം പറയുന്ന നാടുമാണിത്.
പേർഷ്യൻ ചരിത്രം
ലോകചരിത്രത്തിൽതന്നെ സുപ്രധാന സ്ഥാനമുള്ള രാജ്യങ്ങളിലൊന്നാണ് മുൻപ് പേർഷ്യ എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഇറാൻ. സാംസ്‌കാരികമായും രാഷ്ട്രീയപരമായും ചരിത്രപരമായും ആധുനിക ലോകക്രമത്തിന് നിർണായക സംഭാവനകൾ നൽകിയ ഒരു ജനവിഭാഗമാണ് ഇറാനിൽ നിവസിച്ചിരുന്നത്. യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലുമായി മൂന്ന് വൻകരകളിൽ പരന്നുകിടന്നിരുന്ന പേർഷ്യൻ സാമ്രാജ്യം, ഓട്ടോമൻ-തുർക്കി സാമ്രാജ്യം, റോമൻ സാമ്രാജ്യം, അറബ് സാമ്രാജ്യം തുടങ്ങിയ ലോകത്തെത്തന്നെ ഏറ്റവും ശക്തവും വിസ്തൃതവുമായ മധ്യകാല സാമ്രാജ്യങ്ങളോടൊപ്പം പ്രാധാന്യം നേടിയതാണ്. അഞ്ചര നൂറ്റാണ്ടിലധികം (1501-1979) തുടർച്ചയായി വെല്ലുവിളികൾ നേരിടാതെ രാജഭരണം നിലനിന്നിരുന്ന രാജ്യം എന്ന പ്രത്യേകതയും പേർഷ്യ/ഇറാൻ എന്ന രാജ്യത്തിനുണ്ട്. 1979-ൽ ഇസ്ലാമിക വിപ്ലവത്തിലൂടെ രാജഭരണം അവസാനിക്കുന്നതുവരെ ഇറാനിൽ ശക്തവും കേന്ദ്രീകൃതവുമായ രാജവംശങ്ങൾ തുടർച്ചയായി അധികാരം നിലനിർത്തിയിരുന്നു.
ആധുനിക ലോകത്തെ ഏറ്റവും വലിയ 'ദിവ്യാധിപത്യ/ദൈവാധിപത്യ' രാജ്യമാണ് (theocratic state) ഇറാൻ. രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനത്തിലധികം വരുന്ന ഷിയ മുസ്ലിം വിഭാഗത്തിലെ പൗരോഹിത്യനേതൃത്വമാണ് 1979 മുതൽ ഇറാന്റെ യഥാർഥ രാഷ്ട്രീയാധികാരം കൈയാളുന്നത്. അറേബ്യൻ ഉപഭൂഖണ്ഡത്തിൽ ഇസ്ലാമിന്റെ ആവിർഭാവത്തിന്റെ തുടർച്ചയായി എട്ടു മുതൽ 10 വരെയുള്ള നൂറ്റാണ്ടുകളിലാണ് ഇറാനിൽ ഇസ്ലാംമതം ശക്തിയാർജിച്ചത്. ഇസ്ലാമിന്റെ കടന്നുവരവോടുകൂടി ഇറാനിൽ നിലവിലുണ്ടായിരുന്ന 'സ്വരാഷ്ട്രീയൻ മതം' തകർച്ച നേരിട്ടു. ക്രമേണ ഇസ്ലാം ഇറാനിലെ പ്രബല മതവിഭാഗമായി വളർന്നു.
16-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇറാനിൽ അധികാരത്തിൽ വന്ന 'സഫാവിദ്' രാജവംശമാണ് ഇറാനെ ഒരു ഷിയാ മുസ്ലിം രാജ്യമായി മാറ്റിയത്. തുടർന്നിങ്ങോട്ട് ഇറാന്റെ രാഷ്ട്രീയ-സാമ്പത്തിക മേഖലയിലടക്കം നിർണായക സ്വാധീനമായി മാറാൻ ഷിയാ പൗരോഹിത്യത്തിന് കഴിഞ്ഞു. രാജാധികാരത്തെ പൂർണമായും നിഷ്‌കാസനം ചെയ്ത് അധികാരം പിടിച്ചെടുത്ത ഷിയാ മതനേതൃത്വം 1979 ഏപ്രിൽ ഒന്നാംതീയതിയാണ് ഇറാനെ ഒരു 'ഇസ്ലാമിക റിപ്പബ്ലിക്' ആയി പ്രഖ്യാപിക്കുന്നത്.
ഒന്നാം ലോകമഹായുദ്ധത്തിനുശേഷം വലിയ രാഷ്ട്രീയമാറ്റങ്ങൾക്കാണ് ഇറാൻ സാക്ഷ്യം വഹിച്ചത്. രാജ്യത്ത് അധികാരത്തിലിരുന്ന അഹമ്മദ്ഷാ ഖജറിനെ പുറത്താക്കി ഇറാൻ സൈന്യത്തിലെ ശക്തമായ കൊസ്സാക്ക് വിഭാഗത്തിന്റെ മേധാവിയായിരുന്ന റേസഖാൻ 1921-ൽ ഇറാന്റെ ഭരണം പിടിച്ചെടുക്കുന്നു. തുടർന്ന് 1925-ൽ റേസ ഷാ പഹ്ലവി എന്ന പേരിൽ അദ്ദേഹം സ്വയം രാജാവായി പ്രഖ്യാപിച്ച് പഹ്ലവി രാജവംശത്തിന് തുടക്കം കുറിച്ചു. ബ്രിട്ടനുമായി സഹകരിച്ചിരുന്ന റേസ ഷാ രാജ്യത്ത് നിരവധി ആധുനികവത്കരണ നടപടികൾക്ക് തുടക്കം കുറിച്ചു. പാശ്ചാത്യ പിന്തുണയോടെ പുരോഗമന മാതൃകയിലുള്ള അദ്ദേഹത്തിന്റെ പല നടപടികളും ഷിയാ മതപൗരോഹിത്യ നേതൃത്വത്തിന്റെ കടുത്ത എതിർപ്പിനിടയാക്കി.
പാശ്ചാത്യ വിദ്യാഭ്യാസം, ഹിജാബ് നിരോധനം, സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള പൊതുമണ്ഡലങ്ങൾ തുടങ്ങിയ പരിഷ്‌കാരങ്ങളെല്ലാം അങ്ങേയറ്റം യാഥാസ്ഥിതികരായ പുരോഹിതവർഗത്തെ അസ്വസ്ഥരാക്കി. റേസ ഷായുടെ ഇത്തരം നടപടികൾ പലപ്പോഴും ഇരുവിഭാഗങ്ങൾക്കിടയിൽ വലിയ ഭിന്നതകൾ സൃഷ്ടിച്ചു. പാശ്ചാത്യ മുതലാളിത്ത സംവിധാനത്തിനനുസൃതമായി ഇറാന്റെ സമ്പദ്വ്യവസ്ഥയെ പരിഷ്‌കരിക്കാനുള്ള റേസ ഷായുടെ നടപടികൾ കർഷകരുടെയും കച്ചവടക്കാരുടെയും എതിർപ്പിനും കാരണമായി. 1935-ൽ 'മഷാദ്' നഗരത്തിലെ ഇമാം റേസ ആരാധനാലയത്തിൽ ഗ്രാമീണ കർഷകരും 'ബാസാനി'കളും (കച്ചവടക്കാർ) നടത്തിയ പ്രക്ഷോഭം റേസ ഷായുടെ നടപടികളോടുള്ള എതിർപ്പിന്റെ പ്രത്യക്ഷ പ്രകടനമായിരുന്നു...
(കൂടുതല്‍ ഡിസംബര്‍ 2022 ലക്കം മാതൃഭൂമി ജി.കെ ആന്‍ഡ് കറന്റ് അഫയേഴ്‌സില്‍ വായിക്കാം)
Content Highlights: about the protest in iran
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..