ശാരീരികമായ ചില പ്രയാസങ്ങളിലാണ്. അതിനാല്‍ കുറച്ചു നാളായി  വായനയില്ല. എഴുത്തും. ജനല്‍പ്പാളിക്ക് പുറത്ത് ആഞ്ഞു പെയ്ത മഴ ആദ്യം ആശ്വാസമായിരുന്നു. പിന്നെപ്പിന്നെ മഴനൂലിന് ബലം വച്ചു. കാറ്റ് വീശി. പേടിയായി.

''കാറ്റു തൊട്ടാല്‍ പുഴങ്ങുന്നു വേരുകള്‍ 
ചോട്ടിലെങ്കിലും മേലേത്തളിരുകള്‍
ഏറ്റുവാങ്ങിടുന്നീ മഴച്ചാറ്റലിന്‍
ഞാറ്റു പാട്ടും നിറഞ്ഞ ചങ്ങാത്തവും'' 
എന്ന്  വിജയലക്ഷ്മി.

കാറ്റ് ശമിച്ചു. മഴയും. 

കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തിരുവനന്തപുരത്ത് എത്തി പറഞ്ഞു, മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പമുണ്ടായിരുന്നു: ''ഇതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല.'' 

അങ്ങ് ശരിയാണ് മന്ത്രീ... അരുത്. തീര്‍ച്ചയായും ചെയ്യരുത്. അങ്ങനെ പ്രഖ്യാപിക്കരുത്. എന്തെന്നാല്‍ ഞങ്ങള്‍ പാവപ്പെട്ടവരെ സംബന്ധിച്ചേടത്തോളം  നിങ്ങള്‍ തന്നെയാണ് ദേശീയ ദുരന്തങ്ങള്‍. 

എന്താണ് നമുക്ക് സംഭവിക്കുന്നത്? ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സാത്താന്‍ വെളിച്ചപ്പെടുമ്പോള്‍? 

ഒരു ചുഴലിക്കാറ്റും പെട്ടെന്ന് ഒരുനാള്‍ ആകാശങ്ങളില്‍നിന്ന് അയയ്ക്കപ്പെടുന്നില്ല. അത് ഉരുവപ്പെടുന്നതിന് ചില പ്രതിഭാസങ്ങളുണ്ട്. ഓഖിയുടെ കാര്യത്തിലും ഇതെല്ലാം നടന്നു. തിരുവനന്തപുരത്തിന് 120 കിലോമീറ്റര്‍ അകലെയാണ് ഓഖി രൂപപ്പെട്ടത്. ഹിന്ദിയിലെ ആംഖ് ബംഗാളിയില്‍ ഓംഖും ഓഖിയുമായി. കണ്ണ് എന്ന് അര്‍ത്ഥം. കന്യാകുമാരിക്ക് അടുത്തായിരുന്നു കൊടുങ്കാറ്റിന്റെ കണ്ണ്. 

തിരുവനന്തപുരത്തിന് തെക്കുപടിഞ്ഞാറു മാറി രൂപപ്പെട്ട ഓഖി ചുഴറ്റിക്കറങ്ങി എത്തി വടക്ക് പടിഞ്ഞാറു ഭാഗത്തേക്ക് കടന്നുപോയി. ചുഴലിയുടെ പരിസരങ്ങളില്‍ കേരളം പെട്ടു. കാറ്റും മഴയും ഒന്നിച്ചെത്തി. വിവാദങ്ങളുടെ തമ്പുരാക്കന്മാരായ മണ്ണാങ്കട്ടയും കരിയിലയും ഒലിച്ചു പോയി. 

പ്രിയപ്പെട്ട മുഖ്യമന്ത്രീ, പറയാതെ വയ്യ. കേന്ദ്ര മന്ത്രി കണ്ണന്താനത്തിനൊപ്പം അര്‍ദ്ധസ്മിതവുമായി അങ്ങ് നിന്നപ്പോള്‍ ഓര്‍ത്തു പോയി, കാശിക്കു പോയ പൂര്‍വികരുടെ കഥ. മഴയും കാറ്റും വന്നപ്പോള്‍ അലിഞ്ഞ് പറന്നു പോയ കഥയുടെ സാരള്യം.   

ഇത്തവണയും കാലാവസ്ഥാ വിദഗ്ധര്‍ പതിവു പോലെ ന്യൂനമര്‍ദ്ദത്തിന്റെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേവലമായ റിപ്പോര്‍ട്ടിനപ്പുറം പക്ഷേ, കേരളം അതിന്  ഗൗരവം കണ്ടില്ല. 

മെക്‌സിക്കോയില്‍ ചിത്രശലഭം പറന്നാല്‍ പോലും പശ്ചിമഘട്ടത്തില്‍ കൊടുങ്കാറ്റാവാം എന്നു പഠിപ്പിക്കുന്ന നാനോ ടെക്‌നോളജിയുടെ കാലമാണ്. ന്യൂനമര്‍ദ്ദം ചുഴലിയായി. അത് വന്നടുത്തു. മുപ്പതിന് ഉച്ചയ്ക്ക് മുന്നറിയിപ്പ് വന്നു. ചുഴലിയെ നേരിടാനുള്ള എന്തു തയ്യാറെടുപ്പാണ് അന്ന് സര്‍ക്കാര്‍ നടത്തിയത്. പിറ്റേന്ന് തലസ്ഥാനത്ത് കാറ്റും മഴയും വീശിയടിച്ചപ്പോഴും വീഴാന്‍ നില്‍ക്കുന്ന മരച്ചില്ലകളിലും ഒടിയാന്‍ നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകളിലും ആയിരുന്നു നമുക്ക് ശ്രദ്ധ. 

നമ്മുടെ തീരത്ത് താമസിക്കുന്നവരുട കാര്യത്തില്‍ ഒരു സര്‍ക്കാരും അത്രയൊന്നും താല്‍പര്യം എടുത്തു കണ്ടിട്ടില്ല. സമാന്തരമായ ഒരു അലിഖിത ചരിത്രം നേര്‍രേഖയില്‍ പതിഞ്ഞു കിടക്കുന്നുണ്ട് കടലോരത്തെ ഉപ്പുമണലില്‍. അവഗണനയാല്‍ ക്ലാവു പിടിച്ച്. ആരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാതെ.

അപ്പവും വീഞ്ഞുമായി ജനാധിപത്യത്തിന്റെ പ്രവാചകന്മാര്‍ അവരിലേക്ക് ചെന്നതേയില്ല. അവര്‍ക്ക് കിട്ടിയത് അധികവും അഞ്ചാണ്ടു കൂടുമ്പോഴത്തെ വാഗ്ദാനങ്ങള്‍ മാത്രം. എന്നിട്ടും, ജീവിതത്തോട് ഒപ്പം മരണത്തേയും ഒളിപ്പിച്ച് വച്ച് ആശ്വാസമേകുന്ന കടലിനെ കാണുന്ന ആഴത്തോടെ  അവര്‍ നേതാക്കളേയും വിശ്വസിച്ചു.

ഇത്തവണ അവരെ ചതിച്ചത് കാറ്റിനേക്കാള്‍ കടലിനേക്കാള്‍ നമ്മുടെ സര്‍ക്കാരാണ്. നവംബര്‍ മുപ്പതിന് ചുഴലിക്കാറ്റിന്റെ അറിയിപ്പ് വന്ന ശേഷം പാഴാക്കിയ നാഴികകളാണ്  ഓഖിയെ കേരളം പോലുള്ളൊരു നാട്ടില്‍ ദുരന്തമാക്കിയത്. ആധുനികമായ വിവര വിനിമയ സംവിധാനങ്ങളെ പറ്റി അഭിമാനിക്കുന്ന മലയാളി നിസ്സഹായനായി. 

എത്ര മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയി, അവര്‍ എങ്ങോട്ട് പോയി, ഏതെല്ലാം സ്ഥലങ്ങളില്‍ നിന്ന് പോയി, സഞ്ചാരപഥം എന്ത്, എത്ര നോട്ടിക്കല്‍ മൈല്‍ അവര്‍ പോകാം, തിരിച്ചു കൊണ്ടു വരേണ്ടുന്നത് എങ്ങനെ.. ചോദ്യങ്ങള്‍ ഒരുപാട് ഉണ്ടായിരുന്നു. എന്നാല്‍ ഉത്തരമൊന്നും  അറിയാതെ സര്‍ക്കാര്‍ സംവിധാനം അന്തം വിട്ടു നിന്നു. 

പിണറായി വിജയന്‍ നെഞ്ചു വിരിച്ചു നിന്നാല്‍  തട്ടിത്തകര്‍ന്ന് തിരിച്ചു പോകുന്ന ഒന്നല്ല ഓഖി. പക്ഷേ ഊരിപ്പിടിച്ച വാളുകള്‍ക്ക് നടുവിലൂടെ നിര്‍ഭയം  നെഞ്ചും നിവര്‍ത്തി നടന്നു പോയ മുഖ്യമന്ത്രി തെല്ലിട നിസ്സംഗനായി പോയി. അതിന് നല്‍കിയ  വിലയാണ് പ്രതിരോധത്തിലെ പാളിച്ചകള്‍. 

ദുരന്ത നിവാരണത്തിന് വേണ്ടുന്ന ഏകോപനം എന്തൊക്കെ എന്ന് പോലും നിര്‍ഭാഗ്യവശാല്‍ മുഖ്യമന്ത്രിക്ക് ആരും പറഞ്ഞു കൊടുത്തില്ല. അഥവാ അക്കാര്യം പറഞ്ഞു കൊടുക്കാന്‍ അദ്ദേഹത്തിന് ഒരു ഉപദേശകനില്ലാതെ പോയി. കോസ്റ്റ് ഗാര്‍ഡിനോടും നേവിയോടും മുന്‍കൂട്ടി തേടേണ്ടുന്ന സഹായങ്ങളും ആരും അഭ്യര്‍ത്ഥിച്ചില്ല. അഥവാ അപേക്ഷ ചെന്നപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു.

മെഴ്‌സിക്കുട്ടിയമ്മയും കടകംപള്ളി സുരേന്ദ്രനും ഒഴിച്ചുള്ളവര്‍ ആരും തീരത്ത് പോവാന്‍ പോലും തയ്യാറായില്ല. ഉമ്മന്‍ ചാണ്ടി ചെന്ന് ആശ്വസിച്ചപ്പോള്‍ ജനത്തിന്റെ രോഷം രാഷ്ട്രീയക്കാരോട് ആയിരുന്നില്ല, എന്നാല്‍ മുകേഷ് ചെന്നപ്പോഴേക്കും ജനക്കൂട്ടത്തിന്റെ സ്വഭാവം മാറിയിരുന്നു.

പാര്‍ട്ടി ക്ലാസുകളിലും ലോക്കല്‍ സമ്മേളനങ്ങളിലും കാണുന്ന പോലെ അച്ചടക്കത്തോടെ ദുരന്തമുഖത്ത് ജനക്കൂട്ടം നേതാക്കളെ കേട്ടിരിക്കില്ല. നൂറു പൂക്കള്‍ വിടരുമെന്ന് കാത്തിരുന്നവര്‍ക്ക്  മുന്നിലേക്ക് കടന്നു ചെന്ന കടലാസുപൂക്കളെ കണ്ട് അവര്‍ കാര്‍ക്കിച്ചു തുപ്പി. കടലിനെ പേടിക്കാതെ ജീവിതത്താല്‍ തഴമ്പു പിടിച്ചവര്‍ കല്‍പനകളേയും  പേടിക്കില്ല.അവരുടെ നോവാണ് നിങ്ങളുടെ പ്രാണന്‍.

എന്നും ജനക്കൂട്ടത്തിന്റെ വികാരം അങ്ങനെ തന്നെയാണ്. ഈ ആള്‍ക്കൂട്ടമാണ് സര്‍ക്കാരുകളെ വീഴ്ത്തുന്നതും വാഴിക്കുന്നതും. എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിന്റെ പ്രമുഖ നേതാക്കളില്‍ ആര്‍ക്കും പാവപ്പെട്ട നാട്ടുകാര്‍ക്കൊപ്പം കടല്‍ക്കണ്ണുകളുമായി കാത്തുനില്‍ക്കാനുള്ള മനസ്സില്ലാതെ പോയത്? കല്ല്യാണത്തിനും പുലകുളിക്കും ചാവടിയന്തിരത്തിനും ചെന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഊണുകഴിച്ചിറങ്ങുന്ന ഇന്‍സ്റ്റന്റ് മിക്‌സ് രാഷ്ട്രീയം ഉറക്കം നടിച്ചിരുന്നത് എന്തുകൊണ്ടാണ്? 

പൊളിഞ്ഞു വീഴുന്നതും കടലെടുക്കുന്നതും ലേക് പാലസ് റിസോര്‍ട്ടുകള്‍ അല്ലായിരുന്നു. തോമസ് ചാണ്ടിമാരുടെ ഹുണ്ടികബലം പാവം മീന്‍പിടുത്തക്കാരുടെ വലക്കണ്ണികള്‍ക്ക് ഇല്ലായിരുന്നു. 
ദുഃഖാകുലമായ സമൂഹത്തിന്റെ രോഷങ്ങളെ അനാഥമാക്കിയവര്‍ എന്ന നിലയില്‍ കൂടി  രാഷ്ട്രീയകേരളത്തെ രേഖപ്പെടുത്തുന്നു ഓഖി. സന്തോഷത്തില്‍ മാത്രമല്ല, സന്താപങ്ങളിലും നൈരാശ്യങ്ങളിലും രോഷങ്ങളിലും വെറുപ്പുകളിലും ഒപ്പം നില്‍ക്കേണ്ടവരാണെന്ന ബോധ്യം നമ്മുടെ മിക്കവാറും നേതാക്കള്‍ക്ക് നമ്മളോട് ഇല്ലെന്ന് നമ്മെ അറിയിച്ചു തരാനും വേണ്ടി കൂടിയാണ് ഈ കാറ്റിനെ ചെകുത്താന്‍ കെട്ടഴിച്ചു വിട്ടത്.

''പണ്ട് മറ്റൊരു കൊടുങ്കാറ്റ്. ഗലീലിയുടെ തീരം. അലയടിച്ച് തിരമാലകള്‍.
യേശു ഉറങ്ങുകയായിരുന്നു. അനുയായികള്‍ അവനരികിലേക്ക് ചെന്നു. 
നോക്കൂ, നാമെല്ലാം നശിക്കാന്‍ പോവുകയാണ്.
അവന്‍ എണീറ്റു.
കാറ്റിേേനാട് കല്‍പിച്ചു. 
തിരകളെ ശാസിച്ചു. 
അവന്റെ വാക്കു കേട്ട് കാറ്റും കടലും നിശ്ചലമായി. 
തോണിയിറങ്ങി.' 

പരാജയപ്പെട്ടത് പിണറായി വിജയന്‍ മാത്രമല്ല നരേന്ദ്ര മോദി  കൂടിയാണെന്ന് തുറന്നു പറയാന്‍ വന്ന അല്‍ഫോണ്‍സ് കണ്ണന്താനം വേദോപദേശ ക്ലാസിലെങ്കിലും കേട്ടിരിക്കണം ഈ ബൈബിള്‍ കഥ. സ്വന്തം ശേഷി എന്തെന്ന് തിരിച്ചറിയാത്ത ഭരണാധികാരികളാല്‍ ദയാവധത്തിന് വിധേയരാവുന്ന ജനതയായി മാറുകയാണ് നമ്മള്‍. എത്ര പേര്‍ എവിടെ എന്ന് അന്തം വിട്ടു നിന്നപ്പോള്‍ ശശി തരൂരും നിര്‍മ്മലാ സീതാരാമനും ദേവേന്ദ്ര ഫഡ്‌നാവിസുമൊക്കെ വിവിധ സ്ഥലങ്ങളില്‍ എത്തിയതും കുടുങ്ങിയതുമായ ബോട്ടുകളെ പറ്റി വിവരങ്ങള്‍ പങ്കു വച്ചിരുന്നു. 

കാറ്റിനോടും കടലിനോടും ''കടക്ക് പുറത്ത്'' എന്ന് പറയാന്‍ തീര്‍ച്ചയായും പറ്റില്ല. എന്നാല്‍ ചുഴലിയുടെ കറക്കപ്പരിധിക്ക് പുറത്തേക്ക് തിരിച്ചു പോരൂ എന്ന് ആ പാവം മീന്‍പിടുത്തക്കാരോട് തീര്‍ച്ചയായും പറയാന്‍ കഴിയുമായിരുന്നു. അവരെ പുറത്തേക്ക് കടത്തിക്കൊണ്ടുവരാന്‍ മുന്‍കരുതല്‍ എടുക്കണമായിരുന്നു.

സ്വന്തം രാജാക്കന്മാരെ വിശ്വാസം ഇല്ലാതെ മരണത്തെ തൃണവല്‍ഗണിച്ച് കടലിലേക്ക് തോണിയിറക്കിയ മനുഷ്യരുടെ ഇച്ഛാശക്തിയുണ്ടല്ലോ, ഗലീലി കടല്‍ വിറച്ചടങ്ങിയത് ആ കല്‍പനയിലാണ്. ഊരിപ്പിടിച്ച വാളുകള്‍ക്ക് ഇടയിലൂടെ മാത്രം പോര. ഉടഞ്ഞ മനസ്സുകള്‍ക്ക് നടുവിലൂടേയും ചുവടുവയ്ക്കണം. അല്ലെങ്കില്‍ ദേശീയ ദുരന്തങ്ങളുടെ പട്ടികയിലേക്ക്  സ്വയം കയറി നില്‍ക്കണം, കേന്ദ്രത്തിലേയും സംസ്ഥാനത്തേയും നമ്മുടെ സ്വന്തം മന്ത്രിമാര്‍.

എന്തെന്നാല്‍ നിങ്ങളാരും ഞങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കുന്നില്ല. നിങ്ങള്‍ക്ക് വേണ്ടത് കരുണയല്ല, ബലിയാണ്.