പ്രതീകാത്മക ചിത്രം: Reuters
സ്വതന്ത്രനായിത്തന്നെയാണ് ജനിച്ചത് എന്നാണ് എന്റെ വിശ്വാസം. വെസ്റ്റ്മിന്‍സ്റ്റര്‍ പോലെയുള്ള ജനാധിപത്യത്തിലോ സോവിയറ്റ് മാതൃകയിലുള്ള രാജ്യത്തോ അല്ലെങ്കില്‍ സമ്പൂര്‍ണ സ്വേച്ഛാധിപത്യവും നിരന്തര ബഹളങ്ങളും കലഹങ്ങളും നിറഞ്ഞ രാജ്യത്തോ ആണ് ജനിക്കുക എന്നത് എന്റെ നിയന്ത്രണത്തിനപ്പുറമുള്ളതായിരുന്നു.
പറിച്ചുമാറ്റാന്‍ കഴിയാത്ത ഏതാനും അവകാശങ്ങളുമായാണ് ഞാന്‍ പിറന്നുവീണതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതില്‍ എന്റെ ശരീരത്തിന്മേലുള്ള അവകാശം, സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം, സ്വതന്ത്രമായി സംസാരിക്കാനും എഴുതാനുമുള്ള അവകാശം, മറ്റ് മനുഷ്യര്‍ക്കൊപ്പം സംഘംചേരാനുള്ള അവകാശം, എനിക്കും എന്റെ കുടുംബത്തിനുംവേണ്ടി ജോലിചെയ്യാനുള്ള അവകാശം എന്നിവയെല്ലാം ഉള്‍പ്പെടുന്നു.
'രാജ്യം' എന്നാല്‍, സ്വയം സംഘടിക്കാനും ഒരു രാജ്യം രൂപവത്കരിക്കാനുമായി ഒന്നിച്ചുകൂടുന്ന പൗരന്മാരുടെ കൂട്ടായ്മയുടെ പേരല്ലാതെ മറ്റൊന്നുമല്ല. പൗരര്‍ അവര്‍ക്കായി അവകാശരേഖയുണ്ടാക്കുമ്പോള്‍ അത് രാജ്യത്തിന്റെ ഭരണഘടനയാകുന്നു. ഭരണഘടനയില്‍ എഴുതിയിരിക്കുന്നതിപ്പുറം മറ്റെന്തെങ്കിലും അവകാശമോ അധികാരമോ കടമയോ സ്ഥാപിക്കാന്‍ ഭരണകൂടത്തിനാവില്ല. രാജ്യത്തിന്റെ ഭരണഘടനയെ അംഗീകരിക്കാനാകാത്തവര്‍ക്ക് രാജ്യംവിട്ട് പുറത്തുപോകുകയോ മറ്റൊരു രാജ്യത്തെ പൗരനാകുകയോ ചെയ്യാം, ആ രാജ്യം അവരെ അംഗീകരിക്കുകയാണെങ്കില്‍.
പരിഷ്‌കൃത രീതിയെന്ത്
സാധാരണഗതിയില്‍, വിവേകപൂര്‍ണമായ ഈ സംവിധാനത്തിനുകീഴില്‍ രാജ്യത്തിനും ജനങ്ങള്‍ക്കും സഹകരിച്ച് നിലനില്‍ക്കാനാകണം. എന്നാല്‍, ഇതില്‍ ചില പ്രശ്‌നങ്ങളുണ്ട്. ഭരണഘടനയില്‍ എഴുതിയിട്ടുള്ളവ ചിലപ്പോള്‍ തര്‍ക്കങ്ങളുടെയും അതിലൂടെ പല വ്യാഖ്യാനങ്ങളുടെയും ആണിക്കല്ലാകുന്നു. ഭരണഘടനയെ വ്യാഖ്യാനിക്കാനുള്ള അവകാശം ജുഡീഷ്യറി (ജുഡീഷ്യല്‍ അധികാരങ്ങളുടെ ഏകശേഖരം) ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍, ജുഡീഷ്യറിയെ നിയന്ത്രിക്കുന്നത് ഇന്ന് നിയമനിര്‍മാണസഭകളാണ്. ജഡ്ജിമാരെ വ്യത്യാസമില്ലാതെ നിയമിക്കുന്നുണ്ടെങ്കിലും അവരെ നിയമിക്കാനുള്ള അധികാരം ഭരണകൂടത്തിനാണ്.
ഈ സംവിധാനത്തില്‍, ചില സാഹചര്യത്തിലെങ്കിലും എഴുതപ്പെട്ട വാക്കുകളും അവയുടെ അര്‍ഥങ്ങളും തമ്മില്‍ സംഘര്‍ഷങ്ങളുണ്ടാകും. ജുഡീഷ്യറിയും സര്‍ക്കാരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാകുന്ന സാഹചര്യങ്ങളുണ്ടാകും. അത്തരം വിയോജിപ്പുകള്‍ക്ക് പരിഹാരം കാണുകയെന്നതാണ് പക്വതയുള്ള, പരിഷ്‌കൃത രാജ്യത്തെ മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമാക്കുന്നത്.
1973ല്‍ അമേരിക്കയില്‍ ഇത്തരമൊരു സാഹചര്യമുണ്ടായി. ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ (റോയ് V/s വെയ്ഡ്) ജുഡീഷ്യറി സ്ത്രീകളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജനങ്ങള്‍ക്കൊപ്പം നിന്നു. എന്നാല്‍, 1976ല്‍ ഇന്ത്യയില്‍ ഇങ്ങനെയൊരു സാഹചര്യമുണ്ടായപ്പോള്‍ (എ.ഡി.എം. ജബല്‍പുര്‍ V/s എസ്.എസ്.ശുക്ല) ജഡ്ജിമാര്‍ അന്നത്തെ സര്‍ക്കാരിനൊപ്പം നില്‍ക്കുകയും ജീവിക്കാനുള്ള അവകാശമുള്‍പ്പെടെയുള്ള ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങളെ ഇല്ലാതാക്കുകയുമാണ് ചെയ്തത്.
ഒരു രാജ്യം കാത്തിരിക്കുന്നു
സ്വാതന്ത്ര്യത്തെ പ്രതിയുള്ള ഒട്ടനേകം കേസുകള്‍ ഇന്ത്യന്‍ സുപ്രീംകോടതിയിലും കെട്ടിക്കിടക്കുന്നുണ്ട്:
നോട്ടുനിരോധനം: മുന്നറിയിപ്പില്ലാതെ രാജ്യത്തെ 86 ശതമാനം കറന്‍സിയും നിരോധിക്കാനും ഭക്ഷണവും മരുന്നുമില്ലാതെ ജനങ്ങളെ ദിവസങ്ങളോളം കഷ്ടപ്പെടുത്താനും രാജ്യത്തിന് അവകാശമുണ്ടോ?
ഇലക്ടറല്‍ ബോണ്ട് കേസ്: കോര്‍പ്പറേറ്റുകളില്‍നിന്ന് പരിധിയില്ലാത്ത സംഭാവന സ്വീകരിക്കാനും തദ്ദേശീയമായ ചങ്ങാത്ത മുതലാളിത്തത്തിനും അഴിമതിക്കും ഭരണത്തിലുള്ള പാര്‍ട്ടിക്ക് ഫണ്ടെത്തിക്കാനും സര്‍ക്കാരിന് നിയമം നിര്‍മിക്കാന്‍ അവകാശമുണ്ടോ?
ലോക്ഡൗണ്‍: മുന്നറിയിപ്പില്ലാത്ത സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കാനും ലക്ഷക്കണക്കിന് ജനങ്ങളെ പാര്‍പ്പിടവും ഭക്ഷണവും വെള്ളവും മരുന്നും പണവുമില്ലാത്തവരും തങ്ങളുടെ നാടുകളിലേക്ക് പോകാന്‍ ഗതാഗതസംവിധാനമില്ലാത്തവരുമാക്കാന്‍ സര്‍ക്കാരിന് കഴിയുമോ?
370ാം അനുച്ഛേദം റദ്ദാക്കിയത്: ഇന്ത്യന്‍ യൂണിയനില്‍ അംഗമായ ഒരു സംസ്ഥാനത്തെ അവിടത്തെ ജനങ്ങളുടെയും ഭരണകൂടത്തിന്റെയും സമ്മതം തേടാതെ രണ്ടാക്കി വിഭജിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോ?
രാജ്യദ്രോഹം: തങ്ങളെ എതിര്‍ക്കുന്നവരുടെയും ഭരണകൂടത്തെ വിമര്‍ശിക്കുന്നവരുടെയും പേരില്‍ 124 എ വകുപ്പുപ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടോ?
വെടിവെപ്പുകളും ബുള്‍ഡോസറുകളും: എതിര്‍പ്പിനെയും പ്രക്ഷോഭങ്ങളെയും അടിച്ചമര്‍ത്താന്‍ ഏറ്റുമുട്ടലും തച്ചുതകര്‍ക്കലും തുടങ്ങിയ മാര്‍ഗങ്ങള്‍ സര്‍ക്കാരിന് സ്വീകരിക്കാനാകുമോ?
ഇവിടെ ഇന്ത്യയുടെ അടിസ്ഥാനശിലകളെ തകര്‍ക്കാനുള്ള മനപ്പൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും അവരുടെ മൗലികാവകാശങ്ങളെയും ഇല്ലാതാക്കാനും നിരന്തരം ശ്രമങ്ങളുണ്ടാകുന്നു. 2022ലെ മാധ്യമസ്വാതന്ത്ര്യ സൂചിക പ്രകാരം ലോകത്തെ 180 രാജ്യങ്ങളില്‍ 150ാമതാണ് ഇന്ത്യയുടെ സ്ഥാനം. ഈ പോക്കില്‍ ആശങ്കയുള്ള പൗരന്മാര്‍, ഇവയെയെല്ലാം സംരക്ഷിക്കേണ്ട സുപ്രീംകോടതിയുടെ വാതിലുകള്‍ മുട്ടിക്കഴിഞ്ഞു.സ്വാതന്ത്ര്യം അതിന്റെ രക്ഷകനെ കാത്തിരിക്കുകയാണ്.
Content Highlights: About Freedom and citizen rights in this country
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..