ഗര്‍ഭച്ഛിദ്രത്തെക്കുറിച്ച് മൗനംദീക്ഷിക്കുന്ന അമേരിക്കന്‍ ഭരണഘടന; സ്ത്രീശരീരവും ഭരണകൂടനിയന്ത്രണവും


ഡോ. ജെ. പ്രഭാഷ്സ്വന്തം ശരീരത്തിന്റെ ­നിയന്ത്രണം ഭരണകൂടത്തെ ­ഏല്‍പ്പിക്കുകയും അത് ­മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ക്ക് ­വഴങ്ങി ജീവിക്കുകയുംചെയ്യേണ്ട ദുരവസ്ഥയിലാണ് അമേരിക്കയിലെ സ്ത്രീകള്‍

ഗർഭച്ഛിദ്ര അവകാശങ്ങൾക്ക് വേണ്ടി നടക്കുന്ന പ്രതിഷേധ റാലിയിൽ പങ്കെടുക്കുന്ന യുവതി/Photo: AP

ന്യുയോര്‍ക്കിലെ 'സ്വാതന്ത്ര്യപ്രതിമ' ഒരു പ്രതീകമാണ്, ജനാധിപത്യത്തിന്റെയും അത് വാഗ്ദാനംചെയ്യുന്ന സ്വാതന്ത്ര്യത്തിന്റെയും. പ്രതിമയുടെ ചുവട്ടില്‍, നിരാലംബര്‍ക്ക് അഭയമേകുന്നത് ഇതിവൃത്തമാക്കി ഹമ്മ ലാസറസ് എഴുതിയ കവിതയിലെ ഏതാനും വരികളും പൊട്ടിയ ചങ്ങലയുടെ ചിത്രവുമുണ്ട്. സ്വാതന്ത്ര്യവും മനുഷ്യവിമോചനവുമാണ് അമേരിക്കന്‍ ജനാധിപത്യത്തിന്റെ അടിത്തറ എന്ന് വിവക്ഷ. എന്നാല്‍, ഇതിനോട് മുഖംതിരിക്കുന്നതാണ് പലപ്പോഴും അമേരിക്കന്‍ ഭരണകൂടത്തിന്റെ ചെയ്തികളെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ഗര്‍ഭച്ഛിദ്രം ഭരണഘടനാദത്തമായ മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി ജൂണ്‍ 24ന് പുറപ്പെടുവിച്ച വിധി.

ഗര്‍ഭച്ഛിദ്രം മൗലികാവകാശം

അമേരിക്കന്‍ ഭരണഘടന ഗര്‍ഭച്ഛിദ്രത്തെക്കുറിച്ച് മൗനംദീക്ഷിക്കുന്നു എന്നത് വാസ്തവമാണ്. 1973ല്‍ റൊ. വെയ്ഡ് കേസില്‍ (Roe V. Wade) സുപ്രീം കോടതിയാണ് അതിനെ മൗലികാവകാശമായി പ്രഖ്യാപിച്ചത്. സ്ത്രീയുടെ ജീവനും ഭാവിക്കും ഇത് അത്യന്താപേക്ഷിതമാണെന്ന് പ്രഖ്യാപിച്ച കോടതി, ഭ്രൂണത്തിന് ഗര്‍ഭപാത്രത്തിനുപുറത്ത് ജീവന്‍ നിലനിര്‍ത്താന്‍ കഴിയാത്തിടത്തോളംഏതാണ്ട് 22 ആഴ്ചവരെഗര്‍ഭച്ഛിദ്രം നിയമംമൂലം നിരോധിക്കാനാവില്ലെന്ന് വിധിച്ചു. മറ്റൊരു കേസില്‍ (Casey v. Planned Parenthood of Pensnylvania) കോടതി ഇതിനെ വീണ്ടും ബലപ്പെടുത്തി.

രണ്ട് കോടതിവിധികളെയും വലതുപക്ഷ ക്രിസ്ത്യന്‍വിഭാഗങ്ങള്‍ തുടക്കംമുതല്‍ എതിര്‍ത്തിരുന്നെന്നത് ശ്രദ്ധേയമാണ്. ഇതോടെ, കോടതികളെ സ്വന്തം വരുതിയില്‍ കൊണ്ടുവരാന്‍ ശ്രമമാരംഭിക്കുകയും ഡൊണാള്‍ഡ് ട്രംപിന്റെ വരവോടെ ഇതില്‍ അവര്‍ ഏറക്കുറെ വിജയിക്കുകയുംചെയ്തു.

ഗര്‍ഭച്ഛിദ്രം നിരോധിക്കുന്നതുള്‍പ്പെടെ പല വലതുപക്ഷനയങ്ങളും നടപ്പാക്കുന്നതിനുവേണ്ടി ചില തീവ്ര വലതുപക്ഷ ക്രിസ്ത്യന്‍ സംഘടനകളും ഇക്കാലത്ത് നിലവില്‍വരുകയുണ്ടായി. സന്താനനിയന്ത്രണം, എല്‍.ജി.ബി.ടി. അവകാശങ്ങള്‍, പരിസ്ഥിതിസംരക്ഷണം, മതവും ഭരണകൂടവും തമ്മിലുള്ള വേര്‍തിരിവ് തുടങ്ങിയവ ഇല്ലാതാക്കുക എന്നതാണ് ഇവയുടെ പ്രഖ്യാപിതലക്ഷ്യം. ഇതില്‍ ഗര്‍ഭച്ഛിദ്ര നിരോധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മൂന്ന് പ്രധാനപ്പെട്ട സംഘടനകളാണ് അലയന്‍സ് ഡിഫെന്‍ഡിങ് ഫ്രീഡവും (എ.ഡി.എസ്.) , സ്റ്റുഡന്റ് ഫോര്‍ ലൈഫും പ്രൊലൈഫ് അമേരിക്കയും. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ 580 ദശലക്ഷം ഡോളറാണത്രേ ഇത്തരം കാര്യങ്ങള്‍ക്കായി ഇവര്‍ സ്വരൂപിച്ചത്. ഇവരുടെ പരിശ്രമത്തിന്റെ ഫലമാണ് ഇപ്പോള്‍ വന്ന കോടതിവിധി.

ഭരണകൂടനിയന്ത്രണം

മിസിസിപ്പി സംസ്ഥാനം പാസാക്കിയ നിയമമാണ് ഇപ്പോഴത്തെ കേസിന് (Dobbs V. Jackson Women's Health Organization) ആധാരം. 15 ആഴ്ചയ്ക്കുശേഷമുള്ള എല്ലാതരം ഗര്‍ഭച്ഛിദ്രത്തെയും അത് നിരോധിക്കുന്നു.

വൈദ്യശാസ്ത്രപരമായ കാരണംമാത്രമാണ് ഇതിന് ഏക അപവാദം. മാനഭംഗമോ അടുത്ത ബന്ധുക്കള്‍മൂലമോ ഉണ്ടാകുന്ന ഗര്‍ഭധാരണത്തിനുപോലും ഇതില്‍ ഇളവില്ല.

ഈ നിയമത്തിന് ഭരണഘടനാപരമായ പരിരക്ഷനല്‍കുന്നതിന്റെ ഭാഗമായാണ്, റോ. V. വെയ്ഡ് കേസിലെ തീരുമാനം അസാധുവാണെന്ന് കോടതി വിധിച്ചതും ഗര്‍ഭച്ഛിദ്രം മൗലികാവകാശമല്ല എന്ന് പ്രഖ്യാപിച്ചതും. ഇതിനര്‍ഥം ഇനിമുതല്‍ അത് നിയമനിര്‍മാണസഭയുടെ താത്പര്യത്തിന് വിധേയമായിരിക്കുമെന്നാണ്. ഇപ്പോള്‍ത്തന്നെ 26 സംസ്ഥാനങ്ങള്‍ ഈവിധത്തിലുള്ള നിയമനിര്‍മാണവുമായി മുന്നോട്ടുപോകുകയാണ്. നാളെ ഏതെങ്കിലും ഒരു സംസ്ഥാനം ഗര്‍ഭച്ഛിദ്രത്തെ പൂര്‍ണമായി നിരോധിച്ചാലും അതിനെതിരേ നിയമപരമായി ഒന്നും ചെയ്യാനാവില്ല.

കണക്കനുസരിച്ച് അമേരിക്കയില്‍ പ്രതിവര്‍ഷം 20 ശതമാനം സ്ത്രീകള്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയരാകുന്നവരാണ്. സാമ്പത്തികപ്രയാസംമൂലമുള്ള ഗര്‍ഭച്ഛിദ്രവും ഒട്ടും കുറവല്ല. ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ ജസ്റ്റിസ് അമി കോണെ ബാരറ്റ് പറഞ്ഞത് നമ്മെ വല്ലാതെ വ്യാകുലപ്പെടുത്തുന്നു: 'അത്തരക്കാര്‍ പ്രസവശേഷം കുട്ടികളെ ദത്തുനല്‍കിയാല്‍ മതിയാകും.'

കോടതിവിധിയോടെ ഏതാണ്ട് 36 ദശലക്ഷം പേര്‍ക്കാണ് സ്വയം നിര്‍ണയത്തിനുള്ള അവകാശം നഷ്ടമായിരിക്കുന്നത്. മാത്രമല്ല, അമേരിക്കന്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മൗലികാവകാശം പൂര്‍ണമായി ഇല്ലാതാകുന്നതും. സ്വന്തം ശരീരത്തിന്റെ നിയന്ത്രണം ഭരണകൂടത്തെ ഏല്‍പ്പിക്കുകയും അത് മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ക്ക് വഴങ്ങി ജീവിക്കുകയുംചെയ്യേണ്ട ദുരവസ്ഥയിലാണ് ഇത് സ്ത്രീകളെ കൊണ്ടെത്തിച്ചിരിക്കുന്നത്.

ഭൂരിപക്ഷാഭിപ്രായത്തോട് വിയോജിച്ച ന്യായാധിപന്മാര്‍ പറഞ്ഞത് സ്ത്രീകളുടെ വളരെ സുപ്രധാനമായൊരു അവകാശം കോടതി ഇന്ന് അവരില്‍നിന്ന് തട്ടിയെടുത്ത് ഭരണകൂടത്തിന് നല്‍കിയിരിക്കുന്നു എന്നാണ്.

ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് മതമൗലികവാദശക്തികളാണെന്നത് പകല്‍പോലെ വ്യക്തമാണ്. മിസിസിപ്പി നിയമത്തിന്റെ കരട് തയ്യാറാക്കിയത് അലയന്‍സ് ഡിഫന്‍ഡിങ് ഫ്രീഡമാണെങ്കില്‍, മറ്റുപല സംസ്ഥാനങ്ങള്‍ക്കുംവേണ്ടി ഇത് ചെയ്തത് സ്റ്റുഡന്റ് ഫോര്‍ ലൈഫാണ്. അമേരിക്കന്‍ ഭരണകൂടത്തിന്മേല്‍ മതമൗലികശക്തികള്‍ പിടിമുറുക്കുന്നു എന്നതിന്റെ സൂചനയാണിത്.

പ്രശസ്ത എഴുത്തുകാരി മാര്‍ഗരെറ്റ് അറ്റ്‌വുഡ് പറഞ്ഞത് ഇത്തരുണത്തില്‍ സ്മരണീയമാണ്: 'അമേരിക്ക എന്നെങ്കിലുമൊരു സ്വേച്ഛാധിപത്യരാജ്യമാകുന്നെങ്കില്‍ അത് നിശ്ചയമായും മതാധിഷ്ഠിതമായിരിക്കും.' ട്രംപിന്റെ വരവും അതിനുശേഷം സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളും ഇതിനെ ശരിവെക്കുന്നതാണ്.

സാമൂഹികനിരീക്ഷകനാണ് ലേഖകന്‍

Content Highlights: Abortion rights controversy in US

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented