പ്രതീകാത്മക ചിത്രം | Canva
മുംബൈ: മഹാരാഷ്ട്രയിൽ ഓരോദിവസവും ശരാശരി 70 പെൺകുട്ടികളെ കാണാതാവുന്നുണ്ടെന്ന് സംസ്ഥാന വനിതാകമ്മിഷൻ ചെയർപേഴ്‌സൺ രുപാലി ചകാങ്കറുടെ വെളിപ്പെടുത്തൽ.
ഈ വർഷം മാർച്ച് വരെയുള്ള മൂന്നു മാസത്തിനുള്ളിൽ 5,510 പെൺകുട്ടികളെയാണ് മഹാരാഷ്ട്രയിൽനിന്ന് കാണാതായതെന്നും പെൺകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ അടിയന്തരനടപടികൾ കൈക്കൊള്ളണമെന്നും അവർ ആവശ്യപ്പെട്ടു.
ഓരോമാസം കഴിയുന്തോറും കാണാതാവുന്ന പെൺകുട്ടികളുടെ എണ്ണം കൂടിവരുകയാണ്. ജനുവരിയിൽ 1,600 പെൺകുട്ടികളെയാണ് കാണാതായത്. ഫെബ്രുവരിയിൽ ഇത് 1,810 ആയി. മാർച്ചിലാകട്ടെ 2,200 പെൺകുട്ടികളെയാണ് കാണാതായത്. ഇത് ഭീതിപ്പെടുത്തുന്ന കണക്കാണ്. പെൺകുട്ടികളെ കാണാതാവുന്നതിൽ മഹാരാഷ്ട്രയാണ് നിലവിൽ ഏറ്റവുംമുന്നിൽ. 2020 മുതൽ ഇതാണവസ്ഥ. വിവാഹം, ജോലി എന്നിവ വാഗ്‌ദാനചെയ്തും പ്രേമംനടിച്ചുമാണ് പല പെൺകുട്ടികളെയും കടത്തുന്നത്. ഇത്തരം പെൺകുട്ടികളിൽ നല്ലൊരുശതമാനവും പീഡനത്തിനിരയാവുന്നു. വിഷയത്തിൽ ആഭ്യന്തരവകുപ്പ് അടിയന്തരനടപടികൾ സ്വീകരിക്കണമെന്നും രുപാലി ചകാങ്കർ ആവശ്യപ്പെട്ടു.
കാണാതാകുന്നവരെ കണ്ടെത്താൻ പലരാഷ്ട്രീയക്കാരും ‘മിസിങ് സെല്ലു’കൾ നടത്തുന്നുണ്ട്. എന്നാൽ, ഇതൊക്കെ വേണ്ടരീതിയിൽ പ്രവർത്തിക്കുന്നുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് രുപാലി പറഞ്ഞു. കൂടുതൽ പെൺകുട്ടികളെയും കാണാതാകുന്നത് ഗ്രാമപ്രദേശങ്ങളിൽനിന്നാണ്. പുണെ, നാസിക്, അഹമ്മദ് നഗർ, കോലാപ്പൂർ തുടങ്ങിയ ജില്ലകളാണ് കാണാതാകുന്നവരുടെ എണ്ണത്തിൽ മുന്നിൽ.
മാർച്ചിൽ പുണെയിൽനിന്ന് മാത്രം 258 പെൺകുട്ടികളെയാണ് കാണാതായത്. തൊട്ടടുത്ത് 161 പേരുമായി നാസിക് ജില്ലയുണ്ട്.
കോലാപ്പൂരിൽനിന്ന് 114 പേരെയും താനെയിൽനിന്ന് 133 പേരെയും അഹമ്മദ് നഗറിൽനിന്ന് 101 പേരെയും ജൽഗാവിൽനിന്ന് 81 പേരെയും സാംഗ്ലിയിൽനിന്ന് 82 പേരെയുമാണ് മാർച്ചിൽമാത്രം കാണാതായത്. പെൺകുട്ടികൾക്ക് കൂടുതൽ സുരക്ഷയൊരുക്കേണ്ടത് ഗ്രാമപ്രദേശങ്ങളിലാണെന്നും രുപാലി ചകാങ്കർ പറഞ്ഞു.
Content Highlights: 70 girls go missing in Maharashtra every day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..